ദിൽമൺ ചരിത്രാന്വേഷണ യാത്ര
ബഹ്റിനിലെ ജനങ്ങളൊക്കെ ദേശീയദിനത്തിന്റെ ആഘോഷത്തിലാണ്‍. കാറിൽ കൊടിയും വെച്ച് റോഡിലൂടെ തേരാപാരാ കറങ്ങാതെ, റൂമിൽ ഉറങ്ങിയും ടി.വി കണ്ടും സമയം കൊല്ലാതെ ഇവിടുത്തെ ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളൊക്കെ ഒന്ന് കാണുന്നത് നന്നായിരിക്കും. ഈ ആഴ്‌ച ഇവിടെയുള്ള ചില സ്ഥലങ്ങളേക്കുറിച്ച് പറയാം.
അറാദ് ഫോർട്ട്: പഴയ കോട്ടകളായും കെട്ടിടങ്ങളായും സംരക്ഷിക്കപ്പെടുന്നത് ബഹ്റിന്റെ ചരിത്രമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ഫോർട്ട്, അറബിക് സ്‌റ്റൈലിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നൂറു വർഷത്തോളം ഈ കോട്ട പോർച്ചുഗീസുകാരുടെ പ്രധാന താവളമായിരുന്നു. രാത്രിയിൽ വൈദ്യുതിയുടെ വെളിച്ചത്തിൽ ഈ കോട്ട കാണാൻ കൂടുതൽ മനോഹരമായിരിക്കും. എല്ലാ ദിവസവും രാവിലെ പത്തു മുതൽ ഈ കോട്ടയ്‌ക്കുള്ളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ട്. വെള്ളിയാഴ്‌ചകളിൽ വൈകിട്ട് മൂന്നു മണിക്കാണ്‍ കോട്ട നമുക്കായ് തുറക്കുക.
ബഹ്റിൻ ഫോർട്ട്: ബി.സി 2300 നിലനിന്നിരുന്ന ദിൽമൺ സംസ്‌കാരത്തിന്റെ തലസ്ഥാനം ബഹ്‌റിൻ ഫോർട്ടായിരുന്നു. കുഴിച്ചെടുത്ത പഴയ കോട്ടയും പതിനാലാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ പുതുക്കിപ്പണിത് ഉപയോഗിച്ച കോട്ടയും അടുത്തടുത്തായ് കാണാം. രണ്ടും ഇന്നും വളരെ മനോഹരമായി പരിപാലിക്കുന്നു. ദീപാലങ്കാരത്തോടെ രാത്രിയിൽ ഇത് കാണുക മനോഹരമാണ്‍. ഇവിടെയുള്ള മ്യൂസിയത്തിൽ നിന്നും കോട്ടയുടെ ചരിത്രം മനസ്സിലാക്കാം. കോട്ടയ്‌ക്ക് ചുറ്റും നടന്ന്, കോട്ടയുടെ മുറികളിൽ കയറിയിറങ്ങി കോട്ടയുടെ മുകളിലെത്തി തിരിച്ചിറങ്ങാൻ രണ്ടു മണിക്കൂർ വേണമെങ്കിലും കാഴ്‌ച നമ്മെ നിരാശപ്പെടുത്തില്ലെന്നുറപ്പ്.
റിഫ ഫോർട്ട്: 1812ൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതാണ് തന്ത്രപ്രധാനമായ ഈ റിഫ ഫോർട്ട്. ഷെയ്ക്ക് സൽമാൻ ബിൻ അഹമ്മദ് അൽ ഫാത്തെ ഫോർട്ട് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ചുറ്റുപാടുമുള്ള താഴ്‌വരയുടെ മനോഹരദൃശ്യം ഈ ഫോർട്ടിന്റെ മുകളിൽ കയറിയാൽ കാണാൻ സാധിക്കും. ഇതിനുള്ളിൽ മുപ്പത്തിയഞ്ച് മുറികൾ ഉണ്ട്. അടുത്ത കാലത്ത് നിർമ്മിച്ച മ്യൂസിയവും, അടുത്തുതന്നെയുള്ള മിലിട്ടറി മ്യൂസിയവും മറ്റും കൂടുതൽ സന്ദർശകരെ ആകർഷിക്കും.
