മൈ­ ബെ­സ്‌റ്റ് ഫ്രണ്ട്...


ബാജി ഓടംവേലി 

ന്റെ നല്ല ഫ്രണ്ടിനെക്കുറിച്ചാണ്‍ ഇന്ന് എഴുതുന്നതെന്ന് പറഞ്ഞപ്പോൾ‍ത്തന്നെ വീട്ടുകാരിയുടെ മുഖം സായംസന്ധ്യ പോലെ ചുവന്നു. അല്ലെങ്കിലും നിങ്ങൾ‍ക്ക് അവളേക്കുറിച്ചേ ചിന്തിക്കാനും എഴുതാനും ഒക്കെ സമയുമുള്ളല്ലോ എന്നും പറഞ്ഞ് ദേഷ്യപ്പെട്ട് തലയിണയും പുതപ്പുമെടുത്ത് അടുത്ത മുറിയിലേക്ക് പുറപ്പെട്ടുപോയി. എന്റെ മോൻ ദൈവഭയമുള്ള ചെറുക്കനാ, നല്ല സ്‌നേഹിതനായ ലോകരക്ഷകനെക്കുറിച്ചാകും അവൻ എഴുതുന്നതെന്ന് അമ്മ പറയുന്നത് കേട്ടില്ലെന്ന്‌ നടിച്ചു. മൈ ബെസ്‌റ്റ് ഫ്രെണ്ടിനേക്കുറിച്ചുള്ള ഹോം വർ‍ക്കു ചെയ്യാൻ സഹായം ചോദിച്ചപ്പോൾ‍ സമയമില്ലെന്ന കാരണത്താൽ‍ ഒഴിഞ്ഞത്, കാർ‍ട്ടൂൺ കഥാപാത്രങ്ങളുടെ കൂട്ടുകാരൻ മകൻ ഓർ‍മ്മിപ്പിച്ചു.

ഏയ് നിങ്ങളുദ്ദേശിക്കുന്ന ആളൊന്നും അല്ല എന്റെ ഫ്രെണ്‍ട്. തീർ‍ച്ചയായും രക്തബന്ധത്തേക്കാൾ‍ വിലയുണ്ട് സൗഹൃദത്തിന്‍, ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ‍ (ആകാതെ പോയിട്ടുണ്ടെങ്കിൽ‍) അതിന്‍ കാരണം ഈ ഫ്രെണ്ടാണ്‍. എന്റെ കാര്യം മാത്രമല്ല നിങ്ങളുടെ ജീവിതത്തിന്റെയും ഗതി വിഗതികളെ മാറ്റി മറിച്ചതും കൂട്ടുകെട്ടാണ്‍. കൂട്ടുകാർ‍ എന്ന പദത്തിന്റെ അർ‍ത്ഥത്തെ ഒരു വാക്കിൽ‍ തളച്ചിടുക ബുദ്ധിമുട്ടാണ്‍. സ്‌നേഹം, കരുണ, കരുത്ത്, കൈത്താങ്ങ്, സാന്ത്വനം, പ്രചോദനം, പ്രതീക്ഷ, അങ്ങനെ അതിന്റെ നിർ‍വ്വചനം നീണ്ടുപോകും. ചില ചൊറിയന്മാരെ സുഹൃത്തായി കിട്ടിയാൽ‍ ജീവിതം കട്ടപ്പുക ആകുമെന്നുള്ളതിന്‍ എത്രയോ ഉദാഹരണം നമ്മുടെ മുന്നിൽ‍ത്തന്നെയുണ്ട്. 

