പുനഃസമാഗമം...
വരാന്തയിലെ ചാരുകസേരയിൽ കാലും നീട്ടി പത്രം വായിച്ചിരിക്കുന്പോൾ മുന്പിൽ വന്ന് ഭിക്ഷയ്ക്കായ് കൈ നീട്ടുന്ന്ത് നിങ്ങളുടെ ആദ്യകാമുകിയാണെന്ന് തിരിച്ചറിയുന്പോൾ, പണമെടുക്കാനായി പേഴ്സിലിട്ട കൈയും കണ്ണും മരവിച്ചു പോകും. വർഷങ്ങൾക്കു ശേഷമാണെങ്കിൽ പോലും ഇങ്ങനെയൊരു കൂടിക്കാഴ്ച ഒട്ടും പ്രതീക്ഷിച്ചിരിക്കില്ല. ഭ്രാന്തി നിങ്ങളെ തിരിച്ചറിഞ്ഞെങ്കിൽ തീർച്ചയായും പൊട്ടിച്ചിരിച്ച് ഭിക്ഷയൊന്നും വാങ്ങാതെ നനഞ്ഞ കണ്ണുകളുമായി തിരികെപ്പോകും. അവൾ ഭിക്ഷവാങ്ങി പുഞ്ചിരിച്ചുകൊണ്ട് പോവുകയാണെങ്കിൽ നിങ്ങൾ പിടിക്കപ്പെട്ടില്ലെന്ന് സമാധാനിക്കാം.
അമ്മ വീടിന്നുള്ളിൽ നിന്നും ഇറങ്ങി വന്ന്, മോനെ..., അവൾക്ക് ഭ്രാന്താണ് എന്നാലും ശല്യമൊന്നു ഇല്ലെന്ന് പറയും. കുന്നിന്പുറത്തെ പഴയവീട്ടിൽ ഒറ്റയ്ക്കാണ് താമസം. അച്ഛനും അമ്മയും മരിച്ചുപോയി. ഭ്രാന്തുള്ളപെണ്ണിനെ കെട്ടാൻ സുബോധമുള്ളവരാരെങ്കിലും വരുമോ? ബാധ്യതകളൊക്കെ ഇട്ടെറിഞ്ഞ് അങ്ങളമാർ ഏതോ നഗരത്തിൽ ചേക്കേറി. ഗ്രാമത്തിലെ എല്ലാ വീടുകളിലുമൊന്നും അവൾ ഭിക്ഷയ്ക്കു പോകാറില്ല. എന്തു കൊടുത്താലും സന്തോഷത്തോടെ വാങ്ങിക്കൊണ്ട് പോകും. വരുന്പോഴൊക്കെ ഇവിടെ നിന്ന് വല്ലതും കഴിച്ചേ പോവുകയുള്ളൂ. പഴയ വസ്ത്രങ്ങളോക്കെ ചോദിച്ച് വാങ്ങിക്കൊണ്ട് പോകും എന്നൊക്കെ പറയുന്പോൾ ഈ അവസ്ഥയ്ക്ക് നിങ്ങൾ കാരണക്കാരനാണോ എന്ന ചിന്ത നിങ്ങളെ വ്യാകലപ്പെടുത്തും.
പ്രതികരണം എങ്ങനെയാകുമെന്ന് ഭയന്നിട്ടാണെങ്കിലും, കണ്ണുനീരിന്റെ ചുവടുപിടിച്ച് പിറ്റേദിവസം തന്നെ അവളുടെ വീട്ടിലെത്തും. അവളുടെ സംസാരവും പെരുമാറ്റവും ഭ്രാന്തില്ലെന്ന് ബോധ്യപ്പെടുത്തും. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെണ്ണിന് ഒളിച്ചിരിക്കാൻ പറ്റിയ ഇടം ഭ്രാന്താണെന്ന് നിങ്ങൾ അടിവരയിട്ട് അവളെ ബോധ്യപ്പെടുത്തും. ചായക്കോപ്പയിൽ നിന്നും ആ സുന്ദരമായ പഴയകാലം ആവിയോടൊപ്പം പറന്നുയരും. സാഹചര്യങ്ങളെ പഴിചാരി നിങ്ങൾ രക്ഷപെടാൻ ശ്രമിക്കും. പുഴുങ്ങി വെച്ചിരിക്കുന്ന കുന്പളപ്പത്തിലെ വിഷസാന്നിധ്യം നിങ്ങളിലെ ദുഷ്ടൻ തിരയും. നിങ്ങളിലെ സംശയാലു അവൾ കാണാതെ ചൂടുചായ മുറ്റത്തേക്ക് കമയ്ത്തുകയും കുന്പളപ്പം പറന്പിലേക്ക് വലിച്ചെറിയുകയും ചെയ്യും. ഔപചാരിക സംഭാഷണം അവസാനിച്ചു കഴിഞ്ഞാൽ പിന്നെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്പോൾ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നല്ലോ എന്ന് നിങ്ങളിലെ പഴയകാമുകൻ വിലയിരുത്തും. നാളെ ഇവിടെ നിന്നാകാം ഉച്ചഭക്ഷണമെന്നു പറഞ്ഞ് വീണ്ടും പ്രതീക്ഷകൊടുത്ത് പടിയിറങ്ങും.
