നുണച്ചിപ്പാറുവിന്റെ നാവേറ്
ബാജി ഓടംവേലി
ഉച്ചനേരത്തൊന്ന് മയങ്ങാനായി കിടന്നപ്പോൾ കോളിംഗ് ബെല്ലിന്റെ കിളിനാദം മുഴങ്ങി. വാതിൽക്കലെത്തി പീപ്പ് ഹോളിലൂടെ നോക്കി, അത് അടുത്ത ഫ്‌ളാറ്റിലെ നുണച്ചിപ്പാറുവാണ്‍. ഭർത്താവ് ജോലിക്കു പോയതക്കം നോക്കി നാവിന്‍ വ്യായാമം കൊടുക്കാൻ വരികയാകും. നുണകളുടെ റാണിയ്‌ക്കായി വാതിൽ തുറക്കണോയെന്ന് ഒന്നു കൂടി ആലോചിച്ചു. അവളുടെ നാവേറ് കൊള്ളാത്തവരായി ആരും ഉണ്ടാകില്ല. ഡോണൾഡ് ട്രംപ് മുതൽ പഞ്ചായത്ത് വാർഡ് മെന്പർ സൗദാമിനി വരെ അവളുടെ ഇരകളാണ്‍. ആണ്‍-പെണ്ണ്‍, കുബേര-കുചേല വ്യത്യാസമില്ലാതെ എല്ലാവരേക്കുറിച്ചും കഥകൾ മെനയാനും അതു പ്രചരിപ്പിക്കാനും അവളേക്കഴിഞ്ഞേ ആളുള്ളൂ. ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ നാലു ഫ്‌ളാറ്റുകളിലൊന്നിലാണ്‍ അവൾ താമസിക്കുന്നത്.
അവളുടെ തേനൊലിയ്‌ക്കും വാക്കുകളിൽ പറയുന്നതെല്ലാം സത്യമാണെന്ന് വിശ്വസിച്ചു പോകും. ദൈവം ചേരേണ്ടവരെ മാത്രമേ കൂട്ടിച്ചേർക്കുകയുള്ളെന്ന്‍ അവളുടെ ഭർത്താവിനെ അടുത്തു പരിചയപ്പെട്ടപ്പോൾ ബോധ്യമായി. അങ്ങനെ ആലോചിച്ചു കൊണ്ട് നിൽക്കുന്പോൾ അവൾ വീണ്ടും കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്ന് അവളുടെ പരദൂഷണത്തിൽ മനസ്സ് മലിനമാക്കാൻ ആഗ്രഹിക്കുന്നില്ല. ആ വിഷനാവിനു മുന്നിൽ വാതിൽ തുറക്കില്ലെന്നുറച്ച് ശബ്‌ദമുണ്ടാക്കാതെ തിരികെ നടന്ന് ഹാളിലെ സോഫയിൽ ഇരുന്നു.
