നാ­ടക കു­ലപതി­യ്‌ക്ക് പ്രണാ‍­‍മം...


ലോക നാടകവേദിയിൽ‍ കേരളത്തിന്റെ ശബ്ദം കേൾ‍പ്പിച്ച നാടക പ്രതിഭ കാവാലം നാരായണപണിക്കർ‍ 2016 ജൂൺ 26ന്‍ തന്റെ 88ാം വയസിൽ‍ അരങ്ങൊഴിഞ്ഞു. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു അദ്ദേഹം. നാടകകൃത്ത്,  കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ‍‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച അദ്ദേഹത്തിന്റെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. 

നന്നെ ചെറുപ്പത്തിൽ‍ തന്നെ കവിതയെഴുതുമായിരുന്ന പണിക്കരുടെ പ്രചോദന കേന്ദ്രം സ്വന്തം അമ്മാവൻ സർ‍ദാർ‍ കെ.എം പണിക്കരായിരുന്നു. ഗ്രാമ്യോക്തികളാൽ‍ അലംകൃതമായിരുന്നു പണിക്കരുടെ കവിതകൾ‍. കേരളത്തിന്റെ പൗരാണിക കലകളെയും നാടൻ കലകളെയും കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിന്റെ ആകർ‍ഷണവലയത്തിൽ‍ പെട്ട് 1964 മുതൽ‍ക്കാണ് അദ്ദേഹം നാടകരംഗത്തേക്ക് പ്രവേശിക്കുന്നത്. കേരളത്തിന്റെ ക്ലാസിക്, നാടോടി കലകൾ‍ നാടകവുമായി സംയോജിപ്പിച്ച് മലയാളത്തിന്റെ തനത് നാടകവേദി രൂപപ്പെടുത്തിയതിൽ‍ വലിയ പങ്കുവഹിച്ചു. കാവാലം എഴുതി അരവിന്ദൻ സംവിധാനം ചെയ്ത അവനവൻ കടന്പ മലയാള നാടകചരിത്രത്തിലെ നാഴികകല്ലായി.

നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടും കൂടി പാരന്പര്യ നാടക വേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണ രീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

മലയാള നാടകത്തിലെ തനത് സംസ്കാരത്തിന്റെ കുലപതി, ഭാരതീയ രംഗവേദിയിൽ‍ കേരളത്തിന്റെ അഭിമാനം, ലോക അരങ്ങിൽ‍ ഭാരതത്തിന്റെ കൊടിയടയാളം. മലയാള സമൂഹത്തിന്റെയാകെ ആദരമാർ‍ജിച്ച ആ ഗുരുവര്യൻ‍, കവിയും ഗാനരചയിതാവും സോപാന സംഗീത പണ്ധിതനും ഗവേഷകനുമൊക്കെയായി അടയാളമിട്ടു. കാലദേശങ്ങളുമായി കണ്ണിചേർ‍ന്ന ജീവിതത്തിന്റെ ആത്മാംശം കണ്ടെത്തുന്ന രചനകൾ‍. പ്രകൃതിയും മനുഷ്യനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ആഴം തേടുന്ന ദൃശ്യഭാഷകൊണ്ടതിന് പൊലിമ പകർ‍ന്നു. അത്തരമൊരു ആവിഷ്കരണമാണ് കാവാലം നാരായണ പണിക്കരെ നാടകവേദിയിൽ‍ അനന്യനാക്കിയത്.

സാക്ഷി (1968), തിരുവാഴിത്താൻ (1969), ജാബാലാ സത്യകാമൻ (1970), ദൈവത്താർ (1976), അവനവൻ കടന്പ (1978), നാടകചക്രം (1979), കരിംകുട്ടി (1985) അഗ്നിവർ‍ണന്റെ കാലുകൾ‍, ഒറ്റയാൻ‍, മാറാട്ടം, തെയ്യത്തെയ്യം തുടങ്ങിയവ കാവാലത്തിന്റെ പ്രശസ്തമായ നാടകങ്ങളാണ്‍. മഹാകവി വ്യാസന്റെ മധ്യമവ്യായോഗം, കർ‍ണഭാരം, ഊരുഭംഗം, ദൂതവാക്യം, സ്വപ്നവാസവദത്തം, കാളിദാസന്റെ ശാകുന്തളം, വിക്രമോർ‍വശീയം എന്നീ സംസ്കൃതനാടകങ്ങൾ‍ സംവിധാനം ചെയ്ത് ഇന്ത്യയിലും വിദേശത്തും അവതരിപ്പിച്ചു. 

ഭഗവദജ്ജുകം (ബോധായനന്റെ സംസ്കൃത നാടകത്തിന്റെ വിവർത്തനം), മത്തവിലാസം (മഹേന്ദ്ര വിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം), ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം), ഒരു മദ്ധ്യവേനൽ രാക്കനവ് (ഷേക്സ്പിയർ നാടകം), കൊടുങ്കാറ്റ് (ഷേക്സ്പിയർ നാടകം), തുടങ്ങിയവ ചില പ്രമുഖ നാടക വിവർ‍ത്തനങ്ങളാണ്‍. കൈക്കുറ്റപ്പാട് (1993), ഒറ്റയാൻ (1980) എന്നിവ അദ്ദേഹത്തിന്റെ ഏകാങ്കങ്ങളുടെ സമാഹാരമാണ്. 

നാടകസംവിധാനത്തിന് ദേശീയ പുരസ്കാരം, 2002ൽ‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, നന്ദികാർ‍ അവാർ‍ഡ്, മധ്യപ്രദേശ് സർ‍ക്കാരിന്റെ കാളിദാസ സമ്മാൻ‍, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2014), പത്മഭൂഷൺ (2007), വള്ളത്തോൾ പുരസ്കാരം (2009) തുടങ്ങി അനേകം പുരസ്‌കാരങ്ങൾ‍ ലഭിച്ചിട്ടുണ്ട്. 1978ൽ‍ വാടകയ്ക്കൊരു ഹൃദയം, 1982ൽ‍ മർ‍മരം എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് സംസ്ഥാന സർ‍ക്കാരിന്റെ അവാർ‍ഡുകളും ലഭിച്ചു. 

ഒരു പുരുഷായുസിൽ‍ നൽ‍കാവുന്നത്രയും സമ്മാനിച്ച തനത് സംസ്കാരത്തിന്റെ ഈ കളിയാശാൻ വരും തലമുറയ്ക്കുള്ള വഴിവിളക്കാണ്. അപൂർ‍വ ശോഭയോടെ പ്രകാശിക്കുന്ന കെടാവിളക്ക്. കേരള സംഗീതനാടക അക്കാദമി ചെയർ‍മാൻ‍, കേന്ദ്ര സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, നാഷണൽ‍ സ്കൂൾ‍ ഓഫ് ഡ്രാമ ഉപദേശകസമിതി അംഗം എന്നീ നിലകളിൽ‍ പ്രവർ‍ത്തിച്ചു. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. നാടകത്തിന്റെ കുലപതിയ്‌ക്ക് എഴുത്തുപുരയുടെ ആദരാഞ്‌ജലികൾ‍.

You might also like

Most Viewed