കണ്ണുകൾ തുറന്ന് കാണണം
ബാജി ഓടംവേലി
ചുരുട്ടിപ്പിടിച്ചിരിക്കുന്ന കൈ ഒന്ന് തുറന്നു നോക്കിയാൽ കൈയിൽ മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഇപ്പോഴെങ്ങും പറ്റിപ്പിടിച്ചതല്ല., മുന്‍പ് മണ്ണപ്പം ചുട്ടുകളിക്കുന്ന പ്രായത്തിൽ പറ്റിപ്പിടിച്ചതാകും. മഞ്ഞും മഴയും വേനലും കാലവും ചേർന്ന് കൈയിലെ മണ്ണിനെ കഴുകിക്കളഞ്ഞെന്ന് ഉറപ്പുണ്ടെങ്കിൽ ആ കൈ മൂക്കിനോട് ചേർത്തൊന്ന് മണത്തു നോക്കാം. തീർച്ചയായും മണ്ണിന്റെ ചൂടറിയാം ചൂരു മണക്കുന്നുമുണ്ടാകും. അത് നാം ജനിച്ചു വളർന്ന നാടിന്റെ മണ്ണാകും. എത്ര കടലു താണ്ടിയാലും നമ്മുടെ മണ്ണ് മാറില്ല, അത് നമുക്ക് പൈതൃകമായി ലഭിച്ചതാണ്‍. അതിൽ നമുക്ക് അഭിമാനിക്കാം.
ജീവിക്കുവാൻ വേണ്ടി പ്രവാസം തിരഞ്ഞെടുത്തവർ ഈ തീരത്തു വന്നുചേർന്നതാണ്‍. ഈ പവിഴദ്വീപ് നമ്മെ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ മുത്തുകൾ തേടി നമ്മുടെ യാത്ര ലക്ഷ്യം നേടും വരെയും തുടരുമായിരുന്നു. ഈ സുന്ദരി നമ്മെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇവളെ കണ്ടുമുട്ടിയവർക്ക് പിന്നെ ഇവളെ മറന്നൊരു ജീവിതം ആലോചിക്കാൻ പോലും ആവില്ല. നമ്മെ മയക്കുന്ന സൗന്ദര്യം ഇവൾക്കുള്ളതു കൊണ്ടു മാത്രമല്ല നാം ഇവളോട് ചേർന്നു നിൽക്കുന്നത്. ഇവൾ നമ്മെ ആത്മാർത്ഥമായി കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നതുകൊണ്ടു കൂടിയാണ്‍. ഈ സുന്ദരിക്കായ് നമ്മുടെ യൗവനം ഹോമിച്ചെന്നൊക്കെ വീന്പു പറയുവാനാകും. പക്ഷേ നമ്മുടെ സ്വാർത്ഥയ്‌ക്കു വേണ്ടി നാം ഇവളെ ഉപയോഗിക്കുക മാത്രമാണ്‍ ചെയ്‌തിട്ടുള്ളത്. ഇവൾ നമുക്ക് നൽകിയ കരുതലിന്റെ പത്തിലൊന്നു പോലും നാം തിരികെ കൊടുത്തിട്ടില്ലെന്നോർക്കുന്നത് നന്നാകും.
പൊതു ഇടങ്ങളിലൊക്കെ സജീവമായ ചിലരൊക്കെയുണ്ട് എങ്കിലും ഭൂരിപക്ഷത്തിന്റെ മനസും ശരീരവും ഇപ്പോഴും ഈ പ്രവാസഭൂമിയിൽ ഇല്ലെന്ന് സമ്മതിച്ചേ തീരൂ. നാട്ടിലായിരിക്കുന്ന കുടുംബത്തെയും ബന്ധുക്കളെയും ഓർത്ത് അവർക്കായി ജീവിക്കുന്നവരാണധികവും. ഉറങ്ങുന്ന മുറിയിലെ നാലു ചുവരുകൾക്കുള്ളിലെ ചതുരവടിവു കാഴ്‌ചയിലും, നമ്മെ ഈ നാട്ടിൽ നിൽക്കാൻ സഹായിക്കുന്ന വിസയുടെ ജോലി സ്ഥലത്തുമായി അവർ ഘടികാര ചലനങ്ങളെ കൊന്നൊടുക്കുന്നു. വല്ലപ്പോഴും സാധനങ്ങൾ വാങ്ങാനായി ഒരു വലിയ കടയിൽ പോയെങ്കിലായി. എല്ലാ മാസവും കൃത്യമായി മണി എക്‌സേഞ്ചുകളിലേക്കവർ മറക്കാതെ പോകുന്നുണ്ടാകും. അവരിവിടെ ഉരുകുന്നതു കൊണ്ട് മാത്രം ജ്വലിക്കുന്നൊരു കുടുംബം നാട്ടിലുണ്ടാകും.
