വാ­ർ‍­ത്താ­ ഫാ­ക്‌ടറി­


ബാജി ഓടംവേലി 

ല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ചാഞ്ഞു നിന്ന മരക്കൊന്പുകൾ‍ ഒടിയുകയും, ചരിഞ്ഞും വേരുറപ്പില്ലാതെയും നിന്ന മരങ്ങൾ‍ കടപുഴകി വീഴുകയും ചെയ്‌തു. ഒടിയുകയും പിഴുത് വീഴുകയും ചെയ്‌ത അനേകം മരങ്ങളെക്കുറിച്ചൊക്കെ പൊതുവേ പറഞ്ഞു പോയിട്ട് കാര്യമില്ല. അഫ്‌ഗാനിസ്ഥാനിലെയോ സിറിയയിലേയോ മരങ്ങളേക്കുറിച്ച് ഞാനെന്തിന്‍ വേവലാതിപ്പെടണം. ചരിഞ്ഞു പെയ്യുന്ന മഴയുടെ വർ‍ണ്ണരാജികൾ‍ ആസ്വദിച്ചു നിൽ‍ക്കുന്പോൾ‍ എന്റെ കൺ‍‌മുന്‍പിൽ‍ ഒടിഞ്ഞു വീണൊരു മരമുണ്ട് അതെനിക്ക് വളരെ പ്രധാനപ്പെട്ടതാണ്‍. അതിനേക്കുറിച്ച് പത്രത്തിൽ‍ വാർ‍ത്ത വരുത്തുകയെന്നുള്ളത് എന്റെ ആവശ്യമാണ്‍. ഒരു മരത്തിന്റെ വാർ‍ത്തയെ പർ‍വ്വതീകരിക്കുന്നതിലൂടെ മറ്റനേകം മരങ്ങളുടെ അവകാശത്തെ അത് ഹനിക്കുകയാകുമെന്ന് അറിയാഞ്ഞിട്ടല്ല. മരങ്ങൾ‍ക്കും മരപ്പാവകൾ‍ക്കും തുല്യനീതിയേക്കുറിച്ചൊന്നും ബോധം ഉണ്ടാകില്ല.

മനുഷ്യന്റെ ചെയ്‌തികൾ‍ മൂലമാണ്‍ കാലം തെറ്റി കാലാവസ്ഥ വന്നതെന്ന് പറഞ്ഞാണ്‍ തുടങ്ങിയത്. ഒരു സാധാരണ മരം ഒടിഞ്ഞു വീണെന്ന് പറഞ്ഞാൽ‍ അതൊരു വാർ‍ത്തയാവുകയില്ല. തീർ‍ച്ചയായും ആ മരത്തിന്‍ മറ്റ് മരങ്ങളിൽ‍ നിന്ന് എന്തെങ്കിലുമൊക്കെ പ്രത്യേകതകളുണ്ടാകണം. മരങ്ങളെ തമ്മിലൊന്നും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. ഓരോ മരവും അനന്യവും അതുല്യവുമാണ്‍. ഓരോ മരത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടാകും അതു തിരിച്ചറിയാൻ മരമോ മനുഷ്യനോ സമയം കണ്ടെത്താറില്ല. ഈ മരത്തിന്റെ ചുവട്ടിൽ‍ ധ്യാനത്തിലിരുന്ന എത്രയോ പേർ‍ക്ക് ബോധോദയം ഉണ്ടായിരിക്കാം, അതൊക്കെ രേഖപ്പെടുത്താതെ പോയിരിക്കും. ഈ മരത്തിന്റെ വിത്തിവിടെ പാകിയത് അല്ലെങ്കിൽ‍ തൈ പറിച്ചു വെച്ച് നട്ടു നനച്ച് വളർ‍ത്തിയത് ഏതെങ്കിലും മഹനാണെന്ന് സ്ഥാപിക്കണം. മരം നട്ടവർ‍ അതിൽ‍ത്തന്നെ മഹാന്മാരാണല്ലോ. ചുണ്ടിന്റെ ചെറുചലനം പോലും പണത്തിന് വേണ്ടിയാകുന്ന കാലത്ത് ഈ മരം പണം പൊഴിക്കുന്ന മരമായിരുന്നെന്നെങ്ങാനും സ്ഥാപിച്ചെടുക്കാനായാൽ‍ വാർ‍ത്ത ക്ലിക്കാകുമായിരുന്നു.

