ആയു­ധവു­മേ­ന്തി­യ തൊ­പ്പി­ക്കാ­ർ‍


ഒരു സുഹൃത്തുമായി ഫോണിൽ‍ കത്തി വെച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഫോൺ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. റോഡിലൂടെ തൊപ്പി ധരിച്ച ഒരു സംഘം ആൾ‍ക്കാർ‍ ആയുധങ്ങളുമായി നടന്നു പോകുന്ന കാഴ്‌ച ഒന്നാം നിലയിലെ ജനാലകർ‍ട്ടൻ മാറ്റിനോക്കി പറഞ്ഞു തൂടങ്ങിയപ്പോഴാണ്‍ സംസാരം നിലച്ചത്. അയാൾ‍ പറഞ്ഞതിന്റെ ശേഷംഭാഗം കേൾ‍ക്കാൻ ആകാംഷയുണ്ടായിരുന്നെങ്കിലും ഒന്നും അറിയാൻ സാധിച്ചില്ല. തുടർ‍ന്ന് പേടിയോടെ പലപ്രാവശ്യം വിളിച്ചു നോക്കിയെങ്കിലും ഉയർ‍ന്ന നെഞ്ചിടിപ്പിന്റെ ശബ്‌ദം മാത്രമേ കേട്ടുള്ളൂ.

ചെരിപ്പിനൊത്ത് കാൽ‍ മുറിക്കുകയും തൊപ്പിക്കൊത്ത് തല ചെത്തുകയും ഉടുപ്പിനൊത്ത് ശരീരം ഒരുക്കുകയും ചെയ്യുന്ന കാലത്തിന്റെ ഭാവന ചിറകുവിടർ‍ത്തുകയായി. നാട്ടിൽ‍ കുറേ നാളായി പുകഞ്ഞു കൊണ്ടിരുന്ന വർ‍ഗ്ഗീയത ആളിക്കത്താൻ തുടങ്ങുകയാണെന്നുറപ്പായി.രാഷ്‌ട്രീയത്തെയും മതത്തെയും വോട്ടിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും ധനസന്പാദനത്തിനു വേണ്ടിയും കൂട്ടിക്കുഴച്ചവർ‍ക്കിന്ന് കൊയ്‌ത്തിന്റെ ഉത്സവദിനമാകും. ആർ‍പ്പോടും കാഹളനാദത്തോടും നൃത്തത്തോടും കൂടെയാകുമവർ‍ കൊയ്‌ത്തിനു പോവുക. ആർ‍പ്പോടെ കൊയ്യുകയും സന്തോഷത്തോടെ കളപ്പുരയിൽ‍ കൂട്ടി വെയ്‌ക്കുകയും ചെയ്യും. വിളവിന്റെ ആധിക്യം കണ്ട് കൂലിപ്പണിക്കാരനും തന്പ്രാനും മനസ്സു നിറയും.

സംഘം ചേർ‍ന്ന് പോയവർ‍ തൊപ്പിക്കാരാണെങ്കിൽ‍ അവർ‍ ധരിച്ചിരിക്കുന്നത് തീർച്ചയായും വെള്ളത്തൊപ്പിയാകും അവർ‍ക്കൊക്കെ നീട്ടിവളർ‍ത്തിയ താടിയും ഉണ്ടാകും. കൊട്ടിഘോഷിക്കുന്ന സിനിമകളിലൊക്കെ തീവ്രവാദികളെയും ഭീകരവാദികളെയും മനഃപൂർ‍വ്വം തൊപ്പി ധരിപ്പിക്കാറുണ്ടല്ലോ. വാർ‍ത്തകളിലൊക്കെ താലിബാനും, ഐ.എസും, അൽ‍ഖൈദയും എന്നൊക്കെയുള്ള തീവ്രവാദസംഘടനകളുടെ പേരുകളാണ്‍ നിരന്തരം കേൾ‍ക്കുന്നത്. ഇവരെയൊക്കെ തള്ളിപ്പറയുന്ന, ഇതൊന്നുമല്ല ഇസ്ലാമിന്റെ പഠിപ്പിക്കലെന്ന് വിശ്വസിക്കുകയും നല്ലവരായി ജീവിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം മുസ്ലിംങ്ങളുടെ ശബ്‌ദം ആരും കേൾ‍ക്കാതെ പോകുന്നു. തീവ്രവാദികൾ‍ക്കൊന്നും മതമില്ലെന്ന് മനുഷ്യർ‍ ഉച്ചത്തിൽ‍ വിളിച്ചു പറഞ്ഞെങ്കിലേ ഇവിടെ സൗഹൃദം നിലനിർ‍ത്തി ഈ കൊച്ചു ജീവിതം സന്തോഷകരമായി ജീവിച്ചു തീർ‍ക്കാനാവൂ. 

