പെരുന്പാവൂരിലെ കഥാകാരൻ


എഴുത്തുമുറിയിൽ‍ പേപ്പർ‍‌പാഡിനു മുകളിൽ‍ പേന തുറന്നു വെച്ച് പുതിയ കഥാബീജവും മനസ്സിലിട്ട് സങ്കർ‍ഷഭരിതനായ് ആശയങ്ങൾ‍ പലതും കൂട്ടിക്കിഴിച്ച് നടക്കുന്പോൾ‍ ഉടുമുണ്ടഴിഞ്ഞു പോയതറിഞ്ഞില്ല. പരിസരം പോലും മറന്ന് പിറന്ന വേഷത്തിൽ‍ കുറേ നേരം ഉലാത്തിയതിന്‍ ശേഷമാണ്‍ കഥയുടെ മർ‍മ്മം കണ്ടെത്തിയത്. ഇതെഴുതി ഫലിപ്പിക്കാനായാൽ‍ ഭാവനയെ കീഴ്‌മേൽ‍ മറിയ്‌ക്കുന്ന അത്യന്താധുനിക കഥയെന്ന് നിരൂപകന്മാർ‍ അതിനെ വിശേഷിപ്പിച്ചേക്കും. പക്ഷേ ആ നഗ്നസത്യം ഞാനും പെരുന്പാവൂരിലെ കഥാകാരനാണെന്ന് ഒറ്റിക്കൊടുക്കുവാൻ പോരുന്നതായിരുന്നു. ഉണർ‍ന്ന കഥാമർ‍മ്മം എന്നെ നോക്കി ചിരിച്ചതെന്നിൽ‍ ലജ്ജയുളവാക്കി. ഞാൻ പിടികിട്ടാപുള്ളിയായ പ്രതിയാണ്‍ കഥാമർ‍മ്മം നിരന്തരം ഓർ‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

കഥാകാരന്റെ ശക്തി അവന്റെ അനുഭവങ്ങളാണ്‍. അനുഭവങ്ങളെ പുൽ‍കുവാൻ അവൻ ഏതറ്റം വരെയും പോകും. പുതിയ അനുഭവലോകം വായനക്കാർ‍ക്കു മുന്‍പിൽ‍ തുറന്നു വെയ്‌ക്കാനായെങ്കിലെ എഴുത്തുകാരനു പിടിച്ചു നിൽ‍ക്കാനാവൂ. മോഷണവും ഒരു കലയാണെന്ന തിരിച്ചറിവൊന്നുമല്ല എന്നെ കള്ളനാക്കിയത്. ആരും കള്ളന്മാരായി ജനിക്കുന്നില്ല, ഈ സമൂഹത്തിന്റെ സൃഷ്ടിയാണ്‍ കള്ളനും പോലീസുമൊക്കെ. ക്ലാസ്സ്‌മുറിയിൽ‍ കല്ലുപെൻസിൽ‍ എടുത്തയെന്നെ ശിക്ഷിക്കാതിരുന്ന അദ്ധ്യാപകരെയും മാതാപിതാക്കളെയും നന്ദിയോടെ ഓർ‍ക്കുന്നു. ഇരുട്ടിന്റെ മറവുപറ്റിയുള്ള നടത്തമാണ്‍ എന്നെ ഞാനാക്കിയത്. ശവക്കോട്ടയിലെ വിശാലമായ വെള്ളമടിയും ബോധം മറഞ്ഞുള്ള ഉറക്കവും എന്നിലെ പേടിയെ ദൂരെ എറിഞ്ഞു. ചീട്ടുകളി സംഘത്തിലെ കായിക സ്‌നേഹിതർ‍ എന്നും എനിക്ക് പ്രോത്സാഹനമായിരുന്നു. കണ്ണിൽ‍പ്പെട്ട മുഴുത്ത അനുഭവങ്ങളുടെ പിന്നാലെ നടന്ന് ഒത്തിരി സമയം പാഴാക്കിയതിൽ‍ ഇന്നു ദുഃഖമുണ്ട്.

ആദ്യമൊക്കെ മുറിബീഡി വലിക്കുന്നതു പോലും രഹസ്യത്തിലായിരുന്നു, പിന്നീട് വലിയ കഞ്ചാവ് ബീഡിയൊക്കെ വലിച്ച് പുകതുപ്പി കവലയിലൂടെ നടക്കുന്പോൾ‍ പെണ്ണുങ്ങളൊക്കെ ആരാധനയോടെ നോക്കുമായിരുന്നു. നിങ്ങൾ‍ അറിഞ്ഞോ അറിയതെയോ നൽ‍കിയ ഓരോ നോട്ടവും എനിക്ക് ചവിട്ടുപടികളായിരുന്നു. രഹസ്യമായി ചെയ്‌തതൊക്കെ പരസ്യമാവുകയും, അതൊക്കെ പരസ്യമായി ചെയ്യാൻ മടിക്കുകയില്ലെന്ന ബോധ്യപ്പെടുത്തലും എനിക്കൊരു താരപരിവേഷം നൽ‍‌കി. നിന്നു തന്നിരുന്നെങ്കിൽ‍ നിങ്ങളെന്നെ ആൾ‍ദൈവമാക്കി പൂജിക്കുമായിരുന്നു.

