ക്യൂ­വിൽ‍ നി­ൽ‍­ക്കു­ന്ന പു­നർ‍‌­വാ­യന


ബാജി ഓടംവേലി

ഒ.വി വിജയന്റെ ധർ‍മ്മപുരാണം എന്ന നോവലിലെ ദീർ‍ഘവീഷണങ്ങൾ‍ ഇനിയും ഭാവനയിൽ‍ കാണേണ്ട കാര്യമില്ല. അതൊക്കെയാണ്‍ നാമിന്ന് വാർ‍ത്തകളിലൂടെ അറിയുന്നതും അനുഭവിക്കുന്നതും. ഈ രാഷ്‌ട്രീയ കാലാവസ്ഥയിൽ‍ ഈ ധർ‍മ്മപുരാണം പൊടി തട്ടിയെടുത്ത് വീണ്ടും വായിക്കുന്നത് നന്നായിരിക്കും. ബാങ്കിലെ ടോക്കൺ വാങ്ങാനും, പണം ഇടാനും, തിരികെ എടുക്കാനുമൊക്കെ ഒരിക്കലും തീരാത്ത ക്യൂവിൽ‍ നിൽ‍ക്കുന്പോൾ‍ വായിക്കാൻ കൊള്ളാവുന്നൊരു നോവലാണ്‍ വി.എച്ച് നിഷാദിന്റെ മൂന്ന്. ചുരുങ്ങിയ മണിക്കൂറുകൾ‍ക്കൊണ്ട് വായിച്ചു തീർ‍ക്കാനാവും ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച ഈ ചെറിയ പുസ്‌തകം. വ്യവസ്ഥാപിതമായ ചട്ടക്കുടിനുള്ളിൽ‍ നിശബ്ദരാക്കപ്പെടുന്നവരുടെയും പുറന്തള്ളപ്പെടുന്നവരുടെയും ശബ്ദങ്ങൾ‍ ഉൾ‍ക്കൊള്ളാൻ ശ്രമിക്കുന്നുന്നൊരു നോവലാണിത്. അധികാരം കൂടുതൽ‍ ശക്തമാകുകയും പുറന്തള്ളപ്പെടുന്നവരുടെ എണ്ണം പെരുകുകയും ചെയ്യുന്ന സമകാലിക സമൂഹത്തിന്റെ അടയാളങ്ങൾ‍ പേറുന്നതാണീ നോവൽ‍. 

പ്രേമം എന്ന രാജ്യത്തിൽ‍ ‘മൂന്ന്’ എന്ന നിയമം നടപ്പാക്കുന്നതാണ് അതിലെ പ്രമേയം. ഇങ്ങനെ തീർ‍ത്തും നിഷ്ഠുരമായ ഒരു  കാലത്തിൽ‍ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ കഥയാണ് ‘മൂന്ന്’.  മൂന്നിന്റെ പരിമിതികളും സാധ്യതകളുമാണ് നോവൽ‍. ഭരണകൂടങ്ങളുടെ ഉരുക്കു കൈകളിൽ‍ പിടയുകയും അതിജീവനം തേടുകയും ചെയ്യുന്ന ജനതയുടെ അടയാളങ്ങൾ‍ ഇതിലുണ്ട്. മനുഷ്യന് ചിന്തിക്കാനോ, ചിരിക്കാനോ, എന്തിന് ശ്വാസം കഴിക്കാനോ പോലും ‘അനുവദിക്കപ്പെട്ട ക്വാട്ടകൾ‍’ നോക്കേണ്ടി വരുന്ന ഒരു കാലമായിരുന്നു അത്. മുകളിൽ‍ നോക്കിയവരെല്ലാം  കണ്ടത് അശാന്തതയുടെ മേഘവഴികൾ‍ മാത്രം.  

വയനാട്ടിലെ മുത്തങ്ങയ്ക്കും തമിഴ്‌നാട്ടിലെ ഉദഗമണ്ധലത്തിനും ഇടയിലാണ് ഭൂമിശാസ്ത്രപരമായി റിപ്പബ്ലിക് ഓഫ് പ്രേമം സ്ഥിതി ചെയ്യുന്നത്. സമാധാനപരമായി ജീവിച്ചുപോകുന്ന പ്രേമത്തിലെ ജനതയ്ക്ക് ഭീഷണിയായി ഇടയ്ക്ക് ഒരു കരി നിയമം രാജ്യത്ത് നിലവിൽ‍ വരും. മൂന്ന് എന്നാണ് ആ നിയമത്തിന്റെ പേര്. അത് പ്രഖ്യാപിച്ചു കഴിഞ്ഞാൽ‍ രാജ്യത്ത് പട്ടാളഭരണമാണ്. വെറും പട്ടാളഭരണമല്ല, കിരാതമായ പട്ടാളഭരണം തന്നെ. പിന്നെ മൂന്ന് മാസത്തേയ്ക്ക് ആളുകൾ‍ കറുപ്പു വസ്ത്രം ധരിക്കണം. മൂന്ന് ദിവസം കൂടുന്പോഴേ ചായ കുടിക്കാൻ പറ്റൂ. അതിന്റെ നിറവും കറുപ്പായിരിക്കണം. പ്രഖ്യാപിച്ചാലുടൻ രാജ്യത്തെ മുഴുവൻ ആഹാരസാധനങ്ങളും സർ‍ക്കാർ‍ കണ്ടുകെട്ടും. പിന്നെ മൂന്ന് ദിവസത്തിൽ‍ ഒരിക്കലുള്ള റേഷൻ വിതരണത്തിനായി ജനത കാത്തു കഴിയണം. ഒരേ സമയം മൂന്ന് വാക്കുകളിൽ‍ കൂടുതൽ‍ ആരും ഉച്ചരിക്കരുത്. ദന്പതികൾ‍ക്ക് ആഴ്ചയിൽ‍ മൂന്ന് പ്രാവശ്യമേ രതി പാടുള്ളൂ. യുവാക്കളും യുവതികളും ആഴ്ചയിൽ‍ മൂന്നു പ്രാവശ്യം സ്വയംഭോഗം ചെയ്ത് സംതൃപ്തിയടഞ്ഞു കൊള്ളണം. ഓരോ കുടുംബത്തിലെയും മൂന്നാമത്തെ ആൺ തരിയെ നിർ‍ബ്ബന്ധിതമായി പട്ടാളത്തിൽ‍ ചേർ‍ക്കും. മൂന്ന് വയസുള്ള കുട്ടികളെയെല്ലാം പിടിച്ചുകൊണ്ടുപോയി ഉസുക്കു എന്ന ദ്വീപിൽ‍ കൊണ്ടുപോയി മറ്റൊരു തരം പൗരന്മാരായി വാർ‍ത്തെടുക്കും. അമ്മമാരുടെ കണ്ണുനീരു വീണ് പൊള്ളിയ മണ്ണാണ് പ്രേമ രാജ്യത്തിന്റേത്.

