ധനികന്റെ മരണം
‘ഈ താഴ്‌വരയിലെ ധനികൻ ഇന്നു രാത്രി മരിക്കും.’ എന്നായിരുന്നു ആ പുതുവർഷ പുലരിയിൽ ആൽത്തറബോർഡിലെ അറിയിപ്പ്. ഒരു നല്ല പ്രഭാതത്തിൽ വായിക്കുവാൻ കൊള്ളാവുന്നൊരു വാചകമായിരുന്നില്ല അത്. ആൽത്തറബോർഡിൽ തെളിയുന്നത് ദേശത്തിനുള്ള ദൈവീക അരുളപ്പാടുകളാണെന്ന് വർഷങ്ങളായി എല്ലാവരും വിശ്വസിച്ചു പോന്നു. മുടക്കം കൂടാതെ എല്ലാ ദിവസവും അവർക്ക് അരുളപ്പാടുകൾ കിട്ടിക്കൊണ്ടേയിരുന്നു. കുന്നിന്‍ മുകളിലെ അന്പലത്തിലേക്കുള്ള കൽപ്പടവുകളുടെ ആരംഭത്തിലാണ്‍ ആൽത്തറയും അതിനു ചുവട്ടിൽ ബോർഡും സ്ഥിതി ചെയ്യുന്നത്.
ആ ബോർഡ് ആരെങ്കിലും അവിടെ സ്ഥാപിച്ചതാകാൻ വഴിയില്ല. അവിടുത്തെ ഏറ്റവും പ്രായം കൂടിയ സിതാരി മുത്തച്‌ഛന് പോലും ഓർമ്മവെച്ച നാൾ മുതൽക്കേ ആ ബോർഡ് അങ്ങനെ തന്നെ അവിടെയുണ്ട്. അത് പ്രകൃത്യാലുള്ളതാണ്‍, ദൈവിക വെളിപാടാണ്‍. സാധാരണ ആരെയും വിഷമിപ്പിക്കാത്ത സാരോപദേശങ്ങളാണ്‍ അക്ഷരങ്ങളിൽ തെളിയാറുള്ളത്. അങ്ങനെ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ പോയ കാലത്താണ്‍ ധനികൻ മരിക്കുമെന്നുള്ള വാചകം തെളിഞ്ഞത്.
ഇത് നിസാരമായി തള്ളിക്കളയാവുന്നതല്ല. ഇത് താഴ്‌വരയിലെ എല്ലാവരുടെയും ജീവിതവുമായി ബന്ധപ്പെട്ടതാണ്‍. ധനികരുടെയെല്ലാം മനസിൽ ഭയം വിതച്ച പ്രവചനമാണിത്. എല്ലാവരും എന്തിലെങ്കിലും ധനികരാണല്ലോ. പണം കൊണ്ട് മാത്രമല്ല ധനികരുണ്ടാകുന്നത്. സ്‌നേഹം കൊണ്ട് ധനികരായവർ, സൗഹൃദം കൊണ്ട് ധനികരായവർ, വിദ്യകൊണ്ട് ധനികരായവർ, കൂർമ്മ ബുദ്ധിയിൽ ധനികരായവർ, പിശുക്കിൽ ധനികരായവർ, അങ്ങനെ പലവിധത്തിൽ ധനികരായവർ ഭയചകിതരായി.
മുന്‍പ് എഴുത്തുകളുടെ ഉറവിടം ഏതെന്ന് പോലും അന്വേഷിക്കേണ്ടി വന്നിട്ടില്ല. മനുഷ്യനു വേണ്ടി, മനുഷ്യനന്മയ്‌ക്കു വേണ്ടിയുള്ള ദൈവീക അരുളപ്പാടുകളായിരുന്നു അതെന്ന് വിശ്വസിക്കുവാൻ ആർക്കും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇത് അങ്ങനെയല്ല. ഇതിന്റെ പിന്നിൽ മാനുഷിക കരങ്ങളുടെ കൈകടത്തലുകൾ തീർച്ചയായും ഉണ്ടാകും എന്ന് എല്ലാവരും തീർച്ചപ്പെടുത്തി. ആരാണ്‍ ഈ വാചകം എഴുതിയതെന്നറിയണം. എഴുതിയ ആൾക്ക് നല്ല ശിക്ഷ കൊടുത്ത് ഇനിയുമിത് ആവർത്തിക്കുകയില്ലെന്ന് ഉറപ്പു വരുത്തണം.