ഇളംകള്ളിന്റെ കൂടെ തൊട്ടു നക്കാനായി നാട്ടിലെ കോഴിയെ പിടിച്ചത് ഞാനാണെന്ന് ഉറപ്പുണ്ടായിരുന്നിട്ടും അതൊക്കെ പള്ളിപ്പാക്കാന്റെയും കുറുക്കന്റെയും കണക്കിലെഴുതി. എനിക്ക് ആട്ടിൻ സൂപ്പുകുടിക്കാൻ മോഹം തോന്നിയപ്പോഴൊക്കെ മുറ്റത്തും പറന്പിലും പുള്ളിപ്പുലിയുടെ കാൽപാടു വരച്ചത് നിങ്ങളിലെ ചിത്രകാരന്മാരാണ്‍. കാണേണ്ടതു മാത്രം കാണുവാനും, കേൾ‍ക്കേണ്ടത് മാത്രം കേൾ‍ക്കുവാനും നിങ്ങളെ കാലം ശീലിപ്പിച്ചു. ആദ്യ മുതൽ‍മുടക്ക് മോഷണ മുതലാകുന്നത് ഐശ്വര്യമാണ്. പണമുണ്ടായപ്പോൾ‍ സഹായിക്കാൻ ആയിരം കൈകളുണ്ടായി. അഴിമതിയിൽ‍ ഞാൻ ഗവേഷണം നടത്തി. എല്ലാത്തിനെയും നിയന്ത്രിക്കുന്നത് പണമാണെന്ന കണ്ടെത്തൽ‍ എന്റെ പാതയ്‌ക്ക് ദീപമായി. കൊള്ളയ്‌ക്കും കൊലയ്‌ക്കും മടിയില്ലാത്ത ഒരു സംഘത്തെ ഞാനെപ്പോഴും എന്റെ കൂടെ കൂട്ടി. എന്റെ കഥകൾ‍ വായിച്ചവർ‍ എന്നെമാത്രം പുകഴ്‌ത്തി.

കുടുംബമെന്ന ചട്ടക്കുടിലെ ഒരനുഭവം കൊണ്ടൊന്നും വായനക്കാരെ തൃപ്തിപ്പെടുത്താനാവില്ല. വൈവിധ്യമുള്ള അനുഭവങ്ങൾ‍ തേടി നിങ്ങൾ‍ക്കു വേണ്ടി ഞാനലഞ്ഞു. മുട്ടി വിളിച്ച വാതിലുകളൊക്കെ എനിക്കായ് മലർ‍ക്കെ തുറക്കപ്പെട്ടു. തുറക്കപ്പെടാത്ത വാതിലുകളൊക്കെ എന്നന്നത്തേക്കുമായി പിഴുതെറിഞ്ഞു. അനുഭവങ്ങളുടെ തീഷ്‌ണതയെ അതേപടി അക്ഷരങ്ങളാക്കുവാൻ ആവില്ലെന്നറിഞ്ഞിട്ടും അതിനായ് നിരന്തരം ശ്രമിക്കുന്നു. നിങ്ങളൊക്കെ അന്ധമായ മതവിശ്വാസികളോ രാഷ്‌ട്രീയവിശ്വാസികളോ ആയതെന്റെ ഭാഗ്യം. നിങ്ങളുടെ ദൈവങ്ങളും നേതാക്കളും എന്നും ശരിമാത്രമായിരുന്നു. നേതാക്കളുടെ തെമ്മാടിത്തരങ്ങളെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ നിങ്ങൾ‍ ഇന്നും പാടുപെടുന്നുണ്ടാകും അല്ലേ?

സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് വെട്ടിക്കൂട്ടി കുഴിച്ചു മൂടിയൊരു കഥയ്‌ക്ക് ജീവൻ വെച്ചിരിക്കുന്നു. എത്ര വേഗത്തിലാണ്‍ പെരുന്പാവൂർ‍ ഒരു രാജ്യമായി വളർ‍ന്നത്. ആ രാജ്യത്തെ പ്രധാനമന്ത്രി മുതൽ‍ പഞ്ചായത്ത് മെന്പർ‍ വരെ ആരാണെന്നും അവരുടെ ജാതകത്തിന്റെ കുത്തും കോമായും എന്തിനെ സൂചിപ്പിക്കുന്നുവെന്നു പോലും എല്ലാവരും പരിശോധിച്ചു കഴിഞ്ഞു. പ്രതിക്ഷേധ സ്വരമുയർ‍ത്തി പൊരിവെയിലത്ത് നടന്ന്, മെഴുകുതിരി കത്തിച്ച് സൂര്യനെ ഭയപ്പെടുത്താൻ ശ്രമിക്കാതെ ചുറ്റുപാടുകളിലുള്ള ജിഷമാരെ കണ്ടെത്തി അവർ‍ക്ക് തുണയാകാനാകുമോ? അല്ലെങ്കിൽ‍ ഞങ്ങൾ‍ കഥാകാരന്മാർ‍ തുടർ‍ക്കഥകളെഴുതിക്കൊണ്ടേയിരിയ്‌ക്കും. നീ കഥാകാരനല്ലെടാ കഴുവേറണ്ടവനാടാ എന്ന് നട്ടെല്ലുള്ള ഒരുവൻ പറയും വരെ ഞങ്ങൾ‍ കഥകൾ‍ എഴുതിക്കൊണ്ടേയിരിക്കും. പെരുന്പാവൂരിൽ‍ നിന്നും നിങ്ങളുടെ വീട്ടിലേക്ക് അധികദൂരമില്ലെന്ന കാര്യം മറക്കരുത്.

You might also like

Most Viewed