ഏകാ­ന്തതയിൽ‍ ഓർ‍­ക്കു­ന്നത്...


ഴിഞ്ഞ കുറേ നാളുകളായി ഓർ‍ക്കേണ്ടത് പലതും സമയത്ത് ഓർ‍ക്കാനാവുന്നില്ല. എങ്കിലും ഓർ‍മ്മക്കുറവ് തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി ഓർ‍ക്കുന്നുണ്ട്. അക്കാര്യമൊന്നും ആരോടും പറയാൻ‍ പാടില്ലെന്നാണ്‍ ഭാര്യാകൽപനയെങ്കിലും ഇനിയും അതൊന്നും പറയാതിരുന്നിട്ടു കാര്യമില്ല. ഓർ‍മ്മയും പോയി, ഓർ‍മ്മിപ്പിച്ചവളും പോയി. 

അവളൊരു നിധിയായി ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ ഓർ‍മ്മയ്‌ക്കായി തെങ്ങിൻ ‍‌‍‌തൈ നടാൻ പറന്പിന്റെ അതിരിലിൽ‍ വിസ്‌താരത്തിലൊരു കുഴിയെടുക്കുന്പോഴാണ്‍ അന്നു കാച്ചിക്കൊണ്ടുവന്ന കൂന്താലിയുടെ മൂർ‍ച്ചയുള്ള ഭാഗം എന്തിലോ തട്ടി ഒരു വ്യത്യസ്തമായ ശബ്‌ദം കേൾ‍പ്പിച്ചത്. രംഗം പരിശോധിച്ച് അതും ഒരു നിധിയാണെന്നവർ‍ ഉറപ്പിച്ചു. തങ്ങളുടെ കഷ്‌ടപ്പാടുകൾ‍ മാറാനായി അപ്പനപ്പൂപ്പന്മാർ‍ തങ്ങൾ‍ക്കു വേണ്ടി സൂക്ഷിച്ചു വെച്ചതാണ്‍ ആ സന്പാദ്യമെന്നവർ‍ ഉറപ്പിച്ചു. നിധിയവിടെത്തന്നെ തൽ‍ക്കാലത്തേക്ക് മൂടിയിട്ട് രഹസ്യമായി അതിന്‍ കാവലിരുന്നു.

അന്നു തന്നെ പ്രായമായ അച്ഛനേ‍‍യും അമ്മയേയും ദൂരെയുള്ളൊരു ഓൾ‍ഡേജ് ഹോമിലേക്ക് മാറ്റി. അവരെ അങ്ങോട്ട് മാറ്റേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പഴയ മനസല്ലേ, വെറുതേ കാണുന്നതൊക്കെ വിളിച്ചു പറഞ്ഞ് കുഴപ്പങ്ങളുണ്ടാക്കേണ്ടെന്നു കരുതി. ചിലപ്പോൾ‍ ഒരു ജീവിതകാലം കൊണ്ട് കാണാനാവാത്ത സന്പാദ്യം ഒരു നിമിഷത്തിൽ‍ നേരിൽ‍ കാണുന്പോൾ‍ ഹൃദയ ചലനം നിലച്ചെങ്കിലോ എന്നും ഭയന്നു. അച്ഛനും അമ്മയ്‌ക്കും ഓൾ‍ഡേജ് ഹോമിൽ‍ ഒരു കുറവും വരുത്തിയില്ല. മിണ്ടിയും പറഞ്ഞും ഇരിക്കാൻ‍ അവിടെ ധാരാളം എടുക്കാച്ചരക്കുള്ളത് അവർ‍ക്കും ഒരാശ്വാസമായി. അനാഥാലയത്തിന്റെ പഴയ പേരുമാറ്റി ഓൾ‍ഡേജ് ഹോം എന്നാക്കിയത് നാടിന്റെ വളർ‍ച്ചയെയാണ്‍ കാണിക്കുന്നത്. 

