പ്രണയദി­നാ­ശംസകൾ...


ബാജി ഓടംവേലി 

സ്നേഹത്തിന്റെ മണിമുത്തുകൾ‍ ഹൃദയത്തിൽ‍ സുക്ഷിക്കുന്നവരുടെ പ്രിയദിനമാണ്‍ വരുന്നത്. പ്രിയേ... നമുക്ക് പ്രണയിക്കാനായി ഒരു പ്രത്യേക ദിവസത്തിന്റെയൊന്നും ആവശ്യമില്ല. നാം എല്ലാ ദിനവും പ്രണയിച്ചു കൊണ്ടേയിരിക്കുകയാണ്‍. ജീവിതകാലം മുഴുവൻ നമ്മെ ഉണർ‍ത്തി നിർ‍ത്തുന്ന പവിത്ര പ്രണയത്തിന്റെ ചിറകുകൾ‍ക്ക് വർ‍ണ്ണങ്ങളേകുകയാണ്‍ നാം ഓരോ നിമിഷവും. റോമിലെ ക്ലോഡിയസ് ചക്രവർ‍ത്തിയുടെ പള്ളിവാളിനെ പോലും നിഷ്‌പ്രഭമാക്കിയ വാലന്റൈൻ പാതിരിയുടെ സമ്മാനമൊന്നും നമുക്ക് വേണ്ട. നമ്മുടെ സിരകളിലൊഴുകുന്നത് പ്രണയരക്തമാണ്‍. പ്രണയമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ലെന്നെന്ന് നമുക്കെങ്കിലുമറിയാം.

ഓരോ ഹൃദയവും പ്രണയത്തെ അറിയുന്ന രൂപഭാവതലങ്ങൾ‍ വിവിധങ്ങളാണ്‍. സൂര്യനൊന്നു തഴുകുന്പോൾ‍ മഞ്ഞുതുള്ളിയിൽ‍ വിരിയുന്ന മഴവില്ലാണ്‍ പ്രണയം. ചിരാതിനെ ചുംബിച്ചുണർ‍ത്തുന്ന അഗ്നിശലഭമാണ്‍ പ്രണയം. തെന്നലിൽ‍ കൈകളിലെ ദളമർ‍മ്മരമാണ്‍ പ്രണയം. ചാരിയ വാതിൽ‍ പഴുതിലൂടെ അനുവാദം ചോദിക്കാതെ കടന്നു വരുന്ന സുഗന്ധമാണ്‍ പ്രണയം. നിരന്തരം ഒഴുകിക്കൊണ്ടേയിരിക്കുന്ന നദിയാണ്‍ പ്രണയം. ഒരിക്കലും വറ്റാത്ത കടലാണ്‍ പ്രണയം.

പ്രണയം നമ്മുടെ ഉള്ളിൽ‍ നിന്നും വരുന്നതാണ്‍. തൂമഞ്ഞും പുഞ്ചിരിയും മാരിവില്ലൊളിയും അത് ചെരിയുന്നു. തിരക്കിന്റെ ലോകത്തിൽ‍ പ്രണയം ആഴങ്ങളിലേക്ക് ഉൾ‍വലിയുമെന്നതിനാൽ‍ നമ്മുടെ പ്രണയക്കൊട്ടാരം നമുക്ക് ശാന്തമായ ഒരു നദിക്കരയിൽ‍ പണിയണം. തികച്ചും വ്യക്തിപരമായ ഒന്നിനെ വിപണിയുടെ വിലപേശലുകൾ‍ക്ക് മുന്നിൽ‍ അടിയറവും പറയേണ്ടതില്ല. പ്രണയദിനത്തിന്റെ പിന്നിലെ കച്ചവട തന്ത്രങ്ങൽ‍ക്കെതിരെ കരുതിയിരിക്കുക. ഡിസ്‌ക്കൗണ്ടും, ഓഫറും ഉള്ള പ്രണയമൊന്നും നമുക്കു വേണ്ട. പണത്തിനും അധികാരത്തിനുമായി മടയന്മാർ‍ ഓടിത്തളർ‍ന്നു വീഴുന്പോൾ‍, നമുക്ക് നിമിഷങ്ങളുടെ വിലയറിഞ്ഞ് പ്രണയത്തിൽ‍ മുഴുകാം. നീ എന്നോടൊപ്പം ഉള്ള ഇടം അത് എവിടെ ആയാലും സ്വർ‍ഗ്ഗമാണ്‍. ചെറിയ സുഖങ്ങളും ദുഃഖങ്ങളുമായി നമുക്കീ സ്വർ‍ഗ്ഗീയ ജീവിതം ആഘോഷിക്കാം.

