കടലെടുത്ത മരുന്നുശാല...


ശരീരവും മനസ്സുമൊക്കെ ആരോഗ്യത്തോടെ പരിപാലിക്കാൻ എല്ലാവർ‍ക്കും ആഗ്രഹമുണ്ടാകും. ആരോഗ്യം നഷ്ടപ്പെടുത്തി മറ്റെന്തൊക്കെ നേടിയാലും ഒരു പ്രയോജനവുമില്ല. എത്ര സൂക്ഷിച്ചാലും ഉള്ളിൽ‍ കയറാനായി പടിവാതിൽ‍ക്കൽ‍ മുട്ടിവിളിച്ച് കാത്തു നിൽ‍ക്കുന്നതെത്ര വിരുന്നുകാരാണെന്നറിയാമോ? കേട്ടറിവു പോലുമില്ലാത്ത പുതിയ രോഗങ്ങളാണ്‍ അധികവും. ചൂടുകാലമായാലും മഴക്കാലമായാലും മരുന്നുകടക്കാരന് കൊയ്‌ത്താണ്‍. കന്പനിയിൽ‍ നിന്നും ലോറിക്കണക്കിന്‍ ഇറക്കിവെയ്‌ക്കുന്ന മരുന്നുകളൊക്കെ ചൂടപ്പം പോലെ തീർ‍ന്നു കിട്ടും. അടുത്ത ആശുപത്രികളിലെ ഡോക്ടർ‍ന്മാരുടെ സഹായവും നിർ‍ലോഭം ലഭിക്കുന്നുണ്ട്. അവിടുത്തെ ഡോക്ടർ‍മാരെ കാണേണ്ടതുപോലെ കാണുന്നതു കൊണ്ട്, ഈ ഫാർ‍മസിയിൽ‍ മാത്രം ലഭിക്കുന്ന, നല്ല ലാഭമുള്ള മരുന്നുകൾ‍ മാത്രമേ അവിടുത്തെ ഡോക്‌ടർ‍മാർ‍ എഴുതുകയുള്ളൂ. 

തന്റെ മരുന്നുകടയുടെ ശീതീകരിച്ച അകത്തേമുറിയിൽ‍‌ത്തന്നെ ഇരിക്കുകയാണെങ്കിൽ‍ കുഴപ്പമില്ല. പക്ഷേ എപ്പോഴും അങ്ങനെ ഇരിക്കാൻ പറ്റുകയില്ലല്ലോ. ചില സമയങ്ങൾ‍ പുറത്തുറങ്ങേണ്ടി വരും. പൊടിപടലങ്ങൾ‍ നിറഞ്ഞ ചൂട് കാറ്റാണ്‍ സഹിക്കാൻ വയ്യാത്തത്. അങ്ങനെ ഒഴിവാക്കാൻ‍ പറ്റാത്ത ഒരു അവസരത്തിൽ‍ പുറത്തിറങ്ങി തിരികെ വന്നപ്പോഴാണ്‍ ചൊറിച്ചിൽ തുടങ്ങിയത്. ഇടതു കൈവിരലുകളിൽ‍ തൂടങ്ങിയത് വലതു കൈകൊണ്ട് ചൊറിഞ്ഞു. പിന്നീട് വലതുകൈ ചൊറിഞ്ഞത് ഇടതു കൈകൊണ്ടും. ക്രമേണ ചൊറിച്ചിൽ‍ ശരീരം മുഴുവൻ വ്യാപിച്ചു. ചൊറിഞ്ഞയിടങ്ങളൊക്കെ തിണിർ‍ത്തുവന്നു. ചൊറിയാനായി രണ്ടു കൈകൾ‍ പോരെന്നു തോന്നി.