ബഹ്‌റിനിലേക്ക് വന്നപ്പോൾ മുഹറക്കിലെ എയർപോർട്ടിൽ ഇറങ്ങി പാലം കടന്ന് മനാമയിലൂടെ വന്നപ്പോൾ കണ്ട വലിയ കെട്ടിടങ്ങളൊക്കെ ഇപ്പോഴും അവിടെ തല ഉയർത്തി നിൽക്കുന്നുണ്ട്. ഇവിടെ എത്തപ്പെട്ടിട്ട് എത്ര വർഷമായെന്ന് കണക്കെടുക്കാൻ കൈയിലെ വിരലുകൾ പോരാതെ വരും. വർഷങ്ങൾ എത്ര പോയാലും ഈ നാടുമായുള്ള നമ്മുടെ ബന്ധം വളരെ കുറവാണെന്ന് സമ്മതിച്ചേ തീരൂ. എണ്ണയും വെള്ളവും കണക്കെ ഒന്ന് ഒന്നിനോട് ചേരാതെ കിടക്കുകയാണ്‍. ഈ തീരത്ത് അനേകം സംസ്‌കാരങ്ങൾ വന്ന് അടിയുന്നുണെങ്കിലും എല്ലാവരും അവരവരുടെ തുരുത്തുകൾ ഉണ്ടാക്കി അതിനുള്ളിൽ ഒളിഞ്ഞിരിക്കുകയാണ്‍. ഈ ജനതയെ അടുത്തറിയുകയും സാംസ്‌കാരികമായ കൊടുക്കൽ വാങ്ങൽ ഇനിയും എന്നാണ്‍ ഉണ്ടാവുക.
കണ്ണടച്ചു തുറക്കുന്പോൾ വികസന മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇന്നലെ ഇല്ലാതെയിരുന്ന അംബരചുംബികളും പാലങ്ങളും ഒക്കെയാണ്‍ ഇന്ന് നാം കാണുന്നത്. അവസാനമായി തിരികെ പോകും മുന്‍പെങ്കിലും ഈ നാടിന്റെ സുന്ദരകാഴ്‌ചകളൊക്കെയൊന്ന് അടുത്തു കാണുന്നത് നല്ലതായിരിക്കും. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പൗരാണിക കോട്ടകളും, നീണ്ടു നിവർന്നു കിടക്കുന്ന ഷോപ്പിങ്ങ് മാളുകളും, ജീവവൃഷവും, നാടിന്റെ ഗതി മാറ്റി മറിച്ച എണ്ണക്കിണറുകളും, പാരന്പര്യം ഉറങ്ങുന്ന ശവകുടീരങ്ങളും, മൺകുടങ്ങളുടെ ഗ്രാമവും, ബാർബാർ അന്പലവും, മ്യൂസിയങ്ങളും, മരുഭൂമിയിലെ പച്ചപ്പുകളും, തെളിനീർത്തടങ്ങളും, മനോഹരമായ കടൽക്കരകളും, രാജാക്കന്മാർ ജനിച്ച ചെറിയ കൊട്ടാരങ്ങളും രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന മരുഭൂമികളുമൊക്കെ കാണണം. അല്ലെങ്കിൽ അവസാന യാത്രയിൽ പിന്തിരിഞ്ഞു നോക്കി നെടുവീർപ്പിടേണ്ടി വരും.
ഡെൽമൺ സംസ്‌കാരത്തിന്റെ പാരന്പര്യമുള്ള നാടാണ്‍ നമുക്ക് അന്നം തരുന്നതെന്നോർക്കാറില്ല. എത്ര ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ ഇവിടെയുണ്ടെന്നറിയുമോ? അതൊക്കെ ഒന്ന് സമയം കണ്ടെത്തി കാണാനായില്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ല. മനാമയിലെ സൂക്കിലൂടെ വെറുതേ നടക്കുന്നതു പോലും ഒരു സുഖമാണ്‍. അതിനു പോലും സമയം നമ്മെ അനുവദിക്കാറില്ലെന്നതല്ലേ സത്യം. ഇന്നിൽ ജീവിക്കാതെ മറ്റാർക്കോ വേണ്ടി ജീവിച്ചിട്ടെന്തു കാര്യം എന്ന് തിരിച്ചറിയുന്നൊരു ദിനം വരും. അന്നു പക്ഷേ അധികം വൈകിപ്പോയെന്നോർത്ത് ദുഃഖിക്കാനേ ആവുകയുള്ളൂ.
