അറുപത് പിന്നിട്ട കേരളം
ഐക്യകേരളം സാക്ഷാത്കരിക്കപ്പെട്ടിട്ട് അറുപത് വർഷം പിന്നിട്ടിരിക്കുന്നു. 1956 നവംബർ ഒന്നിനാണ് നമ്മുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന ഈ അവസരത്തിൽ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതോടൊപ്പം ഭാവിയെക്കുറിച്ച് ഉൽക്കണ്ഠപ്പെടുകയും വേണം. മലയാളത്തിന്റെ മണ്ണിൽ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിലാണ് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്.
പിന്നിട്ട ആറ് പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞു നോക്കുന്പോൾ അഭിമാനിക്കാനേറെയുണ്ട്. സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, സ്ത്രീശാക്തീകരണ മേഖലകളിൽ മികച്ച നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചത്. ഉയർന്ന ആയുർദൈർഘ്യം, സാമൂഹിക ആരോഗ്യാവബോധം, കുറഞ്ഞ ശിശുമരണനിരക്ക്, ഉയർന്ന സാക്ഷരത, സാർവജനീനമായ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ സൗകര്യം, വൈദ്യുതി, ജലലഭ്യത, ഭക്ഷണലഭ്യത, ക്ഷേമപെൻഷനുകൾ, പിന്നോക്ക വികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം മറ്റു സംസ്ഥാങ്ങളേക്കാൾ മുന്നിലാണ്. പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല... തിരകൾ വന്നു തിരുമുൽകാഴ്ച നൽകിയതല്ല... മയിലാടും മലകളും പെരിയാറും സഖികളും...മാവേലിപ്പാട്ടുപാടും ഈ മലയാളം... ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിനുവേണ്ടി വയലാർ രാമവർമ്മ രചിച്ച് ദേവരാജൻ ഈണം പകർന്ന ഗാനത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയെ വർണ്ണിക്കുന്നു. കേരള ചരിത്രഗ്രന്ഥങ്ങളിൽ പറയുന്ന പരശുരാമകഥയെ വയലാർ ചോദ്യം ചെയ്യുകയാണ്‍. പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തതാണ്‍ കേരളം എന്ന സങ്കൽപത്തെ തള്ളിക്കളയുന്ന ആദ്യത്തെ വ്യക്തിയുമല്ല വയലാർ. ചിന്താശേഷിയുണ്ടായ കാലം മുതലേ ഇതൊരു തർക്കവിഷയമാണ്. കൂടുതൽ തെളിവുകളിലേക്ക് കടക്കുന്പോൾ പരശുരാമൻ കേരളത്തെയല്ല, കേരളം പരശുരാമനെയാണ് സൃഷ്ടിച്ചതെന്ന് ബോധ്യമാകും.