വാർത്ത കേട്ടറിഞ്ഞ് ഗ്രാമമുഖ്യൻ ബോർഡിന്നരുകിലെത്തി. ആൽത്തറ ബോർഡിലെ വാചകം പലവട്ടം വായിച്ച് അതിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്‌തു. ഇങ്ങനെ എഴുതാൻ സാധ്യതയുള്ളവരെയൊക്കെ ആളെ വിട്ടു വിളിപ്പിച്ചു. കള്ളം പറഞ്ഞാൽ നാവരിയപ്പെടും എന്ന ബോധ്യമുള്ളവർ വെറുതേ കള്ളം പറഞ്ഞില്ല. ആ നാട്ടിലെ എഴുത്തറിയാവുന്ന എല്ലാവരെയും വിളിച്ചു വരുത്തി. അരും കുറ്റമേറ്റെടുത്തില്ല. പ്രശ്‌നം വെപ്പിക്കാനായി മലമുകളിലെ അന്പലത്തിലെ പൂജാരിയെ വരുത്തി. അദ്ദേഹത്തെ സംശയിക്കേണ്ടതില്ല. അദ്ദേഹം മലകയറിയാൽ പിന്നെ ഈ ജീവിതത്തിൽ മലയിറങ്ങേണ്ടതില്ല. അദ്ദേഹത്തിന്റെ ജീവിതം അന്പലത്തിനുള്ളിൽത്തന്നെയാണ്‍, അദ്ദേഹത്തിന്‍ വേണ്ടതൊക്കെ വിശ്വാസികൾ അങ്ങോട്ടെത്തിക്കുകയാണു പതിവ്.
പൂജാരിയുടെ സാന്നിദ്ധ്യത്തിൽ ആൽത്തറയിലെ വൃദ്ധനായ ഭ്രാന്തൻ കുറേക്കാര്യങ്ങൾ വെളിപ്പെടുത്തി. അയാൾ വർഷങ്ങൾക്ക് മുന്‍പേ ഇവിടെയെത്തിയതാണ്‍, അദ്ദേഹം നല്ല ബുദ്ധിമാനായിരുന്നതിനാൽ അദ്ദേഹത്തിന്റെ ബുദ്ധിയിൽ തെളിയുന്നതു പലതും മറ്റുള്ളവർക്ക് ഉൾക്കൊള്ളാനായില്ല എന്നതു മാത്രമായിരുന്നു പ്രശ്‌നം. ഇപ്പോൾ ഭ്രാന്തനായി ജീവിക്കുന്നതിന്റെ സുഖം തിരിച്ചറിഞ്ഞ് ആ ജീവിതം തുടരുന്നു എന്നേയുള്ളൂ. ബോർഡിൽ ഓരോ ദിവസവും ഓരോ വാചകം എഴുതുന്നതിലൂടെയായിരുന്നു അയാൾ ഭ്രാന്തചിന്തകളെ പുറത്തെറിഞ്ഞ് നോർമലായിക്കൊണ്ടിരുന്നത്. അതിന്‍ പൂജാരിയുടെ മൗന സമ്മതവും ഉണ്ടായിരുന്നു. എങ്കിലും ഇങ്ങനെയൊരു വാചകം താൻ എഴുതിയിട്ടില്ലെന്ന് ഭ്രാന്തൻ വൃദ്ധനും ആണയിട്ടു. ‘സ്‌നേഹം, മക്കൾക്ക് കടം കൊടുക്കുക, മാതാപിതാക്കൾക്കുള്ള സ്‌നേഹക്കടം വീട്ടുക’ എന്ന വാചകമാണ്‍ ഇന്നലെ എഴുതിവെച്ചതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്‌തു. അത് മായിച്ചിട്ട് മറ്റാരെങ്കിലും ഇങ്ങനെയൊരു വാചകം എഴുതിയതായി കണ്ടിട്ടുമില്ല. ഏതെങ്കിലും യാത്രക്കാരന്റെ കൈ ഇതിനു പിന്നിൽ പ്രവർത്തിക്കാൻ സാധ്യതയുമില്ല. മലമുകളിലെ അന്പലത്തിലേക്ക് കയറിപ്പോയ അവസാന തീർത്ഥാടകനും തിരികെ പോയതിനു ശേഷമാണ്‍ വൃദ്ധനായ ഭ്രാന്തൻ പതിവായി ഇങ്ങനെ എഴുതാറുള്ളത്. വൃദ്ധനായ ഭ്രാന്തൻ അന്പലത്തിന്റെ നടത്തിപ്പുകാർക്കു വേണ്ടി രഹസ്യമായി, വന്നു പോകുന്ന യാത്രക്കാരുടെ എണ്ണം എടുക്കുകയും എല്ലാം വരും തിരികെപ്പോയി എന്ന് ഉറപ്പുവരുത്തുകയും ചെയ്‌തു പോന്നു. അതിനൊക്കെ പ്രതിഫലമായിട്ടാണ്‍ അന്പലത്തിൽ നിന്ന് ഭക്ഷണവും കിടക്കാൻ ആൽത്തറയും കൊടുത്തിരിക്കുന്നത്.