കടയിലുണ്ടായിരുന്ന അലർ‍ജിയുടെ മരുന്നെടുത്ത് പുറമേ പുരട്ടുകയും അകമേ കഴിക്കുകയും ചെയ്‌തെങ്കിലും ഫലിച്ചില്ല. ഭയത്തൊടെ കണ്ണാടിയിൽ‍ നോക്കി താനെത്ര വിരൂപനായിരിക്കുന്നുവെന്ന് സ്വയം ബോധ്യപ്പെടുത്തി. ഒരു ചെറിയ ചൊറിച്ചിൽ‍ മതിയാകും മനുഷ്യന്റെ അവസ്ഥകളെ മാറ്റി മറിക്കുവാൻ‍. എന്തായാലും ഈ വികൃതരൂപത്തിൽ‍ വീട്ടിലേയ്ക്ക് പോകുന്നില്ലെന്നുറച്ചു. പരിചയക്കാരായ ചില ഡോക്ടർ‍‌മാരെ പലപ്രാവശ്യം വിളിച്ചിട്ടാണൊന്ന് സംസാരിക്കാൻ‍ പറ്റിയത്. രോഗങ്ങളും രോഗികളും കൂടുന്പോൾ‍ എല്ലാവരും തിരക്കിലായിപ്പോകും. മരുന്നുകടക്കാരനും ഡോക്ടർ‍ക്കുമൊന്നും അസുഖം വരുന്നൊരവസ്ഥയെക്കുറിച്ച് അവരുപോലും ആലോചിക്കുന്നുണ്ടാവില്ല. ഡോക്‌ടറോട് രോഗലക്ഷണം പറഞ്ഞ് ഏതു മരുന്ന് കഴിക്കണമെന്ന് ചോദിച്ചപ്പോൾ‍ തന്റെ ഫാർ‍മസിയിലുള്ള ചിലമരുന്നുകളുടെ പേരുകൾ‍ തന്നെ പറഞ്ഞവർ‍ ചിരിച്ചു. പറയത്തക്ക പ്രയോജനമില്ലാത്ത ധാ‍‍രാളം പാർ‍ശ്വഫലങ്ങളുള്ള മരുന്നാണ്‍ അതൊക്കെയെന്ന് അവർ‍ ഇരുവർ‍ക്കുമറിയാം.  

മരുന്നുശാലക്കാരൻ അസുഖം വന്നെന്ന് ജനങ്ങളറിഞ്ഞാൽ‍ അത് മരുന്നു വിൽ‍പ്പനയെ ബാധിക്കും, എങ്കിലും രണ്ട് ദിവസം ഫാർ‍‌മസി തുറക്കാതെ അതിനുള്ളിലിരുന്നു ചൊറിഞ്ഞു. കുറുന്തോട്ടിക്ക് വാതം വന്നകാര്യം പറയാതെ വീട്ടുകാരോട് ജോലിത്തിരക്ക് മാത്രം കാരണമായി പറഞ്ഞു. ആ രാത്രിയിൽ‍ മരുന്നുശാലയിൽ‍ തന്നെ ഉണ്ടായിരുന്നതിനാൽ‍ ഒരു പ്രയോജനം ഉണ്ടായി. മുന്‍പ് പലപ്പോഴും അവിടെ കയറിയിട്ടുള്ള ഒരു പെരുംകള്ളനെ കൈയോടെ പിടികൂടാനായി. പിടിക്കപ്പെട്ടെങ്കിലും മരുന്നുശാലക്കാരന്റെ ദയനീയ അവസ്ഥകണ്ട് കള്ളനുപോലും സങ്കടം തോന്നി. മനസ്സറിഞ്ഞ് അരികിലിരുന്ന് കുറേ നേരം ചൊറിഞ്ഞു കൊടുത്തിട്ടാണ്‍ കള്ളൻ പോയത്. പോകും മുന്‍പേ ഈ ചൊറിച്ചിലുമാറാനുള്ള വഴിയും രഹസ്യമായി പറഞ്ഞു കൊടുത്തു. അടുത്ത പട്ടണത്തിലൂടെ ഒഴുകുന്ന നദിയിൽ‍ പോയി മുങ്ങിക്കുളിച്ചാൽ‍ ചൊറിച്ചിൽ‍‌ മാറിക്കിട്ടുമെന്ന് കള്ളൻ പറഞ്ഞു. പണപ്പെട്ടിയുടെ താക്കോൽ‍ കള്ളന്റെ കൈയിൽ‍ കൊടുത്ത് നിനക്ക് വേണ്ടതെടുത്തോയെന്ന് പറഞ്ഞിട്ടും അവനൊന്നും എടുക്കാതെയാണ്‍ പോയത്. ജോലി ചെയ്യാതെ വെറുതെ കിട്ടുന്നത് സ്വീകരിക്കാൻ അവനിലെ കള്ളനുപോലും മനസ്സില്ലായിരുന്നിരിക്കും. 

