നമ്മുടെ പണമൊക്കെ എങ്ങോട്ട് പോയി ?


ബാജി ഓടംവേലി

എസ്.കെ പൊറ്റക്കാടിന്റെ ‘വിഷകന്യക’ മുതൽ‍ ബെന്യാമിന്റെ ‘ആടുജീവിതം’ വരെയുള്ള സാഹിത്യകൃതികളും അനേകം പ്രവാസ സിനിമകളും കുടിയേറ്റവും പ്രവാസജീവിതവുമൊക്കെ പല രീതിയിൽ‍ ചർ‍ച്ച ചെയ്‌തിട്ടുണ്ട്. എങ്കിലും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നമ്മൾ‍ അയച്ച പണമൊക്കെ എങ്ങോട്ടു പോയെന്ന് ആരും വസ്‌തുനിഷ്‌ഠമായി പഠിച്ചിട്ടില്ല. വരികയും പോവുകയും ചെയ്യുന്ന കാശിനൊക്കെ ഒരു കണക്ക് വേണ്ടേ. വല്ലതും നീക്കിബാക്കി ഉണ്ടോയെന്ന്, ആറ് പതിറ്റാണ്ടിന്റെ ആഘോഷം സംഘടിപ്പിക്കുന്ന കേരളമൊന്ന് കണക്കെടുക്കുന്നത് നല്ലതായിരിക്കും. ആരും അംഗീകരിച്ച് തരില്ലെങ്കിലും, തകർ‍ന്ന് തരിപ്പണമാകുമായിരുന്ന കേരള സന്പത്ത് ഘടനയെ പിടിച്ചു നിർ‍ത്തിയത് പ്രവാസികളാണ്. ഇപ്പോഴും അത് തുടരുന്നു. എന്റെ കാശിനെ കുറിച്ചോ നിങ്ങളുടെ സന്പാദ്യത്തെ കുറിച്ചോ അല്ല പറയുന്നത്. നമ്മൾ‍ പ്രവാസികൾ‍ കഴിഞ്ഞ അന്‍പത് വർ‍ഷമായി മണലാരണ്യത്തിൽ‍ വെന്തുരുകി അരപ്പട്ടിണി കിടന്ന് സന്പാദിച്ച് നാട്ടിലേയ്ക്ക് അയച്ച നമ്മുടെ കാശ്. എങ്കിലും എന്റെയും നിന്റെയും പണം എങ്ങനെയാണ്‍ ചിലവായി പോയതെന്ന് അലോചിച്ചുറപ്പിച്ചാൽ‍, അതിന്റെ ആകെത്തുകയാകും നമ്മുടെ കാശിന്റെ കാര്യവും. 

ഗൾ‍ഫുകാരനാകാനായി, കിടപ്പാടം പണയം വെച്ച് ലോണെടുത്ത കാശ് ആദ്യം തന്നെ പലിശയടക്കം കൊടുത്തു വീട്ടി, പിന്നെ വീടൊന്നു മോടി പിടിപ്പിച്ച് അല്ലെങ്കിൽ‍ പൊളിച്ചു പണിത്, പെങ്ങമ്മാരെ കെട്ടിച്ചു വിട്ട്, ഗൾ‍ഫുകാരന്റെ കല്യാണത്തിന്‍ നാട്ടുകാരെ മുഴുവൻ ക്ഷണിച്ച് ഗംഭീരമായി സൽ‍ക്കരിച്ച്, പിന്നെ അച്ഛന്റെ ചികിത്സ, അമ്മയുടെ അസുഖം, മക്കളുടെ പഠനം എല്ലാം ഭംഗിയായി നടക്കുന്നു. എല്ലാ വീട്ടിലും കാറായപ്പോൾ‍ തരക്കേടില്ലാത്ത ഒരെണ്ണം വാങ്ങി പോർ‍ച്ചിൽ‍ പ്രദർ‍ശിപ്പിച്ചു. അത്യാവശ്യം വരുന്പോൾ‍ ഓടിച്ചെന്ന്‌ പണയം വെയ്‌ക്കാൻ ഭാര്യയുടെ കഴുത്തിൽ‍ കുറേ ആഭരണങ്ങൾ‍ ഉള്ളത് ഒരാശ്വാസമാണ്‍.