പിറ്റേദിവസം ദിവസം കുന്നുകയറുന്പോൾ ഒരു സാരിയുൾപ്പെടെ കുറേ തുണികളും വാസനസോപ്പും അത്തറുകുപ്പിയും കൂടെക്കരുതാൻ മറക്കില്ല. അവൾ കുളിച്ചൊരുങ്ങി ചോറും കറികളും വെച്ചാകും കാത്തിരിക്കുന്നത്. എനിക്കാരും ഇല്ലയെന്നവൾ പരാതി പറയുന്പോൾ, നീ പേടിക്കേണ്ട നിനക്ക് ഞാനുണ്ടല്ലോ എന്നുറപ്പിച്ചു പറഞ്ഞ് നീ അവളെ ആശ്വസിപ്പിക്കും. രണ്ടു മാസത്തെ ചിലവിനുള്ള പണം കൊടുക്കാനും മറക്കില്ല. തീരുന്പോൾ പറയണം ഇനിയും നിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാമെന്ന് നിങ്ങൾ വാക്കും കൊടുക്കും. പൊട്ടിപ്പെണ്ണ് എല്ലാം വിശ്വസിയ്ക്കും. രാത്രി വൈകി അത്താഴവും കഴിച്ചിട്ടാകും നിങ്ങളിലെ കള്ളൻ അവിടെ നിന്നും തിരിച്ചു പോവുക. പിന്നെ വരവും പോക്കും മോഷണവുമൊക്കെ രാത്രിയിൽ പതിവാക്കും.
സ്നേഹത്തിനു പകരം നിങ്ങളുടെ കുട്ടിയെ പ്രസവിച്ച് വളർത്താനാവുക ഒരു പുണ്യമായിട്ടാവും അവൾ കരുതുക. ഒരു പെണ്ണ് ഒറ്റയ്ക്കു താമസിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കുന്ന നിങ്ങളിലെ ക്രിമിനൽ ചേതമൊന്നുമില്ലാതെ അവൾക്കൊരു കൂട്ടാകട്ടെയെന്ന് വിചാരിക്കും. ഒരു കുട്ടിയേയും ഒക്കത്തേറ്റി ഭിക്ഷയാചിക്കുന്പോൾ കാണുന്നവന്റെ മനസ്സലിഞ്ഞ് കൂടുതൽ സന്പാദിക്കാനാകുമെന്ന് സാന്പത്തിക വിദഗ്ദന്റെ ഉപദേശവും ഉണ്ടാകും. അവധികഴിഞ്ഞ് മടങ്ങുന്നതിന് ദിവസങ്ങൾ ബാക്കിനിൽക്കെ താനൊരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നെന്ന് കെട്ടിപ്പിടിച്ച് പറയുന്പോൾ നിങ്ങളിലെ അഭിമാനി തകർന്നു പോകും. ഒരു ഭ്രാന്തിയുടെ കുട്ടിയുടെ അച്ഛനാരാണെന്ന് ആരും തിരക്കില്ലെങ്കിലും അവൾ തന്റെ പേരെങ്ങാനും പറഞ്ഞു പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് നിങ്ങളിലെ കുടുംബസ്ഥൻ വിലപിയ്ക്കും. അപ്പോൾ മുതൽ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും. സ്വപ്നലോകത്തെ പട്ടം നൂൽപൊട്ടി ആടിയാടി നിലന്പൊത്തും. എല്ലാം തീരുമാനിച്ചുറപ്പിച്ചാകും അവധിയുടെ അവസാനദിവസത്തെ ആഘോഷരാവിന് പോവുക. സ്നേഹത്തോടെ വാരിക്കൊടുക്കുന്ന ചൊറുണ്ട് രണ്ടു ജീവനാകും പിടയുക. ഭിക്ഷക്കാരിയായ ഭ്രാന്തിയുടെ ആത്മഹത്യ നാടിനുപോലും ഒരു ആശ്വാസമാകും. ശുഭം.
പശ്ചാത്താപ വിവശനായി, അവരെ ആശുപത്രിയിലെത്തിച്ച് രക്ഷിക്കുകയും പിന്നീട് സുഖമായി ഒന്നിച്ച് ജീവിക്കുകയും ചെയ്യുന്നു (1970), നിങ്ങൾ ആ രാത്രിയിൽ മടങ്ങി പോകുന്പോൾ വിഷമുള്ളൊരു പാന്പിന്റെ കടിയേറ്റ് മരിക്കുന്നു (1980), അവിടെ നിന്നും ഓടുന്ന നിങ്ങളെ തെരുവു നായിക്കൾ ഓടിച്ചിട്ട് കടച്ചു കീറുന്നു (2016), ജയിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ നിങ്ങളിലെ ചാർളി ഗോവിന്ദന്റെ തലയിൽ ഇടിത്തീ വീഴുന്നു (2018) അങ്ങനെ വർഷത്തിനനുസരിച്ച് കഥയുടെ ക്ലൈമാസ്സ് മാറ്റി വായിക്കാൻ അപേക്ഷിക്കുന്നു.