വിപത്തിന്റെ വിത്ത്

രണ്ട് ലോക മഹായുദ്ധങ്ങൾ ചവുട്ടിക്കുഴച്ച മണ്ണാണിത്. യുദ്ധക്കെടുതികൾ അനുഭവിച്ചിട്ടില്ലാത്തവർ വിരളമാണെങ്കിലും അവർ ഭാഗ്യവാന്മാരാണ്‍. ഹിരോഷിമ, നാഗസാക്കി, വിയറ്റ്‌നാം, അഫ്‌ഗാൻ, പലസ്‌തീൻ, ഇറാഖ്, ലിബിയ തുടങ്ങിയ ഇടങ്ങളിലെ ദുരവസ്ഥ നേരിട്ട് അനുഭവിച്ചിട്ടില്ലാത്തവരാണ്‍ നാം. യുദ്ധഭൂമിയിലെ ജീവിതാവസ്ഥ എന്തെന്ന് നേരിട്ടനുഭവിച്ചിട്ടില്ലാത്തവർ സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരുന്ന് ജുത്തം ജുത്തം എന്ന് മുറവിളികൂട്ടുന്നു. ക്രിക്കറ്റുമത്സരം ടിവിയിൽ കാണുന്ന അതേ ആവേശത്തോടെ കണ്ടുരസിക്കാവുന്ന ഒരു മാമാങ്കമല്ല യുദ്ധം. വെടിക്കെട്ടു കാണുന്ന ലാഘവത്തോടെ ദൂരെ നിന്ന് യുദ്ധം ലൈവായി കാണാനായി ജനതയെ ഒരുക്കുന്ന തിരക്കിലാണ്‍ ചില മാധ്യമപ്രവർത്തകർ. കളിത്തോക്കിൽ വെടി വെച്ചു കളിച്ച ബാല്യത്തിന്റെ ഓർമ്മയിൽ ചിലർ യുദ്ധത്തിന്റെ പ്ലാനും പദ്ധതിയും തയ്യാറാക്കി പലവട്ടം ചർച്ച ചെയ്‌തു കഴിഞ്ഞു.
അതിർത്തിയിൽ ഉണ്ടായിരിക്കുന്ന സംഘർഷങ്ങൾ യാതൊരു കാരണവശാലും യുദ്ധത്തിലേയ്ക്ക് നീങ്ങരുത്. നമ്മുടെ വിവേക മതികളായ ഭരണാധികാരികളിൽ ഇപ്പോഴും വിശ്വാസമുണ്ട്. ഇനിയൊരു യുദ്ധം താങ്ങാനുള്ള കരുത്ത് ഈ ഭൂമിക്കില്ല. ഭയം വിതച്ച്, രക്തം കുടിച്ച് കൊഴുത്ത ആയുധ ദല്ലാളന്മാർ നോക്കിയിരിക്കുകയാണ്‍. തീവ്രവാദികളെ ഉണ്ടാക്കുന്നതും, ആ ഉഡായിപ്പ് കാണിച്ച് ആയുധം വിൽക്കുകയും ചെയ്യുന്നത് ഒരേ ശക്തികളാണ്‍. സെയിൽസ് വർദ്ധിപ്പിക്കുവാനായി ആയുധക്കന്പനികൾ ആരെയും കൂട്ടിയടിപ്പിക്കാൻ ശ്രമിക്കും. ഭീകരപ്രവർത്തകർക്കെതിരെ സന്ധിയില്ലാ സമരം തുടർന്നും വേണ്ടി വരും, ഇന്നലെകളിലെ പോലെ ശക്തികൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കാതെ ബുദ്ധികൊണ്ട് തോൽപ്പിച്ച് ഇന്നിന്റെ മക്കളാകാം.
കെ. സച്ചിതാനന്റെ ‘യുദ്ധം കഴിഞ്ഞ്’ എന്ന കവിതയിൽ, യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുക്കുപ്പ് തുടങ്ങിയപ്പോൾ കൗവരവും പാണ്ധവരും ഒന്നിച്ചു തലയിൽ കൈവച്ച് എന്തിനായിരുന്നു യുദ്ധം ? എന്ന് ചോദിക്കുന്നുണ്ട്. തങ്ങൾക്ക് ഒരേ ഭൂമി ഒരേ ആകാശം ഒരേ വെള്ളം ഒരേ ആഹാരം ഒരേ വൃക്ഷം ഒരേ രക്തം ഒരേ ദുഃഖം ഒരേ സ്വപ്‌നം എന്ന് ഇരുകൂട്ടരും പാടി വീണ്ടും യുദ്ധം ചെയ്യുകയാണ്‍. ഏതൊരു യുദ്ധത്തിനും ഒറ്റ ഫലമേയുള്ളൂ സാധാരണക്കാരായ മനുഷ്യകുലത്തിന്റെ പരാജയം മാത്രമാണത്. യുദ്ധം കഴിഞ്ഞ് അതിനെക്കുറിച്ച് ആരെങ്കിലും കുന്പസരിച്ചിട്ടു കാര്യമില്ല. യുദ്ധം വിപത്തിന്റെ വിത്താണ്. അത് സർവ്വനാശത്തിനുള്ളതാണ്‍.