കാമുകീ കാമുകന്മാർ‍ ഉണ്ടാകും മുന്‍പേ പ്രണയം ഇവിടെ ഉണ്ടായിരുന്നു. നാം ജനിക്കും മുന്‍പേ നമ്മൾ‍ പ്രണയിനികളായിരുന്നു. നമ്മൾ‍ പരസ്‌പരം കണ്ടു മുട്ടുകയും, തിരിച്ചറിയുകയും ചെയ്‌ത ദിവസത്തേക്കാൽ‍ എത്രയോ പ്രധാനപ്പെട്ട ദിനമാണ്‍ നമ്മുടെ പ്രണയം അനശ്വരമാകുന്ന ദിനം എന്നറിയുമോ? കാലത്തിനും മരണത്തിനുമൊന്നും ഈ പ്രണയപ്പൂവിനെ ഇറുത്തെടുക്കാനാവില്ല. ആദ്യം നീയാണ്‍ ശരീരം ഉപേക്ഷിക്കുന്നതെങ്കിൽ‍, അവസാന നിമിഷം വരെ നമ്മൾ‍ വാരി വിതറിയ പ്രണയ പുഷ്‌പങ്ങളുടെ സുഗന്ധത്തിലാകും എന്റെ ശിഷ്‌ടജീവിതം. ഞാനാണ്‍ ആദ്യം ശരീരം ഉപേക്ഷിക്കുന്നതെങ്കിൽ‍ നീയും അങ്ങനെതന്നെ ഉരുകിത്തീരുമെന്ന് എനിക്കുറപ്പുണ്ട്. നശിച്ചു പോകുന്ന ഈ ശരീരത്തെ പ്രണയത്തിൽ‍ നിന്നും ഒഴിവാക്കുന്ന പരീക്ഷണത്തിൽ‍ നാം വിജയിക്കുകയാണെങ്കിൽ‍ നമ്മുടെ പ്രണയം അനശ്വരമാകും. നശ്വരമായ ഈ ശരീരം പോയാലും നമ്മുടെ പ്രണയം ഇവിടെ പൂത്തുനിൽ‍ക്കും. 

മുന്നൂറ്റി അറുപത്തഞ്ചിൽ‍ ഒരേ ഒരു ഉദയത്തിനും അസ്തമയത്തിനും ഇടയ്‌ക്കുള്ള നിമിഷങ്ങളിൽ‍ മാത്രം ഓർ‍ത്തെടുത്ത് ചടങ്ങു പോലെ ദിനാഘോഷത്തിന്റെ പേരിൽ‍ പിടഞ്ഞു മരിക്കേണ്ട ഒരു വാക്കല്ല പ്രണയം. ജീവിതം മുഴുവൻ പ്രണയിക്കുവാനുള്ളതാണ്‍. അത് ഒരു ദിനത്തിലെ വെറുമൊരു ചടങ്ങായ് മാറാതിരിക്കട്ടെ. മനസിൽ‍ പ്രണയമില്ലാത്തവർ‍ക്ക് അങ്ങനെ ഒരു ദിനം ഉണ്ടായിട്ട് കാര്യമുണ്ടോ? ദുഷ്‌ടന്മാർ‍ക്കൊക്കെ പ്രണയത്തെ പേടിയാണ്‍. ലോകത്തെ കീഴ്‌മേൽ‍ മറിക്കാൻ ശക്തി പ്രണയത്തിനുണ്ടെന്ന് അവർ‍ക്കു പോലും അറിയാം. ശാന്തിയില്ലാത്ത, സമാധാനമില്ലാത്ത, സാഹോദര്യമില്ലാത്ത, യുദ്ധഭീതി കലരാത്ത, അണുവിമുക്തമായ സ്വപ്‌നങ്ങൾ‍ ഇല്ലാത്ത ഒരു തലമുറയ്‌ക്ക്, നല്ല നാളെയ്‌ക്കായി പോരാടാനുള്ള ആയുധമാണ് പ്രണയം. നമ്മെ ഒരിക്കലും വേർ‍പിരിക്കാനാവില്ലെന്ന് ബോധ്യമായാൽ‍ ഭിന്നിപ്പിന്റെ ശക്തികളൊക്കെ സ്വയം മാളങ്ങളിൽ‍ ഒളിച്ചു കൊള്ളും. ലോകം മുഴുവൻ സമാധാനത്തിന്റെയും ശാന്തിയുടെയും പ്രണയ പതാക പാറിപ്പറക്കുന്ന ദിനം നമുക്ക് സ്വപ്‌നം കാണാം.

കാപട്യമില്ലാത്ത നിർ‍മ്മലമായ നമ്മുടെ പ്രണയത്തെ ഓർ‍മ്മപ്പെടുത്താനായി ഒരു പനിനീർ‍ പുഷ്‌പം‌ പോലും കൈമാറേണ്ടതില്ല. നീയും ഞാനും എപ്പോഴും ഒന്നായിരിക്കുന്പോൾ‍, എനിക്കുള്ളതെല്ലാം നിന്റേതും നിനക്കുള്ളതെല്ലാം എന്റേതുമായിരിക്കുന്പോൾ‍ നാം കൈമാറുന്നതൊക്കെ, ഇടം കൈയിൽ‍ നിന്ന് വലം കൈയിലേക്ക്‌ കൈമാറുന്നതു പോലെയാണ്‍. ഹൃദയത്തിൽ‍ മുഴുവൻ നീയായിരുന്നെങ്കിൽ‍ ഒരു പക്ഷേ നിന്നെ ഞാൻ മറന്നു പോകുമായിരുന്നു. പക്ഷേ ഹൃദയം തന്നെ നീ ആയാൽ‍ എങ്ങനെ മറക്കും ഞാൻ നിന്നെ? എന്നിലെ ഞാനായ എന്റെ പ്രണയിനി നേരിന്റെ പ്രണയദിനാശകൾ‍. നമ്മേപ്പോലെ പ്രണയം ആഘോഷിക്കുന്നവർ‍ക്ക് നമുക്കൊന്നായ് നന്മകൾ‍ നേരാം.σ

You might also like

Most Viewed