വീടു കാക്കുന്നവന്റെ ആത്മകഥ
തിരഞ്ഞെടുപ്പു പ്രചരണങ്ങൾ രാത്രി വൈകി അവസാനിക്കുന്നതിനാൽ അതിരാവിലെ വീട്ടിലെത്തിയാൽ നേതാവിനെ ഒറ്റയ്‌ക്കൊന്ന് കാണാനാകും. കൊട്ടും കുരവയും പരിവാരങ്ങളുമില്ലാതെ അദ്ദേഹത്തെ ഒറ്റയ്‌ക്കൊന്നു കാണേണ്ടയാവശ്യമുണ്ട്. നേതാക്കന്മാരുടെ ആത്മകഥകൾക്കൊക്കെ ഇപ്പോൾ നല്ല ഡിമാന്റുണ്ട്. നേതാവ് എത്ര കൂടുതൽ അഴിമതിക്കാരനും കുഴപ്പക്കാരനും ദുഷ്‌ടനും ആകുന്നുവോ അത്രയും കൂടുതൽ പുസ്‌തകങ്ങൾ വിറ്റുപോകും. ഇത്തിരി മസാല കൂടി ചേർത്ത് വരട്ടിയെടുത്താൽ നാവിൽ വെള്ളമൂറും. നേതാവിന്റെ ജീവിതം കേട്ടെഴുതി പുസ്‌തമാക്കാൻ അനുവാദം വാങ്ങണം. ചുട്ടുപഴുത്തിരിക്കുന്പോൾ അടിച്ചെങ്കിലെ ഇരുന്പിനെ മൂർച്ചയുള്ള ആയുധമാക്കാൻ സാധിക്കുകയുള്ളൂ, അതുകൊണ്ടാണിപ്പോൾ തന്നെ ചോദിക്കാമെന്നു വെച്ചത്.
കൊച്ചുവെളുപ്പാൻ കാലത്തു തന്നെ നേതാവിന്റെ വീട്ടിലെത്തി. ചാരിക്കിടന്ന ഗെയിറ്റ് മെല്ലെത്തുറന്ന് അകത്തു കയറി. അവിടെ ആരും ഉള്ള ലക്ഷണമില്ല. തിരികെപ്പോകാൻ തുടങ്ങുന്പോൾ അവിടെയുണ്ടായിരുന്ന കാവൽക്കാരൻ എന്നെ തടഞ്ഞു നിർത്തി. അവനെ കണ്ടാൽ തന്നെ പേടി തോന്നും. പിന്നെ ദിക്കുകൾ മുഴങ്ങുന്ന കുര കൂടി കേട്ടാൽ പറയുകയും വേണ്ട. കടിയേൽക്കാതിരിക്കാനായി കുനിഞ്ഞു താണുവണങ്ങി എന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി. നേതാവും പരിവാരങ്ങളും എവിടെയൊക്കയോ അന്തിയുറങ്ങി ഇനിയും തിരഞ്ഞെടുപ്പ് കഴിഞ്ഞേ വീട്ടിലേക്കു തിരികെ വരികയുള്ളൂ എന്നറിഞ്ഞു. പക്ഷേ അതിക്രമിച്ചുള്ളിൽ കടന്ന എന്നെ വെറുതേ വിട്ടില്ല. ഞാനൊരു എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ കാവൽക്കാരന്റെ ജീവിതകഥ കേൾക്കാതെ എന്നെ വിടില്ലെന്നവൻ നിർബ്ബന്ധം പിടിച്ചു. അവന്റെ മൂർച്ചയുള്ള പല്ലുകളെ പേടിയുള്ള എനിക്ക് അനുസരിക്കാതിരിക്കാൻ നിവർത്തിയില്ലായിരുന്നു.
മൊബൈൽ ഓണാക്കി അവൻ പറഞ്ഞതൊക്കെ റെക്കോർഡു ചെയ്‌തു. കൈയിൽ കരുതിയിരുന്ന നോട്ട്പാഡിലും ചിലതൊക്കെ കുറിച്ചെടുത്തു. ഒരു കാവൽക്കാരന്റെ ജീവിതം എത്ര സംഭവബഹുലമാണെന്നറിഞ്ഞു. നേതാവിന്റെ എല്ലാ വിജയങ്ങളുടെയും പിന്നിൽ അവനുണ്ടായിരുന്നു. എല്ലാ രഹസ്യങ്ങളുടെയും സൂക്ഷിപ്പികാരനാണ്‍ കാവൽക്കാർ.
