മുഖമില്ലാത്തവർ‍...


മാധവനും മല്ലികയും ഒരു പഴയ കഥയിലെ വലിയ മരത്തിന്റെ തണലിൽ‍ ഇരിക്കുകയായിരുന്നു. മാധവൻ‍ മല്ലികയുടെ കൈപിടിച്ച് എന്തൊക്കയോ വർ‍ത്തമാനങ്ങൾ‍ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓർ‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം. ഇന്നലെയുടെ അടിമകളായ നാമൊക്കെ നാളെയ്‌ക്കായ് ഭയത്തോടെ കാത്തിരിക്കുന്നു. സുന്ദരമാക്കേണ്ട ഇന്നുകളെ ഭാവിയും ഭൂതവും ചേർ‍ന്ന് ഞെരിച്ചില്ലാതാക്കുന്നു എന്നതാണ്‍ സത്യം. ഇന്നിൽ‍ ജീവിക്കാൻ‍ മറന്നു പോകുന്ന പാവം മനുഷ്യജന്മങ്ങൾ‍. 

ഒന്നുറപ്പാണ്‍ മാധവനും മല്ലികയും മാലോകരെപ്പോലെ വർ‍ത്തമാനകാലത്തിൽ‍ ജീവിക്കുന്നവരല്ല. അവർ‍ തമ്മിൽ‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കിൽ‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാൻ‍ സാധ്യതയുള്ള ഒരു വെറും സൗഹൃദം, നിർ‍വചനങ്ങളിൽ‍ തളയ്‌ക്കാനാവാത്ത ഒരു നല്ല ആൺ-പെൺ‍ സൗഹൃദം. അവരെ അങ്ങനെ വിട്ടാൽ‍ പറ്റില്ല. അസൂയ മൂത്ത ഞാനൊരു കരടിയുടെ മുഖം‌മൂടിയണിഞ്ഞ് അവരുടെ മുന്‍പിലേയ്ക്ക് ചാടി വീണു. അവർ‍ പേടിച്ചു നിലവിളിച്ചു. മരംകേറി മാധവൻ‍ ഒറ്റച്ചാട്ടത്തിന്‍ മരത്തിന്റെ കൊന്പിൽ‍ കയറി. മല്ലിക എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു. പെൺ‍കുട്ടിയായതിനാൽ‍ മരത്തിൽ‍ കയറാൻ‍ പാടില്ല പോലും. 

മല്ലിക ചത്തതുപോലെ തറയിൽ‍ മലർ‍ന്നു കിടന്നു. കരടി അടുത്തു ചെന്ന് മണത്തു നോക്കി. അവളിൽ‍ നിന്നും മുല്ലപ്പൂവിന്റെ മണമല്ലാതെ ശവത്തിന്റെ ഗന്ധമൊന്നും ഉയരുന്നില്ല. മല്ലിക ശ്വാസം പിടിച്ച് കിടക്കാൻ‍ നന്നേ പണിപ്പെടുന്നുണ്ട്. പേടിച്ചരണ്ട പൂമേനിയുടെ വിറയൽ‍ കാണാലും നല്ല ചേലുണ്ട്. കരടി മല്ലികയുടെ ചെവിയിൽ‍ പറഞ്ഞു. “ ആപത്തിൽ‍ സഹായിക്കുന്നവനാണ്‍ യഥാർ‍ത്ഥ കൂട്ടുകാരൻ‍. മാധവനെ വിശ്വസിക്കാൻ‍ കൊള്ളില്ല. അവൻ‍ നിന്നെ ഉപേക്ഷിച്ച് സ്വയം രക്ഷപെട്ടതു കണ്ടില്ലേ. നീ എന്റെ കൂടെപ്പോരു ഞാൻ‍ നിന്നെ പൊന്നു പോലെ നോക്കാം.”

വിളി കേൾ‍ക്കേണ്ട താമസം അവളെന്റെ തോളിൽ‍ ചാടിക്കയറി. മല്ലികയേയും ചുമലിലേറ്റി കടൽ‍ക്കരയിലേയ്ക്ക് പോയി. പെൺ‍കുട്ടികൾ‍ പുതിയ സാഹചര്യങ്ങളോട് വേഗത്തിൽ‍ ഇണങ്ങും. ഞാൻ‍ മുഖത്ത് നിന്നും കരടിരൂപം അഴിച്ചെടുത്ത് കടലിലേയ്ക്ക് വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിച്ചു. ഇതുവരെ പേടിച്ചിരുന്ന മല്ലികയ്‌ക്കും ചിരിയടക്കാനായില്ല. അവളുടെ മുഖത്തെ പേടി മാറി ചിരിയുദിച്ചപ്പോൾ‍ കടലിലെ തിരമാലകൾ‍ പോലും ശാന്തമായി. ഇക്കിളിയിട്ടവളെ കൂടുതൽ‍ ചിരിപ്പിക്കാൻ‍ ശ്രമിച്ചു. കളിവീടുണ്ടാക്കി, തിരകളെണ്ണി, കപ്പലണ്ടി കൊറിച്ചു. കടലിലേയ്ക്ക് ഉരുളൻ‍ കല്ലെറിഞ്ഞ് കളിച്ചു. സമയമായപ്പോൾ‍ കടൽ‍ക്കരയിൽ‍ നല്ല നിലാവുദിച്ചു. മല്ലിക എന്റെ മടിയിൽ‍ തലചായിച്ച് സ്വപ്‌നലോകത്തേയ്ക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു. ഞാൻ‍ അവളുടെ അഴകാർ‍ന്ന തലമുടിയിൽ‍ വിരലോടിച്ച് കള്ളക്കഥകൾ‍ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. അവൾ‍ ഒന്നും ശ്രദ്ധിക്കുന്നില്ലായിരുന്നെങ്കിലും എല്ലാം കേൾ‍ക്കുന്നതു പോലെ മൂളിയഭിനയിച്ചതെനിക്ക് കൂടുതൽ‍ കഥ പറയാൻ‍ പ്രേരണയായി.

