ബംഗാളി കൈയേറിയ വീട്
പ്രവാസിയായ രാജൻ കുടുബത്തെയും കൂട്ടി അവധിക്കാലം ചിലവഴിക്കാനായി നാട്ടിൽ ചെന്നപ്പോഴാണ് ഒരു ബംഗാളികുടുംബം അവരുടെ വീട് കൈയേറി താമസിക്കുന്ന വിവരം നേരിൽ കാണുന്നതും അറിയുന്നതും. വീടിനുള്ളിൽ അതിക്രമിച്ച് കയറാൻ ആരാണ് അധികാരം തന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല. സത്യത്തിൽ, ബംഗാളികൾ നമ്മൾ വിചാരിക്കുന്നത് പോലെ അത്ര കുഴപ്പക്കാരൊന്നുമല്ലെന്ന് പിന്നീട് ബോധ്യമായി.
ഭിക്ഷക്കാരനും രാജാവും ഒരേപോലെ ലോണെടുത്ത് കൊട്ടാരം പണിയുന്നൊരു നാടുണ്ടായിരുന്നെന്ന് നാളെ പാണൻ പാടിനടക്കാം. ഗൾഫിലെ ബാങ്ക് ലോൺ കൂടാതെ, ഉണ്ടായിരുന്ന സ്വർണ്ണ ഉരുപ്പടികളൊക്കെ പണയം വെച്ചും ആധാരം ഈട് വെച്ചുമാണ് കഴിഞ്ഞ അവധിക്ക് വന്നപ്പോൾ വീടിന്റെ പണി ഏകദേശം പൂർത്തിയാക്കി, പാല് കാച്ചു നടത്തി, കയറി താമസിച്ചെന്ന് വരുത്തിയത്. ആയുസ്സിൽ ഒരിക്കലല്ലേ വീടു പണിയൂ അതുകൊണ്ട് ഇത്തിരി ആർഭാടമായിക്കോട്ടെയെന്ന് വിചാരിച്ചു. നാട്ടിലെ മറ്റ് വീടുകളുമായി താരതമ്യം ചെയ്യുന്പോൾ നമ്മുടെ വീട് ഒരു പടി മുന്നിൽ നിൽക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്. മരുഭൂമിയിൽ ചുട്ടുപോള്ളുന്ന വെയിലത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണമാണെങ്കിലും, പ്രതാപത്തിന്റെ പുറംപൂച്ച് കാണിക്കാൻ തലയെടുപ്പുള്ള വീടുവേണമെന്നാണ് എല്ലാവരുടെയും വ്യർത്ഥവിചാരം. കാലാവസ്ഥ നോക്കി ചുരുങ്ങിയ നാളുകളിലേയ്ക്ക് പറന്നെത്തുന്ന ദേശാടനപക്ഷികൾക്ക് ഇത്രയും വലിയ കൂടൊന്നും ആവശ്യമില്ല. ഉയർന്ന മതിലും വലിയ ഗെയിറ്റും ഒക്കെയുള്ള വീട്ടിൽ ആകെ നാലു ദിവസമെ താമസിച്ചിട്ടുള്ളൂ. അന്ന് അടച്ചിട്ട് ഗൾഫിലേയ്ക്ക് പോയതാണ്.
പ്രധാന വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ അവിടെ കളിച്ചുകൊണ്ടിരുന്ന രണ്ട് ബംഗാളി കുട്ടികളും, അടച്ചിട്ടിരുന്ന വീടിനുള്ളിൽ ആളെക്കണ്ട രാജനും ഒരേ പോലെ പേടിച്ച് നിലവിളിച്ചു. കുട്ടികൾ അടുക്കളയിലേയ്ക്കോടി അവരുടെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. നിലവിളി കേട്ട് പിന്നാന്പുറത്ത് പുല്ലു ചെത്തുകയായിരുന്ന കുട്ടികളുടെ അച്ഛനും വീടിനുള്ളിലേയ്ക്ക് ഓടിയെത്തി. ഭിത്തിയിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന കുടുംബ ഫോട്ടോയിലുള്ള വീടിന്റെ യഥാർത്ഥ അവകാശികളാണ് വന്നിരിക്കുന്നതെന്ന് ബംഗാളിയ്ക്ക് മനസ്സിലായി.
