ഇതൊന്നും ചില്ലറക്കാര്യമല്ല
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായത് എല്ലാവരെയും ബാധിക്കുന്നൊരു തീരുമാനമായതിനാൽ നാലാൾ കൂടുന്ന ഇടങ്ങളിലൊക്കെ അതിനേക്കുറിച്ചു തന്നെയാണ്‍ സംസാരം. അറിവുള്ളവരും അജ്ഞരുമൊക്കെ പക്ഷം പിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ എന്തൊക്കെയോ എഴുതി നിറയ്‌ക്കുന്നു. വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി കാണേണ്ടതില്ല, അവർ പറയുന്നതിൽ കാര്യമുണ്ടോയെന്ന് പഠിക്കുവാനുള്ള മനസ്സാണ്‍ വേണ്ടത്. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും, ഇന്ത്യയുടെ സാന്പത്തിക മേഖലയെ കൂടുതൽ ബലപ്പെടുത്തുകയും വേണം. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാതെ ഇനിയും ഇന്ത്യയ്‌ക്ക് മുന്നോട്ട് പോകാനാവില്ല. അതൊക്കെ കണ്ടെത്താനും വില നിയന്ത്രിക്കാനും, അഴിമതി ഇല്ലാതാക്കാനുമൊക്കെ ഭരിക്കുന്നവർക്ക് യുക്തമെന്ന് തോന്നുന്ന ചില നടപടികൾ സ്വീകരിക്കും. അതിനായി ഇത്തിരി കഷ്ടപ്പാടുകൾ സഹിക്കാൻ ജനങ്ങൾ തയ്യാറാകണം. ഡെൽഹിയിൽ കേൾക്കുന്ന ഉച്ചത്തിൽ തെറിവിളിക്കാതെ ബാങ്കിലെ ക്യൂവിൽ നിൽക്കാൻ ശീലിക്കണം.
കക്ഷിരാഷ്ട്രീയം നമ്മെ അന്ധരാക്കരുത്. രാഷ്‌ട്രീയം, രാഷ്ട്ര പുരോഗതിയ്‌ക്ക് വേണ്ടിയാകണം. നേതാക്കന്മാരുടെ നയങ്ങളെയും നടപടികളെയും വിവേചിച്ചറിയുവാനും എതിർക്കേണ്ടതിനെ എതിർക്കുവാനും, അനുകൂലിക്കേണ്ടവയെ അനുകൂലിക്കുവാനും നമുക്കാവണം. രാജ്യത്തിന്‍റെ നന്മയ്ക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്. കേന്ദ്രസർക്കരിന്റെ തീരുമാനം രാജ്യത്തിന്റെ സന്പദ്−വ്യവസ്ഥയ്‌ക്ക് ഗുണകരമാണെന്ന് വിശ്വസിക്കാനാണ്‍ താത്‌പര്യം. പക്ഷെയെങ്കിൽ, ഇതൊന്നും ആകുന്നില്ല, വലിയൊരു പുലിയുടെ വാലിന്റെ അറ്റത്ത് മാത്രമേ പിടിച്ചിട്ടുള്ളൂ. ഈ നോട്ട് നിരോധനം മൂലം തൽക്കാലത്തേയ്ക്ക് കള്ളനോട്ടുകാരുടെ കച്ചോടം പൂട്ടുമായിരിക്കും. ഈ നടപടികളിലൂടെ മരവിപ്പിക്കാൻ കഴിയുന്ന തുക മൊത്തം കള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രമേ വരൂ. നോട്ട് അസാധുവാക്കിയതിലൂടെ പാകിസ്ഥാനുണ്ടായ നഷ്ടം അവർ തന്നെ നികത്തിക്കോളും. രണ്ടായിരത്തിന്റെ കള്ളനോട്ട് പെഷാവാറിലെ കമ്മട്ടത്തിലടിക്കാൻ രണ്ടാഴ്‌ചയെങ്കിലും സമയമെടുക്കും. പോലീസു പിടിച്ച് പുറത്തിറങ്ങിയപ്പോൾ കള്ളവാറ്റുകാരന്‍ പൊറിഞ്ചു കള്ളവാറ്റ് ഇരട്ടിയാക്കിയ കാര്യം സത്യമാണ്‍. പോലിസിനും വക്കീലിനും കൊടുത്തത് മുതലാക്കാൻ പൊറിഞ്ചുവിന്‍ അറിയാമെങ്കിൽ കള്ളനോട്ടടിക്കുന്നവർ പൊറിഞ്ചുവിനേക്കാൾ മോശമാവില്ല. കള്ളപ്പണം കയ്യിലുള്ളവർ സാധാരണക്കാരല്ല. അവർക്ക് അത് നേടാനാകുമെങ്കിൽ ഏതൊക്കെ നിയമം വന്നാലും സംരക്ഷിക്കാനായി നൂറു വഴികൾ ഉണ്ടാകും. കോർപ്പറേറ്റുകൾ കള്ളപ്പണം എന്നേ ഡോളറും, ഗോൾഡും, റിയർ എേസ്റ്ററ്റുമാക്കി വെച്ചു. അവർക്കുള്ള അദൃശ്യ ജ്ഞാനം സാധാരണക്കാർക്കില്ലല്ലോ. അഞ്ഞൂറ് രൂപ കൊടുത്താൽ, പതിനായിരം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് തിരിച്ചെടുത്തു കൊടുക്കാൻ ഏത് ബംഗാളിയും തയ്യാറാകും. ഈ സമയത്ത് കള്ളപ്പണക്കാരെ നിരീക്ഷിച്ചാൽ കള്ളപ്പണം വെളുപ്പിക്കുന്ന നൂറുവഴികൾ അവരിൽ നിന്ന് പഠിക്കാനാവും. അനുകരിക്കാനാവാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് നോട്ടിറക്കാനാവില്ലെങ്കിൽ ബാങ്ക് കാർഡുകളും മറ്റുമായി നോട്ടുകൾക്ക് പകരം തേടുന്നതാകും ഉചിതം.
സെക്യൂരിറ്റി ത്രെഡ് ഇല്ലാതെ പുറത്തു വിട്ട ഔദ്യോഗിക നോട്ട് പിൻവലിക്കാൻ വേണ്ടിയുള്ള ഒരു ചെപ്പടി വിദ്യയാണെന്നും യു.പിയിലെ ഇലക്‌ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നുമൊക്കെ പാണന്മാർ പാടി നടക്കുന്നുണ്ട്. ഇതിലും മെച്ചമായ നടപടികളെന്തെങ്കിലും ഉണ്ടെങ്കിൽ അതും നല്ലതാണ്. പക്ഷെ അതെന്താണെന്ന് കൂടി വിമർശിക്കുന്നവർ പറയണം. ഒരു രാത്രിയിൽ ഇതുപോലെ അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കുമെന്നവർ ഭയക്കുന്നു. ഇനിയൊരു രാത്രി മുതൽ വൈദ്യുതിയും, പൈപ്പ് വെള്ളവും മുടങ്ങിയാലും ഞങ്ങൾ ക്ഷമിക്കും പക്ഷേ ടെലിഫോൺ ബന്ധവും ഇന്റർനെറ്റ് കണക്ഷനും മുടങ്ങുന്നത് സഹിക്കാനാവില്ല. ജനാധിപത്യമര്യാദകളൊക്കെ കാറ്റിൽ പറത്തി, അർദ്ധരാത്രി മുതൽ ഇനിയുമാരും ശ്വസമെടുക്കാൻ പാടില്ലെന്ന പ്രഖ്യാപനം ദുഃസ്വപ്‌നത്തിൽ കണ്ട് ഞെട്ടിയുണരുന്നവരും ഉണ്ട്.
വെറുതേ കിട്ടുന്ന സന്പത്ത് അനുഭവിക്കാൻ യോഗമുണ്ടാകില്ലെന്നാണ്‍ പഴമുറക്കാർ പറയുന്നത്. അതിനാൽ വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുന്പോൾ എനിക്ക് തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം വേണ്ടെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. ആ തുക കൂടി നാടിന്റെ വികസനത്തിനായി ഉപയോഗിച്ചു കൊള്ളുക. അടുത്ത സർജിക്കൽ സ്‌ട്രൈക്ക് നടത്തേണ്ടത് സ്വിസ് ബാങ്കുകളിലാണ്‍. ഇപ്പോൾ തുടങ്ങിയിരിക്കുന്നത് ഒരു പോസിറ്റീവ് നടപടിയാണെന്നത് കാണാതെ വയ്യ. തുടർന്നും കരുത്തുറ്റ നടപടികൾക്ക് ധൈര്യമുണ്ടോ എന്നത് ചോദ്യമായി നിലനിൽക്കുന്നു. രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടുന്ന ഭരണാധികാരികൾക്കൊപ്പം ജനങ്ങളുണ്ടാകും.