ഇത്തിരി പണിപ്പെട്ടാണെങ്കിലും അന്നു രാത്രി തന്നെ അവർ‍ ഇരുവരും ചേർ‍ന്ന് ആരും കാണാതെ നിധി കുഴിച്ചെടുത്തു. ഇന്നലെ വരെ സുഖമായി ഉണ്ടും ഉറങ്ങിയും ജീവിച്ചവരുടെ സ്വസ്ഥതയും ഉറക്കവും അതോടെ നഷ്‌ടപ്പെട്ടു. ശരിയായി ഉറങ്ങാനാവാത്തത് കാരണമാകാം ഓർ‍മ്മയും നഷ്‌ടപ്പെട്ടു. ഒരു കണക്കിന്‍ പഴയത് പലതും ഓർ‍ക്കാതിരിക്കുന്നതു തന്നെയാണ്‍ നല്ലത്. നിധി കിട്ടിയവന്റെ സ്റ്റാറ്റസിന്‍ ചേർ‍ന്നതാകില്ല പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഓർ‍മ്മകൾ‍. പുതുപ്പണക്കാർ‍ പഴയതൊക്കെ മറക്കാനായി എന്തും ചെയ്യും.

കഴിഞ്ഞ ദിവസം ഒരു അപേക്ഷാഫോറത്തിൽ‍ അച്ഛന്റെ ജോലി എന്താണെന്ന് പൂരിപ്പിക്കേണ്ടി വന്നപ്പോൾ‍ ഫാർ‍മർ‍ എന്ന വാക്ക് ഓർ‍മ്മയിലേക്ക് വരാതെ നാണത്താൽ‍ ഒളിച്ചുകളിച്ചു. മറ്റെല്ലാ ഉന്നതകുലജാതരായ ജോലികളും മനസിലൂടെ മാർ‍ച്ച്പാസ്റ്റു നടത്തി. പിന്നെ ആ കോളം ഒഴിച്ചിടാനാവാത്തതിനാൽ‍ പാവം കൃഷിക്കാരനെ മറന്ന് ബിസിനസ്മാൻ എന്ന് പൂരിപ്പിച്ചു. നിധിയുടെ ബലത്തിൽ‍ വീട് പുതുക്കി പണിതപ്പോൾ‍ പഴയ വീടിനെയും വീട്ടുകാരെയും മാത്രമല്ല വീട്ടുപേരു പോലും മറന്നു പോയി. അല്ലെങ്കിലും അങ്ങനെ ഓർ‍ക്കാൻ കൊള്ളാവുന്നൊരു വീട്ടുപേരൊന്നുമായിരുന്നില്ല ഉണ്ടായിരുന്നത്. പുതുക്കിയ ഇംഗ്ലീഷ് ചുവയുള്ള പേരിൽ‍ ഒരു ഗമയൊക്കെ സ്വയം കണ്ടെത്തി.

മുന്‍പൊക്കെ കള്ളന്മാർ‍ പാത്തും പേടിച്ചുമൊക്കെയാണ്‍ മോഷ്‌ടിക്കാൻ വന്നിരുന്നത്. ഇന്നത്തെ കാലത്ത് ഇവറ്റകൾ‍ക്കൊന്നും ഒരു പേടിയുമില്ല. എന്തെന്തിലും സന്പാദ്യമുള്ളവരൊക്കെ പേടിക്കേണ്ട അവസ്ഥയാണിന്നുള്ളത്. വലിയ മതിലും ഉറപ്പുള്ള ഗെയിറ്റുമൊക്കെ വേഗത്തിൽ‍ പണികഴിപ്പിച്ചെങ്കിലും പേടിയകറ്റാനായില്ല. കണ്ണടച്ചാൽ‍ മോഷ്‌ടിക്കാൻ വരുന്ന കള്ളന്റെ രൂപമാണ്‍ മനസിൽ‍ തെളിയുന്നത്. കള്ളനെത്തന്നെ നിനച്ചിരുന്നതു കൊണ്ടാകാം ആ രാത്രിയിൽ‍ വീട്ടിൽ‍ കള്ളൻ കയറിയത്. 

