ദൈവത്തിന്റെ കരങ്ങൾ... ബാജി ഓടംവേലി
കണ്ണില്ലാതാകുന്പോഴാണ്‍ കണ്ണിന്റെ വിലയറിയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആ നല്ല മനുഷ്യനെ കാണ്മാനില്ല. അയാളില്ലാതെ ആ സർക്കാർ ആശുപത്രിയിലുള്ളവരുടെ ജീവിതം ദുഃസഹമാണ്‍. നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെ നന്നായി ചീകിയൊതുക്കി, നല്ല വൃത്തിയുള്ള അലക്കിത്തേച്ച യൂണിഫോമും ധരിച്ച് എപ്പോഴും അവിടെയൊക്കെ ഓടി നടന്ന് ജോലി ചെയ്യുന്നൊരാൾ. അവിടെ നീല നിറത്തിലുള്ള യൂണിഫോം അയാൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോലിയോട് വളരെ ആത്മാർത്ഥത കാട്ടിയിരുന്ന അയാളുടെ ഡിക്‌ഷണറിയിൽ വയ്യാ, ഇല്ല, നടക്കില്ല, സാധ്യമല്ല തുടങ്ങിയ നിഷേധാത്മക വാക്കുകളൊന്നും ഉണ്ടായിരുന്നില്ല. നിറഞ്ഞ ഊർജ്ജസ്വലതയോടെയാണയാൾ ഓരോ പ്രവർത്തിയിലും ഏർപ്പെട്ടിരുന്നത്.
വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്പോൾ ഒരു പുഞ്ചിരിയിൽ ഉത്തരമൊളിപ്പിച്ച് ജോലിയിൽ വ്യാപൃതനാകാറാണ്‍ പതിവ്. അവന്റെ നിറപുഞ്ചിരിക്ക് മരുന്നിനേക്കാൾ ശക്തിയുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തും. അയാളുടെ ഭാര്യയോ അമ്മയോ സഹായിക്കാനാരുമില്ലാതെ ആശുപത്രിയിൽ കിടന്ന് മരിച്ചിരിക്കാം, അതിന്റെ വിഷമത്തിൽ ഇനിയങ്ങനെയാർക്കും മരണം സംഭവിക്കാതിരിക്കാനായി അവിടെയെത്തുന്നവരെ സഹായിക്കാൻ സ്വയം തീരുമാനിച്ചൊരു നല്ല മനുഷ്യനാകാം അയാൾ.
അയാൾ ആശുപത്രിയിലെ ജീവനക്കാരനല്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സിൽ നിന്നും അറിഞ്ഞു. എന്തായാലും സഹായത്തിന്‍ ആരും ഇല്ലാത്ത അനേകം രോഗികൾക്ക് അയാൾ വലിയൊരാശ്വാസമായിരുന്നു. ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങിക്കൊടുക്കുക, കാന്റീനിൽ നിന്നും ചായയോ കഞ്ഞിയോ വാങ്ങിക്കൊടുക്കുക. രക്തത്തിന്‍ ആവശ്യം വന്നാൽ തരപ്പെടുത്തിക്കൊടുക്കുക. അടിയന്തര ഘട്ടങ്ങളിൽ സ്വന്തം രക്തം നൽകുക. നടക്കാൻ വയ്യാത്ത രോഗികളെ കൈപിടിച്ച് ബാത്ത് റൂമിലും മറ്റും കൊണ്ടു പോവുക. നാറ്റം വെച്ച രോഗികളെ കുളിപ്പിക്കാൻ സഹായിക്കുക, കാഴ്‌ചക്കുറവുള്ള രോഗികളുടെ അരികിലിരുന്ന് വേദഗ്രന്ഥം വായിച്ചു കേൾപ്പിക്കുക. ദൂരെ ദേശങ്ങളിലുള്ള ജോലിത്തിരക്കുള്ള മക്കൾക്കു കത്തെഴുതി കൊടുക്കുക. ചുരുക്കത്തിൽ രാവിലെ മുതൽ സൂര്യൻ അസ്‌തമിക്കും വരെ തിരക്കോടു തിരക്കാണ്‍. സൂര്യൻ അസ്‌തമിച്ചു കഴിഞ്ഞാൽ പിന്നെ പിറ്റേ പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതുവരെ കാത്തിരിക്കയേ നിവർത്തിയുള്ളൂ. ആ നിറപുഞ്ചിരി മനസുകൾക്ക് കുളിർമ്മയും ഔഷധവുമായിരുന്നു. ആരുടെ കൈയിൽ നിന്നും പ്രതിഫലമൊന്നും വാങ്ങാതെയാണ്‍ ഇത്ര സത്യസന്ധമായി സേവനം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോഴേക്കും വളരെ താമസിച്ചു പോയിരുന്നു. ആ കാരുണ്യത്തിന്റെ മൂർത്തിരൂപം അപ്രത്യക്ഷമായിരിക്കുന്നു.
