ശബ്‌ദമി­ല്ലാ­ത്തവരു­ടെ­ ശബ്‌ദമാ­യി­രു­ന്നു­...


ഗാളിന്റെ ഹൃദയവും ഭാരതത്തിന്റെ മനസുമായ എഴുത്തുകാരി മഹാശ്വേതാ ദേവി മറയുന്പോൾ‍ നിത്യസ്‌മരണയാകുന്നത് അവരുടെ ജീവനുള്ള എഴുത്തും ചിന്തകളുമാണ്. ഓരോ എഴുത്തുകാരുടെ വേർ‍പാടും സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ്. സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥകളെഴുതി വ്യവസ്ഥിതികളോട് കലഹിച്ച കഥാകാരി ഇനിയെന്നും ഓർ‍മ്മയിൽ‍ ജീവിക്കും. കേവലമായ എഴുത്തിനുമപ്പുറത്തേക്ക് പാർ‍ശ്വവൽകൃത സമൂഹത്തെ പച്ചയായി പകർ‍ത്തി, തന്റെ ജീവിത പോരാട്ടങ്ങളുടെ തൊണ്ണൂറ്റിയൊന്നാം വർ‍ഷത്തിലാണ് അവർ‍‌ മരണിന് കീഴടങ്ങിയത്. എഴുത്തും സാമൂഹ്യജീവിതവും സമാസമം ചേർ‍ന്ന എഴുത്തുകാരിയെന്ന നിലയിൽ‍ മറ്റാർ‍ക്കും സ്വന്തമാകാത്ത ഒരു തട്ടകത്തിന്റെ ഉടമയായിരുന്നു അവർ‍. 

ധാക്കയിൽ‍ 1926ലായിരുന്നു മഹാശ്വേതാ ദേവിയുടെ ജനനം. അച്ഛൻ‍‌ മണിക് ഘട്ടകും എഴുത്തുകാരനായിരുന്നു. ഭാരത സിനിമയിലെ വിഖ്യാത സംവിധായകൻ ഋത്വിക് ഘട്ടക് പിതൃസഹോദരനാണ്. അമ്മ ധരിത്രീ ദേവിയിൽ‍ നിന്നാണ് സേവന സന്നദ്ധത ജീവിതത്തിലേക്ക് പകർ‍ത്തിയത്. ബംഗാൾ‍ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തിയ മഹാശ്വേതാ ദേവി, വിശ്വഭാരതി സർ‍വകലാശാലയിൽ‍ നിന്ന് ഇംഗ്ലീഷിൽ‍ ബിരുദവും കൽ‍ക്കട്ട സർ‍വകലാശാലയിൽ‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ബ്രിട്ടീഷ് കൊളോണിയിലസത്തിന്റെ തേർ‍വാഴ്ചകൾ‍ കണ്ടും, കേട്ടും, കൊണ്ടും വളർ‍ന്ന അവരുടെ ജീവിതത്തിൽ‍ നിർ‍ണ്ണായക വഴിത്തിരിവായത് രവീന്ദ്രനാഥ് ടാഗോറിന്റെ ശാന്തിനികേതനിൽ‍ എത്തിയതാണ്. വിഭജനത്തിന്റെ തീവ്രവേദനയും ദുരിതവുമൊക്കെ കണ്ട്‌ അതിലെ മനുഷ്യമനസിന്റെ വിഭജനമായിരിക്കണം മാനവികതയ്‌ക്കായി ശബ്‌ദമുയർ‍ത്താൻ പിന്നീടവരെ പ്രേരിപ്പിച്ചത്. 

അണയാത്ത നീതിബോധത്തിന്റെ പ്രതീകമായിരുന്ന അവർ‍. ‘ഝാൻ‍സി റാണി’ എഴുതുന്പോൾ‍ ഝാൻസിയിലെ ഗ്രാമങ്ങളിലൂടെ ചരിത്രമന്വേഷിച്ചു നടന്നു. വനവാസികളും ദളിതരുമുൾ‍പ്പെടെ എന്നും ഒരേ നിലയിൽ‍ കഴിയാൻ വിധിക്കപ്പെട്ടവർ‍ക്കൊപ്പമായിരുന്നു അവരുടെ ജീവിതവും എഴുത്തും. സാധാരണക്കാർ‍ മഹാശ്വേതയെ ദീദി എന്നു വിളിച്ചു. അവരുടെ ആഘോഷങ്ങളിൽ‍ അവർ‍ക്കൊപ്പം നൃത്തം ചെയ്തു. പോരാട്ടങ്ങളിൽ‍ അണിചേർ‍ന്നു. എഴുത്തു ഭാഷയെപ്പോലും അവർ‍ അതിനായി ചിട്ടപ്പെടുത്തി. 

