ഞെട്ടില്ലാ വട്ടയിലയിലെ വിഷം
ബാജി ഓടംവേലി
വിശപ്പാണ്‍ ആഹാരത്തിന്റെ രുചിയെന്ന് ഇന്നലെകളിൽ നമുക്ക് തിരിച്ചറിവുണ്ടായിരുന്നു. പച്ച പ്ലാവില കുന്പിൾക്കുത്തി, കനലിൽ ചുട്ട പപ്പടം കൂട്ടി കഞ്ഞി കുടിച്ചവരാണ് നാം. ഊണിന്റെ കൂടെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരുന്നു വെളിച്ചെണ്ണയിൽ കാച്ചിയ പപ്പടം. പപ്പടമില്ലാത്ത സദ്യ ഉണ്ടായിരുന്നില്ല. പായസത്തിൽ പോലും നാം പപ്പടം ഞെരുടിക്കഴിച്ചു. ചെറിയപപ്പടവും വലിയപപ്പടവും മുളകുപപ്പടവുമൊക്കെ ചിരപരിചിതമാണ്‍. ശുദ്ധപപ്പടത്തിന്റെ കാലം എന്നേ കഴിഞ്ഞു. ഇന്ന് എൻജിനോയിലും, അലക്കുകാരവും, ക്യാൻസറിന് കാരണമാകുന്ന സോഡിയം ബെൻസോയെറ്റ് എന്ന രാസവസ്‌തുവുമൊക്കെ ഉപയോഗിച്ചാണ് ലാഭക്കൊതിയന്മാരായ കന്പനിക്കാർ പപ്പടം ഉണ്ടാക്കുന്നത്.
രണ്ടു ബിൽഡിംഗ് അപ്പുറത്തുള്ള ഫ്‌ളാറ്റിൽ എഞ്ചിനീയറും ഭാര്യയും താമസിക്കാൻ വന്നതിനു ശേഷമാണ്‍ ഈ സത്യങ്ങളൊക്കെ എനിക്ക് ബോധ്യമായത്. വ്യക്തമായി പറഞ്ഞാൽ എഞ്ചിനീയറുടെ ഭാര്യയാണ്‍ ഇതൊക്കെ പഠിപ്പിച്ചത്. കാലം ഏൽപ്പിച്ച മാറ്റങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷവും അവളെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് വേണ്ടിവന്നില്ല. നാട്ടിലെ പപ്പടക്കാരി ശാരദചേച്ചിയുടെ മകളായിരുന്നു എഞ്ചിനീയറുടെ ഭാര്യ.
“അമ്മാമ്മോ പപ്പടം വേണോ” എന്നുള്ള അവളുടെ മധുരസ്വരത്തിനായ് ചെറുപ്രായത്തിൽ എന്റെ കാത് കാത്തിരുന്നിട്ടുണ്ട്. ആഴ്‌ചയിൽ രണ്ടു ദിവസമെങ്കിലും അവൾ പപ്പടക്കെട്ടുമായി വീട്ടിൽ വരുമായിരുന്നു. എനിക്കായ് എണ്ണത്തിൽ രണ്ടെണ്ണം കൂടുതൽ തരാൻ അവൾക്കെന്നും മനസായിരുന്നു. എന്റെ പപ്പടക്കൊതി കണ്ട് അമ്മ ഒരിക്കൽ “നീ അവളെയങ്ങ് കെട്ടിക്കോ, എന്നാൽ എന്നും തിന്നാല്ലോ” എന്നു വരെ തമാശ പറഞ്ഞിരുന്നു. ഞങ്ങളുടെ പറന്പിന്റെ അതിരുകളിലൊക്കെ ധാരാളം ജാതിമരം തഴച്ചു വളരുന്നുണ്ടായിരുന്നു, അതിൽ നിറയെ ജാതിയ്‌ക്കാകളും. ഉണക്ക ജാതിയ്‌ക്ക അരച്ചു കുടിച്ചാൽ വയറുവേദനയൊക്കെ പന്പ കടക്കുമായിരുന്നു. എന്നാലും അവളെ എനിക്ക് ഇഷ്ടമായിരുന്നു. സ്‌കൂളിൽ ആ സുന്ദരിയെ പണ്ടാരമെന്ന ജാതിപ്പേരുവിളിക്കാതെയും, പപ്പടമെന്നു കളിയാക്കാതെയും ഇരുന്ന ഒരു നല്ലകുട്ടിയായിരുന്നു ഞാൻ. ഞങ്ങളുടെ പ്രണയത്തിന്‍ മുല്ലപ്പൂമാലയും, നാരങ്ങാമുട്ടായിയും, കാക്കത്തൊടയ്‌ക്കാലിയും സാക്ഷിയാണ്‍.