ഇവൾക്ക് ആർത്തറൈറ്റിസിന്റെ അസുഖം ഉള്ളതിനാൽ പടികൾ കയറി മുകളിലത്തെ നിലയിലേക്ക് പോകാനാവില്ല. എങ്കിലും അവിടെത്താമസിക്കുന്നവരേക്കുറിച്ച് ഓരോന്ന് പറഞ്ഞൊപ്പിക്കുന്നത് കേട്ടാൽ ലജ്ജിച്ചു പോകും. ജോർജ്ജും ഒരു ചെറുപ്പക്കാരിയും കൂടി ഒന്നിച്ച് പതിവായി കാറിൽ കയറി പോകുന്നത് അവൾ ജനാലയിലൂടെ കണ്ടെന്ന് പറഞ്ഞു പരത്തി. നാട്ടിൽ പഠിക്കുന്ന മകൾ അവധിയ്‌ക്ക് വന്നകാര്യം എനിക്കറിയാം. മകളും സ്‌ത്രീയാണെന്ന കാരണത്താൽ പിന്നെ വഴക്കിനൊന്നും നിന്നില്ല. ലോകത്തെവിടെ മോശപ്പെട്ടത് സംഭവിച്ചാലും ആദ്യം അറിയുക ഈ നുണച്ചിപ്പാറുവായിരിക്കും. പിന്നെ പാറുമസാലയും ചേർത്തേ അത് മറ്റുള്ളവർക്ക് രുചിക്കുവാനാവുകയുള്ളൂ. ആദ്യമൊക്കെ അവർ വരുന്പോൾ ഞാനെന്റെ നല്ല മനസ്സിന്‍ വാതിൽ തുറക്കുകയും കഴിക്കാനായി പലഹാരവും കുടിക്കാനായി ചൂടു ചായയും കൊടുക്കുമായിരുന്നു. ശത്രുക്കളേക്കുറിച്ച് കുശുന്പ് കേൾക്കാൻ സുഖമുണ്ടായിരുന്നെങ്കിലും വേണ്ടപ്പെട്ടവരേക്കുറിച്ച് കേട്ടു തുടങ്ങിയപ്പോൾ രക്തം തിളച്ചു. ദിവസവും നാലു പേരേക്കുറിച്ച്, നുണയും കൊതിയും എട്ടു പേരോടെങ്കിലും പറഞ്ഞില്ലെങ്കിൽ അവൾക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു.
ഇവളുടെ കഥകളെ വിശ്വസിച്ചാണ്‍ വേലുവേട്ടന്റെ വീട്ടിൽ നിത്യവും വഴക്ക് നടക്കുന്നത്. ഇവളു പറഞ്ഞു പരത്തിയ നുണക്കഥയുടെ അലയൊലിയിലാണ്‍ ജോസിന്റെ മകൾ ജാസ്‌മിൻ എന്ന എട്ടാം ക്ലാസ്സുകാരി ജീവനൊടുക്കിയത്. കുട്ടനും മുട്ടനും തമ്മിലേറ്റുമുട്ടിയത് ഇവൾ വാശികയറ്റിയതു കൊണ്ടാകും. അവളുടെ നാവുദോഷം തട്ടി കൊഴിഞ്ഞു പോയവരുടെ കാര്യങ്ങൾ പറഞ്ഞാൽ അത് പരദൂഷണത്തിന്‍ ചൂട്ടു പിടിക്കുന്നതു പോലെയാകും അതിനാൽ അതൊന്നും പറഞ്ഞോർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഇവൾക്ക് ഈ ലോകത്തുള്ള എല്ലാവരോടും അസൂയയും അസഹിഷ്‌ണതയുമാണ്‍. എന്തൊക്കെയോ ആകാൻ ആഗ്രഹിച്ച് ഒന്നു ആകാതെ പോയതിനാലാകാം ഇങ്ങനെ. ബെല്ലടിച്ചിട്ടും ഞാൻ വാതിൽ തുറക്കുന്നില്ലെന്ന് കണ്ടാകും അവൾ അടുത്ത ഫ്‌ളാറ്റിന്റെ മുന്നിലും ചെന്ന് ബെല്ലടിക്കുന്നത് കേൾക്കുന്നുണ്ട്. ഇല്ല അവൾക്ക് മുന്നിൽ ആരും വാതിൽ തുറക്കുകയില്ല. ഇവിടെ വന്ന് മറ്റുള്ളവരുടെ കുറ്റങ്ങൾ പെരുപ്പിച്ച് പറയുന്ന ഇവൾ തീർച്ചയായും മറ്റുള്ളവരോട് എന്റെ കുറ്റങ്ങളും, ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളും പറയുന്നുണ്ടാകും. ഇവൾക്ക് ആരേക്കുറിച്ചും നല്ലതൊന്നും പറയാനുണ്ടാവില്ല. എല്ലാവരെക്കുറിച്ചും ദുഷിച്ച വാക്കുകൾ മാത്രമേ അവളുടെ നാവിൽ നിന്നും വരികയുള്ളു. എല്ലാ ഫ്‌ളാറ്റുകളിലും അവൾ മാറി മാറി ബെല്ലടിച്ചു. ആരും തുറന്നില്ല. എങ്ങനെ തുറക്കും അവളുടെ വാക്കുകളെ മറ്റുള്ളവർ അത്രയ്‌ക്ക് വെറുക്കുന്നുണ്ടാകും.
