മരണദൂ­തനെ­പ്പോ­ലെ­...


നാട്ടിലൂടെ കാഴ്‌ചകൾ‍ കണ്ട് നടന്ന് ക്ഷീണിച്ചപ്പോൾ‍ വെള്ളം കുടിക്കാനാണ്‍ റോഡരികിലെ ആ വീട്ടിൽ‍ കയറിയത്. അവിടെ താമസിക്കുന്നവരെ പരിചയപ്പെടാം എന്ന ഉദ്ദേശവും മനസിലുണ്ടായിരുന്നു. ഒരു വൃദ്ധൻ മാത്രമെ അവിടെയുണ്ടായിരുന്നുള്ളു. ഒരു കുപ്പിയിലാണ് വെള്ളം തന്നത്, ഫ്രിഡ്ജിൽ‍ നിന്നും എടുത്തു കൊണ്ടു വന്നതിനാൽ‍ വെള്ളത്തിന്‍ നല്ല തണുപ്പുണ്ടായിരുന്നു. ഞാൻ ഒരു കവിൾ‍ വെള്ളം കുടിയ്‌ക്കുന്പോഴേക്കും ആ വൃദ്ധൻ തറയിലേക്ക് കുഴഞ്ഞു വീണു കഴിഞ്ഞിരുന്നു. 

വൃദ്ധനെ താങ്ങി മടിയിൽ‍ കിടത്തി, അയാൾ‍ തന്ന കുപ്പിയിൽ‍ നിന്നു തന്നെ കുടിക്കാൻ കൊടുത്തു. ഒരു കവിൾ‍ വെള്ളമിറക്കി എന്തോ പറയാൻ ശ്രമിച്ച് വൃദ്ധൻ കണ്ണുകളടച്ചു. കുറച്ച് വെള്ളം മുഖത്ത് തളിച്ച് ഉണർ‍ത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശബ്‌ദം ഉയർ‍ത്തി വിളിച്ചു നോക്കിയെങ്കിലും ആ വീടിനുള്ളിൽ‍ മറ്റാരും ഉണ്ടായിരുന്നില്ല. പിന്നെ ഒരു നിയോഗം പോലെ കണ്ണുകൾ‍ തിരുമ്മിയടച്ച്, കവിളുകൾ‍ കൂട്ടിക്കെട്ടി, കൈ കാലുകൾ‍ കൂട്ടിക്കെട്ടി നേരെ കിടത്തി, അയൽ‍വീടുകളിൽ‍ ചെന്ന് വിവരമറിയിച്ചു. അയൽ‍ വീടുകളിലുള്ളവരൊക്കെ എത്തി ബന്ധുക്കളെ വിവരമറിയിച്ചു. ദൂരെ ദേശങ്ങളിലായിരുന്ന മക്കളെയും മരുമക്കളെയുമൊക്കെ വിളിച്ചു വരുത്തി. ബോഡി മറവു ചെയ്‌ത് എല്ലാവരും വേഗത്തിൽ‍ തിരക്കുകളിൽ‍ ഒളിച്ചു. അന്ത്യശ്വാസം വലിക്കുന്പോൾ‍ തൊണ്ടനനയാൻ സഹായിക്കുന്നവനെ ആത്മാവിനുപോലും മറക്കാനാവില്ല. 

പിന്നീടൊരു ദിനം ഒരു വീട്ടിൽ‍ നിന്നും നിലവിളി ഉയരുന്നത് കേട്ടാണ്‍ അവിടെ കയറിയത്. അവിടെ പ്രായമുള്ളൊരമ്മച്ചിയുടെ അവസാന നിമിഷങ്ങളാണെന്ന് മനസിലായി. കഴിഞ്ഞ ദിവസത്തെ മരണ പരിചയം എനിക്ക് ധൈര്യം പകർ‍ന്നു തന്നു. വീട്ടിലുണ്ടായിരുന്നവരെ ആശ്വസിപ്പിച്ചു. അമ്മച്ചിയുടെ കൈകളിൽ‍ മെല്ലെ തലോടി ആ കിടക്കയുടെ അരികിലായി ഇരുന്നു. 

മക്കളെ ഒരു പാട്ടു പാടൂ എന്ന് മാതാവ് പറയുന്പോൾ‍ എല്ലാവരും കണ്ണിൽ‍ കണ്ണിൽ‍ നോക്കി. ആ സമയത്ത് പാടാവുന്ന പാട്ടുകളൊന്നും അവർ‍ പരിശീലിച്ചിട്ടില്ലായിരുന്നു. സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഒരു ആശ്വാസഗീതം എന്റെ മനസിൽ‍ ഓടിയെത്തി, അതു ഞാനുറക്കെ പാടി, മറ്റുള്ളവർ‍ കൂടെ പാടാൻ‍ ശ്രമിച്ചു. കിടക്കയുടെ അരികിൽ‍ വെച്ചിരുന്ന വേദപുസ്‌തകം തുറന്ന് ഒരു സങ്കീർ‍ത്തനം വായിച്ചു. ഇനിയും ആര് പ്രാർ‍ത്ഥിക്കുമെന്നറിയാനായി ചില നിമിഷങ്ങളിൽ‍ എല്ലാവരും നിശ്ശബ്‌ദരായി നിന്നു. ആരും ശബ്‌ദമുയർ‍ത്തി പ്രാർ‍ത്ഥിക്കുന്നില്ലെന്നു കണ്ട് ഞാൻ‍ തന്നെ എനിക്ക് അറിയാവുന്ന ഭാഷയിൽ‍ പ്രാർ‍ത്ഥിച്ച് ആ വൃദ്ധമാതാവിനെ യാത്രയാക്കി. മക്കളെയും കൊച്ചു മക്കളെയും ഒക്കെ കണ്ടു കൊണ്ട് സ്വസ്ഥമായി മരിക്കാനാവുക ഒരു ഭാഗ്യമാണ്‍.

രണ്ടു നാളുകൾ‍ക്ക് ശേഷം അടുത്ത വീട്ടിൽ‍ താമസിക്കുന്നൊരു അപ്പച്ചൻ എന്നെ ആളെവിട്ട് വിളിപ്പിച്ചു. വർ‍ഷങ്ങളായി കിടപ്പിലാണ്‍, വളരെ ബുദ്ധിമുട്ടിയാണ്‍ പിടിച്ച് എഴുന്നേറ്റ്‌ മുറിയിലൊക്കെയൊന്ന് നടക്കുന്നത്. അടുത്ത വീട്ടിലെ ഒരു സ്‌ത്രീയാണ്‍ സമയാസമയങ്ങളിൽ‍ ആഹാരം കൊടുക്കുന്നത്. കൈയിൽ‍ ആവശ്യത്തിന്‍ പണമുണ്ടെങ്കിലും ഒരു കൈ സഹായിക്കാൻ‍ ആരെയും കിട്ടുന്നില്ലെന്നാണ്‍ അപ്പച്ചന്റെ പരാതി. എന്തു വേണമെങ്കിലും തരാം, പകരമായ് അപ്പച്ചനൊരു നല്ല മരണം കൊടുക്കണമെന്നതാണ്‍ ആവശ്യം. 

അവളു പോയിട്ട് വർ‍ഷം നാലു കഴിഞ്ഞെന്ന് വളരെ വിഷമത്തോടെയാണ്‍ പറഞ്ഞത്. അതുപറയുന്പോൾ‍ ആ കണ്ണുകളിൽ‍ സ്‌നേഹം ഈറനായി. ധീരകഥകൾ‍ പറയുന്പോൾ‍ ആ കണ്ണുകൾ‍ കൂടുതൽ‍ പ്രകാശമാനമായി. അടച്ചു വെച്ചിരിക്കുന്ന കഞ്ഞിയിൽ‍ നിന്നും കുറച്ചെടുത്ത് എനിക്കും തന്നു, വേണ്ടെന്നു പറഞ്ഞെങ്കിലും പയറുതോരനും ചേർ‍ത്ത് നിർ‍ബ്ബന്ധിച്ചു കുടിപ്പിച്ചു. ഉപ്പ് ഒട്ടും ഉണ്ടായിരുന്നില്ലെങ്കിലും ഞാനത് സ്വാദോടെ കുടിച്ചു. ഞാൻ കഞ്ഞി കോരിക്കുടിക്കുന്പോൾ‍ അപ്പച്ചന്റെ മനസു നിറയുന്നതായി ബോധ്യമായി. 

നാളെയാണ്‍ മക്കളും കൊച്ചു മക്കളും വരുന്നതെന്ന് പറയുന്പോൾ‍ ആ മുഖത്ത് സന്തോഷമായിരുന്നോ അതോ ദുഃഖമായിരുന്നോ എന്ന് അറിയില്ല. ഗൾ‍ഫിൽ‍ അവധിക്കാലമായതിനാൽ‍ ഈ ദിവസങ്ങളിൽ‍ എല്ലാവരും നാട്ടിൽ‍ വരുന്നുണ്ട്. അതിനാൽ‍ ഇന്നു തന്നെ അപ്പച്ചന്‍ മരിക്കണമെന്ന ആഗ്രഹം പറയുന്പോൾ‍ എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. കഴിഞ്ഞ വർ‍ഷവും മക്കൾ‍ പ്രതീക്ഷയോടെ വന്ന് ഒന്ന് സംഭവിക്കാതെ തിരികെ പോയതിൽ‍ അപ്പച്ചന് ദുഃഖമുണ്ട്. ഈ വരവിൽ‍ എല്ലാം തീർ‍ത്ത് മടങ്ങുന്നതാ നല്ലത്. പിന്നെ മക്കൾ‍ക്ക് അവധി കിട്ടാൻ ബുദ്ധിമുട്ടാണ്‍. കൊച്ചുമക്കൾ‍ക്ക് ക്ലാസ് നഷ്ടപ്പെടും. പിന്നെ എല്ലാവർ‍ക്കും വിമാനം കയറി വന്നു പോകുന്നതിന്‍ കുറേ പണം ചെലവാകും. അതിനാൽ‍ ഞാൻ പാട്ടു പാടി വേദഭാഗം വായിച്ച് പ്രാർ‍ത്ഥിച്ച് അപ്പച്ചനെ യാത്രയാക്കണമെന്നാണ്‍ അപ്പച്ചന്റെ ആഗ്രഹം. നാളെ അവരൊക്കെയിങ്ങെത്തും അവരെ കണ്ടാൽ‍ പിന്നെ തനിക്ക് മരിക്കാൻ‍ തോന്നില്ല. കൊച്ചു മക്കളെ അടുത്തു കണ്ടാൽ‍ തന്റെ അസുഖങ്ങളൊക്കെ അവധിയെടുക്കും. അതിനാൽ‍ അവർ‍ വരും മുന്‍പേ തനിക്ക് പോകണം എന്നു പറഞ്ഞ് അപ്പച്ചൻ നിർ‍ബ്ബന്ധം പിടിച്ചു. 

എന്നെ ഒരു മരണദൂതനായിട്ടാകും അപ്പച്ചൻ കാണുന്നത്. അടുത്ത ദിവസങ്ങളിൽ‍ നടന്ന സംഭവങ്ങൾ‍ അപ്പച്ചനും അറിഞ്ഞിരിക്കും. ജീവിതം സമൃദ്ധമായി ജീവിച്ചവസാനിപ്പിക്കുന്നൊരാൾ‍ ഒരു സഹായം ചോദിക്കുന്പോൾ‍ ചെയ്യുക തന്നെയെന്നുറച്ചു. അപ്പച്ചൻ കിടക്കയിൽ‍ നീണ്ടു നിവർ‍ന്ന് കിടന്നു. മണവാളനേപ്പോലെ പുതിയ വസ്‌ത്രളൊക്കെ ധരിച്ച് ഒരുങ്ങിയാണ്‍ കിടക്കുന്നത്. ഏറ്റുപാടാൻ‍ ആരും ഉണ്ടായിരുന്നില്ലെങ്കിൽ‍ക്കൂടി പരിചയസന്പന്നനെപ്പോലെ ഞാൻ‍ ആശ്വാസ ഗാനം പാടി, വേദഭാഗം വായിച്ചു ദീർ‍ഘമായി പ്രാർ‍ത്ഥിച്ചു. അപ്പച്ചൻ സന്തോഷത്തോടെ കണ്ണുകളടച്ചു. പിറ്റേദിവസം മക്കളൊക്കെ വന്നു ശവസംസ്‌കാരചടങ്ങുകളൊക്കെ ഭംഗിയാക്കി. 

എന്നെപ്പറ്റി അറിഞ്ഞിട്ടാകും എനിക്ക് പരിചയമില്ലാത്ത പലരും സ്‌നേഹത്തൊടെയെന്നെ വീടുകളിലേക്ക് ക്ഷണിക്കുന്നത്. ഞാൻ പല വീടുകളിലും പ്രായമായവരെ യാത്രയാക്കാൻ‍ പോകാറുണ്ട്. തലയിണകൊണ്ട് മുഖം അമർ‍ത്തിപ്പിടിക്കുന്പോൾ‍ അവർ‍ക്ക് വേദനിക്കുന്നുണ്ടോയെന്നോർ‍ത്ത് എനിക്കിപ്പോഴും വിഷമമുണ്ട്.

You might also like

Most Viewed