കരയാനും പഠിക്കേണ്ടതുണ്ട്...
മരണവീട്ടിലെത്തുന്ന മുഖങ്ങളിലെല്ലാം ദുഃഖഭാവം നിഴലിക്കണം. നിശ്ചലമായ ആ മുഖത്തേക്ക് നോക്കി, നിറകണ്ണുകളോടെ, ഇന്നലെകളിലെ അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും ഓർത്തെടുക്കണം, ജീവിച്ചിരിക്കുന്പോൾ ചെയ്‌ത നല്ല കാര്യങ്ങൾ അടക്കിപ്പിടിച്ച സ്വരത്തിൽ നന്ദിയോടെ സ്‌മരിക്കണം. ഉയരുന്ന മരണ ഗാനത്തിന്റെ താളമെങ്കിലും വ്യസനത്തോടെ മൂളണം. വായിക്കുന്ന വേദവാക്യങ്ങളിലെ ഗുണപാഠങ്ങളൊക്കെ മനസിൽ ശരിവെക്കണം. മരിച്ച വ്യക്തിയുമായുള്ള അടുപ്പത്തിന്റെ ആഴം മരണവീട്ടിലേക്ക് വന്നു കയറുന്പോഴുള്ള പൊട്ടിക്കരച്ചിൽ നിന്നാകും അളന്നെടുക്കുക. അന്ത്യചുംബനം കൊടുക്കുന്പോൾ കരഞ്ഞു കലങ്ങിയ കണ്ണൂകളോടെ മൂക്കു ചീറ്റണം. സെമിത്തേരിയിലേക്കെടുക്കുന്പോൾ എല്ലാവരും ശബ്‌ദമുയർത്തിക്കരയണം. എന്നൊക്കെ മരണവീട്ടിൽ പാലിക്കേണ്ട ധാരാളം നാട്ടുനടപ്പുകളുണ്ട്.
ഇതൊന്നും ഗൾഫിലെ സ്‌കൂളിൽ പഠിക്കുന്ന ഇരട്ടക്കുട്ടികൾക്ക് അറിയില്ലായിരുന്നു. വല്യപ്പച്ചൻ മരിച്ചു കിടന്നപ്പോഴും അവർ മൊബൈലിൽ തോണ്ടലിന്റെ ലോകത്തായിരുന്നു. മരിച്ചു കിടന്നത് അവരെ ജീവനു തുല്യം സ്‌നേഹിച്ച വല്യപ്പച്ചനായിരുന്നിട്ടും അവരിൽ ദുഃഖഭാവമൊന്നും ഉണ്ടായില്ല. നീണ്ട മണിക്കൂറുകൾ കുട്ടികളെ അടക്കിയിരുത്താൻ വേറെ മാർഗ്ഗമില്ലാതെ മൊബൈൽ കൈയിൽ കൊടുത്തതാണ്‍. സദാസമയവും കുട്ടികളെ മൊബൈലിൽ കളിക്കാൻ അനുവദിക്കരുതെന്ന് ചില ബന്ധുക്കളൊക്കെ മുഖത്തു നോക്കി ഗുണദോഷിച്ചു.
കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗൾഫിൽ അച്ചിലിട്ട് വാർത്തതു പോലെയുള്ള ദിനങ്ങളാണ്‍. എല്ലാം യാന്ത്രികമായി കടന്നു പോകുന്നു. പ്രവാസച്ചൂടിൽ കുട്ടിൾക്കൊരു മരണമോ മരണാനന്തര ചടങ്ങോ കാണാൻ ഇടവരാത്തതിനാൽ, എങ്ങനെയാണ്‍ മരണവീട്ടിൽ പെരുമാറേണ്ടതെന്ന് അവർക്കറിയില്ലായിരിക്കും. എന്നാലും സിനിമകളിലൊക്കെ മരണത്തോട് എങ്ങനെയാ കഥാപാത്രങ്ങൾ പ്രതികരിക്കുന്നതെന്ന് കുട്ടികൾ കാണാതെയിരുന്നിട്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ കുട്ടികൾക്കറിയില്ല. കുട്ടികളുടെ ഈ പെരുമാറ്റ വൈകല്യം മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളുടെ അച്ഛന്‍ അന്നാണ്‍ ബോധം വന്നത്.
മനുഷ്യനെ മനുഷ്യനാക്കുന്നത് ഇത്തരം വികാര പ്രകടനങ്ങളാണ്‍. വികാരങ്ങൾ മനസിൽ ഒളിപ്പിക്കാനുള്ളതല്ല അത് പ്രകടിപ്പിക്കുക തന്നെ വേണം. മുന്‍പൊരിക്കൽ കുട്ടികൾ കരഞ്ഞത്, ഗെയിം കളിച്ചു കൊണ്ടിരുന്ന മൊബൈൽ പിടിച്ചു വാങ്ങിയപ്പോഴാണോ, അതോ കാർട്ടൂൺ കണ്ടു കൊണ്ടിരുന്ന ടി.വി ഓഫു ചെയ്‌തപ്പോഴാണോ എന്ന് കൃത്യമായി ഓർക്കുന്നില്ല. അതിനു ശേഷം കുട്ടികൾക്ക് കരയുവാൻ അവസരം ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ഇല്ലായ്‌മയുടെ കാലത്ത് മാതാപിതാക്കൾ പട്ടിണിയും ദുരിതവും പ്രയാസവുമൊക്കെ അനുഭവിച്ചാകാം വളർന്നത്, ഇന്ന് ദൈവകൃപയാൽ എല്ലാം ഉണ്ട്. ഒരു കുറവുമില്ലാതെ കുട്ടികളെ വളർത്തണമെന്നാണ്‍ എല്ലാവരുടെയും ആഗ്രഹം.
