പിങ്ക് മാസം-ഒക്ടോബർ
സ്തനാർബുദം നേരത്തെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കപ്പെടുന്നു. നിർഭാഗ്യവശാൽ സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. താരതമ്യേന കുറവാണ് എങ്കിലും സ്തനാർബുദം പുരുഷന്മാരിലും ഉണ്ടാവുന്ന രോഗമാണ്. അർബുദം എന്ന പദത്തിന് സംസ്കൃതത്തിൽ ‘ബഹുകോടി’ എന്നാണർത്ഥം. ക്രമത്തിലധികമായി ഉണ്ടാവുകയും വളരുകയും വ്യാപിക്കുകയും ചെയ്യുന്നത് അർബുദ കോശങ്ങളുടെ പ്രത്യേകതയാണ്. സാധാരണ കോശങ്ങൾക്ക് കോശ വളർച്ച, കോശ വിഭജനം, കോശ മരണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇത് ജീവനുള്ള കോശങ്ങളിൽ അനുസ്യൂതം തുടർന്നു കൊണ്ടിരിക്കും. എന്നാൽ കാൻസർ കോശങ്ങളിൽ കോശമരണം സംഭവിക്കാതെ അവ അനിയന്ത്രിമായി വിഭജിച്ച് പെരുകുന്നു.
നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒരു കാൻസർ ആണ് സ്തനാർബുദം. എന്നാൽ വൈകിയാണ് കണ്ടെത്തുന്നത് എങ്കിൽ മാരകമാവുകയും ചെയ്യാം എന്നൊരു കരുതൽ എല്ലാ സ്ത്രീകൾക്കും അവരുടെ ഉറ്റവർക്കും ഉണ്ടാവേണ്ടതുണ്ട്. രോഗത്തെ കുറിച്ചും, രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അജ്ഞത, രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലും ഡോക്ടറുടെ അടുത്തു പോയി പരിശോധിക്കപ്പെടാനുള്ള വിമുഖത എന്നിങ്ങനെ പല വ്യക്തിഗത കാരണങ്ങൾ കൊണ്ടും വൈദ്യസഹായം തേടാൻ താമസം ഉണ്ടാവുന്നുണ്ട്. ലോകമെന്പാടും ഉള്ള കണക്കുകൾ നോക്കിയാൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രത്യക്ഷമാവുന്ന കാൻസർ രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്തനാർബുദത്തിന്. മരണഹേതു ആവുന്ന കാൻസർ രോഗങ്ങളുടെ പട്ടിക നോക്കിയാൽ അഞ്ചാമതും.
സ്തനങ്ങളിൽ അല്ലെങ്കിൽ കക്ഷത്തിൽ പുതിയതായി ഉണ്ടാവുന്ന തടിപ്പ്/മുഴ/വീക്കം എന്നിവ, സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും പെട്ടന്നുണ്ടാവുന്ന വത്യാസം, സ്തനങ്ങളിൽ വേദന, സ്തനങ്ങളുടെ തൊലിപ്പുറത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ, നിറത്തിൽ ഉള്ള വ്യത്യാസം, ചുക്കി ചുളിയൽ, അസാധാരണമായ ചൊറിച്ചിൽ, മുല ഞെട്ടിൽ നിന്ന് സ്രവങ്ങൾ/രക്തം എന്നിവ വരുക, മുല ഞെട്ട് ഉള്ളിലേക്ക് വലിഞ്ഞു പോവുക, മുലക്കണ്ണിൽ ഉണ്ടാവുന്ന നിറം മാറ്റം/വൃണങ്ങൾ, എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
ഏതു പ്രായത്തിൽ ഉള്ള സ്ത്രീക്കും സ്വയം പരിശോധനയിലൂടെ സ്തനങ്ങളിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ ഒരു പരിധി വരെ കണ്ടെത്താൻ കഴിയും. അതിനാൽ മാസത്തിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് ശീലമാക്കുക. ഏതു തരം സ്തനാർബുദം ആണെന്നതും, എത്രത്തോളം വ്യാപിച്ചു എന്നതും, സ്ത്രീയുടെ പ്രായവും ഒക്കെ കണക്കിൽ എടുത്താണ് ചികിത്സാ രീതി നിർണയിക്കുന്നത്. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യൽ, ശസ്ത്രക്രിയയിലൂടെ സ്തനം നീക്കം ചെയ്യൽ (ഭാഗികമോ/പൂർണമോ), റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി എന്നിവയെല്ലാം വിദഗ്ദ്ധ ഡോക്ടറുടെ തീരുമാനത്തിന് വിധേയമായി, രോഗിയുടെ അവസ്ഥ അനുസരിച്ച് നടപ്പിലാക്കേണ്ടി വന്നേക്കാം.