യുദ്ധം അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളിൽ അത് അടിച്ചേൽപ്പിക്കാനുള്ള മിഠായിയാണ്‍ രാജ്യസ്‌നേഹം. അച്ഛന്റെ, മകന്റെ, ഭർത്താവിന്റെ ഒക്കെ വീരമരണങ്ങൾ മധുരിച്ചു കൊണ്ടുതന്നെ നേരിടാനുള്ള സൈക്കോളജിക്കൽ മിഠായികൾ. നഷ്ടങ്ങൾ നേരിടേണ്ടി വന്നവർക്കേ അതിന്റെ വിലയറിയൂ. യുദ്ധക്കെടുതിൽ മരിച്ചവരേക്കൾ അധികമാണ്‍ അനാഥരായവരും അഭയാർത്ഥികളും. യുദ്ധം ദുരിതപൂർണ്ണമാക്കുന്നത് മനുഷ്യന്റെ മാത്രം ജീവിതമല്ല. യുദ്ധം ഒന്നിനും പരിഹാരമല്ല, ഒരു യുദ്ധത്തിലും ആരും പരിപൂർണ്ണമായി വിജയിച്ചിട്ടില്ല. ഇതിന്റെ ദൂഷ്യം എല്ലാവരും ഓർക്കണം.
ഒ.വി വിജയന്റെ ‘ദേശസ്‌നേഹം’ എന്നൊരു കഥയുണ്ട്. അതിലെ നായകൻ ബീരബാഹു പടക്കളത്തിൽ പോയി യുദ്ധം ചെയ്‌ത് ശത്രുക്കളെ തോൽപ്പിച്ചുവെങ്കിലും യുദ്ധത്തിനിടയിൽ സ്വന്തം ആയുധം മുറിഞ്ഞു പോയിരുന്നു. വീരചക്രവും വാങ്ങി വീട്ടിലെത്തി അത് പത്‌നിയ്‌ക്ക് കാണിച്ചു കൊടുത്തു. അതുകൊണ്ടെന്തു പ്രയോജനമെന്നവൾ ചോദിച്ചു. അവളുടെ തീരാദുഃഖം മനസ്സിലാക്കിയ നേതാക്കന്മാർ ദേശസ്‌നേഹമാണ് പോംവഴിയെന്ന് ഉപദേശിച്ചു. അന്നുമുതൽ ബീരബാഹുവിന്റെ പത്നി ദേശസ്‌നേഹം എന്ന ആദർശം നടപ്പിലാക്കാൻ തുടങ്ങി. അവൾ ദേശത്തിലുള്ള സകല മനുഷ്യരെയും സ്‌നേഹിച്ചു. ജവാന്മാരെയും കിസാന്മാരെയും സ്‌നേഹിച്ചു. ദേശവിരുദ്ധ ശക്തികൾ അപഖ്യാതി പരത്തിയെങ്കിലും ദേശസ്‌നേഹം ആ വീരപത്നിയുടെ അടിയന്തരപ്രശ്‌നം പരിഹരിച്ചു. ഇതിൽ നിന്നും ദേശസ്‌നേഹം എല്ലാവർക്കും കൂടിയേ കഴിയൂ എന്നു നമുക്കു മനസ്സിലാക്കാമല്ലോ.
യുദ്ധത്തിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന കാലമാണിത്. അതുകൊണ്ട് പറയട്ടെ. ഞാൻ ഇന്ത്യക്കാരനാണ്‍, ഒരു പട്ടാളക്കാരന്റെ മകനും സഹോദരനുമാണ്, എന്നും ഇന്ത്യയോടൊപ്പവും ഇന്ത്യൻ ഭരണാധികാരികൾക്കൊപ്പവും ഇന്ത്യൻ പട്ടാളത്തോടൊപ്പവും ഉണ്ടാകും. പാക് ജനതയ്‌ക്കോ കലാകാരന്മാർക്കോ കായികതാരങ്ങൾക്കോ എതിരല്ലതാനും. ആറ്റം ബോംബുകൾ കൈവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ അതിനുശേഷം ജീവിച്ചിരിക്കുന്നവർ മരിച്ചവരോട് അസൂയപ്പെടും എന്നാണ്‍ കേട്ടിട്ടുള്ളത്. സർവ്വനാശം വിതയ്‌ക്കുന്ന യുദ്ധം വേണ്ട എന്ന് തന്നെയാണ്‍ അഭിപ്രായം. നമ്മുടെ പ്രധാനമന്ത്രി കോഴിക്കോട് വെച്ച് പറഞ്ഞതു പോലെ “ഇന്ത്യയും പാകിസ്ഥാനും പൊരുതേണ്ടത് പട്ടിണിക്കെതിരെയും ദാരിദ്രത്തിനെതിരെയുമാണ്‍. മനുഷ്യൻ ജയിക്കട്ടെ, മനുഷ്യത്വം പുലരട്ടെ. ജയ് ഹിന്ദ്.