ഒളി­ച്ചി­രി­ക്കാ­നൊ­രു­ വീ­ട്...


തിരാവിലെ നാല് മണിയ്‌ക്ക് ബാലേട്ടന്റെ മൊബൈലിൽ‍ നിന്നു തന്നെയാണ് ആ സ്‌ത്രീ വിളിച്ചത്. വിങ്ങിക്കരയുന്നതിനിടയിൽ‍ വളരെ ബുദ്ധിമുട്ടിയാണ്‍ ബാലേട്ടൻ പോയെന്ന് പറഞ്ഞൊപ്പിച്ചത്. മനാമയിലെ ഒറ്റമുറി ഫ്‌ളാറ്റിൽ‍ ഏകനായ് താമസിക്കുന്ന ബാലേട്ടന്റെ മൊബൈലിൽ‍ നിന്നും ഈ അസമയത്ത് വിളിച്ച അവർ‍ ആരാണെന്ന് ചോദിച്ചിട്ട് മറുപടിയൊന്നും ഉണ്ടായില്ല. മരിച്ച് ഫ്‌ളാറ്റിൽ‍ തന്നെയാണ്‍ കിടക്കുന്നതെന്നും, ബന്ധുക്കളെ അറിയിച്ച് വേണ്ടതു ചെയ്യണമെന്നും പറഞ്ഞവർ‍ ഫോൺ വെച്ചു. അതേ നന്പരിലേക്ക് പലപ്രാവശ്യം തിരിച്ചു വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. 

ആർ‍ക്ക് എന്ത് ആ‍വശ്യം ഉണ്ടെങ്കിലും ആദ്യം ഓടിയെത്തുന്ന മനുഷ്യസ്‌നേഹിയായ ബാലേട്ടനെ അറിയാത്തവരായി ബഹ്‌റിനിൽ‍ ആരും ഉണ്ടാകില്ല. വർ‍ഷങ്ങളായി തന്റെ സുഹൃത്തായിരുന്നിട്ടും ബാലേട്ടൻ എവിടെയാണ്‍ താമസിക്കുന്നതെന്ന് ഇനിയും തനിക്ക് അറിയില്ലല്ലോയെന്ന് വിഷമത്തോടെ ഓർ‍ത്തു. എവിടെയെങ്കിലും പോകേണ്ടപ്പോൾ‍ മനാമയിലെ പഴയദുബൈ ഫുഡ്‌സിന്റെ അടുത്താണ്‍ നിൽ‍ക്കാറുള്ളത്. ബാലേട്ടന്റെ യാത്രകളൊക്കെ ആരെയോ സഹായിക്കാൻ വേണ്ടിയുള്ളതായിരുന്നതിനാൽ‍ സന്തോഷത്തോടെയാണ്‍ ഡ്രൈവറായി കുടെ പോയിട്ടുള്ളത്. അവിടെനിന്നും എന്റെ വാഹനത്തിൽ‍ ബാലേട്ടനെ കയറ്റിക്കൊണ്ടു പോവുകയും ആവശ്യം കഴിഞ്ഞ് അവിടെത്തന്നെ കൊണ്ടുചെന്നിറക്കുകയും ചെയ്യും. സ്വന്തമായി വാഹനമൊന്നും ഇല്ലാത്ത, സാധാരണ ജോലി ചെയ്യുന്ന ബാലേട്ടൻ ജോലി കഴിഞ്ഞാണ്‍ മറ്റുള്ളവരെ സഹായിക്കാനായി സമയം കണ്ടെത്താറുള്ളത്. അതിനടുത്തെവിടെയോ ആണ്‍ താമസിക്കുന്നതെന്നറിയാം. 

ബാലേട്ടനെ നന്നായി അറിയാവുന്ന ചിലരെ വിളിച്ച് ബാലേട്ടന്റെ താമസം എവിടെയാണെന്ന് ചോദിച്ചെങ്കിലും ആർ‍ക്കും അത് അറിയില്ലെന്നത് എന്നെ ആശ്‌ചര്യപ്പെടുത്തി. മരണവിവരം ആരും അറിഞ്ഞിട്ടില്ലെന്ന് സംസാരത്തിൽ‍ നിന്നും മനസ്സിലായി, ഞാനായിട്ട് പറയാനും പോയില്ല. ഇക്കാര്യം എങ്ങനെ അറിഞ്ഞെന്ന് ചോദിച്ചാൽ‍ എനിക്ക് പറയാൻ ഉത്തരമില്ലായിരുന്നു, ഞാൻ കേട്ട ചിറകടിയൊച്ച പേരില്ലാ പക്ഷിയുടേതായിരുന്നു. ജനാലയുടെ കർ‍ട്ടൻ മാറ്റി നോക്കി ഇരുട്ടു മാറിയിട്ടില്ല. പോയി അന്വേഷിക്കുന്നത് കുറച്ച് കഴിഞ്ഞിട്ടാകാമെന്ന് നിശ്‌ചയിച്ചു. 