പുറംലോകത്തിൽ അർക്കും അവനെപ്പറ്റി കൂടുതലൊന്നും അറിയുമായിരുന്നില്ല. അവന്റെ പേരെന്താണ്‍, വീട് എവിടെയാണ്‍, ബന്ധുക്കൾ ആരാണ്‍ എന്നൊന്നും ആർക്കും അറിയില്ലായിരുന്നു. എല്ലായിടത്തും അന്വേഷിച്ചെങ്കിലും അവനെ കണ്ടെത്താനായില്ല, പൊളിഞ്ഞു കിടക്കുന്നൊരു കട മുറിയിലായിരുന്നു അവന്റെ അന്തിയുറക്കം എന്ന് കണ്ടെത്താനായി. ഒരു ജോഡി യൂണിഫോം അലക്കി ഉണങ്ങാനായി ഇട്ടിരുന്നു എന്നതാണ്‍ അവൻ അവിടെയായിരുന്നു താമസിച്ചിരുന്നതെന്ന് ഉറപ്പിക്കാൻ കാരണമായത്. ചുരുട്ടി വെച്ചിരിക്കുന്ന ഒരു പുല്ലുപായയും തലയിണയും അവന്റെ സന്പാദ്യമായിരുന്നിരിക്കും.
ശരീരത്തിലെ അവയവങ്ങളോടൊപ്പം സ്വന്തം ജീവൻ പോലും ആവശ്യത്തിലിരിക്കുന്നവർക്ക് കൊടുക്കാനവന് മടിയുണ്ടാകില്ലെന്ന് തമാശയായി പറഞ്ഞതോർത്തു. അവൻ അങ്ങനെയെങ്ങാനും ചെയ്‌തു കാണുമോ എന്ന് ബലമായി സംശയിച്ചു. റോഡു മുറിച്ചു കടക്കവേ ഒരാൾ വണ്ടിയിടിച്ച് മരിച്ചെന്ന പത്രവാർത്തയെ പിന്തുടർന്ന് മോർച്ചറിയിലെത്തിയപ്പോഴേക്കും ആ അനാഥന്റെ ശരീരം മെഡിക്കൽ കോളജിലെ കുട്ടികൾക്ക് പഠിക്കാനായി കൊണ്ടു പോയിക്കഴിഞ്ഞിരുന്നു. താൻ തിരക്കുന്ന വ്യക്തി അയാൾ തന്നെ ആണോയെന്ന് ഉറപ്പിക്കാനായില്ല.