അതൊക്കെ പഴയകഥ ഇന്ന് അവളും ഞാനുമൊക്കെ കുടുംബവും കുട്ടികളുമൊക്കെയായി യാന്ത്രികമായി ജീവിക്കാൻ പഠിച്ചു. എങ്കിലും ചാറ്റിങ്ങിലൂടെ നന്മ നിറഞ്ഞ പഴയകാലം പരസ്‌പരം ഓർമ്മിപ്പിച്ചു. കടകളിൽ ഇന്നു കിട്ടുന്ന പപ്പടത്തിലെ വിഷത്തെക്കുറിച്ചൊക്കെ അവൾ വാചാലയായി. ശുദ്ധമായ പപ്പടം നമുക്കു തന്നെ വീട്ടിൽ ഉണ്ടാക്കാമെന്നു പറഞ്ഞപ്പോൾ എനിക്ക് വിശ്വാസമായില്ല. ഉഴുന്നുമാവും പപ്പടക്കാരവും നല്ലെണ്ണയും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകൾ എന്നവൾ വെളിപ്പെടുത്തി. പപ്പടക്കാരം ഒഴിച്ച് ബാക്കി എല്ലാ സാധനങ്ങളും എന്റെ വീട്ടിലുണ്ടായിരുന്നു. ഇവിടെ ഇല്ലാത്തത് അവളുടെ കൈയിലും ഉണ്ടായിരുന്നു. അവൾ നാട്ടിൽ നിന്നു വരുന്പോൾ കുറച്ച് പപ്പടക്കാരം കൊണ്ടുവന്നിരുന്നു. കുടുംബത്തൊഴിലുമായി ബന്ധമുള്ള ഏതെങ്കിലും സാധനങ്ങൾ കാണുന്നതു പോലും എഞ്ചിനീയർക്ക് ദേഷ്യമായിരുന്നതിനാൽ അത് അയാളെയൊന്ന് കാണിക്കാൻ പോലും ഭയമായിരുന്നു. അവരുടെ ഫ്‌ളാറ്റിലെ ചെറിയ സൗകര്യത്തിൽ പപ്പടം ഉണ്ടാക്കിയില്ലെന്നു മാത്രമല്ല അവരുടെ വീട്ടിൽ പപ്പടം വാങ്ങിക്കാറുമുണ്ടായിരുന്നില്ല. അവളുടെ മനസിലും പപ്പടം ഉണ്ടാക്കണമെന്നും കഴിക്കണമെന്നും ഒക്കെ ആഗ്രഹം ഉണ്ടായിരുന്നിരിക്കും. എഞ്ചിനീയർ വീട്ടിൽ ഇല്ലാതെയിരുന്ന സമയം നോക്കി വാട്‌സ്ആപ്പ് വീഡിയോയിലൂടെ എങ്ങനെയാണ്‍ പപ്പടം ഉണ്ടാക്കുന്നതെന്നവൾ എനിക്ക് വിശദമായി കാണിച്ചു തന്നു. സംഗതിയൊക്കെ എനിക്ക് മനസിലായെങ്കിലും പപ്പടക്കാരം അവളുടെ കൈയിലായിരുന്നു. പപ്പടം ഉണ്ടാക്കാനുള്ള ആവേശത്തിൽ, വേഗത്തിലവൾ എന്റെ വീട്ടിലേക്ക് ഒരുങ്ങി വന്നു. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ അവൾ വരുന്പോൾ ഞാൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വളരെ നാളുകൾക്ക് ശേഷം എന്റെ സുന്ദരിയെ അടുത്തു കണ്ടതിലുള്ള സന്തോഷത്തിലാകും മനസ് മഴയായി പെയ്‌തു. മഴയത്ത് പപ്പടം ഉണ്ടാക്കാനാവില്ലെന്നു പറഞ്ഞവൾ വേഗത്തിൽ തിരികെപ്പോയി. പപ്പടം ഉണക്കുന്ന വെയിലിനെക്കുറിച്ച് അന്നാണെനിക്ക് ബോധമുണ്ടായത്.
നല്ല വെയിലുള്ളൊരു ദിവസം മറ്റാരും വീട്ടിൽ ഇല്ലാതെയിരുന്നപ്പോൾ അവളാണ്‍ താൽപര്യമെടുത്ത് എന്റെ വീട്ടിലേക്ക് വന്നത്. വിഷമില്ലാത്ത പപ്പടം ഉണ്ടാക്കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. നന്നായി പൊടിച്ച ഉഴുന്നിൽ ഉപ്പും പപ്പടക്കാരവും ചേർത്തു. രുചി കൂടാനായി കുരുമുളകും ജീരകവും വെളുത്തുള്ളിയും ചേർത്തു. അവൾ കുഴയ്‌ക്കുന്പോൾ അൽപാൽപ്പമായി വെള്ളം ഒഴിച്ചു കൊടുത്ത് ഞാനും അടുത്തു നിന്നു. നല്ല കട്ടിയിൽ കുഴച്ചെടുത്ത് പത്തു ഗ്രാം വീതം വരുന്ന ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത്, ഏകദേശം ഏഴു സെന്റിമീറ്റർ വ്യാസത്തിൽ പരത്തിയെടുത്തു. പരത്തിയെടുത്ത പച്ചപപ്പടം ഉണങ്ങാനായി ഹാളിന്റെ തറയിൽ നിരത്തിയിട്ട് വെയിലു കയറാനായി കർട്ടൻ മാറ്റി ജനാല തുറന്നപ്പോഴാണ്‍ നിങ്ങളൊക്കെ ഞങ്ങളെ കണ്ടതും വേണ്ടാത്തതൊക്കെ പറഞ്ഞു പരത്തിയതും. നാട്ടുകാർ അങ്ങനെയാണ്‍ അവർക്കെന്നും മസാലക്കഥകൾ മതി.
അരും ഇല്ലാത്ത സമയം നോക്കി എന്റെ വീട്ടിൽ വന്നത് പപ്പടം ഉണ്ടാക്കാനാണെന്ന അറിവ് കുലത്തൊഴിലിനെ വെറുക്കുന്ന എഞ്ചിനീയറെ കൂടുതൽ ദേഷ്യത്തിലാക്കി. അപമാനം സഹിക്കാൻ വയ്യാതെ എഞ്ചിനീയർ താമസം മാറിപ്പോയി. എന്റെ ജീവിതത്തിൽ നിന്നും പപ്പടം എന്ന വാക്കുപോലും പടിയിറങ്ങി. കന്പനി പപ്പടത്തിലെ വിഷത്തെ നിങ്ങളും തിരിച്ചറിയുക.