ആ സ്‌ത്രീ വെറുതേ കബളിപ്പിക്കാനായി വിളിച്ചതാകും. ബാലേട്ടന്‍ അങ്ങനെയൊന്നും അങ്ങ് പോകാനാവില്ല. ബാലേട്ടൻ ചെയ്‌തു തീർ‍ക്കേണ്ട കുറേ ജോലി കൂടി ഈ നാട്ടിലുണ്ട്. ബലേട്ടന്റെ സഹായത്തിനായ് കാത്തിരിക്കുന്ന കുറേപ്പേർ‍ തീർ‍ച്ചയായും ഇവിടെയുണ്ടാകും. ഇവിടുത്തെ ലേബർ‍ ക്യാന്പുകളിലെ പാവപ്പെട്ടവരുടെ ആശ്രയമാണ്‍ ബാലേട്ടൻ. രണ്ട് ദിവസം മുന്‍പും കേരളീയ സമാജത്തിൽ‍ വെച്ച് കണ്ടിരുന്നു. മരിക്കത്തക്ക രോഗമെന്തെങ്കിലും ഉള്ളതായി തോന്നിയതുമില്ല.

വെളിച്ചം വീണപ്പോൾ‍ തന്നെ അവിടേക്ക് പോയി. ബാലേട്ടൻ പതിവായി ഭക്ഷണം കഴിക്കാറുള്ള റെസ്‌റ്റോറന്റിൽ‍ ചെന്നു. ജോലിക്കു പോകുന്നവർ‍ ചപ്പാത്തിയും ഡാൽ‍ഫ്രയും പൊതിഞ്ഞു വാങ്ങാൻ തിരക്കു കൂട്ടുകയാണ്‍. ക്യാഷ്യറോട് ബാലേട്ടന്റെ റൂമിനേക്കുറിച്ച് ചോദിച്ചപ്പോൾ‍ മുഖത്തു പോലും നോക്കാതെയാണ്‍ അതൊന്നും അറിയില്ലെന്ന് പറഞ്ഞത്. അടുത്തുള്ള കോൾ‍ഡ് സ്‌റ്റോറിൽ‍ ചോദിക്കുന്പോൾ‍ എന്റെ മുഖത്തെ ആകാംക്ഷ വായിച്ചാകും അയാൾ‍ പറ്റ് ബുക്കിലെ ബാലേട്ടന്റെ പേജ് മറിച്ചു നോക്കി അറിയില്ലെന്ന് പറഞ്ഞു. നിലാവ് ചൊരിഞ്ഞ് ആകാശത്തു നിൽ‍ക്കുന്ന അന്പിളിമാമന്‍ എവിടെയാ ഉറങ്ങുന്നതെന്ന് ചോദിക്കുന്ന കുഞ്ഞുമനസ്സുകളെ നാം ശാസിക്കാറാണുള്ളത്. 

ഇത് മരിച്ചു പോയ ബാലേട്ടന്റെ മാത്രം കാര്യമല്ല. കൂടെ ജോലി ചെയ്യുകയും പൊതുഇടങ്ങളിൽ‍ വെച്ച് കാണുകയും ചെയ്യുന്ന മിക്കവരുടേയും താമസസ്ഥലങ്ങൾ‍ ആരും തിരക്കാറില്ലല്ലോ. സുഹൃത്തുക്കളെ മുറികളിലേക്ക് വിളിച്ച് ഒരു ചായയും രണ്ട് ബിസ്‌ക്കറ്റും കൊടുത്ത് സൗഹൃദം ദൃഢമാക്കുന്നത് ഒരു പാഴ്‌ചിലവല്ല. ആകാശത്തിനു താഴെയുള്ള സകലതിനേക്കുറിച്ചും സംസാരിക്കാറുള്ള നല്ല സുഹൃത്തുക്കളായ നാസറിന്റെയും മനുവിന്റെയും തോമസ് ചേട്ടന്റെയുമൊന്നും താമസസ്ഥലം എനിക്ക് അറിയില്ലെന്ന് ഞാനപ്പോൾ‍ ഓർ‍ത്തു. അവരൊക്കെ അവിടെ മരിച്ചു കിടന്നാൽ‍ വിളിച്ചറിയിക്കാൻ ആരെങ്കിലും ഉണ്ടാകുമോ? മറ്റുള്ളവരുടെ കാര്യം പറയുന്ന എന്റെ ഒളിസങ്കേതത്തേക്കുറിച്ച് ഞാനപ്പോഴും ബോധവാനായിരുന്നില്ല. 

