മോഷ്ടിക്കപ്പെട്ടൊരു കഥ
നല്ല കാന്പുള്ളൊരു കഥ സ്വപ്‌നം കണ്ടു. എഴുതുകയും വായിക്കുകയും ചെയ്‌തിട്ടുള്ള കഥകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത്. ഉറക്കത്തിൽ വീണുകിട്ടുന്ന ത്രെഡ് കിടക്കയുടെ അരികിലുള്ള റൈറ്റിങ്ങ് പാഡിൽ അപ്പോൾത്തന്നെ എഴുതി വെക്കുകയും പിന്നീടത് വികസിപ്പിക്കുകയും ചെയ്യുകയാണ്‍ പതിവ്. ഇക്കഥയുടെ തുടക്കവും ഒടുക്കവും മാത്രമല്ല ഓരോ വാക്കുകളും വാചകങ്ങളും യഥാസ്ഥാനത്ത് കൃത്യമായുണ്ടായിരുന്നു. ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ആണെങ്കിലും സ്വപ്‌നക്കാഴ്‌ച നല്ല ഹൈഡെഫനിഷൻ ക്ലാരിറ്റിയിലായിരുന്നു. എഴുതിവെക്കാതെ തന്നെ എല്ലാം മനസ്സിലുണ്ടെന്ന ധൈര്യത്തിൽ മലർപ്പൊടി വിൽപ്പനക്കാരനെപ്പോലെ കിടന്നുറങ്ങി.
സന്തോഷത്തോടെ എഴുന്നേറ്റ് ഓർമ്മയുടെ താളുകളൊക്കെ മറിച്ചു നോക്കിയെങ്കിലും ആ ലക്ഷണമൊത്ത കഥമാത്രം അവിടെയുണ്ടായിരുന്നില്ല. കൂടെക്കിടന്ന ഭാര്യയെ ഉണർത്തി സ്വപ്‌നത്തിൽ കണ്ട കഥയെവിടെ എന്ന് ചോദിച്ചു. മറുപടിയൊന്നും പറയാതെ രൂക്ഷമായി ഒന്ന് നോക്കിത്തിരിഞ്ഞു കിടന്നതിനാൽ വലിയൊരു സംഘട്ടനം ഒഴിവായി. യുദ്ധങ്ങൾ പോലും ആരംഭിക്കുന്നത് സമയം തെറ്റിപ്പറയുന്ന ചില വാക്കുകളിലാണ്. കുടുംബത്തിലെ വെടിനിർത്തൽ കരാർ പ്രകാരം ചില സമയങ്ങളിൽ മറുകക്ഷി വായിൽ വെള്ളമൊഴിച്ചിറക്കാതെ രണ്ടു മിനിറ്റ് ഇരിക്കുകയോ, ഒന്നും മുതൽ നൂറുവരെ എണ്ണുകയോ ചെയ്യുന്നത് പതിവാണ്‍. എങ്കിലും നല്ലൊരു കഥ നഷ്ടപ്പെട്ടതിൽ അതിയായ സങ്കടം തോന്നി.
അടുത്ത മുറികളിൽ കിടക്കുന്ന മക്കളെ വിളിച്ച് ദേഷ്യത്തോടെ ചോദ്യം ചെയ്‌തു. എഴുത്തുമേശയിലെ പേപ്പറുകളുടെയും കുറിപ്പുകളുടെയും വിലയറിയാതെ അവരെടുത്ത് വിമാനവും ബോട്ടുമൊക്കെ ഉണ്ടാക്കുക പതിവാണ്‍. ഇത് അവരെടുത്തില്ലെന്ന് കരഞ്ഞ് പറഞ്ഞത് വിശ്വസിക്കുകയല്ലേ നിവർത്തിയുണ്ടായിരുന്നുള്ളൂ. എങ്ങും എഴുതി വെയ്‌ക്കാത്ത സാഹചര്യത്തിൽ കുട്ടികളെ സംശയിക്കുന്നതിൽ കാര്യമില്ലെന്ന് തോന്നി. കഥ മുഴുവൻ മനസ്സിലായിരുന്നതിനാൽ മനസ്സാക്ഷി സൂക്ഷിപ്പുകാരി ആബിദയോട് തിരക്കുന്നതാകും നല്ലത്. വാർദ്ധക്യത്തിലായിരിക്കുന്ന അമ്മയെ ആശുപത്രിയിലാക്കാനും ശുശ്രൂക്ഷിക്കാനുമായി ആബിദ നാട്ടിൽ പോയിരിക്കുകയാണ്‍. തിരക്കേറിയ ജീവിതയാത്രയിൽ വാർദ്ധക്യത്തിലെ ഏകാന്തതയ്‌ക്ക് ഇത്തിരി നേരമെങ്കിലും കൂട്ടായിരിക്കുക വലിയ കാര്യമാണ്‍. ആശുപത്രിയിലെ ആയിരങ്ങളുടെ സങ്കടങ്ങൾ കണ്ട് ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വ്യാകുലപ്പെട്ടിരിക്കുന്ന ആബിദയ്‌ക്കും എന്നെ സഹായിക്കാനായില്ല. പ്രശ്‌നങ്ങളുടെ നടുവിൽ ആരും നമ്മെ സഹായിക്കാനായി വരികയില്ലെന്ന ലോകസത്യം വീണ്ടും തിരിച്ചറിയുകയായിരുന്നു. പ്രശ്‌നങ്ങളെ നേരിടാനായി നമ്മെ ഒരുക്കുവാനായി ആർക്കെങ്കിലും സാധിച്ചാലും പ്രശ്‌നങ്ങളെ നേരിടേണ്ടത് നാം തന്നെയാണ്‍.
മനസിനേയും ശരീരത്തെയും തണുപ്പിക്കുന്ന നവരത്‌നാ ഹെർബൽ കൂൾ ഓയിൽ തലയിൽ തേച്ച് ചാരുകസേരയിൽ ശാന്തനായിക്കിടന്ന് കഥയുടെ ബായ്‌ക്ക്അപ്പെടുക്കാനായി ശ്രമിച്ചു. മാസങ്ങൾക്ക് മുന്‍പ് കണ്ടത് പലതും ഇപ്പോഴും ഓർമ്മയിൽ പീലി വിടർത്തിയാടുന്നുണ്ട്. കൂടെ നൃത്തം ചെയ്‌ത ആറു സുന്ദരിമാരുടെ ശരീരവടിവും മുഖസൗന്ദര്യവുമൊക്കെ ഈ നിമിഷം വേണമെങ്കിലും ക്യാൻവാസിൽ പകർത്താം. ആ സ്വപ്‌നസുന്ദരികൾക്ക് ജീവിച്ചിരിക്കുന്ന ചിലരുമായുള്ള സാമ്യം തികച്ചും യാദൃശ്ചികമാണെന്ന് ആവർത്തിച്ച് അനൗൺസ് ചെയ്‌താലും ആരും വിശ്വസിക്കില്ല. നേടിയതിനെക്കാൾ നഷ്ടങ്ങളാണ്‍ മനസ്സിൽ നിഴലിച്ചു നിൽക്കുന്നത്. ആദ്യപ്രണയിനിയുടെയും, വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ കണ്ടെത്തിയ കോളേജ് ബ്യൂട്ടിയുടെയും, ചാറ്റിങ്ങിൽ ഇടയ്‌ക്ക് വരുന്ന സുന്ദരിയുടെയും കുടുംബം തകർക്കേണ്ടല്ലോ എന്ന് കരുതിയാണ്‍ ഞാനൊരു ചിത്രകാരനാകാത്തത്.
കഥ തീർച്ചയായും ആനുകാലിക സാമൂഹ്യപ്രാധാനുമുള്ള ഏതോ വിഷയമാണ്. പുലിവാല് പിടിച്ച നോട്ടു പിൻവലിക്കൽ, പെരുകുന്ന നായശല്യം, കൊലപാതക രാഷ്ട്രീയം, വളരുന്ന വർഗ്ഗീയത, അഴിമതിയുടെ കൂത്തരങ്ങ്, മുഖവൈകൃതം തെളിയും കണ്ണാടി, അന്ധരായ രാഷ്ട്രീയ ഭക്തർ, ആത്മീയവ്യാപാരം, പെരുകുന്ന സ്‌ത്രീപീഢനം, ദാരിദ്ര്യം, കൈവിട്ടു പോകുന്ന ബാല്യം, ലഹരിയിലമരുന്ന യൗവനം, ഉപേക്ഷിക്കപ്പെടുന്ന വാർദ്ധക്യം അങ്ങനെ ഏതെങ്കിലും വിഷയമാവും കഥയായി സ്വപ്‌നത്തിൽ വന്നത്. മനസ്സിനെ ശാന്തമാക്കി ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് സാധിച്ചില്ല. തീർച്ചയായും ആരെങ്കിലും മോഷ്ടിച്ചതാകും. ജനാലയ്‌ക്ക് പിന്നിൽ ആരുടെയെങ്കിലും കാൽപ്പാടുണ്ടോയെന്ന് പരിശോധിച്ചു. പതിവില്ലാത്ത ഗന്ധം വല്ലതും മുറിയിലുണ്ടോയെന്നറിയാൻ മുക്ക് വട്ടം പിടിച്ചുനോക്കി. വാതിലിന്റെ പൂട്ട് കള്ളത്താക്കോലുപയോഗിച്ച് ആരെങ്കിലും തുറന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. വാതിൽപ്പിടിയിലെ വിരലടയാളം പരിശോധിച്ചാൽ തീർച്ചയായും കള്ളനെ കണ്ടു പിടിക്കാനാവും. ഒരുകള്ളനായ് വിരിക്കുന്ന വലയിൽ പല കള്ളന്മാർ കുടുങ്ങുന്ന ഇന്നത്തെ പതിവിൽ പോലീസിനെ സമീപിക്കേണ്ടെന്നുറച്ചു. എല്ലാം തേച്ചു മായ്ച്ചു കളയാൻ ശ്രമിച്ചാലും എല്ലാ കുറ്റകൃത്യങ്ങളുടെയും ബാക്കിപത്രമായി ഒരു തെളിവെങ്കിലും അവശേഷിക്കും, അത് കുറ്റവാളിയിലേയ്ക്കുള്ള നേർ ചൂണ്ടുപലകയാവും.
ഇപ്പോൾ ഇതാ അതേ കഥ വള്ളി പുള്ളി വ്യത്യാസമില്ലാതെ ഒരാൾ എന്റെ മെയിലിലേയ്ക്ക് അയച്ചു തന്നിരിക്കുന്നു. ഏതെങ്കിലും മാസികയിലേയ്ക്ക് അയച്ചു കൊടുക്കണമെന്നാണ്‍ ആവശ്യം. കൂടെ അയച്ചിരിക്കുന്ന ഫോട്ടോയിൽ അയാൾ നന്നായി ചിരിക്കുന്നുണ്ട്. തീർച്ചയായും നീ എന്നോടൊപ്പം ആ സ്വപ്‌നത്തിൽ ഉണ്ടായിരുന്നില്ല, എനിക്കറിയാം നീ ഈ കഥ എന്റെ മനസ്സിൽ നിന്നും മോഷ്ടിച്ചതാണെന്ന്. നീ എന്റെ കൂട്ടുകാരനായതിനാൽ നിന്റെ പേര് പോലും പുറത്തു പറയുന്നില്ല. നിന്നോടു ഞാൻ ക്ഷമിച്ചിരിക്കുന്നു, നീ മോഷ്ടിക്കാനായി വന്നപ്പോൾ എന്റെ മനസ്സിൽ കണ്ടതൊന്നും ദയവായി മറ്റാരോടും പറയരുത്. അല്ലെങ്കിൽ നീ പറയാതിരുന്നിട്ടെന്താ കാര്യം എന്നെ കുടുക്കാനായി അനുനിമിഷം മനസ്സിൽ കയറിയിറങ്ങുന്ന ശത്രുക്കളെക്കുറിച്ചാണെന്റെ പേടി, മനസ്സിന്റെ നഗ്നതയൊക്കെ അവർ ലോകത്തോട് വിളിച്ചു പറയാൻ കാത്തിരിക്കുകയാകും.