ഗ്രാന്റ് മോസ്ക്: ഗ്രാന്റ് മോസ്ക് എന്ന് അറിയപ്പെടുന്ന അൽ ഫതേഹ് മോസ്‌ക് സന്ദർശനം എല്ലാം മതസ്ഥർക്കും സ്‌നേഹ സന്പന്നമായ ഇസ്‌ളാം സംസ്‌കാരത്തെ അടുത്തറിയാൻ പ്രേരണ നൽകും. കമ്മീസിലുള്ള ഓൾഡ് മോസ്‌കും കാണേണ്ടതാണ്‍.
മുഹറഖ് കടലോര കാഴ്‌ച: ഈ പവിഴദ്വീപിന്റെ ഒരു മനോഹര വിദൂരക്കാഴ്‌ച മുഹറക്കിലെ കടൽക്കരയിൽ നിന്ന് കിട്ടും. മുപ്പത്തുമൂന്ന് ദ്വീപുകളുടെ സമൂഹമായ ബഹ്‌റിൻ ‘അറേബ്യയുടെ മുത്ത്’ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. മനാമയിൽ താമസിക്കുന്നവർ മനാമയുടെ മനോഹാരിത അറിയുന്നുണ്ടാവില്ല. ഇക്കരെ വന്നു നിന്ന് മനാമയെ ദൂരത്തിൽ കാണുന്പോൾ ഇത്ര മനോഹര തീരത്താണോ നാം താമസിക്കുന്നതെന്ന് ഓർക്കാനാകും. കാഴ്‌ച ഒന്നു തന്നെയാണെങ്കിലും അടുത്തു നിന്ന് കാണുന്നതും ദൂരെ നിന്നു കാണുന്നതും തികച്ചും വ്യത്യസ്ഥമാണ്. ബോട്ടും പാലങ്ങളും അംബരചുംബിമായ കെട്ടിടങ്ങളും കടലിലെ പ്രതിബിംബവുമൊക്കെ മനസ്സ് നിറയ്‌ക്കും. മനാമ എന്ന വാക്കിന് ‘ഉറങ്ങുവാനുള്ള ഇടം’ എന്നാണ് അർത്ഥം.
ബാർബർ ടെന്പിൾ: ബാർബർ ടെന്പിളീന്‍ 5000 ത്തിലധികം വർഷങ്ങളുടെ കഥയാണ് പറയാനുള്ളത്. മെസപ്പൊട്ടാമിയൻ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് ഇവിടെ കാണാനാവുക. സുമേറിയൻ പുരാണങ്ങളിലെ ശുദ്ധജലത്തിന്റെയും അറിവിന്റെയും ദൈവമായ എങ്കി ദേവനേയും ഭാര്യ നങ്കർസാക് ദേവതയേയും ബഹ്റിനിലെ പൗരാണികർ ആരാധിച്ചിരുന്നു എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ചുണ്ണാന്പുകല്ലുകൾക്കൊണ്ട് നിർമ്മിച്ച അഞ്ച് ക്ഷേത്രങ്ങളാണ് ഗവേഷകർ ഉത്ഖനനം ചെയ്‌ത് കണ്ടെത്തിയിരിക്കുന്നത്. ഇരു ദൈവങ്ങൾക്കുമായി രണ്ട് യാഗപീഠങ്ങളും ഒരു ശുദ്ധജല ഉറവയും ഓരോ ക്ഷേത്രങ്ങളിലും ദർശിക്കാനാവും. ഇവിടെ നിന്നും ഖനനം ചെയ്‌തെടുത്തിട്ടുള്ള ധാരാളം ആയുധങ്ങൾ, പാത്രങ്ങൾ, മുദ്രകൾ, വെങ്കലത്തിലുള്ള കാളത്തല എന്നിവ ബഹറിൻ നാഷണൽ മ്യൂസിയത്തിൽ ഭദ്രമായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ബഹ്റിന്റെ ചരിത്രം അറിയാൻ മ്യൂസിയം സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്‍.
ആലി പോട്ടറി വില്ലേജ്: ബി.സി 2000ൽ അധികം വർഷം പഴക്കമുള്ള കൂറ്റൻ കളിമൺ ജാറുകൾ ആർക്കിയോളജിസ്റ്റുകൾ കണ്ടെടുത്തത് ആലി പോട്ടറി ഗ്രാമത്തിന്‍ ലോക ഭൂപടത്തിൽ ചെറുതല്ലാത്തതായ സ്ഥാനം നേടിക്കൊടുത്തു. ആഹാരം പാചകം ചെയ്യാനും കഴിക്കാനുമുള്ള പാത്രങ്ങൾ മാത്രമല്ല അലങ്കാര വസ്തുക്കളും ചെടിച്ചട്ടികളും ടൊറാക്കോട്ടാ ശിൽപങ്ങളുടെയും ലോകത്ത് ഇവിടുത്തെ കുശവൻ പ്രശസ്തനാണ്. എപ്പോൾ ചെന്നാലും നമ്മെ സ്വീകരിക്കാനായി പാത്രങ്ങളുണ്ടാക്കുന്നവർ ഉണ്ടാകും. എത്ര കരവിരുതോടെയാണ്‍ അത് ഉണ്ടാക്കുന്നതെന്ന് കാണിച്ചു തരാൻ അവർക്ക് ഒരു മടിയുമില്ല. അവരുടെ പ്രദർശനശാല സന്ദർശിച്ച് ആവശ്യമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക് വാങ്ങുകയുമാവാം.