ഈ പ്രഭാതത്തിലെ മരണ വാചകം ദൈവം തന്നെയാണ്‍ എഴുതിയതെന്ന് വിശ്വസിക്കുകയല്ലാതെ വേറെ നിവർത്തിയില്ലെന്നായി. ധനികന്മാർക്കൊക്കെ അങ്കലാപ്പായി. താഴ്‌വരയിലെ ധനികന്മാരൊക്കെ പ്രശ്‌ന പരിഹാരത്തിനായ് എന്തു ചെയ്യാനാകുമെന്ന് ആലോചിക്കാനായി ഒന്നിച്ചു ചേർന്നു. മുന്‍പൊക്കെ ഞാനാണ്‍ ധനികൻ ഞാനാണ്‍ ധനികൻ എന്ന് നടിച്ചിരുന്നവർ മരണത്തെ പേടിച്ച് അഭിനയം മതിയാക്കി. സന്പന്നർ അവസാനം ഒരു തീരുമാനത്തിലെത്തി. തങ്ങളുടെ പണമൊക്കെയും മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റി രക്ഷപെടണം. സന്പാദ്യങ്ങളൊക്കെ ഭിക്ഷക്കാരായ പാവങ്ങൾക്ക് കൊടുക്കാനുറച്ചു എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കുകയെന്നതാണ്‍ പ്രധാനം. ജീവൻ നഷ്‌ടപ്പെട്ടിട്ട് എത്ര പണമുണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം.
ഭിക്ഷക്കാർക്ക് അത്രയും പണം താങ്ങാനുള്ള ശേഷിയില്ലായിരുന്നു. അവർക്ക് അന്നന്നത്തേടം പോക്കാൻ ഭിക്ഷയായിരുന്നു വേണ്ടത്. തങ്ങളുടെ അസ്‌തിത്വം പോലും തുടച്ചു മാറ്റപ്പെടുന്ന ആ ദാനം സ്വീകരിക്കാൻ അവർക്കാർക്കും മനസില്ലായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർ ഭിക്ഷക്കാരായിട്ടാണ്‍ ജീവിക്കുന്നത്. അത് വർഷങ്ങളായ് ശീലിച്ചു പോയതാണ്‍. അതില്ലാതായാൽ പിന്നെ അവർക്ക് ജീവിക്കാനാവില്ലെന്ന് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
അവസാനം അവർ പോംവഴി കണ്ടെത്തി. ധനികരെല്ലാം തങ്ങളുടെ സന്പാദ്യങ്ങൾ മലമുകളിലെ ദൈവത്തിന്റെ ഭണ്ധാരങ്ങളിൽ നിക്ഷേപിച്ചു. അനധികൃതമായി സന്പാദിച്ച സ്വത്തുക്കളൊക്കെ ദൈവത്തിന്റെ പേരിൽ എഴുതി വെച്ച് എല്ലാവരും സാധാരണക്കാരായി. തങ്ങളിൽ ആരും ആ രാത്രിയിൽ മരിക്കാതിരുന്നതിന്‍ താഴ്‌വരയാകെ ദൈവത്തോട് നന്ദി പറഞ്ഞു. ആ രാത്രിയിലാണ്‍ ദൈവം ധനികനായത്. സന്പന്നനായ ദൈവം ആ രാത്രിയിലാണ്‍ മരിച്ചത്. ദാരിദ്ര്യത്തിൽ സാധാരണക്കാരനോടൊപ്പമേ ദൈവത്തിനു പോലും ജീവിക്കാനാവുകയുള്ളൂ.