നഗരത്തിൽ ബോംബു വെയ്‌ക്കാനായി പദ്ധതി തയ്യാറാക്കിയ ചില തീവ്രവാദികളെ പോലീസ് പിടിച്ചു. അതിലൊരാൾക്ക് നമ്മുടെ സഹായിയുമായി നല്ല രൂപ സാദൃശ്യമുണ്ടായിരുന്നു. പത്രത്തിലെ ചിത്രം വ്യക്തമല്ലാത്തതിനാൽ അയാൾ വേഷം മാറി ഒളിച്ചു താമസിച്ച തീവ്രവാദിയാണോയെന്ന് ഉറപ്പിക്കാനായില്ല. അയാളിൽ ഒത്തിരി നിഗൂഡതകൾ ഉണ്ടായിരുന്നെങ്കിൽ അയാൾക്കൊരു കള്ളനോ കൊലപാതകിയോ ഒന്നും ആകാനാകില്ല.
പ്രവാസജീവിതം കഴിഞ്ഞ് മടങ്ങി വന്നൊരാളാകാം അയാൾ. കറവ വറ്റി തിരികെ വീട്ടിലെത്തിയപ്പോൾ ഭാര്യയ്‌ക്കും മക്കൾക്കും ബന്ധുക്കൾക്കും അയാളെ വേണ്ടാതായിക്കാണും. നാടിനുപോലും അധികപ്പറ്റായ അയാൾ സമയം പോക്കാനായി ഇവിടെ വന്ന് രോഗികളെ ശുശ്രൂഷിക്കുന്നതാകും. എന്തായാലും അയാൾ തന്റെ സേവന പ്രവർത്തനങ്ങളിലൂടെ സ്വർഗ്ഗത്തിലൊരിടം ഉറപ്പിച്ചിരിക്കും.
കളഞ്ഞു പോകുന്നതെല്ലാം ദൈവത്തിൽ കണ്ടെത്തുന്നൊരു വിശ്വാസി അടുത്ത ഞായറാഴ്‌ച ദേവാലയത്തിൽ ചെന്നപ്പോൾ ചുവരിൽ തൂക്കിയിരിക്കുന്ന ക്രൂശിതരൂപത്തിന്‍ അയാളുടെ മുഖത്തോട് നല്ല സാദ്യശ്യം തോന്നിയതായി സാക്ഷി പറഞ്ഞു. ചുവരിലെ ചിത്രം യേശുവിനെ ഓർക്കാനായി ഏതോ ചിത്രകാരൻ വരച്ചതാണെന്ന് ആർക്കാണറിയാത്തത്. കാണാതായ യുവാവിന്റെ മുഖം തിരഞ്ഞ് പ്രാർത്ഥനയോടെ ഗുരുവായൂർ അന്പലത്തിൽ തൊഴാൻ പോയതു കൊണ്ടാകും അവിടുത്തെ വിഗ്രഹത്തിന്‍ ആ യുവാവിന്റെ ഛായ തോന്നിയത്. ആ നല്ല മനുഷ്യനെ കാണണമെന്ന് തോന്നുന്പോഴൊക്കെ അന്പലനടയിൽ പോയാൽ മതിയല്ലോ എന്നത് വിശ്വാസിക്ക് ആശ്വാസമായി.
കേൾക്കുന്ന കഥകളിലൊക്കെ അയാളെയും ചേർത്തു വായിച്ചു നോക്കി. ആ നല്ല മനുഷ്യൻ ആരായിരുന്നെന്ന് ഉറപ്പിക്കാനാകുന്നില്ല. അയാളെ ദൈവത്തെ പോലെ കണ്ടുകൊള്ളുക, എങ്കിലും അയാൾ ചെയ്‌തിരുന്ന ചില മാനുഷിക പ്രവർത്തനങ്ങൾ ചെയ്യാൻ ഇന്ന് ആരും ഇല്ല എന്നത് യാഥാർത്ഥ്യമാണ്‍. ആ സഹായ പ്രവർത്തനങ്ങൾ ചെയ്യാൻ തീർച്ചയായും ഒരു മനുഷ്യ ശരീരം ആവശ്യമാണ്‍ ഒരു പക്ഷേ നിങ്ങൾക്ക് ആ വേഷം ചെയ്യാനാകും.