പ്രേമ രാജ്യത്ത് വീണ്ടും ഒരു മൂന്ന് കടന്നു വരുന്നതോടെയാണ് വി.എച്ച് നിഷാദിന്റെ മൂന്ന് എന്ന നോവൽ‍ ആരംഭിക്കുന്നത്. ജീവിതത്തോടുള്ള മമത കൊണ്ട് കണ്ണീരൊഴുക്കേണ്ടി വരുന്ന നിരവധി മനുഷ്യരുണ്ട് അവിടെ. പ്രണയത്തിന് നിബന്ധനകൾ‍ വേണ്ട എന്നു വിശ്വസിക്കുന്ന കോൾ‍ സെന്റർ‍ ജീവനക്കാരനായ ബാരിഷ്, അവന്റെ കാമുകിയും റേഡിയോ അവതാരകയുമായ സമീറ, പരിവേദനങ്ങളും സങ്കടങ്ങളും കത്തുപാട്ടുകളായി വിവർ‍ത്തനം ചെയ്ത് നാടുകൾ‍ തോറും സഞ്ചരിക്കുന്ന പാട്ടു പാത്തു. നിയമം കറുത്ത തുള്ളികൾ‍ വീഴ്ത്തി പെയ്തിറങ്ങുന്നത് ഇവരുടെ സ്വപ്‌നങ്ങളിലേക്കാണ്.

നോവൽ‍ വായിക്കുന്പോൾ‍ പ്രേമം ഒരു സങ്കൽ‍പിക രാജ്യം മാത്രമല്ലെന്നും, തൊട്ടടുത്ത് അതിന്റെ ഭൂമിക കിടപ്പുണ്ടെന്നും തിരിച്ചറിയാനാവും. ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ‍ മൂന്നാമതായി പറയാറുളളത് ഭരണകൂടമാണല്ലോ. ഭരണകൂട ഭീകരത തന്നെയാണ് ഇതിലെ പ്രമേയവും. ആഗോളവൽ‍ക്കരണത്തിനെതിരെയും ഫാസിസത്തിനെതിരെയും പൊതുവായി സമരം ചെയ്താൽ‍ അതൊരു വലിയ പ്രശ്‌നമൊന്നുമല്ല. എന്നാൽ‍ കൃത്യമായ മുഖമുള്ള ഒന്നിനെ ചോദ്യം ചെയ്യുന്പോഴാണ് എല്ലാം പ്രശ്‌നത്തിലാവുന്നത്. രാജ്യത്തെ ജനങ്ങളെ എങ്ങനെയെല്ലാം ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാകുമെന്ന് ഭരണവർ‍ഗ്ഗം ഗവേഷണം നടത്തുകയാണ്‍. ഒരുവൻ എന്ത് ആഹാരം കഴിക്കണം എന്ത് കഴിക്കരുത് എന്ന് അവർ‍ നിർ‍ദേശിക്കുന്നു. ഏതു വസ്ത്രം ധരിക്കണമെന്ന് നിർ‍ദേശിക്കുന്നു. ഞാൻ മാത്രമാണ്‍ ശരി മറ്റൊരു ശരി ഉണ്ടാകാൻ പാടില്ലെന്നവർ‍ അസഹിഷ്‌ണതപ്പെടുന്നു. മുന്നോരുക്കങ്ങളില്ലാതെ നടപടികളെടുക്കുന്നു. ജനങ്ങളുടെ സന്പാദ്യം പിടിച്ചു പറിച്ച് അവരെയെല്ലാം കള്ളന്മാരെന്ന് വരുത്തിതീർ‍ക്കാൻ ശ്രമിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു മേൽ‍ തൂടർ‍ച്ചയായി കൈയേറ്റം നടത്തുന്നു. അതിനെതിരെ ചിന്തിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളെന്ന മുദ്രകുത്തുന്നു. ഗ്യാസ് ചേന്പറിലേക്കുള്ള ക്യൂവിൽ‍ നിൽ‍ക്കുന്പോളെങ്കിലും വല്ലതും വായിക്കുകയും ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർ‍ത്തിക്കുകയും ചെയ്‌താൽ‍ വരും തലമുറ നമ്മെ ശപിക്കില്ല.

You might also like

Most Viewed