കള്ളൻ പോയിക്കഴിഞ്ഞുള്ള സമയവും മരുന്നുകടക്കാരൻ‍ ഇരുകൈകൾ‍ക്കൊണ്ടും ചൊറിഞ്ഞ് ഉറങ്ങാതെ നേരം വെളുപ്പിച്ചു. നേരം പരപരാ വെളുത്തപ്പോഴേയ്ക്കും വാഹനം സ്വയം ഓടിച്ച് അടുത്ത പട്ടണത്തിലെ നദിക്കരയിലെത്തി. അവിടെ വലിയ ആൾ‍ത്തിരക്കായിരുന്നു. ചൊറിച്ചിൽ‍ മാറാനുള്ള രഹസ്യം അവരോടൊക്കെ ഏതൊക്കയോ കള്ളന്മാരാണ്‍ പറഞ്ഞത്. ആരും ആരോടും പറഞ്ഞില്ലെങ്കിലും താൻ‍ മാത്രമല്ല തന്റെ പരിചയത്തിലുള്ള ധാരാളം ആളുകൾ‍ ചൊറിച്ചിലുമായി അവിടെയെത്തിയിരുന്നു. തന്റെ ഭാര്യയും മക്കളും പോലും ചൊറിച്ചിലു കാരണം അവിടെ എത്തിയിരിക്കുന്നു എന്ന കാര്യം അതിശയിപ്പിച്ചു. പേര് നദിയെന്നാണെങ്കിലും ഒഴുക്കൊക്കെ പണ്ടേ നിലച്ചിരിക്കുന്നു അവിടവിടെയായി കുറച്ച് വെള്ളക്കെട്ടുകളുണ്ടെന്ന് മാത്രം അതിലാണ്‍ ഈ കൂടിനിൽ‍ക്കുന്ന ജനമെല്ലാം മുങ്ങിക്കയറേണ്ടത്.  

മുന്‍പേ മുങ്ങിയവരെല്ലാം വെള്ളക്കെട്ടിനെ കൂടുതൽ‍ അശുദ്ധമാക്കിയെങ്കിലും ആ മലിനജലത്തിൽ‍ മുങ്ങിയവർ‍ക്കൊക്കെ ചൊറിച്ചിൽ‍ മാറികിട്ടിയെന്നത് അത്ഭുതകരമാണ്‍. ജലത്തിന്റെ മൂല്യം എല്ലാവരും മനസ്സിലാക്കി. നദിയിൽ‍ മുങ്ങി നിവർ‍ന്ന് മനസ്സിനെ ശുദ്ധമാക്കി നാട്ടിലെത്തിയപ്പോൾ‍ അവിടെ വലിയ കാറ്റും മഴയും ഉണ്ടായി. ദിവസങ്ങളോളം തുടർ‍ന്ന കൊടുങ്കാറ്റിലും മഴയിലും പലതും തകർ‍ന്നു വീണു. ജനങ്ങളുടെ നിസ്സഹായതയെ പണമാക്കി മാറ്റിയ മരുന്നുകടയും വെള്ളത്തിൽ‍ ഒലിച്ചു പോയി. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിലും നല്ലതാണ്‍ രോഗം വരാതെ സൂക്ഷിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കി.

You might also like

Most Viewed