ജോസേട്ടൻ പറയുന്ന അത്ഭുതകഥ


സേട്ടൻ ആ സംഭവമൊരു ആത്ഭുതമായാണ്‍ വിവരിക്കാറുള്ളത്. ഇതിൽ‍ രണ്ട് ഗുണപാഠം ഉള്ളതുകൊണ്ടാണ്‍ ഇവിടെക്കുറിക്കുന്നത്. ഒന്ന്, വിമാനയാത്രയ്‌ക്ക് പോകുന്പോൾ‍ പാസ്‌പോർ‍ട്ട് കൂടെക്കരുതാൻ മറക്കരുത്. രണ്ട്, ജീവിതത്തിൽ‍ ആരെയെങ്കിലുമൊക്കെ വിശ്വസിക്കണം. വിമാനത്തിൽ‍ യാത്ര ചെയ്യാൻ അത്യാവശ്യം കൂടെക്കരുതേണ്ടതാണ്‍ പാസ്‌പോർ‍ട്ടും ടിക്കറ്റുമെന്ന് ആർ‍ക്കാണറിയാത്തത്. ജോസേട്ടനും ഭാര്യയും നാട്ടിലേയ്ക്ക് പോകാനായി എയർ‍പോർ‍ട്ടിൽ‍ എത്തിയപ്പോഴാണ്‍ കൈയിൽ‍ പാസ്‌പോർ‍ട്ടും ടിക്കറ്റും ഇല്ലെന്ന സത്യം തിരിച്ചറിഞ്ഞത്. അതൊക്കെയൊരു ചെറിയ ഹാൻഡ്‌ ബാഗിലാക്കി മേശപ്പുറത്തെടുത്തു വെച്ചതാണ്‍. ഇനിയെന്തെങ്കിലും പറഞ്ഞിട്ടോ പരസ്‌പരം കുറ്റപ്പെടുത്തിയിട്ടോ കാര്യമില്ല. ടിക്കറ്റിന്റെ കാര്യത്തിൽ‍ എന്തെങ്കിലും പരിഹാരം കാണാനാവുമെങ്കിലും പാസ്‌പോർ‍ട്ടില്ലാതെ യാതൊരു കാരണവശാലും യാത്ര ചെയ്യാനാവില്ല.

റോഡിൽ‍ ഗതാഗതക്കുരുക്കില്ലെങ്കിൽ‍ ഫ്‌ളാറ്റിലെത്തി പാസ്‌പോർ‍ട്ടും ടിക്കറ്റുമെടുത്ത് തിരികെ വന്ന് യാത്ര ചെയ്യാനുള്ള സമയം ഉണ്ട്. ഭാര്യയെ എയർ‍പോർ‍ട്ടിൽ‍ ഇരുത്തി ഒരു ടാക്‌സിയിൽ‍ വീട്ടിലേയ്ക്ക്‌ പോകാമെന്ന് വിചാരിച്ചെങ്കിലും അവളും കൂടെ വരുന്നെന്ന് പറഞ്ഞു. ടാക്‌സിയിൽ‍ ഒരാൾ‍ കയറിയാലും രണ്ടാൾ‍ കയറിയാലും ഒരേ ചാർ‍ജ്ജായതിനാൽ‍ അയാളിലെ സാന്പത്തിക വിദഗ്‌ദ്ധൻ അതിന്‍ അനുവദിക്കുകയായിരുന്നു. വേഗത്തിൽ‍ വീട്ടിലെത്തിയപ്പോഴാണ്‍ അടുത്ത പ്രശ്‌നം. വീടിന്റെ താക്കോൽ‍ കാണുന്നില്ല. അത് പോക്കറ്റിൽ‍ ഉണ്ടായിരുന്നതാണ്‍. ഉത്തരവാദിത്വങ്ങളുടെ എണ്ണത്തിനനുസരിച്ച് കുറേയധികം താക്കോലുകൾ‍ പല കീച്ചെയിനുകളിലായി പാന്റിന്റെ പോക്കറ്റിൽ‍ എപ്പോഴും സൂക്ഷിക്കാറുള്ളതാണ്‍. വീടു പൂട്ടി എയർ‍പ്പോർ‍ട്ടിലേയ്ക്ക് പോകുന്പോൾ‍ മറ്റെല്ലാ താക്കോലുകളും വീടിനുള്ളിൽ‍ വെച്ചെങ്കിലും പ്രധാനവാതിലിന്റെ താക്കോൽ‍ കണ്ണടച്ചു പാലുകുടിക്കുന്ന പൂച്ചയുടെ പടമുള്ള ലോക്കറ്റിലിട്ട് കൈയ്യിലെടുത്തതാണ്‍. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. വീടിന്റെ പ്രധാനവാതിലിന്‍ നല്ല ഉറപ്പുണ്ടെന്നു മാത്രമല്ല, വിലയും ഉള്ളതാണ്‍. അല്ലെങ്കിൽ‍ അത് തല്ലിപ്പൊളിച്ച് അകത്തുകയറുന്നതിനേക്കുറിച്ച് ആലോചിക്കാമായിരുന്നു. 

