പഠി­ച്ചൊ­രു­ കള്ളി­ക്കഥാ­പാ­ത്രം...


ഴുത്തുകളിൽ‍ ബാഹ്യശക്തികളുടെ ഇടപെടലുകൾ‍ ഒഴിവാക്കേണ്ടതുണ്ട്. അതിനായ് മുറിയുടെ വാതിൽ‍ കൊട്ടിയടച്ച് മനസ്സ്‌ വിശാലമായി തുറന്ന് നിർ‍ഭയമായി എഴുതുന്നത് സാമൂഹ്യനന്മ ലക്ഷ്യമാക്കിയാകും. ഇന്നലെ രാത്രി വൈകിയും എഴുതിക്കൊണ്ടിരിക്കുന്പോൾ‍ ആരോ വാതിലിൽ‍ തുടർ‍ച്ചയായി മുട്ടുന്നതു കേട്ടു. എഴുതാൻ തക്ക ജീവിതമില്ലെന്നു കണ്ട് പാതിവഴിയിൽ‍ ഉപേഷിക്കപ്പെട്ടതോ, അവഗണിച്ചതോ ആയ ഏതെങ്കിലും കഥാപാത്രമാകും. ജീവിതം പോലെ കഥയിൽ‍ എല്ലാവരെയുമൊന്നും ഉൾ‍പ്പെടുത്താനാവില്ല. കഥയില്ലാത്തവരെ നിർ‍ദാഷണ്യം ഒഴിവാക്കും.  കുറച്ചു സമയം കാത്തിരുന്നിട്ടും മുട്ടൽ‍ അവസാനിക്കുന്നില്ലെന്നു കണ്ട് വാതിൽ‍ തുറന്നു നോക്കി. വളരെ മുന്‍പെങ്ങോ കണ്ടു മറന്നൊരു കഥാപാത്രമാണെന്നു തോന്നി. ഇനിയുമവളിലെ യൗവനം കെട്ടു പോയിട്ടില്ലെന്ന സത്യം എന്നെ ആശ്‌ചര്യപ്പെടുത്തി.  

അവളുടെ ഭർ‍ത്താവിന് എന്നെ നന്നായി അറിയാമെന്നവൾ‍ പറഞ്ഞു. അവൾ‍ ആദ്യം ഉള്ളിൽ‍ വന്നതാണ്‍, ഭർ‍ത്താവ് പുറത്ത് കാറിൽ‍ കാത്തിരിക്കുന്നുണ്ട്. അവൾ‍ക്ക് സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ടു പോലും. അതു കഴിഞ്ഞ ശേഷം ഭർ‍ത്താവിനെ വിളിക്കാമെന്നാണവൾ‍ പറയുന്നത്. യുവതി ഒറ്റയ്‌ക്കല്ല ഭർ‍ത്താവും കൂടെയുണ്ടെന്നറിഞ്ഞപ്പോൾ‍ ഉണ്ടായ നിരാശയെ ആശ്വാസമായെണ്ണി. ഇന്നത്തെക്കാലത്ത് ആരാണ്‍ ശത്രു ആരാണ്‍ മിത്രമെന്ന് തിരിച്ചറിയാനാവില്ല. അവരുടെ ഫാമിലിയിലെ ഏതോ പ്രശ്‌നത്തിന്‍ അഭിപ്രായം തേടി വന്നതാണ്‍. ഉപദേശം തേടി എന്നെക്കാണാനും യുവതികൾ‍ വന്നു തുടങ്ങി എന്നുള്ളതിൽ‍ എനിക്ക് സ്വയം അഭിമാനം തോന്നി. അവൾ‍ക്കിരിക്കാനായി ഒരു കസേര എനിക്കഭിമുഖമായി വലിച്ചിട്ടു. 

നിങ്ങളെ ഉപദേശിക്കാൻ ഞാൻ കൗൺ‍സിലിങ്ങൊന്നും പഠിച്ചിട്ടില്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും അവൾ‍ വിടാൻ ഭാവമില്ല. കഥാപാത്രങ്ങളുടെ മനസ്സുകളൊയൊക്കെ കീറിമുറിച്ച് വിശകലനം ചെയ്യുന്ന ആളല്ലേ, തങ്ങളുടെ പ്രശ്‌നം മനസ്സിലാക്കാൻ അത് തന്നെ ധാരാളമെന്നവൾ‍ പറഞ്ഞു. അതും കൂടാതെ അവളുടെ ഭർ‍ത്താവ് എന്റെ സ്ഥിരം വായനക്കാരനാണെന്നും, ഞാൻ പറഞ്ഞാൽ‍ അയാളത് സ്വീകരിക്കുമെന്ന്‍ ഉറപ്പുള്ളതു കൊണ്ടാണ്‍ ഇങ്ങോട്ടു വന്നതെന്നും പറഞ്ഞു. ദീർ‍ഘനാളത്തെ അക്ഷരം ജീവിതം സ്വാർ‍ത്ഥകമായെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്. എന്നെ വിശ്വസിക്കുന്ന ചിലരെങ്കിലും ഈ അക്ഷരപ്രപഞ്ചത്തിലുണ്ടെന്നത് ആശ്വാസകരമാണ്‍. അവൾ‍ ഒന്നൊന്നായി അവളുടെ പ്രശ്‌നങ്ങൾ‍ അവതരിപ്പിച്ചു. എല്ലാം കുടുംബജീവിതത്തിലെ നിസ്സാരമായ പ്രശ്‌നങ്ങൾ‍ മാത്രമാണ്‍. ഭർ‍ത്താവിന്‍ മുന്‍പുണ്ടായിരുന്ന സ്‌നേഹമില്ല, മുന്‍പ് വിളിച്ചിരുന്നതു പോലെ ചക്കരേ, മുത്തേ, കരളേ, എന്നൊന്നും വിളിക്കാറില്ല, മനസ്സു തുറന്നു സംസാരിക്കാറില്ല, ജന്മദിനങ്ങളും വാർ‍ഷിക ദിനങ്ങളുമൊന്നും ഓർ‍ക്കാറില്ല, വിശേഷദിവസങ്ങളിൽ‍ സ്വർ‍ണ്ണസമ്മാനം വാങ്ങി കൊടുക്കാറില്ല, കൊട്ടകയിൽ‍ സിനിമയ്‌ക്ക് കൊണ്ടുപോകാറില്ല, യാത്രകളിൽ‍ കൂടെ കൂട്ടാറില്ല, അങ്ങനെ പോകുന്നു പരാതികളുടെ നീണ്ടപട്ടിക. ഒരു പക്ഷേ അതിനേക്കുറിച്ചൊക്കെ കൂടുതൽ‍ ആലോചിക്കുന്നതു കൊണ്ടും മാത്രമാകാം അതൊക്കെയൊരു പ്രശ്‌നമായിട്ടു തന്നെ തോന്നുന്നത്. ഒന്നു രണ്ടു പിള്ളേരായാൽ‍ പെണ്ണൂങ്ങൾ‍ അവരുടെ കാര്യം നോക്കി വീട്ടിലിരിക്കുകയാണ്‍ വെണ്ടതെന്ന് എന്നിലെ പുരുഷമനസ്സ് പിറുപിറുത്തു.

ഇതൊക്കെ പറഞ്ഞശേഷം അവൾ‍ ഏങ്ങലടിച്ച് കരയുകയാണുണ്ടായത്. പെണ്ണുങ്ങൾ‍ കരയുന്നത് കണ്ടാൽ‍ എല്ലാ പുരുഷന്മാരുടെയും പോലെ എന്റെ മനസ്സും അലിയും. ഞാനും കാലുമാറി അവളുടെ പക്ഷം ചേർ‍ന്നു. അവളുടെ ദുഷ്ടനായ  ഭർ‍ത്താവാണ്‍  കുറ്റക്കാരനെന്ന് ഞാനുറപ്പിച്ചു. പെണ്ണുങ്ങളെ കരുതാനറിയാത്തവരും കുടുംബം നോക്കാൻ മനസ്സില്ലാത്തവരും പെണ്ണുകെട്ടാൻ പോകരുതെന്നു പോലും ഞാനങ്ങ് പറഞ്ഞുകളഞ്ഞു. മനസ്സിൽ‍ തോന്നിയ സുന്ദരൻ ഡയലോഗുകളാൽ‍ അവളെ എന്നാലാകും വിധം ആശ്വസിപ്പിച്ചു. ജഗ്ഗിൽ‍ കരുതിയിരുന്ന തണുപ്പുള്ള വെള്ളവും കുടിക്കാൻ കൊടുത്തു, ഞാനും കുടിച്ചു. അവളുടെ കരച്ചിൽ‍ മാറി ചിരി ഉണർ‍ന്നപ്പോളാണ്‍ എനിക്കാശ്വാസമായത്. 

അവൾ‍ വെളുത്ത പല്ലുകാണിച്ച് ചിരിക്കുന്നത് ഞാൻ കണ്ടിരുന്നു, പിന്നെ എനിക്കൊന്നും ഓർ‍മ്മയില്ല. ബോധം വീഴുന്പോൾ‍ ഞാൻ വെറും തറയിൽ‍ അർ‍ത്ഥ നഗ്നനായി കിടക്കുകയാണ്‍. ഇനിയൊരിക്കലും ഊരാനാകില്ലെന്നും പറഞ്ഞ് വിരലിൽ‍ മുറുകിക്കിടന്ന സ്വർ‍ണ്ണമോതിരം അവൾ‍ ഊരിയെടുത്തിരിക്കുന്നു. ഞാൻ അരയിൽ‍ തപ്പിനോക്കി അതും നഷ്ടപ്പെട്ടിരിക്കുന്നു. ഇറുകിക്കിടന്ന വെള്ളിയരഞ്ഞാണവും അവൾ‍ മോഷ്ടിച്ചിരിക്കുന്നു. എന്തൊക്കയാണ് നഷ്ടപ്പെട്ടതെന്ന് ഓർ‍ത്തെടുക്കാൻ ശ്രമിച്ചു.  

കിടന്ന കിടപ്പിൽ‍ ചുറ്റും നോക്കി, എന്നെ മയക്കിയ ആ യുവതി അവിടെയെങ്ങും ഉണ്ടായിരുന്നില്ല. തുറന്നു കിടന്ന വാതിലിനപ്പുറവും ആരും ഉണ്ടായിരുന്നില്ല. സുന്ദരമായി കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് വൈകിത്തിരിച്ചറിഞ്ഞെങ്കിലും മാനക്കേടോർ‍ത്ത് ആരോടും പരാതി പറഞ്ഞില്ല. ഇല ചെന്ന് മുള്ളിൽ‍ വീണാലും, മുള്ള് ഇലയിൽ‍ വീണാലും നഷ്ടം പ്രശസ്ഥനായ മുള്ളിനു തന്നെയാകും. പുറത്ത് കാത്തുനിൽ‍ക്കുന്നു എന്ന് പറഞ്ഞ അവരുടെ ഭർ‍ത്താവ് ഒരു സാങ്കൽപിക കഥാപാത്രമാത്രമായിരുന്നെങ്കിലും അവളൊരു പഠിച്ച കള്ളിയായിരുന്നു.

You might also like

Most Viewed