ശ്രേഷ്ഠഭാഷയെന്ന പദവി കൈവരിച്ചെങ്കിലും മലയാളത്തിന്റെ മനോഹാരിത നഷ്ടപ്പടുന്നതായി പലരും പരാതിപ്പെടുന്നുണ്ട്. ചാനലുകൾ മലയാളത്തെ വീടുകളിലേക്ക് വീണ്ടും എത്തിച്ചെങ്കിലും അതിലെ ചില അവതാരകരുടെ മംഗ്ലീഷ് സഹിക്കാവുന്നതിനും അപ്പുറമാണ്‍. ശുദ്ധമലയാളം നമ്മുടെ നാട്ടിലെ കലാലയങ്ങളിൽ നിന്നു പോലും പടിയിറങ്ങുന്പോൾ പ്രവാസലോകത്ത് മലയാളം പഠിക്കുവാനായി ആവേശത്തോടെയാണ്‍ കുട്ടികൾ ഒന്നിച്ചു കൂടുന്നത്. പ്രവാസിക്കുട്ടികൾ പറയുന്ന പച്ചമലയാളം കേട്ട്, നാട്ടിൽ നിന്നെത്തുന്ന അതിഥികൾ അത്ഭുതം കൂറാറുണ്ട്. എന്നാണ്‍ മലയാളം ഭരണഭാഷയാവുക, എന്നാണ്‍ മലയാളം വ്യവഹാര ഭാഷ ആവുക, എന്നാണ്‍ മലയാളം ചോറും കറിയുമായ് മാറുക. ഇൻബോക്‌സിൽ നിറയുന്ന മല്ലൂ ജോക്‌സിൽ പറയുന്നതെല്ലാം വെറും തമാശയായി തള്ളിക്കളയാനാവില്ല. തുറന്നു വെച്ച ബക്കറ്റിലെ ഞണ്ട് കേരളത്തിൽ നിന്നുള്ളതാണ്‍, ഒരെണ്ണം വലിഞ്ഞു കയറി രക്ഷപെടാൻ ശ്രമിച്ചാൽ, മറ്റുള്ളവ അതിന്റെ കാലിൽ പിടിച്ച് വലിച്ച് ബക്കറ്റിൽ തന്നെ ഇട്ടു കൊള്ളും. എന്നു തുടങ്ങി ചിലതൊക്കെ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കുന്പോൾ തന്നെ പരസ്പരം അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും നാം പഠിക്കണം. ‘സുഖമാണോ?’ എന്ന ചോദ്യത്തിന്‍ ‘ഓ... അങ്ങനെ പോകുന്നു’ എന്നല്ലാതെ ‘സുഖമാണ്’ എന്ന് എന്നാണ്‍ നമുക്ക് പറയാനാവുക. കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങൾക്കുവേണ്ടി പൊരുതാനുള്ള ഇച്ഛാശക്തിയും വളരേണ്ടിയിരിക്കുന്നു.
‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതിസന്പത്തുകൊണ്ടും മനുഷ്യവിഭവശേഷികൊണ്ടും സന്പുഷ്ടമാണ്. പരിസ്ഥിതി സംരക്ഷണകാര്യത്തിൽ ഏറെ അവബോധമുള്ള ജനതയാണ്. ജാതി, മത, വിഭാഗീയതകൾക്കതീതമായ സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ഉത്തമ മാതൃക കാട്ടിയിരുന്ന കേരളം അതിൽ നിന്നൊക്കെ അകന്നു പോവുകയാണോ? മതപണ്ധിതന്മാർ എന്ന് സ്വയം വിശേഷിക്കപ്പെടുന്നവരുടെ മണ്ടത്തരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്യുന്പോൾ ഇവർ നമ്മെ ശിലായുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമോ എന്ന് സംശയിച്ചു പോകുന്നു. ഇക്കിളിപ്പെടുത്തുന്ന കഥകളുമായി വരുന്ന വാർത്തകളുടെ ബാക്കിപത്രം ആരും അറിയുന്നതേയില്ല. ചാനലുകളുടെ റേറ്റിംഗ് കുട്ടാനായി സൃഷ്ടിക്കപ്പെടുന്ന വാർത്തകളിലെ അർത്ഥസത്യങ്ങളെയും അസത്യങ്ങളെയും നാം തിരിച്ചറിയണം. നാം അറിയേണ്ടതായിരുന്നിട്ടും നമ്മിൽ നിന്നും ഒളിച്ചു വെയ്‌ക്കുന്ന സത്യങ്ങളെ കണ്ടെത്തുവാനും അറിയിക്കുവാനും ആരെങ്കിലുമൊക്കെ ഉണ്ടാകും. അറുപത് വയസ്സ് പൂർത്തിയാവുന്പോൾ പഴയ പ്രതാപത്തെക്കുറിച്ചല്ല, ഭാവിയുടെ വെല്ലുവിളികളെക്കുറിച്ചാണ് നാം യഥാർഥത്തിൽ ചിന്തിക്കേണ്ടത്. കേരളപ്പിറവി ദിനാശംസകൾ നേരുന്നു.