നാം നാടു മാറിയെങ്കിലും ഇപ്പോഴും പഴയ നാട്ടുന്പുറത്തുകാരനായി ജീവിക്കുകയാണ്‍. നമ്മുടെ രുചി ശീലങ്ങളൊക്കെ ഉറച്ചു പോയി. കുത്തരിച്ചോറും ദോശയും സാന്പാറും തുടങ്ങി പതിവ് ഭക്ഷണ രീതിയിലൊന്നും മാറ്റമില്ല. സന്പന്നമായ അറബ് ഭക്ഷണരീതികളെ അടുത്തറിയാനോ ഒരിക്കലെങ്കിലും രുചിച്ചു നോക്കാനോ ശ്രമിച്ചിട്ടില്ല. ഇവിടുത്തെ കലയെയും സാംസ്‌കാരത്തെയും അറിയാൻ ശ്രമിച്ചിട്ടുണ്ടോ. ഭരണാധികാരികളൊക്കെ തനത് കലാരൂപങ്ങളെയും സന്പന്നമായ ഇന്നലകളെയും തനിമയോടെ സംരക്ഷിക്കാൻ നന്നായി പരിശ്രമിക്കുന്നുണ്ട്. അറബ് സാഹിത്യത്തെയും സാഹിത്യകാരന്മാരെയും നാം അറിയാൻ ശ്രമിച്ചിട്ടില്ല. ഹിന്ദി സിനിമകൾ അറബികൾ കാണുമെങ്കിലും നാം അറബ് സിനിമകൾ കാണുന്നതിനെക്കുറിച്ച് ഇനിയും ആലോചിച്ചിട്ടില്ല.
ഇവിടെ എല്ലാവരും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നതു കൊണ്ട് ഇവിടെ ജീവിക്കാനായി ദേശീയ ഭാഷ പഠിക്കേണ്ടതായി വരുന്നില്ല. അറബിഭാഷയെ അറിയാതെ ഈ നാടിന്റെ സംസ്‌കാരത്തെ അടുത്തറിയാനാവില്ല. നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയമുള്ള മലയാളഭാഷയെ നെഞ്ചോട് ചേർത്തു പിടിക്കാനായി പ്രവാസികൾ കാണിക്കുന്ന താൽപ്പര്യം നല്ലതാണ്‍, അതോടൊപ്പം നമുക്ക് അന്നം തരുന്ന നാടിന്റെ ഭാഷയും അതിലൂടെ സാംസ്‌കാരിക മൂല്യവും പഠിക്കാനാവണം. ഈ നാട് നമുക്ക് ഒന്നിച്ചു കൂടാനായി നൽകുന്ന സ്വാതന്ത്ര്യം നാം സമൂഹത്തിന്റെ നന്മയ്‌ക്കായി ഉപയോഗിക്കണം. അസഹിഷ്‌ണതയുടെ കാലത്തും നമുക്ക് ഈ നാട്ടിൽ ലഭിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തെ നാം ഓർക്കണം. നാം ഒരോരത്തരും ഭാരതത്തിന്റെ കേരളത്തിന്റെ അംബാസിഡറന്മാരാണെന്ന് ഓർക്കണം. നമ്മുടെ ചിന്തയും പ്രവർത്തിയും നാടിന്റെ നന്മയ്‌ക്കു വേണ്ടിയെ ഉണ്ടാകൂ എന്ന് ഉറപ്പാക്കണം.
ഇന്നിൽ ജീവിക്കാനായി നമുക്ക് സാധിക്കണം. നിലാവുള്ള രാത്രിയിൽ വീടിന്റെ മുറ്റത്തോ ബിൽഡിങ്ങിന്റെ ടെറസിലോ കയറി നിന്നാൽ പ്രകാശം ചൊരിയുന്ന ചന്ദ്രനെക്കാണാം. അത് നാം കണ്ടുവളർന്ന അന്പിളിമാമൻ തന്നെയാണെന്നറിഞ്ഞ് കൺകുളിർക്കെ കാണുക. ദേശീയദിനം ആഘോഷിക്കുന്ന നമ്മുടെ പോറ്റമ്മയ്‌ക്ക് ആശംസകൾ നേരാം.