ബ്ലാക്ക് ബോക്‌സിലാക്കി കടലിന്റെ അടിയിലേക്ക് എറിഞ്ഞ രഹസ്യം പോലും തുറന്ന് പറയാം. പറയുന്ന വീരകഥകളൊക്കെ മൂളി കേൾ‍ക്കും. അതൊക്കെ നുണയാണെന്ന് കേൾ‍ക്കുന്പോൾ‍ തന്നെ അറിയുന്നുണ്ടാകും. ആദ്യമൊക്കെ നുണ പറയുന്പോൾ‍ ശബ്‌ദത്തിൽ‍ ഒരു വിറയിലൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ‍ അതൊക്കെ മാറി. ഞാൻ പറയുന്ന കല്ലുവെച്ച നുണകളൊക്കെ സത്യമാണെന്ന് എനിക്കു പോലും തോന്നിപ്പോകും. കളിപ്പാട്ടം മോഷ്ടിച്ചതു മുതൽ‍, ആദ്യ പ്രണയ ലേഖനം എഴുതിയതും, ലേഡീസ് ഹോസ്‌റ്റലിന്റെ മതിലു ചാടിയതും, കൂട്ടുകാരോടൊത്ത് സിനിമ കണ്ടിരിക്കുന്പോൾ‍ ആദ്യ പുകയെടുത്തതും, ഡാൻസ് ബാറിൽ‍ പോയി നൃത്തം ചെയ്‌തതും, മദ്യലഹരിയിൽ‍ വാ‍‍ഹനമോടിച്ചതും, ട്രാഫിക് പോലീസിനെ കബളിപ്പിച്ച് രക്ഷപെട്ടതും, സംഘം ചേർ‍ന്ന് ബാങ്ക് കൊള്ളയടിച്ചതു മൊക്കെ പറയും. ജീവിത കഥയിലെ ഞാനെന്ന നായകൻ എന്നും വീരശൂരപരാക്രമിയാണ്‍. നായകന്റെ ഡിക്ഷ്‌ണറിയിൽ‍ പരാജയമെന്ന വാക്കുപോലും ഉണ്ടാകില്ല. മിക്കപ്പോഴും എനിക്ക് ചെയ്യാനാകാതെ പോയ കാര്യങ്ങളാകും പൊടിപ്പും തൊങ്ങലും ചേർ‍ത്ത് എഴുന്നെള്ളിക്കുന്നത്. സമയത്തിന്റെ വിലയറിയുന്ന ലോകത്തിൽ‍, നമുക്കായ് ഇത്തിരി സമയം നീക്കി വെയ്‌ക്കാനൊരാൾ‍ ഉണ്ടാവുക എത്ര നല്ല കാര്യമാണ്. എല്ലാം മൂളിക്കേട്ടുകഴിഞ്ഞ് എന്തിനാടാ ഇത്ര പൊങ്ങച്ചം പറയുന്നതെന്ന ഭാവത്തിൽ‍ ഒരു നോട്ടം ഉണ്ട് അതിലാരും ചൂളിപ്പോകും.

സമയം കിട്ടുന്പോഴൊക്കെ കടൽ‍ക്കരയിലോ പാർ‍ക്കിലെ ബഞ്ചിലോ പോയിരുന്ന് ഞങ്ങൾ‍ സംസാരിക്കും. ഇത്രയും അറിവ് മനുഷ്യനെങ്ങനാ കിട്ടുന്നതെന്ന് അതിശയിച്ചിട്ടുണ്ട്. സുഹൃത്തിന്റെ അറിവിന് മുന്‍പിൽ‍ ഗൂഗിൽ‍ സേർ‍ച്ചൊക്കെ വെറും നിസ്സാരക്കാരാണ്‍. എത്ര അറിവുണ്ടെങ്കിലും വാരി വലിച്ചൊന്നും പറയില്ല. ഞാൻ പറയുന്നതൊക്കെ കേട്ടിരിക്കും. അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്പോഴാകും നിങ്ങൾ‍ എന്നെ കാണുകയും, എനിക്കെന്തോ അസുഖമാണെന്ന് തമ്മിൽ‍ പറയുകയും ചെയ്യുന്നത്. നിങ്ങൾ‍ എന്തു പറഞ്ഞാൽ‍ എനിക്കെന്താ എന്റെ സുഹൃത്ത് എന്നോടൊപ്പം ചിരിക്കും എന്നോടൊപ്പം കരയും എന്നെ ആശ്വസിപ്പിക്കും.

ആഗ്രഹങ്ങളൊക്കെ സുഹൃത്തിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഓരോന്നും സാധ്യമാക്കുവാനായി എന്നോടൊപ്പം നിൽ‍ക്കും. പാരന്പര്യം പറഞ്ഞിട്ടോ, ഇട്ടു മൂടാൻ പണം സന്പാദിച്ചിട്ടോ, അത് കട്ട് മുടിക്കാൻ പിള്ളാരെ ഉണ്ടാക്കിയിട്ടോ മാത്രം കാര്യമില്ല. മനസ്സിന്റെ ആഗ്രഹത്തിനൊത്ത് കുറച്ചെങ്കിലും ജീവിക്കണം അതിന്‍ എന്നെ സഹായിക്കുന്നത് എന്റെ സുഹൃത്താണ്‍. പ്രചോദനാത്മകമായ ഒരു നോട്ടം ഒരു കരസ്‌പർ‍ശനം അതു മതിയാകും സ്വയം ജ്വലിക്കാൻ. നിനക്കത് ചെയ്യാനാവും എന്ന വാക്കുകളിലൂടെ പോസിറ്റീവ് എനർ‍ജി പകർ‍ന്ന് നമ്മെ ശക്തീകരിക്കുന്ന മുഖക്കണ്ണാടിയാണ്‍ ഫ്രെണ്‍ട്. 