താനൊരു തനി നാടനാണെന്ന് പറയുന്നതിൽ കാവൽക്കാരന്‍ യാതൊരു അഭിമാനക്കുറവും ഉണ്ടായിരുന്നില്ല. തന്റെ മാതാപിതാക്കൾ ഹരിജൻ കോളനിയിലെ പട്ടിണിക്കോലങ്ങളായിരുന്നെന്നവൻ സാക്ഷ്യപ്പെടുത്തി. ജനനം മാത്രമല്ല വളർന്നതും തെരുവു പിള്ളേരെപ്പോലെയായിരുന്നു. തന്നെ എടുത്തു വളർത്തുന്ന കാലത്ത് നേതാവിന്റെ അവസ്ഥയും അതൊക്കെ തന്നെയായിരുന്നു എന്നവൻ ഓർത്തു. താൻ വന്നതു മുതലാണ്‍ നേതാവിന്റെ അവസ്ഥയിലും പുരോഗതിയുണ്ടായതെന്നവൻ അഭിമാനത്തോടെ പറഞ്ഞു. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു. നാട് വികസിക്കുന്നതിലും വേഗത്തിൽ നേതാവ് വികസിച്ചു. എന്റെ നേതാവ് വികസിച്ചപ്പോൾ ഞാനും വികസിച്ചു. നല്ല ഭക്ഷണം കഴിക്കാൻ കിട്ടിയപ്പോൾ എന്റെ രൂപം പോലുമങ്ങ് മാറിപ്പോയി, പെട്ടെന്നങ്ങു വളർന്നു. യൗവനം മുറ്റിയപ്പോൾ ഇരിക്കപ്പൊറുതിയില്ലാതായി. നെഞ്ചിൽ നെരിപ്പോടും അരക്കെട്ടിൽ കനലും എരിയാൻ തുടങ്ങി, പെണ്ണുങ്ങളെ കാണുന്പോൾ തന്നെ മനസ്സിളകുന്ന കാലം.
പറയേണ്ടെന്ന് വെച്ചതാ. എങ്കിലും പറയാം. നമ്മുടെ ദുഃഖമെന്തിനാ മറ്റുള്ളവർ അറിയുന്നത്. എനിക്ക് സുഖമാണ്‍, ഞാൻ സന്തോഷവാനാണ്‍ എന്നു മാത്രം ലോകം അറിഞ്ഞാൽ മതി. എന്റെ യൗവനം ഉണർന്നുവെന്ന് നേതാവിന്‍ ബോധ്യമായ അന്നു തന്നെ കൂട്ടുകാരൻ ഡോക്‌ടറേയും കൂട്ടി വന്നു, എന്നെ പേരമരത്തിൽ കഴുത്തു ചേർത്ത് കെട്ടി. ഡോക്‌ടർ എന്റെ തുടയിലോട്ട് ഒരു വലിയ സൂചി കുത്തി വെയ്‌ക്കുന്നത് കണ്ടു. അപ്പോൾ എനിക്ക് ഉറക്കം വന്നു പിന്നെ ഒന്നും ഓർമ്മയില്ല. മയക്കം വിട്ട് ഉണർന്നപ്പോൾ നേതാവ് അരികിലുണ്ടായിരുന്നു. യൂ ആർ ഓൾറൈറ്റ് എന്നു പറഞ്ഞെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നിലൊരു ഭാരക്കുറവും ചെറിയ നീറ്റലും അനുഭവപ്പെട്ടു, കുനിഞ്ഞു നോക്കിയപ്പോൾ എനിക്ക് സങ്കടം അടക്കാനായില്ല. എന്റെ ആണത്തത്തിന്റെ സ്ഥാനത്ത് ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ചോര കിനിയണ ഒരു കീറൽ മാത്രം. എന്നെ വാരിയെടുത്ത നേതാവിന്‍ ഞാൻ കൂടുതൽ അടിമയായി. അന്നു മുതൽ കാവൽ എന്നൊരു ചിന്ത മാത്രമേ എന്നിൽ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ഭാഗ്യവാനാണ്‍, ആദർശ ധീരനാണ്‍. മഹാനാണ്‍ എന്നൊക്കെ എഴുതിക്കോണം. കുടുംബമായി, കുട്ടികളായി. സന്പന്നനായി നാട്ടിലൊക്കെ എനിക്കൊരു വിലയുമായി. നേതാവിന്റെ കാവൽക്കാരനെന്നു പറഞ്ഞാൽ എന്താ കുഞ്ഞുകളി കാര്യമാന്നാ വിചാരം. നേതാവിനെയും നേതാവിനുള്ളതിനെയും കാവൽ ചെയ്യുകയാണ്‍ എന്റെ ജോലി. എന്ത് തോന്ന്യാസം കാട്ടിയാലും ഒരു ഉളുപ്പുമില്ലാതെ നേതാവ് ശരിയാണെന്ന് പറഞ്ഞു കുരയ്‌ക്കണം അത്രയുമേയുള്ളു ജോലി. ഒരു അടിമ ഒരിക്കലും മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ പാടില്ല. നേതാവിന്റെ ശുപാർശയിലെനിക്ക് തൊപ്പി കിട്ടുകയും എന്റെ റാങ്ക് അനുദിനം ഉയരുകയും ചെയ്യുന്നു. നേതാവിന്റെ കാരുണ്യത്താൽ എനിക്കിന്നെല്ലാമുണ്ട്. ഇത്രയൊക്കെയുണ്ടായിട്ടും, നീ സന്തോഷവാനാണോ എന്ന എന്റെ ചോദ്യത്തിനവന്‍ ഉത്തരമില്ലായിരുന്നു. അവന്റെ കണ്ണുനിറയുന്നത് കണ്ടു.