വെറുമൊരു കറവപ്പശുവാകേണ്ടി വരുന്ന പ്രവാസിയുടെ കാര്യം കഷ്ടമാണ്‍. പാലുകാച്ച്, ജന്മദിനാഘോഷം, അടിയന്തിരം തുടങ്ങി എല്ലാ ചടങ്ങുകൾ‍ക്കും ഗൾ‍ഫുകാരന്റെ ഗമയ്‌ക്കൊത്ത് സമ്മാനങ്ങൾ‍ നൽ‍കി. ഉത്സവകമ്മറ്റിക്കാർ‍ക്കും പെരുനാളാഘോഷത്തിനും പതിവ് പടികൾ‍ കൃത്യമായി കൊടുത്തു. പാവപ്പെട്ടവർ‍ക്ക് വീടുവെയ്‌ക്കാനെന്നും വിധവയ്‌ക്ക് തയ്യൽ‍ മെഷിനെന്നും, പാവപ്പെട്ട കുട്ടികൾ‍ക്ക് പഠനോപകരണങ്ങളെന്നും പറഞ്ഞ് പിരിവിന് വന്ന ക്ലബ്ബുകാർ‍ക്ക് അവർ‍ ചോദിച്ച തുക കൊടുത്തു. ക്രിസ്തുമസിന്റെ രാത്രിയിൽ‍ പാടിപ്പിരിവിന് വന്നപ്പോൾ‍ നോട്ട് നിരോധനം മൂലം വീട്ടിൽ‍ കാശില്ലായിരുന്നു. ക്ലബ്ബുകാർ‍ക്ക് കൊടുത്ത കാശ് കുറഞ്ഞ് പോയെന്ന കാരണം കൊണ്ടാകും അവർ‍ ചെടിച്ചട്ടി തല്ലിപ്പൊട്ടിക്കുകയും മതിലിൽ‍ കരിഓയിൽ‍ ഒഴിക്കുകയും ചെയ്‌തത്. കൈക്കൂലി കൊടുക്കാൻ‍ പണം ഇല്ലാതിരുന്നതിനാൽ‍ പരാതിപ്പെടാനൊന്നും പോയില്ല. നമ്മുടെ കാശവിടെക്കിടന്ന് കറങ്ങുന്നത് കൊണ്ട് അന്യനാട്ടുകാർ‍ക്ക് പലരീതിയിലും കേരളം വലിയൊരു കന്പോളമാണ്‍.

നിരവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്‌ത് സ്വരൂപിക്കുന്ന സന്പാദ്യത്തെ വേണ്ട വിധത്തിൽ‍ പ്രയോജനപ്പെടുത്താനായില്ലെന്നതാണ്‍ ഗൾ‍ഫ്‌ മലയാളികൾ‍ നേരിടുന്ന പ്രധാന പ്രശ്‌നം. സാന്പത്തിക അച്ചടക്കമില്ലായ്‌മയും പണം ചിലവഴിക്കുന്നതിൽ‍ മുൻ‍‌ഗണന നിർ‍ണ്ണയിക്കാൻ കഴിയുന്നില്ലെന്നതും മറ്റ് പ്രശ്‌നങ്ങളാണ്‍. നാം കൊടുത്ത പണം കൊണ്ട് ലോട്ടറിയെടുത്തും നേർ‍ച്ചയിട്ടും കള്ളുകുടിച്ചും പോയതിന്റെ ചെറിയൊരു പങ്ക് സർ‍ക്കാരിന്റെ കൈകളിലെത്തിയിട്ടുണ്ട് അതു കൊണ്ടെങ്കിലും എന്തെങ്കിലും നല്ലകാര്യം ഭാവിക്കായ് ചെയ്‌തിരുന്നെങ്കിൽ‍ ഇത്തിരിയെങ്കിലും ആശ്വസിക്കാമായിരുന്നു. കേരളത്തിന്റെ വരുമാനത്തിൽ‍ മൂന്നിലൊന്നും പ്രവാസിപ്പണമാണെങ്കിലും അതൊന്നും മൂലധനമാകുന്നില്ല. അതൊന്നും ഉൽ‍പ്പാദനക്ഷമമായി ഉപയോഗിക്കാൻ‍ കഴിയുന്നില്ല. പ്രവാസിപ്പണം മൂലധനമാക്കി മാറ്റാൻ കഴിയാത്തതിന്റെ കുറ്റം കൂടി പാവം പ്രവാസികളുടെ മേൽ‍ കെട്ടിവയ്‌ക്കരുതേ. 