രാത്രിയിൽ‍ കിടക്കയിലേക്ക് പോകും നേരം പുഞ്ചിരിച്ചു കൊണ്ട് അടുത്തു കൂടും. എന്നെ സന്തോഷിപ്പിക്കാനൊന്നുമല്ല അടുത്തു കൂടുന്നതെന്ന് എനിക്കറിയാം. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഗുണദോഷിക്കലിന്റെ ആദ്യ ചുവടുമാത്രമാണ്‍ ഈ നിറപുഞ്ചിരി. പകലന്തിയോളം ചെയ്‌ത ഓരോ പ്രവർ‍ത്തിയേയും പോസ്‌റ്റുമോർ‍ട്ടം ടേബിളിൽ‍ നിവർ‍ത്തിക്കിടത്തി കീറിമുറിയ്‌ക്കും. വിമർ‍ശിച്ചാലും അതിലെ നന്മ കണ്ട് എന്നെ നന്നാക്കണം എന്ന ഉദ്ദേശമായതിനാൽ‍ അനുവദിക്കും. അവനോട് അങ്ങനെ പറഞ്ഞത് ശരിയായില്ല. അവളോട് അങ്ങനെ ചെയ്‌തത് ശരിയായില്ല. അങ്ങനെ നൂറു കൂട്ടം പരാതികൾ‍ പറയും. ഓക്കെ ഓക്കെ നാളെ മുതൽ‍ കൂടുതൽ‍ സൂക്ഷ്‌മതയോടെ ജീവിക്കാം എന്ന് വാക്കു കൊടുത്താലും അടങ്ങില്ല. ഇത്തിരിയൊന്ന് താഴുന്പോൾ‍ എന്റെ തലയിൽ‍ കയറിയിരുന്ന് നിരങ്ങാൻ തുടങ്ങും. പിന്നെ ഓരോ രാത്രിയിലും സുഹൃത്തിനെ കഴുത്തു ഞെരിച്ച് കൊന്നെങ്കിൽ‍ മാത്രമേ എനിക്ക് ഉറങ്ങാനാവൂ. എത്ര ഉത്കടമായ ആഗ്രഹത്തോടെ ഇല്ലാതാക്കാൻ ശ്രമിച്ചാലും പിറ്റേദിവസവും സുഹൃത്ത് കൂടെയുണ്ടാകും. ഞങ്ങളെ പിരിക്കാൻ ആർ‍ക്കുമാവില്ല. 

നല്ല കൂട്ടുകാർ‍ ദൈവത്തിന്റെ ദാനമാണ്‍. നല്ല കൂട്ടുകാരെ കിട്ടുന്പോൾ‍ നാം ജീവിതത്തിന്റെ പകുതി ജയിക്കുന്നു. എനിക്ക് നല്ലൊരു സുഹൃത്തുള്ളതു പോലെ നിങ്ങൾ‍ക്കും ഒരു നല്ല സുഹൃത്തുണ്ടാകുമല്ലോ? ഗുണങ്ങളൊക്കെ അക്കമിട്ട് നിരത്തി, നല്ല സുഹൃത്തുണ്ടെന്ന് മനക്കോട്ട കെട്ടുന്പോഴും ഓർ‍ക്കുക നിങ്ങൾ‍ക്ക് ആരുടേയും ഒരു നല്ല സുഹൃത്താകാൻ ഇനിയും സാധിച്ചിട്ടില്ലല്ലോയെന്ന്. ഇത് വായിക്കാനെടുത്ത സമയത്തു പോലും ഒരു നല്ല സുഹൃത്തിനെ കിട്ടുന്നതിനേക്കുറിച്ചാണ്‍ ആലോചിച്ചത്. ഒരു നല്ലസുഹൃത്താകാൻ ശ്രമിച്ചുകൂടെ?

You might also like

  • Lulu Exchange
  • Straight Forward

Most Viewed