ജീവിത വിജയം നേടാനായി എപ്പോഴാണ്‍ വാൽ‍ ആട്ടേണ്ടതെന്നും ആരുടെ കാലാണ്‍ നക്കേണ്ടതെന്നും എല്ലാ നായിക്കൾ‍ക്കും അറിയാം. എന്നാൽ‍ ജീവൻ നിലനിർ‍ത്താനായി ഒരു കള്ളന്റെ കാലു പിടിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ആലോചിക്കുവാൻ പോലും ആകുന്നില്ല. കള്ളന്റെ കൈയിലെ വെട്ടിത്തിളങ്ങുന്ന കത്തിയുടെ മൂർ‍ച്ചയ്‌ക്കു മുന്‍പിൽ‍ നിൽ‍ക്കുന്പോഴാണ്‍ ജീവിതത്തിൽ‍ ഏറ്റവും വിലപ്പെട്ടത് ജീവനാണെന്ന തിരിച്ചറിവുണ്ടായത്. ശക്തിയും പണവും സന്പാദ്യവുമൊക്കെ ജീവന്റെ വിലയ്‌ക്ക് പകരമാകില്ലെന്നറിഞ്ഞു.

“എന്നെ ഒന്നും ചെയ്യല്ലേ, ഞാനെന്തു വേണേലും ചെയ്യാം” എന്നു പറഞ്ഞ് കെഞ്ചി. വെറുമൊരു കള്ളന്റെ മുന്‍പിൽ‍ സർ‍വ്വപാപങ്ങളും ഏറ്റു പറഞ്ഞ് കുന്പസരിച്ചു. വേണമെങ്കിൽ‍ ഈ ജീവിതകാലം മുഴുവൻ നിനക്കുവേണ്ടി ജീവിക്കാം എന്നൊക്കെ ഗതികേടു കൊണ്ട് പറഞ്ഞു നോക്കി. കള്ളൻ വന്നത് മോഷ്‌ടിക്കാൻ‍ മാത്രമാണ്‍. വലിയ ഇരുന്പലമാരയിൽ‍ സൂക്ഷിച്ചിരുന്ന നിധിയൊക്കെ കത്തി മുനയിൽ‍ നിർ‍ത്തി തൂത്തു വാരിയെടുത്തു കൊണ്ടു പോയി. കള്ളന്റെ കൂടെ അയാളുടെ ഭാര്യയും ഇറങ്ങിപ്പോയെന്ന് പറഞ്ഞാൽ നിങ്ങൾ‍ പറയും അതൊരു വെറും കള്ളനായിരുന്നില്ലെന്ന്. നിധി മോഷ്‌ടിച്ചു കൊണ്ട് പോകുന്ന കള്ളന്റെയൊപ്പം ഏതൊരു പെണ്ണിന്റെയും മനസുപോകുമെന്ന് ആർ‍ക്കാണറിയാത്തത്. പെട്ടെന്നൊരു ദിനം കിട്ടിയ സൗഭാഗ്യങ്ങളൊക്കെ വേഗത്തിൽ‍ നഷ്‌ടപ്പെട്ടതിൽ‍ ഹൃദയം നൊന്തവൾ‍ ശൂന്യതയിൽ‍ ലയിച്ചുവെന്ന് പറയാനാണ്‍ അയാൾ‍ക്കിഷ്‌ടം. ജീവിതയാത്രയിൽ‍ എല്ലാവരും ഏകരാണ്‍, ഈ ഭൂമിയിലേക്ക് വരുന്പോൾ‍ ആരും ഒന്നും കൊണ്ടു വരുന്നില്ല, പോകുന്പോൾ‍ ആർ‍ക്കും ഒന്നും കൊണ്ടു പോകാനുമാവില്ല എന്ന വേദാന്തം നമുക്ക് അയാളിൽ‍ നിന്നും പഠിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed