മത്സരക്കൊതിയുള്ള മെമ്മോറിയൽ
പ്രസംഗകലയെ ഉദ്ധരിക്കാൻവേണ്ടി, പ്രസംഗവേദിക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച ആ അമ്മയുടെ ഓർമ്മ നിലനിർത്താൻ ഈ വർഷം മുതൽ സീനിയർ കുട്ടികളുടെ പ്രസംഗമത്സരത്തിന്‍ ആ അമ്മയുടെ പേരിലുള്ള എവറോളിംഗ് ട്രോഫി ഏർപ്പെടുത്തണമെന്നത് കമ്മറ്റിക്കാരുടെ കൂട്ടായുള്ള തീരുമാനമായിരുന്നു. അതിനുള്ള സമ്മതം ചോദിക്കാനാണ്‍ കുട്ടിയുടെ അച്ഛനുള്ള സമയം നോക്കി ഞങ്ങൾ വീണ്ടും ആ വീട്ടിൽ ചെന്നത്. കഴിഞ്ഞ വർഷം പ്രസംഗമത്സരം നടന്ന ഹാളിലാണ്‍ ആ അമ്മ വീണു മരിച്ചത്. അതിനാൽ അത് ഞങ്ങളുടെ അവകാശമായിരുന്നു.
ക്ലബിന്റെ വാർഷിക കലണ്ടറിലെ ഒഴിച്ചു കൂടാനാവാത്ത ഒരിനമാണ്‍ കുട്ടികളുടെ പ്രസംഗമത്സരം. സത്യത്തിൽ കലകളെയൊന്നും പ്രോത്സാഹിപ്പിക്കാനോ വളർത്താനോ വേണ്ടിയൊന്നുമല്ല മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളത്. കുട്ടികളുടെ പേരിൽ മത്സരം വെച്ചാൽ സമ്മാനക്കൊതിയുള്ള അമ്മമാർ വരും. അവരെ കൊണ്ടുവിടാനായി അവരുടെ അച്ഛനോ, ഡ്രൈവറോ വരും. അവരെക്കാണാനും പരിചയം പുതുക്കാനുമായി സുഹൃത്തുക്കൾ വരും, അങ്ങനെ ഹാളും പരിസരവും ജനസാഗരമായി ക്ലബിനെക്കുറിച്ച് നാലാളറിയും, ഞങ്ങൾക്ക് അത്രയുമേ വേണ്ടൂ. ക്ലബിന്‍ നല്ല പേരും പ്രശസ്തിയും കിട്ടണം. പത്രത്തിൽ ഫോട്ടോ വരണം. അതിനാൽ സമ്മാനം കൊടുക്കാനും വരുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനും ഞങ്ങൾ മടിക്കില്ല. മത്സരത്തിനായ് കുട്ടികളെ കൊണ്ടുവരുന്ന അമ്മമാരുടെ പിരിമുറുക്കവും ചേഷ്‌ടകളും ഒന്നു കാണേണ്ടതു തന്നെയാണ്‍.
ഈ വീട്ടിലും നാലാം ക്ലാസിൽ പഠിക്കുന്ന ഒരേ ഒരു മകളാണുണ്ടായിരുന്നത്. അവളെ എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടിയെടുക്കുകയെന്നത് ആ അമ്മയുടെ ഒരു വാശിയായിരുന്നു. അവരുടെ ചെറുപ്പകാലത്ത് സമ്മാനമായി കിട്ടാതെ പോയ സോപ്പുപെട്ടിയും കുപ്പിഗ്ലാസ്സും മകളിലൂടെ നേടിയെടുക്കാനായി അവർ പരിശ്രമിച്ചു. ഓരോ മത്സരയിനത്തിനും അതാത് മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള അദ്ധ്യാപകരെ കൊണ്ടുതന്നെ പരിശീലനം കൊടുക്കാറുണ്ട്. മിക്ക ദിവസങ്ങളിലും പരിശീലനം പാതിരാത്രിയോളം നീളും. പരസ്‌പരം കണ്ടാൽ കടിച്ചു കീറിയേക്കാവുന്ന പരിശീലകർ, പണത്തിന്റെ ബലത്തിൽ ക്യൂ നിന്നാണ്‍ മിക്കപ്പോഴും പഠിപ്പിക്കാറുള്ളത്. പരിശീലന രഹസ്യങ്ങൾ ചോരാതിരിക്കാനായി അവളെ കൂട്ടുകാരിൽ നിന്നു പോലും അകറ്റി നിർത്തി. അച്ഛൻ ബിസിനസ്സ് ലോകത്ത് പറക്കുന്നതിനാൽ മത്സരവിഭാഗത്തിന്റെ മുഴുവൻ ചുമതലയും അമ്മ തന്നെയായിരുന്നു സ്വയം ഏറ്റെടുത്ത് ചെയ്‌തിരുന്നത്.
കഴിഞ്ഞ വർഷത്തെ പ്രസംഗ വേദിയിൽ ഏതോ ഒരു വാക്കു മറന്ന കുട്ടിയുടെ കാണാതെ പഠിച്ച പ്രസംഗം പാതിവഴിയിൽ ഇടിച്ചു നിന്നു. ആ വാക്ക് ഓർത്തെടുക്കാനാവാതെ വേദിയിൽ നിന്ന് വിഷമിച്ച കുട്ടിയുടെ കണ്ണ് നിറഞ്ഞു. അതുവരെ നല്ല ഭാവത്തോടെ സംസാരിച്ചു വന്ന കുട്ടിക്ക് പ്രസംഗം തുടരാനാവാത്തതിൽ വിധികർത്താക്കൾക്കും വിഷമം തോന്നിയിരിക്കും. പ്രസംഗം തുടരാനായി പ്രേരിപ്പിച്ച് പരാജയപ്പെട്ട സംഘാടകൾ അവളെ തിരിച്ചു വിളിക്കുന്പോൾ അവൾ വേദിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മത്സരങ്ങളിൽ പരാജയപ്പെട്ടാൽ അമ്മയുടെ ശകാരവും ദേഷ്യവും ശിക്ഷയും അറിയാവുന്നതു കൊണ്ടാകും അവൾ ഇറങ്ങി ഓടിയത്. ഇതൊക്കെ കണ്ടുകൊണ്ടു നിന്ന അവളുടെ അമ്മ സദസിൽ തലചുറ്റി വീണു. കുട്ടിയെ ക്ലബ് ഭാരവാഹികൾ തന്നെ ഓടിച്ചിട്ട് പിടിക്കുകയും, അമ്മയെ ആബുംലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
ബലൂൺ പരിധിയിലധികം ഊതി വീർപ്പിക്കാൻ ശ്രമിച്ചാൽ അത് വലിയ ശബ്‌ദത്തോടെ പൊട്ടുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇവിടെ പൊട്ടിയത് ബലൂണല്ല, ബലൂൺ വീർപ്പിക്കാൻ ശ്രമിച്ച ആളുതന്നെയാണ്‍. പറഞ്ഞു വരുന്നത് വീഴ്‌ചയുടെ ആഘാതത്തിൽ ആശുപത്രിലെത്തും മുന്‍പേ ആ അമ്മ മരിച്ചു പോയെന്ന ദുഃഖ സത്യമാണ്‍. ആ രക്തസാക്ഷിയുടെ മൃതദേഹം ക്ലബിന്റെ ഹാളിലൊക്കെ പൊതുദർശനത്തിനു വെച്ചിരുന്നു. ആ മരണത്തിൽ ഞങ്ങൾ ക്ലബ് ഭാരവാഹികൾക്കുണ്ടായിരുന്ന വിഷമം പോലും ആ കുട്ടിയുടെ മുഖത്തുണ്ടായിരുന്നില്ലെന്ന് കമ്മറ്റിക്കാർ ചിലർ കണ്ടെത്തി. ആ കുട്ടിയിൽ അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി വളരെക്കൂടുതൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്ന് അവരെ അറിയാവുന്ന ചിലർ സാക്ഷ്യപ്പെടുത്തി. തംബുരുവിന്റെ തന്ത്രികൾ ആവശ്യത്തിലധികം മുറുക്കിയാൽ പൊട്ടിപ്പോകുമല്ലോ.
മെമ്മോറിയൽ ട്രോഫിക്കു വേണ്ടി ആ അമ്മയുടെ പേര് ഉപയോഗിക്കാൻ സമ്മതം തന്നില്ലെന്ന് മാത്രമല്ല. അവരുടെ സമ്മതം കൂടാതെ ആ പേര്‍ ഉപയോഗിച്ചാൽ ക്ലബിന്റെ പേരിൽ കേസു കൊടുക്കുമെന്നു പോലും ആ കുട്ടിയുടെ അച്ഛൻ ഭീക്ഷണിപ്പെടുത്തി. മത്സരങ്ങൾക്കു വേണ്ടി ജീവിച്ചൊരാളെ ഓർക്കാൻ അവരാരും ആഗ്രഹിക്കുന്നില്ലായിരിക്കാം. മത്സരങ്ങളിൽ ഭ്രമമില്ലാത്ത പുതിയ അമ്മയുടെ കൈയിൽ പിടിച്ച് നിൽക്കുന്ന ആ കുട്ടിയെ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു. അന്ന് പ്രസംഗവേദിയിൽ മറന്ന വാക്ക് ആ കുട്ടി പിന്നീടൊരിക്കലും മറന്നിട്ടില്ല. ആ വാക്ക് ഏതായിരുന്നെന്ന് ഞങ്ങൾക്കും മനസിലായി.