ബെറിയൽ മൗണ്ട്: ബറിയൽ മൗണ്ടുകൾ വളരെ പഴക്കമുള്ളതാണ്. ഇതിന്റെ കാലപ്പഴക്കം ഈജിപ്തിലെ പിരമിടുകൾ ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്‍പേ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ചരിത്രാതീത കാലത്തുള്ള ഏറ്റവും വലിയ സെമിത്തേരിയായി ഇത് പരിഗണിക്കപ്പേടുന്നു. ഇവിടെ 1,70,000 ബെറിയൽ മൗണ്ടുകൾ ഉണ്ടായിരുന്നെന്ന് കണക്കാക്കിയിരിക്കുന്നു. കുറെച്ചെങ്കിലും ആ ഓർമ്മ നിലനിർത്താനായി വേലികെട്ടി സംരക്ഷിക്കുന്നുണ്ട്.
ഫസ്‌റ്റ് ഓയിൽ വെൽ ആൻഡ് ഓയിൽ മ്യൂസിയം: അറബ് രാജ്യങ്ങളുടെ മൊത്തം പുരോഗതിയ്‌ക്ക് കാരണമായ എണ്ണയുടെ ഉൽപ്പാദനം ആദ്യമായി നടന്നത് 1932ൽ ജൂൺ മാസം രണ്ടാം തീയതിയാണ്. ആ സ്‌മാരകം ഒരു നിധി പോലെ ഇന്നും സൂക്ഷിക്കുന്നു. ലോകത്തെ മറ്റെവിടെയെങ്കിലും ഓയിൽനുവേണ്ടി സമർപ്പിക്കപ്പേട്ടിരിക്കുന്ന ഒരു മ്യൂസിയം ഉണ്ടാകാൻ സാധ്യതയില്ല. ഇതിനുള്ളിൽ ഡ്രില്ലിങ്ങ് ഉപകരണങ്ങളും ആദ്യകാല ചിത്രങ്ങളും ഓയിൽ റിഗ്ഗിലെ വർക്ക് മോഡലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ട്രീ ഓഫ് ലൈഫ്: ജീവന്റെ വൃക്ഷം എന്ന് അറിയപ്പെടുന്ന ഈ മരം മണലാരണ്യത്തിൽ ഇങ്ങനെ തനിയെ നിൽക്കാൻ തുടങ്ങിയിട്ട് നാനൂറിലധികം വർഷങ്ങൾ കഴിഞ്ഞു എന്ന് ചരിത്രം പറയുന്നു. ഒറ്റപ്പെട്ട ഈ മരമുത്തശ്ശി എന്നും കാഴ്‌ചക്കാർക്ക് ഒരു അതിശയമാണ്. സൂര്യാസ്‌തമയ സമയത്ത് ട്രീ ഓഫ് ലൈഫ് കാണാനായി അനേകം സന്ദർശകർ എത്താറുണ്ട്.
വിസ്‌തീർണ്ണം കൊണ്ട് ചെറിയ രാജ്യമാണെങ്കിലും ഹൃദയവിശാലത കൊണ്ട് വലിയ രാജ്യമാണിത്. ബി.സി 3000ത്തിനും 1800നും ഇടയിലുള്ള കാലമാണ് ദിൽമൺ പിരീഡ്. ബി.സി. 1500നും എ.ഡി 350നും ഇടയിലുള്ള കാലം തൈലോസ് (ഗ്രീക്ക്) പിരീഡ് എന്നാണ് അറിയപ്പെടുന്നത്. ബഹറിൻ എന്ന വാക്കിന് രണ്ട് കടലുകൾ എന്നാണ് അർത്ഥം. മുത്തുകളുടേയും പവിഴങ്ങളുടേയും നാടാണിത്.