ഏതെങ്കിലും പണക്കാരന്റെ പറന്പിൽ‍ നിന്ന് പാവപ്പെട്ടവന്റെ കുടിലിന്റെ മുകളിലേക്കോ, തിരിച്ചോ ആണ്‍ ഈ മരം വീണിരുന്നത് എന്ന് ആശിക്കുവാൻ പോലും ഇനിയും അർ‍ഹതയില്ല. മരം വീണു കഴിഞ്ഞിട്ട് ആഗ്രഹം പറഞ്ഞിട്ട് കാര്യമില്ലല്ലോ. പുറം പോക്കിലെ മരം പൊതു സ്വത്താണ്‍. എല്ലാവർ‍ക്കും അതിൽ‍ അവകാശമുണ്ടെന്ന് ഓർ‍മ്മിപ്പിച്ചാൽ‍ ചിലർ‍ക്കെങ്കിലും വാർ‍ത്തയിൽ‍ താത്‌പര്യമുണ്ടാകും. മരങ്ങൾ‍ മാനവരാശിയുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും പൊതുസ്വത്താണെന്ന് പറഞ്ഞാൽ‍ ആർ‍ക്കും മനസ്സിലാകാതെ പോകും. 

ആയിരങ്ങളുടെ മരണത്തിനുപോലും ഒരു വിലയും ഇല്ലാത്ത കാലത്ത് ഒരാളുടെ മരണമൊന്നും ഒരു കാര്യമല്ല, എങ്കിലും മരം ഒടിഞ്ഞ് വീണപ്പോൾ‍ ഒരാളെങ്കിലും മരിച്ചിരുന്നെങ്കിൽ‍ എന്ന് ആശിച്ചു പോവുകയാണ്‍. അത് തീർ‍ച്ചയായും ഒരു യുവതി ആയിരിക്കണം. മരം വീണ്‍ ഒരു യുവതി മരിക്കുകയും ഒരു പെൺ‍കുട്ടിയ്‌ക്ക് അപകടം സംഭവിക്കുകയും ചെയ്‌തു. ഇരയുടെ പേര് വെളിപ്പെടുത്താനാവില്ല എന്ന പഴുതുള്ളതിനാൽ‍ ഏത് യുവതി ഏത് പെൺ‍കുട്ടി എന്നൊന്നും ചോദിക്കരുത്. മരിച്ചതൊരു മാലാഖയാകുന്പോൾ‍, പരിക്കേറ്റത് മാലാഖക്കുട്ടിക്കാകും.

കാറ്റടങ്ങിയപ്പോൾ‍ മരച്ചുവട്ടിൽ‍ ചെന്ന് നാലുപാടും നോക്കി. കിഴക്കുഭാഗത്ത് നിന്ന് നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്. അവിടെ കണ്ണെത്താദൂരത്തിൽ‍ ഒരു നദിയുണ്ടാകും. മറ്റ് രണ്ടു വശങ്ങളിൽ‍ കുഷ്‌ഠരോഗികളും ഭിക്ഷക്കാരും വികസനത്തിന്റെ ഇരകളുമൊക്കെ താമസിക്കുന്ന ചേരിയാണ്‍. അങ്ങോട്ട് നോക്കാൻ പാടുള്ളതല്ലെന്ന് മുന്‍പേ പഠിച്ചിട്ടുള്ളതാണ്‍. പിന്നെ നോക്കാവുന്ന ഒരേയൊരു ദിശയിൽ‍ ടി.വിയിലൊക്കെ നിറഞ്ഞു നിൽ‍ക്കുന്ന എക്‌സ് എന്ന ജ്വല്ലറിയാണുള്ളത്. അസുഖകരമായ കാഴ്‌ചകളൊക്കെ മനഃപൂർ‍വ്വം മറന്ന് ആഭരണശാലയ്‌ക്ക് അഭിമുഖമായി നിൽ‍ക്കുന്ന ഈ മരത്തിന്റെ അപൂർ‍വ്വ സിദ്ധികളേക്കുറിച്ച് പാണൻ‍പാട്ട് പാടി.

മരം വീണ്‍ മരിച്ച യുവതിയുടെ ആത്മാവ് സ്വർ‍ഗ്ഗത്തിൽ‍ ചെന്ന് രജിസ്‌റ്ററിൽ‍ ഒപ്പിട്ട് ശേഷം തിരിച്ചു വന്ന് ഈ മരത്തിൽ‍ വസിച്ച് നാടിന്‍ കാവലാളായി. അവളുടെ കുടുംബത്തിന് ജ്വല്ലറി ഉടമകൾ‍ നൂറു കോടിയാണ്‍ നഷ്‌ടപരിഹാരം നൽ‍കിയത്. അതുമാത്രമല്ല അവളുടെ അനാഥയായ മാലാഖകുട്ടിയ്‌ക്ക് ചികിത്സാ ചിലവിന് പുറമേ ആയുഷ്‌ക്കാലം മുഴുവൻ വിദേശത്ത് പഠിക്കുവാനും ജോലി ചെയുവാനും ജീവിക്കുവാനും ഒക്കെയുള്ള സൗകര്യവും കന്പനി ഉടമകൾ‍ ചെയ്‌തു കൊടുത്തു.