അവളുടെ വാക്കുകൾക്ക് കേൾവിക്കാർ കുറയുന്നുവെന്ന് തോന്നിയപ്പോഴാകും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും അക്കൗണ്ടുകൾ തുടങ്ങി വിദ്ദ്വേഷം നിക്ഷേപിച്ചു തുടങ്ങിയത്. കുത്തിത്തിരിപ്പുണ്ടാക്കാൻ വിദൂര സാധ്യതയെങ്കിലും ഉള്ള പോസ്‌റ്റുകളിൽ അവളുടെ ലൈക്കും കമന്റും ഉണ്ടാകും. അവൾ ഷെയർ ചെയ്യുന്നതൊക്കെ നട്ടാൽ മുളയ്‌ക്കാത്ത നുണകളാണ്‍. സാമൂഹ്യ മാധ്യമങ്ങൾ സുലഭമായതോടു കൂടി ഒരു നിലയിൽ ഒതുങ്ങി നിന്ന പരദൂഷണത്തിന്റെ വലകൾ ലോകമൊക്കെ പരന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ കൂട്ടിത്തല്ലിക്കാനും രാജ്യങ്ങളെ പോർവിളിയിലേക്ക് നയിക്കാനും ഒക്കെയവൾ എണ്ണ പകരുന്നുണ്ട്. അവളുടെ നാവിൽ നിന്ന് ആർക്കും ഒരു നന്മയുടെ വാക്ക് കേൾക്കാനാവില്ല. അവളേക്കാൽ സൗന്ദര്യം ഉള്ളവർ, പഠിപ്പുള്ളവർ, കഴിവുള്ളവർ അങ്ങനെ ഏതെങ്കിലും നിലയിൽ അവളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നവരേക്കുറിച്ച് എന്തെങ്കിലുമൊക്കെ മോശമായത് പറയാനുണ്ടാകും. കൂട്ടിപ്പിടിപ്പിക്കാനും കൂട്ടിത്തല്ലിക്കാനും അവളേക്കഴിഞ്ഞേ മറ്റാരും ഉള്ളൂ.
ഇപ്പോഴും അവൾ കോളിംഗ് ബെല്ലിൽ നീട്ടി അടിയ്‌ക്കുകയാണ്‍. സഹികെട്ട് ഞാൻ വാതിൽ തുറന്നു. വാതിൽ തുറക്കുകയും അവൾ തറയിലേക്ക് മഴങ്ങി വീഴുകയുമായിരുന്നു. അവൾ വായ തുറന്ന് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ വാക്കുകൾ പുറത്തേക്ക് വരുന്നില്ല, അവളെ കുലുക്കി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. അടുക്കളയിൽ നിന്നും ഒരു കപ്പിൽ വെള്ളം എടുത്തു കൊണ്ടുവന്ന് മുഖത്ത് തളിച്ചു. ഒന്നും പറയാനാവാതെയവൾ കണ്ണുമിഴിച്ച് ചുറ്റും നോക്കുന്നുണ്ട്. വേഗത്തിൽ ആംബുലൻസ് വിളിച്ചു. നാലു മിനിറ്റിനുള്ളിൽ ആംബുലൻസ് പാഞ്ഞെത്തി, വേണ്ട പ്രാഥമിക ശുശ്രൂഷകൾ നൽകി അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവൾ മഴങ്ങി വീഴുന്പോൾ എന്തോ പറയാൻ ശ്രമിച്ചിരുന്നു. അവൾ അവസാനമായി പറയാൻ ശ്രമിച്ചത് എന്തോ നല്ലകാര്യം ആകാനാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അവളുടെ നാവിൽ നിന്ന് ഒരു നന്മയുടെ വാക്ക് കേൾക്കാനായില്ലല്ലോ എന്ന വിഷമം എനിക്കിപ്പോഴും ഉണ്ട്.