അറിയാവുന്ന സാമൂഹ്യപ്രവർ‍ത്തകരെയൊക്കെ വിളിച്ച് മരണവിവരം പറഞ്ഞു. ചിലരൊക്കെ വേഗത്തിൽ‍ അവിടെ വന്നു. എല്ലാവർ‍ക്കും പരോപകാരിയായ ബാലേട്ടനെ അറിയാം പക്ഷേ ആർ‍ക്കും ബാലേട്ടന്റെ ഫ്‌ളാറ്റ് അറിയുമായിരുന്നില്ല. മനാമയിലുള്ള ഇടവഴികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലതെ പ്രയോജനമുണ്ടായില്ല. നൂറുകണക്കിന്‍ ബിൽ‍ഡിങ്ങുകളും ആയിരക്കണക്കിന്‍ ഫ്‌ളാറ്റുകളും അതിൽ‍ ഏതിലാണ്‍ ബോഡി കിടക്കുന്നതെന്ന് എങ്ങനെയറിയും. അവസാനം പോലീസിൽ‍ അറിയിച്ചു. അജ്ഞാതജഡം അവരെങ്ങനെ കണ്ടെത്തുമെന്നോർ‍ത്ത് മനസ്സു പുണ്ണാക്കാനൊന്നും അവിടെ നിന്നില്ല. രണ്ടു മൂന്നു ദിവസം കഴിയുന്പോൾ‍ അറിയാമെന്നു പറഞ്ഞ് മൂക്കും തുറന്ന് പിടിച്ച് ഞാനെന്റെ തിരക്കുകളിലൊളിച്ചു. 

നിങ്ങളിപ്പോഴും എന്നാലും ആ സ്‌ത്രീ ആരായിരിക്കുമെന്നാകും ആലോചിക്കുന്നത്. വഴിയരികിൽ‍ തളർ‍ന്നു വീണൊരു വീട്ടുവേലക്കാരിയെ കഴിഞ്ഞ ആഴ്‌ച ആശുപത്രിയിലാക്കുന്പോൾ‍ ഞാനും കൂടെ പോയിരുന്നു. വിളിച്ചത് അവരാകാൻ വഴിയില്ല. ഈ ശബ്‌ദമൊരു യുവതിയുടേതായിരുന്നു. പെൺ‌വാണിഭക്കാരുടെ കൈയിൽ‍ നിന്നും ബാലേട്ടൻ രക്ഷിച്ച സ്‌ത്രീകളിൽ‍ ആരെങ്കിലുമായിരിക്കും. അല്ലെങ്കിൽ‍ ജങ്കിൾ‍ബാറിൽ‍ നിന്നും ചാടിപ്പോന്ന അയാളുടെ നാട്ടുകാരിയാകും. ബാലേട്ടൻ മരണപ്പെടുന്പോൾ‍ കൂടെയൊരു അന്യസ്‌ത്രി ഉണ്ടായിരുന്നെന്ന് ലോകം അറിഞ്ഞാൽ‍, ഇത്രയും നാളായി നേടിയെടുത്ത സൽ‍‌പ്പേരൊക്കെ പോകും. മരിച്ചുപോയവരേക്കുറിച്ച് നല്ലതേ പറയാവൂ. നിങ്ങൾ‍ സമ്മതിച്ചു തരില്ലെങ്കിലും നന്മയുടെ നിറകുടമായ ബാലേട്ടനെ സഹായിക്കാനായി ദൈവം അയച്ചൊരു മാലാഖയായിരുന്നു ആ സ്‌ത്രീയെന്ന് വിചാരിക്കാനാണ് എനിക്കാഗ്രഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed