ഗതികിട്ടാതെ അലയുകയാണ്
ഒരു കവിസുഹൃത്തെന്നെ നിരന്തരം ശല്യംചെയ്യുന്നുണ്ട്. ആദ്യമൊക്കെ സ്വപ്‌നത്തേരിൽ മാത്രം എഴുന്നെള്ളിയിരുന്ന അവനിപ്പോൾ സമയവും കാലവുമൊന്നും നോക്കാതെ എപ്പോഴും ഓർമ്മയിൽ നിരന്തരം കുത്തി നോവിക്കുകയാണ്‍. ചിന്തകളിലൊക്കെ അവന്റെ രൂപവും, ചിരിയും, സംസാരവും, കവിതാ ആലാപനവുമൊക്കെ നിറഞ്ഞു നിൽക്കുകയാണ്‍. എടാ നിന്റെ മനസ്സു നിറയെ കവിതകളാണ്‍, നീയൊരു കവിയാണ്‍, നിന്നെ സ്വയമൊരു കവിയായ് അടയാളപ്പെടുത്തും മുന്‍പേ മരിച്ചു പോയാൽ നിന്റെ ആത്മാവ് ഗതികിട്ടാതെ ഈ ലോകത്തിൽ അലഞ്ഞു നടക്കുമെന്ന് ആന്നൊരിക്കൽ ദേഷ്യത്തിൽ പറഞ്ഞതു പോലെ സംഭവിച്ചെന്ന് തോന്നുന്നു.
ഒരു പ്രാദേശിക സംഘടന പ്രവാസികൾക്കായി കവിതാ രചനാ മത്സരം സംഘടിപ്പിച്ചു. എഴുപത്തിനാലോളം കവിതകൾ മത്സരത്തിനുണ്ടായിരുന്നു. സംഘാടകർ നിശ്ചയിച്ച മൂന്ന് വിധികർത്താക്കളിൽ ഒരാളായിരുന്നു ഞാൻ. മാർക്കിടും മുന്‍പേ കവിതകളൊക്കെ വായിച്ച് മുൻഗണനാ ക്രമത്തിൽ വെച്ചു. പലപ്രാവശ്യം വായിച്ച് ചുരുക്കപ്പട്ടിക ഉണ്ടാക്കിയപ്പോഴും, തള്ളേണ്ടവയെ തള്ളി അവസാന പത്തിൽ എത്തുന്പോഴും ഏറ്റവും മുന്‍പിൽ നിന്നൊരു കവിത നോട്ടുബുക്കിൽ നിന്നും കീറിയെടുത്തിരു നിറം മങ്ങിയ പേപ്പറിൽ വളരെ വേഗം കുറിച്ചതായിരുന്നു. അത് എഴുതിയ ആൾ അലസനാണെന്ന് ബോധ്യമായിട്ടും ആ മനോഹര കവിതയ്‌ക്ക് ഞാൻ ഒന്നാം സ്ഥാനം നൽകാതിരിക്കാൻ നിവർത്തിയില്ലായിരുന്നു. മറ്റ് വിധികർത്താക്കളും എന്റെ തീരുമാനത്തോടൊപ്പമായിരുന്നെന്ന് വിധിനിർണ്ണയ ദിനം ബോധ്യമായി. അങ്ങനെ സർഗ്ഗാത്‌മക കഴിവുകളുടെ വിളനിലമായിരുന്നെങ്കിലും ഭൂലോക ഉഴപ്പനാഴൊരു സുഹൃത്തിനെ പരിചയപ്പെട്ടു. നോട്ടു ബുക്കിൽ കുറിച്ചു വെച്ചിരുന്നൊരു കവിത അവന്റെ സുഹൃത്താണ്‍ കീറിയെടുത്ത് മത്സരത്തിന്‍ അയച്ചതെന്ന് പറഞ്ഞറിഞ്ഞു.
പിന്നീടൊരിക്കൽ ഒരു സാഹിത്യക്യാന്പിൽ വെച്ചും അവനെ കണ്ടിരുന്നു. അവന്റെ കവിതയിലെ പ്രതിഭയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞ ക്യാന്പിന്റെ സംഘാടകരൊക്കെ അവന്റെ പേര് പ്രത്യേകം പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. അന്ന് അവിടെ പങ്കെടുത്ത നുറുപേരിൽ അവനായിരുന്നു താരം. അവിടെവെച്ച് തന്നെ ടെലിഫോൺ നന്പറൊക്കെ എഴുതിവാങ്ങിച്ചു. പത്തു പ്രാവശ്യം വിളിച്ചാലെ ഒരു പ്രാവശ്യമെങ്കിലും തിരികെ വിളിക്കുകയുള്ളു. കവിതകൾ പ്രസിദ്ധീകരിക്കാനായി അയച്ചു തരാൻ അവന് സമയം ഉണ്ടായിരുന്നില്ല. സാഹിത്യവേദിയുടെ മീറ്റിംഗിലേയ്ക്ക് ക്ഷണിച്ചെങ്കിലും ജോലിത്തിരക്ക് അവനെ അതിന്‍ അനുവദിച്ചില്ല. വലിയകപ്പലിൽ വീഴുന്നത് ചെറിയ തുള ആയാലും അത് വേഗത്തിൽ കണ്ടെത്താനായില്ലെങ്കിൽ ആ യാത്ര അപകടത്തിലേയ്ക്കായിരിക്കുമെന്ന് ആർക്കാണറിയാത്തത്.
അവനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. ആദ്യമൊക്കെ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീട് ഈ നന്പർ നിലവിൽ ഇല്ലെന്ന മറുപടിയാണ്‍ കിട്ടിയത്. നന്പർ മാത്രമല്ല ചിലപ്പോൾ അവനും നിലവിലുണ്ടാകില്ലെന്ന്‍ മനസ്സിലെ ഓളങ്ങൾ പറഞ്ഞു. അവനെക്കുറിച്ച് പലരോടും അന്വേഷിച്ചെങ്കിലും തിരക്കിന്നിടയിൽ അവനെ ഓർക്കാൻ ആരും ഉണ്ടായിരുന്നില്ല. സാമൂഹ്യപ്രവർത്തകൻ നിർബ്ബന്ധിച്ചതിനാലാണ്‍ മോർച്ചറിയിലെ അൺനോൺ ബോഡികളുടെ ഇടയിൽ തിരഞ്ഞത്. അവന്റെ തണുത്തുറഞ്ഞ ശരീരം എനിക്ക് തിരിച്ചറിയാനായി. അവൻ കവിയാണെന്ന് ആരോടാണ് പറയുക, എഴുതപ്പെടാതെ പോയ എത്ര മനോഹരകവിതകളും പിറക്കാതെ പോയ കവിയും ഈ ലോകത്തിൽ നിന്നും വിട്ടു പോയെന്നുറപ്പിച്ച് മോർച്ചറിയുടെ പടികളിറങ്ങി. അവന്റെ മൃതശരീരം നാട്ടിലേയ്ക്ക് അയയ്‌ക്കാനുള്ള ക്രമീകരണങ്ങളൊക്കെ പരിചയസന്പന്നരായ സാമൂഹ്യപ്രവർത്തകർ ചെയ്‌തു.
അവൻ ആർക്ക് വേണ്ടി ജീവിതം ഹോമിച്ചുവോ അവർക്ക് ഒരു മൃതശരീരം ആവശ്യമില്ലാത്തതിനാൽ അവന്റെ ശരീരം ഈ പ്രവാസമണ്ണിൽ തന്നെ മറവ് ചെയ്‌തെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞറിഞ്ഞു. അവനെ വിളിക്കുന്പോഴൊക്കെ കുടുംബ പ്രാരാബ്‌ദങ്ങളുടെ വലിയഭാണ്ധത്തെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. മരുഭൂമിയിലേയ്ക്ക് വരാനായി ഉണ്ടാക്കിയ കടം വീട്ടും മുന്‍പേ വീട്ടുകാരുടെ നിർബ്ബന്ധത്തിന് വഴങ്ങി വീട് പുതുക്കിപ്പണിയേണ്ടി വന്നു. അനുജത്തിമാരെ പറഞ്ഞയക്കാൻ അത് ആവശ്യമായിരുന്നു. അവരെ പറഞ്ഞയച്ച കടം വീട്ടാൻ ഒരു ആയുസ്സ് മതിയാകുമായിരുന്നില്ല. ജോലിയിലെ തിരക്കും ടെൻഷനുമൊക്കെ അക്ഷരാർത്ഥത്തിൽ അവനെ തളർത്തി. ജീവിതപ്രാരാബ്‌ദങ്ങളുടെ എരിതീയിലെന്ത് കഥ എന്ത് കവിത. മനസ്സിൽ മുഴുവൻ കവിതയുണ്ടായിരുന്നൊരു സഹൃദയനായിരുന്നു അവനെന്ന് അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. അവൻ തീർച്ചയായും ഒരു കവിതയായിരുന്നു. സഫലീകരിക്കാത്ത ആഗ്രഹങ്ങളുമായി തീർച്ചയായും അവന്റെ ഗതികിട്ടാത്ത ആത്മാവ് ഈ പ്രവസഭൂമിയിൽ അലയുന്നുണ്ടാവും.
ഇന്നലെ ഞങ്ങളുടെ അക്ഷരവേദിയുടെ മാസക്കൂട്ടായ്‌മ നടക്കുന്പോൾ അവൻ വന്നിരുന്നു. ഒത്തിരി അനുഭവങ്ങളും എഴുതാൻ ആഗ്രഹവും ഉണ്ടായിരുന്നിട്ടും ഒരു വരിപോലും എഴുതാനാവാതെ ഉരുകിപ്പോയ ഒത്തിരി പേരുടെ ഗതികിട്ടാത്ത ആത്മാക്കളെ കൂട്ടിക്കൊണ്ടാണവൻ വന്നിരിക്കുന്നത്. മനസ്സിന്റെ നന്മകൊണ്ടാകാം എനിക്കവരെയെല്ലാം കാണാനായത്. ലേബർക്യാന്പിലെ ചുവരിൽ മാത്രം മനസ്സുപകർന്ന ഒരാത്മാവ് ശൂന്യമായ ചുവരിനെ നോക്കി നേടുവീർപ്പിട്ടു. മണലിൽ വിരൽക്കൊണ്ട് മാത്രം കഥയെഴുതിയ ഒരാൾ നെഞ്ചുപൊട്ടിക്കരഞ്ഞു. ജീവിതകാലത്ത് നഷ്ടപ്പെടുത്തിയ നിമിഷങ്ങളെ ഓർത്ത് വിലപിച്ച ആത്മാവിനെ ആശ്വസിപ്പിക്കാനായി മറ്റുള്ളവർ ചേർന്ന് കവിത ചൊല്ലി. എല്ലാവർക്കും ചായയും പരിപ്പുവടയും കരുതിയിരുന്നെങ്കിലും ആത്മാക്കളൊ
ന്നും കഴിക്കാതെ പോയിക്കളഞ്ഞു. ആത്മാക്കളുടെ ആഹാരമെന്തെന്ന് എനിക്കറിയില്ലല്ലോ?
അടുത്ത മാസത്തെ മീറ്റിംഗിന് വരുന്പോൾ ചോദിക്കണം ഗതി കിട്ടാത്ത ആത്മാക്കൾക്കായി ഞാനെന്താണ്‍ കരുതി വെക്കേണ്ടതെന്ന്. അരൂപികളെ കാണുന്നതും അവരോട് സംസാരിക്കാനാവുന്നതും ഒരു കഴിവാണോ അതോ അസുഖമാണോ എന്ന് അക്ഷരവേദിക്കാർ രഹസ്യമായി ചർ
ച്ച ചെയ്യുന്നുണ്ടാവും, എന്തായാലും അലയുന്നവർക്കായ് ചിലത് കരുതി വെക്കേണ്ടതുണ്ട്.