പെട്ടെന്ന് നാല് വില്ലന്മാർ‍ ഞങ്ങളുടെ മുന്‍പിൽ‍ ചാടി വീണു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസിലായത് അവർ‍ മുഖമില്ലാത്തവരായിരുന്നു. ഞാനും മല്ലികയും കേട്ടു പഠിച്ച കഥയിലേതു പോലെ ശ്വാസം പിടിച്ച് മരിച്ചതു പോലെ തറയിൽ‍ കിടന്നു. മുഖമില്ലാത്തവർ‍ നാലുപേരും ചേർ‍ന്ന് എന്റെ പെണ്ണിനെ പൊക്കിയെടുത്തു. ഞാൻ മരിച്ചവനെപ്പോലെ അഭിനയിക്കുകയായതിനാൽ‍ എനിക്ക് നിലവിളിക്കാൻ‍ ആവാതെപോയി. ഒരു മുഖമില്ലാത്തവൻ‍ അവളുടെ ഹാൻ‍ഡ്‌ബാഗിനുള്ളിലുള്ളതൊക്കെയെടുത്ത് കാലി ബാഗ്‌ എന്റെ നേരെ വലിച്ചെറിഞ്ഞു. 

ദുഷ്ടന്മാർ‍ മല്ലികയേയും കൊണ്ടുപോവുകയാണ്‍. മുഖമില്ലാത്തവർ‍ കാട്ടാളന്മാരാണ്‍, കാടത്തം കാണിക്കാൻ‍ മടിയില്ലാത്തവർ‍. മുഖമില്ലാത്തവർ‍ക്കും അമ്മ പെങ്ങന്മാരില്ലേ? ഈ മുഖംമൂടികളെന്റെ മല്ലികയെ പിച്ചിച്ചീന്തുമെന്നുറപ്പാണ്‍. എങ്കിലും എനിക്കൊന്നും ചെയ്യാ‍‍നാവില്ല. ഞാൻ‍ മരിച്ചവനായി അഭിനയിക്കുകയാണ്‍. ശ്വാസമെടുക്കുന്നതു പോലും ആരുമറിയാതെ വേണം. പിന്നെങ്ങനെ നിലവിളിക്കും, പിന്നെങ്ങനെ പ്രതികരിക്കും.

അവർ‍ കാഴ്‌ചയിൽ‍ നിന്നും മറഞ്ഞപ്പോൾ‍ ഞാനെഴുന്നേറ്റ് ജീവനും കൊണ്ട് വീട്ടിലേക്കോടി. അവർ‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയായ ഹാൻ‍ഡ് ബാഗെടുക്കാൻ‍ മറന്നില്ല. ഓർ‍മ്മകളുറങ്ങുന്ന ബാഗ്‌ മനസിൽ‍ നൊന്പരം വിതറി. ലഭിക്കുന്ന സമ്മാനങ്ങൾ‍ നമ്മുടെ വളർ‍ച്ചയെ സ്വാധീനിക്കുമല്ലോ എന്നോർ‍ത്ത് ഹാൻ‍ഡ് ബാഗ് എന്റെ സഹോദരിയ്‌ക്ക് സമ്മാനമായി കൊടുത്തു. 

 

നടന്നതൊക്കെ സ്വപ്‌നമാണെന്ന് വിശ്വസിക്കാൻ‍ ശ്രമിച്ചു. പിന്നെ വെറുതെ കണ്ണാടിയിലേക്ക് നോക്കി. വിശ്വസിക്കാനായില്ല. എനിക്കും മുഖം ഉണ്ടായിരുന്നില്ല. അതുണ്ടാകേണ്ടിയിരുന്നയിടത്ത് വെറും ശൂന്യത മാത്രം. കരടിയുടെ മുഖം മൂടി കടലിൽ‍ വലിച്ചെറിഞ്ഞപ്പോൾ‍ അറിയാതെ മുഖവും കൈവിട്ടു പോയതാകും. അല്ലെങ്കിൽ‍ ഇത് കണ്ണാടിയുടെ കുഴപ്പമാകും. ഈ കണ്ണാടി മുഖം നോക്കാൻ‍ കൊള്ളുകയില്ല. കണ്ണാടി വലിയ ശബ്ദത്തോടെ എറിഞ്ഞുടച്ചു. കണ്ണാടി പൊട്ടിച്ചിതറുന്ന സ്വരത്തിൽ‍ ആരാണ്‍ എന്നെ കളിയാക്കി ചിരിച്ചതെന്നറിയാൻ‍ ഞാൻ‍ ചുറ്റും നോക്കി.

You might also like

Most Viewed