പട്ടും വളയും കിട്ടാനായി, പണവും അധികാരവും ഉള്ളവരുടെ അപദാനങ്ങൾ‍ മാലോകർ‍ ഏറ്റുപാടി. ആ മരത്തെ വിശുദ്ധമരമായി പ്രഖ്യാപിച്ചു. കൈയിൽ‍ നിറയെ പണമുള്ളവർ‍ അതും കിലുക്കി ആഴ്‌ചയിൽ‍ ഒരു ദിനമെങ്കിലും മരച്ചുവട്ടിലെത്തുന്നത് പതിവാക്കി. അവർ‍ മരച്ചുവട്ടിൽ‍ നിൽ‍ക്കുന്പോൾ‍ മരത്തിന്റെ ഏതെങ്കിലും ഇലകൾ‍ അനങ്ങിയാൽ‍ അവർ‍ക്ക് സ്വർ‍ണ്ണം വാങ്ങാനുള്ള ശുഭലക്ഷണമായി. കിഴക്കു നിന്നും തണുത്ത കാറ്റ് വീശുന്നതിനാൽ‍ ആഭരണം വാങ്ങുന്നതിനായി എല്ലായിപ്പോഴും ലക്ഷണമൊത്തുവന്നു. സ്വർ‍ണ്ണത്തിന്റെ വില കൂടുന്ന കാര്യം റേഡിയോയിൽ‍ കേൾ‍ക്കുന്പോൾ‍ വാങ്ങുന്നവർ‍ക്ക് സന്തോഷം തോന്നാറുണ്ട്. ഊതിപ്പെരുപ്പിച്ച മോഹവില ഒരിക്കൽ‍ കൂപ്പുകുത്തുമെന്ന പ്രവ‍ചനത്തിന്‍ കാത് കൊടുക്കാൻ ആർ‍ക്കും സമയമില്ലായിരുന്നു. 

കൊഴിഞ്ഞു വീണ പഴുത്ത ഇലകൾ‍ കൈയിൽ‍ കിട്ടിയവർ‍ അതൊരു ഭാഗ്യചിഹ്‌നമായി ഷോക്കെയ്‌സുകളിൽ‍ ഉണക്കി സൂക്ഷിച്ചു. മരത്തിന്റെ ചുവട്ടിൽ‍ നിൽ‍ക്കുന്പോൾ‍ ചില്ല വീണ്‍ മരിക്കാനായില്ലെങ്കിലും ഹൃദയസ്‌തംഭനം വന്നോ ചാവേറ് ബോംബ്‌ പൊട്ടിയൊ മരിച്ചാലും നേരെ സ്വർ‍ഗ്ഗം പുൽ‍കുവാനാകുമെന്നുറപ്പിച്ച കടുത്ത വിശ്വാസികളും ഉണ്ടായിരുന്നു. മരച്ചുവട്ടിൽ‍ എന്നും ആഘോഷമായിരുന്നു. ആഘോഷത്തിൽ‍ പങ്കാളികളായവർ‍ക്കും ആഘോഷം കണ്ടു നിന്നവർ‍ക്കും എല്ലാം അടക്കാനാവാത്ത സന്തോഷം മരം വരമായി നൽ‍കി.

ഒടിഞ്ഞു വീണ മറ്റെല്ലാമരങ്ങളെയെല്ലാം മറന്ന് ഈ ഒരു മരത്തിനായ് വാർ‍ത്തകൾ‍ ചമച്ചു കൊണ്ടേയിരിക്കുന്ന പത്രലേഖകൻ ഇപ്പോഴും അരപ്പട്ടിണി ബാക്കിയാണ്‍. അവന്റെ വീട്ടിൽ‍ മിക്കപ്പോഴും തീ പുകയാറില്ല. അവന്റെ മക്കളുടെ പട്ടിണിയെക്കുറിച്ച് ആരും മിണ്ടാറുമില്ല, പറയാറുമില്ല. വികസനത്തിന്റെ പേരിൽ‍ കുടിയൊഴിപ്പിക്കപ്പെട്ട അവനും കുഷ്‌ഠരോഗികളെയും ഭിക്ഷക്കാരുടെയും ഒപ്പം അതേ ചേരിയിലാണ്‍ താമസം, ആ ഭാഗത്തേക്ക് ആരും നോക്കാൻ പാടില്ല.

You might also like

Most Viewed