വന്നല്ലോ പുതുവർഷം
പൂമരത്തിൽ നിന്നും ഒരില കൂടി കൊഴിയുന്നു, ക്ഷണികമായ ജീവിതത്തിലെ ഒരേടുകൂടി മറയുന്നു. കാലത്തിനൊപ്പം ഓടിയെത്താൻ കിതയ്‌ക്കുന്നവർ ഈ അവസാന ദിനത്തിലെങ്കിലും ഒന്നു നിന്ന് കണക്കെടുക്കേണ്ടതുണ്ട്. ആയുസ്സിലെ വർഷങ്ങളെ മാസങ്ങളും ആഴ്‌ചകളും ദിവസങ്ങളും നിമിഷങ്ങളുമാക്കി തിരിച്ച്, കൂട്ടിക്കിഴിച്ച് ലാഭ നഷ്ടങ്ങൾ തിരിച്ചറിയാതെ ഇനിയും മുന്നോട്ടു പോകുവാനാവില്ല. ത്രാസിന്റെ ഒരു തട്ടിൽ ലഭിച്ച അനുഗ്രഹങ്ങളും മറ്റേ തട്ടിൽ ദുഃഖങ്ങളും എടുത്തുവെച്ചാൽ അനുഗ്രഹത്തട്ടിനാകും തൂക്കം കൂടുതൽ. അതങ്ങനേ വരൂ, നഷ്ടങ്ങളെയും നേട്ടങ്ങളായ് എണ്ണുന്ന മനസ്സാണു നമുക്കുള്ളത്. മറ്റേതൊരു വർഷത്തേക്കാളും അനുഗ്രഹം ലഭിച്ച വർഷമാണ്‍ പോയി മറഞ്ഞത് നിസ്സംശയം പറയാം. ലഭിച്ച അനുഗ്രഹങ്ങളും മറ്റുള്ളവരുമായി പങ്കു വെച്ചിരുന്നെങ്കിൽ അത് പതിന്മടങ്ങായ് വർദ്ധിക്കുമായിരുന്നു. വിശ്വാസിയാണെങ്കിൽ അനുഗ്രഹങ്ങൾക്കായ് ദൈവത്തിന്‍ നന്ദി പറയാം. നിരീശ്വരവാദിയാണെങ്കിൽ എഴുന്നേറ്റു നിന്ന് നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു എന്ന് പാടാം. ഇന്നലെകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ, നാളെയിലേക്ക് കുതിക്കാനുള്ള ഊർജ്ജം നേടുന്നില്ലെങ്കിൽ പിന്നെ ജീവിക്കുന്നു എന്ന് പറഞ്ഞിട്ടെന്തു കാര്യം. ഇന്നലെകളിൽ നാം ജീവിക്കുകയായിരുന്നെന്ന് സ്വയമായിട്ടെങ്കിലും ബോധ്യപ്പെടുത്താനായില്ലെങ്കിൽ ഹാ കഷ്ടം.
ഒരു പേപ്പറെടുത്ത് പോയവർഷം ചെയ്യാൻ ആഗ്രഹിച്ചിട്ടും ചെയ്യാനാവാതെ പോയ കാര്യങ്ങളും സംതൃപിയോടെ ചെയ്‌തു തീർക്കാനായ കാര്യങ്ങളും എഴുതി. ചെയ്‌തു തീർത്തവ വളരെ കുറച്ചാണുള്ളത്. ചെയ്യാനാവാതെ പോയത് വളരെയധികവും. ആവർത്തനവിരസമായ ചില കാര്യങ്ങൾ ഒരു യന്ത്രം കണക്കെ മുരളിച്ചയൊടെ ചെയ്‌തു തീർക്കുകയായിരുന്നു. കീ കൊടുത്ത പാവ പോലെ ആർക്കോ വേണ്ടി ആടുകയായിരുന്നു. എനിക്കു വേണ്ടി, എന്റെ ആഗ്രഹങ്ങൾക്കു വേണ്ടി എത്ര സമയം മാറ്റി വെയ്‌ക്കാനായെന്ന് വ്യസനത്തോടെ ഓർത്തു. ഇന്നലെകളെ ഓർത്ത് ദുഃഖിച്ച് നാളെയെ ഓർത്ത് വ്യാകുലപ്പെട്ട് ഇന്നിൽ ജീവിക്കാനാകാതെ പോയി. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണമെന്ന് അരെങ്കിലും ഇടയ്‌ക്കൊന്ന് ഓർമ്മിക്കാൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഉദയാസ്‌തമനത്തിന്നിടയിൽ കണ്ടെത്താമായിരുന്ന ചെറിയ സന്തോഷനിമിങ്ങളെ ദിനാറിന്റെ മഞ്‌ജിമയിൽ കാണാനാകാതെ പോയി. മറ്റുള്ളവർ എന്തു കരുതും എന്നാലോചിച്ച് കുറേയധികം സമയം കളഞ്ഞു. എന്നിലെ ഞാനെന്ന ഭാവത്തെ കണ്ടാൽ ഒരാളിൽത്തന്നെ ഒരു മൂന്നാല്‍ ഞാനെങ്കിലും ഉണ്ടെന്നു തോന്നും. അനേകം കോടി ജനങ്ങളിൽ നിസ്സാരനായ ഒരുവന്‍ മാത്രമാണല്ലോ ഞാനെന്ന് എന്തേ ഓർക്കുന്നില്ല.