വെള്ളത്തൊപ്പി വെച്ചവർ‍ പടിഞ്ഞാറു നിന്നും ആയുധവുമായി വന്നാൽ‍ കുറിതൊട്ട കറുത്ത തൊപ്പിക്കാർ‍ കിഴക്കുനിന്നു വരാൻ അധികം വൈകില്ല. സമൂഹത്തിന്റെ പ്രതീക്ഷപോലെ, കറുത്ത തൊപ്പിക്കാരെ പ്രതിരോധിക്കാനായി ചുവന്നതൊപ്പിക്കാർ‍ തീർ‍ച്ചയായും ഉണ്ടാകും. ഗാന്ധിതൊപ്പി അണിഞ്ഞവർ‍ ഓർ‍മ്മയിൽ‍ നിന്നും പൊയ്‌പ്പോയ ലക്ഷണമാണ്‍. അല്ലെങ്കിലവർ‍ ആം ആദ്‌മിയുടെ തൊപ്പി അണിഞ്ഞവരാകാം അവരൊന്നും പക്ഷേ സാധാരണയായി ആയുധം കൈയിൽ‍ ഏന്താറില്ലല്ലോ. അഹിംസയാണല്ലോ അവരുടെ ആയുധം.

തൊപ്പിയെന്നു മാത്രമേ സുഹൃത്ത് പറഞ്ഞുള്ളൂ അത് തൊപ്പിയുള്ള തോക്കേന്തിയ പോലീസുകാരോ പട്ടാളക്കാരോ ആകാനും വഴിയുണ്ട്. പ്രജാപതിയുടെ തൊപ്പിയിൽ‍ പൊൻ‌തൂവലുവെയ്‌ക്കാനുള്ള കള്ളനാടകത്തിനിടയിൽ‍ അല്ലെങ്കിൽ‍ ജനാധിപത്യം ദുർ‍ബലമാകുമാകുന്പോൾ‍ അവർ‍ക്ക് ആയുധമേന്തി ഫ്‌ളാഗ്‌ മാർ‍ച്ച് നടത്താമല്ലോ. തൊപ്പിയേക്കുറിച്ചുള്ള ഭാവനയ്‌ക്കൊടുവിൽ‍ ഞാൻ തോറ്റു തൊപ്പിയിട്ടു. കൗബോയ് തൊപ്പി, കൊന്പുവെച്ച തൊപ്പി, കൂർ‍ത്ത തൊപ്പി, തൂവൽ‍ പിടിപ്പിച്ച തൊപ്പി, കോമാളിത്തൊപ്പി, ചട്ടിത്തൊപ്പി, തുർ‍ക്കിത്തൊപ്പി, പാളത്തൊപ്പി, ഓലത്തൊപ്പി, മുളന്തൊപ്പി, അങ്ങനെ നൂറുകണക്കിനു തൊപ്പികൾ‍ എല്ലായിടത്തും പ്രചാരത്തിലുള്ളപ്പോഴും എന്റെ ചിന്ത വെള്ളത്തൊപ്പി വെച്ച താടി നീട്ടി വളർ‍ത്തിയ തീവ്രവാദിയിലേക്കു തന്നെ തിരികെ വന്നു നിന്നു.

അടുത്ത ദിവസം വീണ്ടും ഫോൺ ചെയ്‌ത് സത്യം അറിഞ്ഞപ്പോൾ‍ ഞാനാകെ ചൂളിപ്പോയി. എന്റെ ചിന്തയാണല്ലോ ഞാൻ. വെറുതെ എന്തെല്ലാമോ ആലോചിച്ചു കൂട്ടിയ എന്നേക്കുറിച്ച് സ്വയം ലജ്ജ തോന്നി. കേരള സർ‍ക്കരിന്റെ ഹരിത കേരളം പദ്ധതിയിലേക്ക് ജനങ്ങളെ ഗാനഗന്ധർ‍വ്വൻ പാടി ഉണർ‍ത്തിയതിൽ‍ പ്രകാരം പാളത്തൊപ്പി ധരിച്ച കർ‍ഷകരാണ്‍ സംഘമായ് പോയത്. അവരുടെ കൈയിലെ ആയുധം തൂന്പ, കൂന്താലി, മമ്മട്ടി തുടങ്ങിയ പണി ആയുധങ്ങളായിരുന്നു പോലും. നാടിന്റെ നന്മയ്‌ക്കായി, വിഷരഹിത ആഹാരത്തിനായി നമ്മുടെ കാർ‍ഷിക സംസ്‌കാരം തിരികെ വരേണ്ടതുണ്ട്. കർ‍ഷകൻ കൃഷിയിൽ‍ നിന്നും മാന്യമായ വരുമാനം ലഭിക്കേണ്ടതുണ്ട് എന്നൊക്കെ പറഞ്ഞും, ഹരിത കേരളം പദ്ധതിയുടെ ആവശ്യകതയേക്കുറിച്ച് വാചാലനായും എന്റെ ജാള്യത മറയ്‌ക്കാൻ ശ്രമിച്ചു. വരും തലമുറയ്‌ക്കായി നാടിന്റെ ഭാവികണ്ടുള്ള പദ്ധതിയാണ്‍ സർ‍ക്കാർ‍ തൂടക്കം കുറിച്ച ഹരിത കേരളം പദ്ധതി. ഓരോ വ്യക്തിയ്‌ക്കും ഈ പദ്ധതിയുടെ ഭാഗമായി ചിലത് ചെയ്യാനുണ്ടാകും.

You might also like

Most Viewed