ഇന്നത്തെ കുട്ടികളെ ഡാൻസോ, പാട്ടോ, ചിത്രരചനയോ പഠിപ്പിക്കുന്നതിലും പ്രാധാന്യത്തോടെ അഭിനയം പഠിപ്പിക്കേണ്ടിയിരിക്കുന്നു. അഭിനയം മൊത്തത്തിലൊന്നും പഠിക്കേണ്ടതില്ല, കുറഞ്ഞത് സന്തോഷം വരുന്പോൾ ഉള്ളു തുറന്ന് ചിരിക്കാനും, ദുഃഖം വരുന്പോൾ മനസു തുറന്ന് കരയാനും അറിയണം. മരിച്ചു കിടക്കുന്പോൾ മക്കളൊന്ന് കരഞ്ഞില്ലെങ്കിൽ പിന്നെ നമ്മൾ അവർക്കായി എന്തൊക്കെ സന്പാദിച്ചു വെച്ചുവെന്ന് പറഞ്ഞിട്ടും കാര്യമില്ല. കരഞ്ഞുകൊണ്ട് ഈ ലോകത്തിലേക്ക് വരുന്നവർ ചിലരെ കരയിച്ചു കൊണ്ട് ഈ ലോകത്തിൽ നിന്നു പോകാനായില്ലെങ്കിൽ ഇത്രയും കാലം ജീവിച്ചതുകൊണ്ട് വലിയ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കൂലി കൊടുത്താൽ വന്ന് വലിയ വായിൽ കരയുന്ന പെണ്ണുങ്ങളുണ്ടാകും. നമുക്ക് അതല്ല വേണ്ടത് മനസു നൊന്ത് ദുഃഖത്തോടെ കരയാൻ ചിലർ ഉണ്ടാവുക തന്നെ വേണം.
അഭിനയം പഠിപ്പിച്ച് സിനിമയിൽ കയറാൻ സഹായിക്കുന്ന ഇടമുണ്ടായിരുന്നെങ്കിലും, മക്കളെ കരയാനും ചിരിക്കാനും പഠിപ്പിക്കാനായി ഒരു അദ്ധ്യാപകനെ കണ്ടെത്താനായില്ല. പരിശീലിപ്പിക്കാനായി ആരെയും കിട്ടിയില്ലെങ്കിലും ശ്രമം ഉപേക്ഷിക്കാൻ മനസു വന്നില്ല. ചത്തു കിടക്കുന്പോൾ സ്വന്തം മക്കൾ കരഞ്ഞില്ലെങ്കിൽ പരദൂഷണക്കാരായ നാട്ടുകാർ വളർത്തു ദോഷമാണെന്നേ പറയുകയുള്ളൂ. ലാഫ്റ്റർ യോഗ ക്ലാസിൽ മുന്‍പ് പഠിച്ച പാഠങ്ങളുടെ ബലത്തിൽ മക്കളെ ചിരിയും കരച്ചിലും പഠിപ്പിക്കുന്ന ജോലി അവരുടെ അമ്മ തന്നെ ഏറ്റെടുത്തു. കള്ളക്കരച്ചിലിനവളെ വെല്ലാൻ മറ്റൊരാൾ ഉണ്ടാകില്ല. ആഴ്‌ചയിൽ രണ്ടു ദിവസം വീതം കുട്ടികളെ ചിരിക്കാനും കരയാനും പരിശീലിപ്പിക്കാൻ തുടങ്ങി. ഈ ക്ലാസ് വിജയിക്കുകയാണെങ്കിൽ മറ്റേതൊരു കലാരൂപവും പോലെ ഇതും വ്യാവസായികാടിസ്ഥാനത്തിൽ പഠിപ്പിക്കാനാവും, നല്ലൊരു വരുമാനം ആകുമെന്ന് മാത്രമല്ല, വരും തലമുറയ്‌ക്ക് ചെയ്യുന്ന വലിയൊരു ഉപകാരവുമാകും ഈ പാഠങ്ങളും പരിശീലനങ്ങളും.
നാളെയൊരിക്കൽ ഇരട്ടക്കുട്ടികളുടെ അച്ഛനൊ അമ്മയോ മരിക്കുന്ന സമയത്ത് ഇടവും വലവും നിന്നവർ കരയുന്ന സെൽഫി ഫേസ്ബുക്കിൽ പോസ്റ്റുന്പോൾ തീർച്ചയായും നിങ്ങൾ സെൽഫിയെ പഴിക്കാതെ അവർക്കൊരു കൊട്ട നിറയെ ലൈക്കും കമന്റും കൊടുത്ത് സഹായിക്കണം. നിങ്ങളുടെ കുട്ടികളെയും കരയാൻ പഠിപ്പിക്കണം.