ആശാവാദികൾ (Optimist) ഇന്ന് അർത്ഥരാത്രി വരെ ഉണർന്നിരിക്കുന്നത് നന്മനിറഞ്ഞ പുതുവർഷത്തെ എതിരേൽക്കാനാണ്‍. നിരാശാവാദികൾ (Pessimist) അർത്ഥരാത്രിവരെ ഉറക്കമൊഴിയുന്നത് നശിച്ചൊരു പഴയ വർഷം കഴിഞ്ഞു കിട്ടാനാണ്‍. നല്ല മനുഷ്യരെന്നും നല്ല നാളെയേക്കുറിച്ച് സ്വപ്‌നം നെയ്യുന്നവരാണ്‍. ദുഃഖങ്ങൾക്ക് നടുവിലും ജീവിതത്തിന്‍ നിറവും മണവും പാകുന്നത് സ്വപ്‌നങ്ങളാണ്‍. നാളെയേക്കുറിച്ച് ശുഭാപ്‌തിവിശ്വാസം വെച്ചു പുലർത്തുന്നവരാകണം എന്റെ വായനക്കാരെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും നന്മയുടെ വഴിസ്വീകരിക്കുന്പോൾ സമൂഹം നന്നാകുന്നു. പരാജയബോധവും നിർഭാഗ്യചിന്തകളും നമ്മെ കീഴടക്കാൻ അനുവദിക്കരുത്. ജീവിതം ഒരു പൂന്തോപ്പു പോലെയാണ്‍. ഇലകൾ കരിയുന്നതും പൂക്കൾ വാടിക്കൊഴിയുന്നതും അവിടെ സ്വാഭാവികമാണ്, പഴമയുടെ ആ ജീർണ്ണതകളെ അപ്പപ്പോൾ മാറ്റിയാൽ മാത്രമേ പുതിയ പൂക്കളും തളിരുകളും കൊണ്ട് കമനീയമായ ആ പൂന്തോപ്പിന്റെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ.
മരണത്തോട് ഒരു വർഷം കൂടി അടുത്തിരിക്കുന്നു. എതു നിമിഷവും നിലച്ചേക്കാവുന്ന, നിന്നു പോയാൽ തിരിച്ചു വരാത്ത ഒരു മിടിപ്പിന്റെ ബലത്തിലാണ്‍ വെറും കുമിളകളിവിടെ അഹങ്കരിച്ച് മസിലു പിടിച്ച് നിൽക്കുന്നത്. നാളെയൊരിക്കൽ ഇന്ന് ജീവിച്ചിരിക്കുന്നവർ ആരും ഇവിടെയില്ലെങ്കിലും ഈ ഭൂമിയിവിടെ ഇതേപോലെയുണ്ടാകണം. കാറ്റും വെളിച്ചവും മഞ്ഞും മഴയും പുഴയും വായുവും ഇവിടെയുണ്ടാകണം. അങ്ങനെ നല്ലൊരു നാളെ നിലനിൽക്കണമെങ്കിൽ എന്നിൽ നിന്നു തന്നെ തുടങ്ങണം. ഞാൻ ഒരാൾ നന്നായിട്ടെന്നോ ചെയ്യാനാ എന്ന് തർക്കുത്തരം പറയാതെ. ഓരോവ്യക്തികളും നന്നാകാൻ നോക്ക്. മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്ന് നാം ആശിക്കുന്നുവോ അതുപോലെ മറ്റുള്ളവരോടും പെരുമാറുവാനായി നമുക്ക് സാധിക്കണം. എല്ലാവരോടും സ്‌നേഹത്തിൽ മറ്റുള്ളവരെ കരുതി ജീവിക്കാൻ ഇനിയുമെങ്കിലും ആവണം. പുതുവർഷം, പുതിയ ചിന്തകൾ പുതിയ പ്രതീക്ഷകൾ. മതി, പഴയ കുശുന്പും കുന്നായ്‌മയുമൊന്നും പുതിയവർഷത്തേക്ക് കെട്ടി വലിച്ചു കൊണ്ട് പോകേണ്ടതില്ല. നമ്മിലെ അറുബോറൻ ചൊറിയൻ സ്വഭാവത്തെ പഴയകലണ്ടറിനോടൊപ്പം ഇട്ട് കത്തിച്ചു കളഞ്ഞേക്കുക. നന്മ നിറഞ്ഞ ഓരോ നിമിഷത്തെയും ആസ്വദിക്കാൻ കഴിയുന്ന ആശയങ്ങളും ചിന്തകളും പ്രവർത്തികളും സമൃദ്ധമായുള്ള നന്മനിറഞ്ഞ പുതുവത്സരം നേരുന്നു.