നമ്മുടെ നാടിന്‍ ലഭിക്കുന്ന വിദേശ നിക്ഷേപത്തെക്കാൾ‍ കൂടുതൽ‍ പണം പ്രവാസികൾ‍ വഴി കിട്ടുന്നുണ്ട്. എന്നാലും കേരളത്തിന്റെ കാർ‍ഷിക വ്യവസാ‍‍‍‍യ രംഗങ്ങൾ‍ ഉൾ‍പ്പെടുന്ന ഉൽ‍പ്പാദന മേഖലയിൽ‍ കാതലായ ചലനമൊന്നും ഉണ്ടാക്കാനാകുന്നില്ലെന്നതാണ്‍ വസ്‌തുത. പണത്തെ നാടിന് വേണ്ടി പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങൾ‍ ഒരുക്കേണ്ടത് സർ‍ക്കാരും അവരെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്‍. ഇതൊന്നും ചെയ്യാതെ ഒരുതരം വെറുപ്പോടെയും അസൂയയോടെയും ഗൾ‍ഫ് മലയാളികളെ കാണുന്ന അന്തരീഷത്തിന്‍ മാറ്റം വരണം. വിശ്വാസമില്ലാത്ത ഒരാളെ പണമേൽ‍പ്പിക്കാൻ‍ ആരും മടിക്കും, ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സർ‍ക്കാരിന്‍ നന്നേ വിയർ‍‌ക്കേണ്ടി വരും. 

എണ്ണപ്പാടമെന്ന് പറയുന്ന പേർ‍ഷ്യയിലേയ്ക്ക് എത്തിപ്പെടാൻ യുവത കൊതിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയൊന്നുമില്ല, ഈ ചുഴിയിൽ‍ വന്ന്പ്പെട്ടതിനാൽ‍ തിരിച്ചു പോകാനാകാതെ ജീവിച്ചു പോകുന്നവരാണ്‍ അധികവും. ഗൾ‍ഫ് പ്രവാസത്തിന്റെ പ്രതാപകാലം കഴിഞ്ഞെന്ന് നിസ്സംശയം പറയാം. പലവട്ടം പെട്ടി കെട്ടിപ്പോയ നമുക്ക് അവസാന നാൾ‍വരെ ജോലി ചെയ്‌ത് കുടുബത്തിനായ് ജീവിച്ച്പ്പെട്ടിയിൽ‍ കയറിപ്പോകണമെന്നാണ്‍ ആഗ്രഹമെങ്കിലും, അത് നടക്കുമെന്ന് തോന്നുന്നില്ല. ഇവിടുത്തെ സാന്പത്തിക അടിത്തറയ്‌ക്ക് ഇളക്കം തട്ടിയിരിക്കുന്നു. എണ്ണ ഇതര വരുമാനം കണ്ടെത്താനായി ഭരണാധികാരികൾ‍ ശ്രമിക്കുന്പോൾ‍ ജീവിതച്ചിലവ് കൂടുക തന്നെ ചെയ്യും. തീർ‍ച്ചയായും ഒരുനാൾ‍ തിരികെപ്പോകേണ്ടി വരും. തിരികെപ്പോയാൽ‍ എങ്ങനെ ജീവിക്കുമെന്ന് ആരും ആലോചിക്കാറില്ല. തലപെരുക്കുന്ന കാര്യമൊന്നും ആലോചിക്കാൻ പാടില്ല. തിരിച്ചൊഴുക്ക് പടിവാതിലിൽ‍ എത്തി നിൽ‍ക്കുന്പോഴെങ്കിലും നമ്മുടെ സന്പാദ്യം ഉൽപ്പാദന മേഖലയിൽ‍ നിക്ഷേപിക്കാനായി ദീർ‍ഘകാല പദ്ധതികൾ‍ തയ്യാറാക്കണം. നമുക്കായി മറ്റാരെങ്കിലും എന്തെങ്കിലും കാര്യങ്ങൾ‍ ചെയ്യുമെന്നോർ‍ത്ത് കൈ കെട്ടിയിരിക്കാതെ, നമുക്ക് ഒറ്റയ്‌ക്കും കൂട്ടായും എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കണം.

You might also like

Most Viewed