തെറ്റായ ജീവിതശൈലിയും സ്തനാർബുദ സാധ്യത കൂട്ടാറുണ്ട്. വ്യായാമക്കുറവ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, ജങ്ക് ഫുഡുകൾ, കൃത്രിമ നിറം കലർന്ന ഭക്ഷണങ്ങൾ തുടങ്ങി പൊണ്ണത്തടിയിലേക്ക് നയിക്കുന്ന ജീവിതശൈലി സ്തനാർബുദത്തിനിടയാക്കും. വിഷാദം, തൊഴിൽസമ്മർദം, മദ്യപാനം, പുകയിലയുടെ ഉപയോഗം, കീടനാശിനികൾ, അന്തരീക്ഷ മലിനീകരണം ഇവയൊക്കെ സ്തനാർബുദത്തിനിടയാക്കുന്ന മറ്റ് ഘടകങ്ങളാണ്.
ആരോഗ്യകരമായ ജീവിതശൈലി കാൻസർ പ്രതിരോധത്തിന് അനിവാര്യമാണ്. മാനസിക സമ്മർദം ലഘൂകരിക്കുന്നതും അർബുദത്തെ പ്രതിരോധിക്കും. ലഘുവ്യായാമങ്ങൾക്കൊപ്പം ജീവകങ്ങൾ കൂടുതലും കൊഴുപ്പു കുറവുള്ളതുമായ ഭക്ഷണങ്ങൾ ശീലമാക്കണം. ബീറ്റ്റൂട്ട്, മുരിങ്ങയില, കോളിഫ്ളവർ, കാബേജ്, ചുവന്നുള്ളി, മഞ്ഞൾ, തക്കാളി, ഇഞ്ചി, വാഴക്കൂന്പ്, വെളുത്തുള്ളി, കുരുമുളക്, ഗ്രാന്പൂ, മധുരക്കിഴങ്ങ്, ചെറുമത്സ്യങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ ഇവ ചേരുന്ന നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതാണ് ഉചിതം.
ശക്തമായ നിരോക്സീകാരിയായ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ‘കുർകുമിൻ’ എന്ന ഘടകത്തിന് അർബുദത്തിന്റെ പാരന്പര്യ സാധ്യതകളെ തടയാനും അർബുദമുഴകളിലേക്കുള്ള രക്തസഞ്ചാരം വർദ്ധിക്കാതെ തടയാനും കഴിയും. അർബുദ കോശങ്ങളുടെ വളർച്ചയെ ചുരുക്കാൻ ഇഞ്ചിയും ഗുണകരമാണ്. കാബേജിലടങ്ങിയിരിക്കുന്ന ‘ഗന്ധക’ത്തിനും സ്തനാർബുദത്തെ പ്രതിരോധിക്കാൻ കഴിവുണ്ട്. ഉപ്പ് ചേർത്ത് സംസ്കരിച്ച വിഭവങ്ങൾ, കരിഞ്ഞതും പൊരിച്ചതുമായ ആഹാരങ്ങൾ, കൃത്രിമ നിറം അടങ്ങിയ ബേക്കറി സാധനങ്ങൾ ഇവ ഒഴിവാക്കുകയും വേണം. സ്‌തനാർബുദത്തിന്‍റെ യഥാർത്ഥ കാരണങ്ങൾ ഇന്നും അത്ര വ്യക്തമല്ല. രോഗത്തിന്‍റെ കാരണങ്ങൾ കണ്ടെത്തി അതിനു തടയിടാൻ ശ്രമിക്കുന്നതിനു പകരം വന്പൻ ലാഭം നേടിത്തരുന്ന രോഗനിർണയ രീതികളുടെയും ചികിത്സാ രീതികളുടെയും പിന്നാലെയാണ് ഗവേഷക ലോകം. ഭാവിയിലെ പഠനങ്ങൾ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവന്നേക്കാം.