രാജന്റെ അറിവോ സമ്മതമോയില്ലാതെയാണ് അവിടെയവർ താമസിക്കുന്നതെങ്കിലും അവരുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു. വീടെല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. രാജന്റെ വീട്ടുപകരണങ്ങളെല്ലാം വാരിക്കൂട്ടി സുരക്ഷിതമായി അടച്ചിട്ടിരിക്കുന്ന മുറിയവർ തുറന്ന് കാണിച്ചു. രാജനും കുടുംബത്തിനും കഴിക്കാനായി ഉണ്ടന്പൊരിയും ചായയും കൊടുത്തു. പ്രധാനവാതിൽ വിലയുള്ളതാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം അവർ അടുക്കളഭാഗത്തുള്ള ചെറിയ വാതിലിന്റെ പൂട്ട് പൊളിച്ച് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.
പ്രധാനമുറിയിലെ ദൈവത്തിന്റെ ഫോട്ടോയ്ക്ക് മുന്നിൽ അവർ എന്നും വിളക്ക് കത്തിക്കുന്നുണ്ടെന്ന് പറഞ്ഞു. രാജന്റെ ഫാമിലി ഫോട്ടോയുടെ പിന്നിൽ ഒളിപ്പിച്ചു വെച്ചിരുന്ന കുറേ കവറുകളെടുത്ത് കൈയിൽ കൊടുത്തിട്ട് വാടകയൊക്കെ കൃത്യമായുണ്ടെന്ന് പറഞ്ഞു. എല്ലാമാസവും ഒന്നാം തീയതി വാടക കവറിലിട്ട് ഇവിടെ വെയ്ക്കും. സാറിന്റെ അഡ്രസ്സോ അക്കൗണ്ട് നന്പറോ അറിയില്ലായിരുന്നു അല്ലെങ്കിൽ അയച്ചു തരാമായിരുന്നെന്ന് പറഞ്ഞു.
ചെല്ലുന്ന വിവരം അറിയിച്ചിരുന്നെങ്കിൽ അവർ നേരത്തെ വീടൊഴിഞ്ഞ് തരാമായിരുന്നെന്ന് വളരെ വിനീതമായിട്ടാണ് പറഞ്ഞത്. അവരുടെ സാധനങ്ങളൊക്കെയെടുത്ത് വിടൊഴിയാൻ രണ്ടു ദിവസം മാത്രമാണവർ ആവശ്യപ്പെട്ടത്. അത്രയും നാൾ താമസിക്കാനായി നഗരത്തിലെ എ.സി മുറി ബംഗാളി തന്നെ തന്റെ ചിലവിൽ തരപ്പെടുത്തിക്കൊടുത്തു. പറഞ്ഞതു പോലെ രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ പണിക്കുവന്ന ആ ബംഗാളിക്കുടുംബം അവരുടെ സാധനമെല്ലാം എടുത്തു കൊണ്ട് എങ്ങോട്ടോ താമസം മാറി. വീട് വൃത്തിയാക്കാനും നല്ല ബംഗാളികൾ മറന്നില്ല.
ഇത് രാജന്റെ വീടിന്റെ മാത്രം അവസ്ഥയല്ലെന്ന് മനസ്സിലായപ്പോയാണ് അയാൾക്കാശ്വാസമായത്. നാട്ടിലെ ഒഴിഞ്ഞ് കിടക്കുന്ന മിക്ക വീടുകളും ഭിക്ഷക്കാരും കള്ളന്മാരും ബംഗാളികളുമൊക്കെ കൈയ്യേറിയിരിക്കുകയാണ്. തരിശായി കിടക്കുന്ന പാടങ്ങളൊക്കെ കൈയേറി നെൽകൃഷി ചെയ്യുന്നത് പോലെ, ആൾപാർപ്പില്ലാതെ കിടക്കുന്ന വീടുകൾ കൈയ്യേറി താമസിക്കാൻ വീടില്ലാത്തവർക്ക് അവകാശമുണ്ട് പോലും. ആറ് മാസത്തിലധികം ആൾപ്പാർപ്പില്ലാത്തെ കിടക്കുന്ന വീടുകളൊക്കെ പിടിച്ചെടുത്ത് ഭവനരഹിതർക്ക് ദാനം ചെയ്യാനായി നിയമം നടപ്പിലാക്കണമെന്ന് ഇക്കൂട്ടർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഗൾഫിലെ ജോലിത്തിരക്കിന്നിടയിൽ നാട്ടിലെ മാറ്റങ്ങൾ രാജൻ അറിയാതെ പോയത് രാജന്റെ മാത്രം വീഴ്ചയാണ്.
എന്തായാലും ഇനിയും രാജന്റെ വീട് ആരും കൈയേറില്ല. അവധികഴിഞ്ഞ് ഗൾഫിലേക്കു പോരും മുന്പേ അനാഥാലയത്തിലാക്കിയിരുന്ന അച്ഛനേയും അമ്മയേയും തിരികെവിളിച്ച് വീട്ടിലാക്കിയിട്ടാണ് രാജൻ വീണ്ടും പ്രവാസിയായത്.