ഫ്‌ളാറ്റിന്റെ ഒരു സ്‌പെയർ‍ താക്കോൽ‍ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൈയിൽ‍ കൊടുക്കേണ്ടത് ആവശ്യമാണെന്ന് അറിയാഞ്ഞിട്ടല്ല. വിശ്വസിക്കാൻ കൊള്ളാവുന്ന ആരെയും ഇതുവരെയും കണ്ടെത്താനായില്ല. മുട്ടലിന്റെയും തട്ടലിന്റെയുമൊക്കെ ശബ്‌ദം കേട്ടു വന്ന അടുത്ത ഫ്‌ളാറ്റുകാരുടെയൊക്കെ താക്കോലുകൊണ്ട് വാതിൽ‍ തുറക്കാൻ‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബിൽ‍ഡിങ്ങിന്റെ വാച്ചുമാനൊരു കള്ളലക്ഷണം ഉണ്ടായിരുന്നതിനാൽ‍ അയാളോട് വലിയ ലോഹ്യത്തിനൊന്നും പോയിരുന്നില്ല. എങ്കിലും ആവശ്യം വന്നപ്പോൾ‍ അയാളുടെയും സഹായം തേടേണ്ടി വന്നു. പ്രധാനവാതിലിന്റെ ഡ്യൂപ്ലിക്കേറ്റ് ചാവി മെയിൻ‍‌ ഓഫീസിന്റെ ലോക്കറിലുണ്ടെങ്കിലും ഇന്ന് ഓഫീസ് അവധിയായതിനാൽ‍ മാനേജറെ കണ്ട് പെർ‍മിഷൻ‍ വാങ്ങി അത് വാങ്ങിക്കൊണ്ടുവരാൻ സമയമെടുക്കും. വാച്ചുമാന്റെ പക്കൽ‍ ഉണ്ടായിരുന്ന ഒരുകെട്ട് താക്കോലുകൾ‍ ഓരോന്നായി ഉപയോഗിച്ച് വാതിൽ‍ തുറക്കാൻ‍ പാഴ്‌ശ്രമം നടത്തി. എയർ‍പ്പോർ‍ട്ടിലെത്തേണ്ട അവസാന നിമിഷം അടുത്തുവരും തോറും ടെൻഷൻ‍ കൂടി വന്നു. ലോക്കുകൾ‍ ശരിയാക്കുന്ന കന്പനിക്കാരെ വിളിച്ചു കൊണ്ടു വരാൻ സമയമെടുക്കും. 

നഷ്ടപ്പെട്ട താക്കോലിനെയോർ‍ത്ത് മനസ് വ്യാകുലപ്പെട്ടു.  ഒരു ഡ്യൂപ്ലിക്കേറ്റ്‌ ചാവി ആരുടെയെങ്കിലും കൈയിൽ‍ കൊടുക്കാതിരുന്നതിനെയോർ‍ത്ത് ദുഃഖിച്ചു. നാട്ടിൽ‍ പോകുന്പോഴെങ്കിലും താക്കോൽ‍ അടുത്ത ഫ്‌ളാറ്റിൽ‍ കൊടുക്കാൻ‍ ഭാര്യ പറഞ്ഞതാണ്‍. സ്വന്തം ഭാര്യയെ വിശ്വാസമില്ലാത്തയൊരാൾ‍ എങ്ങനെ അടുത്ത ഫ്‌ളാറ്റുകാരെ വിശ്വസിക്കുമെന്ന് അവളുതന്നെയാണ്‍ തമാശയായി കളിയാക്കിയത്. 

ഇനിയും താമസിച്ചാൽ‍ തങ്ങൾ‍ക്ക് യാത്ര ചെയ്യാനാവില്ല എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ‍ നീങ്ങുന്നതിന്‍ തൊട്ടു മുന്‍പാണ് ചുറ്റും സുഗന്ധം പരത്തി ഒരു ദൈവദൂതനേപ്പോലെ അയാൾ‍ കടന്നു വന്നത്. അവരുടെ മനസ്സിന്റെ പ്രാർ‍ത്ഥനകേട്ട് ദൈവം സ്വർ‍ഗ്ഗത്തിൽ‍ നിന്നും ഒരു ദൂതനെ താക്കോലുമായി അയച്ചിരിക്കുന്നു. ദൂതന്റെ മുഖത്ത് ചെറുപുഞ്ചിരിയും ചുറ്റും പ്രഭാവലയവും ഉണ്ടായിരുന്നു. ഭയഭക്തി ബഹുമാ‍‍ന പുരസരം നോക്കി നിൽ‍ക്കുന്പോൾ‍ ദൂതൻ വന്ന് തന്റെ കൈയ്യിലുണ്ടായിരുന്ന താക്കോലു കൊണ്ട് വാതിൽ‍ തുറന്നു. ജോസേട്ടൻ വേഗത്തിൽ‍ ഉള്ളിൽ‍ കയറി മേശപ്പുറത്ത് എടുത്തുവെച്ചിരുന്ന ബാഗ് തുറന്ന് പരിശോധിച്ചു, അതിനുള്ളിൽ‍ എല്ലാം ഭദ്രമായുണ്ടായിരുന്നു. ബാഗ് എടുത്ത് പുറത്തിറങ്ങും വരെ ദൂതൻ‍ അവർ‍ക്കായി കാത്തു നിന്നു. അവർ‍ പുറത്തിറങ്ങിയ ശേഷം ഒന്നും പറയാതെ വാതിലടച്ച് താക്കോലുമായി ദൂതൻ‍ ആകാശത്തേയ്ക്ക് പറന്നു പോയേന്നാണ്‍ ജോസേട്ടൻ പറയുന്നത്. നടന്നതൊക്കെ ഒരു സ്വപ്‌നമാണെന്ന് വിശ്വസിക്കാനാണ് ഭാര്യയ്‌ക്കിഷ്ടം. കാത്തു നിന്ന ടാക്‌സിയിൽ‍ തന്നെ എയർ‍പോർ‍ട്ടിലെത്തി അതേ വിമാനത്തിൽ‍ യാത്ര ചെയ്യാനായി.

അത്ഭുതങ്ങളിലൊക്കെ വിശ്വാസമുണ്ടായിരുന്ന ജോസേട്ടൻ ഈ സംഭവം പലരോടും അഭിമാനത്തോടെ പറയാറുണ്ട്. പെട്ടിക്കടിയിൽ‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഭാര്യയുടെ പഴയ ഡയറിയിൽ‍ നിന്നും നിറം മങ്ങിത്തുടങ്ങിയ ദൈവദൂതന്റെ ഫോട്ടോ കണ്ടെടുക്കും വരെ ഈ ആത്ഭുതകഥ ജോസേട്ടൻ എല്ലാവരോടും പറഞ്ഞുകൊണ്ടേയിരിക്കും.

You might also like

Most Viewed