അവസാന കാലത്ത് എഴുത്തിനേക്കാൾ‍ സാമൂഹിക പ്രവർ‍ത്തനത്തിലും സമര ഭൂമികകളിലുമായിരുന്നു അവരുടെ സാന്നിധ്യം. നന്ദിഗ്രാം മുതൽ‍ കേരളത്തിലെ മൂലന്പിള്ളിയിൽ‍ വരെ അനീതിയും അക്രമവും അടിച്ചമർ‍ത്തലും അരങ്ങേറിയ ഇടങ്ങളിലെല്ലാം പിന്തുണയുമായി അവരെത്തി. എല്ലായിടത്തും അവരുടെ സാന്നിധ്യം പോരാട്ടങ്ങൾ‍ക്ക് ഊർ‍ജ്ജം പകർ‍ന്നു. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ തന്നെ ചില സംഭവങ്ങളിൽ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുമുണ്ട്. സത്യസന്ധമായ പൗരബോധത്തിലധിഷ്ഠിതമായിരുന്നു മഹാശ്വേതയുടെ നിലപാടുകൾ‍. ഇത് രാഷ്ട്രീയത്തിനതീതമായി അധികാരി വർ‍ഗത്തോട് കലഹിക്കാനും അവർ‍ക്ക് പ്രേരണയായി. പിന്നോക്ക ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അവരിലൊരാളായി നിലയുറപ്പിച്ചു കൊണ്ടായിരുന്നു ജീവിതം. ആ അനുഭവങ്ങളുടെ ആവിഷ്കാരം അവരുടെ എഴുത്തിനെ വായനക്കാരന് തീക്ഷ്ണാനുഭവമാക്കി. പറഞ്ഞു കേൾ‍പ്പിക്കുന്നതിലേറെ പറഞ്ഞതു കേട്ട കഥാകാരിയായിരുന്നു മഹാശ്വേതാ ദേവി. കഥകൾ‍ പലതും കാൽ‍പ്പനികതയെക്കാളേറെ യാഥാർ‍ത്ഥ്യത്തെ വരച്ചുകാട്ടി. കുറിച്ചു വച്ച ചരിത്രത്തേക്കാൾ‍ വാമൊഴിക്കഥകളിലെ സത്യത്തെയവർ‍ എഴുത്തിലേക്ക് സന്നിവേശിപ്പിച്ചു. 

1956ലാണ് മഹാശ്വേതയുടെ ആദ്യ പുസ്തകം ‘ഝാൻസി റാണി’ പുറത്തിറങ്ങുന്നത്. അര നൂറ്റാണ്ടിലെ നീണ്ട സാമൂഹ്യ സാഹിത്യ സപര്യയിൽ‍ നിരവധി പുരസ്കാരങ്ങൾ‍ അവരെ തേടിയെത്തി. 1979ൽ‍ ‘ആരണ്യേർ‍ അധികാർ‍’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1986ൽ‍ രാജ്യം പത്മശ്രീ നൽ‍കി ആദരിച്ചു. 1996ൽ‍ ജ്ഞാനപീഠം ലഭിച്ചു. 1997ൽ‍ മാഗ്‌സസെ അവാർ‍ഡും, 2006ൽ‍ പത്മവിഭൂഷൺ പുരസ്‌കാരവും ലഭിച്ചു. 2011ൽ‍ ബംഗാബിഭൂഷൺ‍ പുരസ്‌കാരം നൽ‍കി പശ്ചിമബംഗാൾ‍ സർ‍ക്കാർ‍ അവരെ ആദരിച്ചു.

കഥ, നാടകം, നോവൽ‍ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ രംഗങ്ങളിൽ‍ തനിമയോടെ തന്റെ തൂലികയവർ‍ ചലിപ്പിച്ചു. ത്സാൻസി റാണി, അരണ്യേർ‍ അധികാർ‍, ഹജാർ‍ ചുരാഷിർ‍ മാ, ഘരെഫേര, സ്വഹ, ദൗലത്തി, അഗ്നിഗർ‍ഭ, ശ്രേഷ്ഠകൽ‍പ, ബഷി ടുഡു, തിത്തു മിർ‍, ദി വൈ വൈ ഗേൾ‍ തുടങ്ങി നൂറിലേറെ ഗ്രന്ഥങ്ങൾ‍ രചിച്ചിട്ടുണ്ട്. അവരുടെ നിരവധി കൃതികൾ‍ മലയാളത്തിലേക്കും വിവർ‍ത്തനം ചെയ്തിട്ടുണ്ട്. ‘ഹസാർ‍ ചൗരസിർ‍ മാ’യാണ് ഏറ്റവും പ്രസിദ്ധ രചനയായി വിലയിരുത്തപ്പെടുന്നത്. 

ആദിവാസികൾ‍ അനുഭവിക്കുന്ന അടിച്ചമർ‍ത്തലുകളും ജാതീയമായ ഉച്ചനീചത്വങ്ങളും ഉദ്യോഗസ്ഥ അഴിമതികളുമൊക്കെ കൃതികളിലെ അക്ഷര ഭൂപടമാണ്. ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത് ജയ ബച്ചൻ‍ അഭിനയിച്ച ചിത്രം ബോളിവുഡിലെ പ്രശസ്ത സിനിമകളിലൊന്നാണ്. ഭാരതത്തിലെ ഏറ്റവും ആദരണീയയായ ഈ എഴുത്തുകാരി കടന്നുപോയത് മഹത്തായ മാനവികതയുടെ സന്ദേശം ഭാവിതലമുറയ്ക്കു കൈമാറിക്കൊണ്ടാണെന്നത് ആശാവഹമാണ്. എഴുത്തുപുരയുടെ ആദരാഞ്ജലികൾ‍.

You might also like

Most Viewed