പ്രവാസലോകത്തിന്റെ നഷ്ടം


ബാബു ഭരദ്വാജിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത് പ്രവാസത്തിന്റെ ചൂടും ചൂരും വായനക്കാരിലെത്തിച്ച എഴുത്തുകാരനെയാണ്. പ്രവാസിയായി ജീവിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായതെന്ന് സ്വയം സാക്ഷ്യപ്പെടുത്തി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് മുപ്പതിന്, അറുപത്തിയെട്ടാം വയസ്സിൽ‍ ലോകത്തോട് വിടപറഞ്ഞു. മലയാളികളുടെ ജീവിതത്തെ മാറ്റിമറിച്ച ഗൾ‍ഫ് പ്രവാസത്തെ സാഹിത്യലോകത്ത് എത്തിച്ചതിൽ പ്രധാനിയാണദ്ദേഹം. 

സ്വന്തമായി പേരെടുത്തു പറയാൻ ഒരു നാടുണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും അനന്തയാത്രകൾക്കിടയിൽ തൃശൂർ ജില്ലയിലെ മതിലകത്ത്‌ ജനിച്ചു. പത്താംതരം വരെ പതിനഞ്ച് സ്കൂളുകളിലായാണ് പഠിച്ചത്. ഒരു ഗർ‍ഷോമിന്റെ മാനസികമായ അരക്ഷിതാവസ്ഥ എന്നും അനുഭവിച്ചു. യാത്രകളെ ഏറെ സ്നേഹിച്ച അദ്ദേഹം കണ്ടുമുട്ടിയ സാധാരണ മനുഷ്യരെക്കുറിച്ചാണ് കൂടുതലും എഴുതിയത്. അദ്ദേഹത്തെ വായനാലോകം ആദ്യം ശ്രദ്ധിക്കുന്നത് മാതൃഭൂമി ബാലപംക്തിയിലെ വളരെ വ്യത്യസ്തമായ രാഷ്ട്രീയ കവിതകളിലൂടെയായിരുന്നു. അദ്ദേഹം രാഷ്ട്രീയമുള്ള രാഷ്ട്രീയക്കാരനായിരുന്നു, രാഷ്ട്രീയമുള്ള എഴുത്തുകാരനായിരുന്നു. രാഷ്ട്രീയം കൊണ്ട് സ്വന്തമായി എന്തെങ്കിലും നേട്ടം ഉണ്ടാക്കാനല്ല അദ്ദേഹം പൊതുരംഗത്തേക്കു വന്നത്. എല്ലാ മേഖലയിലും സ്വയം വെട്ടിത്തെളിച്ച വഴിത്താരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

അദ്ദേഹം അവസാന നിമിഷം വരെ എഴുത്തുകാരനായിരുന്നു. ദിവസങ്ങൾ‍ക്കു മുന്‍പ് “ഞാൻ നീലേശ്വരത്തു നിന്നും എഴുത്തു തുടങ്ങി” എന്നു പറഞ്ഞ് പുതിയ നോവൽ എഴുതുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. ആ നോവൽ പൂർത്തിയാക്കാതെയാണ് അദ്ദേഹം പോയത്. നീലേശ്വരത്തിന് കിഴക്ക് നർ‍ക്കിലയാട് പ്രദേശത്തെ ആദ്യകാല സ്‌കൂളായിരുന്ന കോട്ടമല യു.പി സ്‌കൂളിലായിരുന്നു നാലാംതരം വരെ പഠിച്ചിരുന്നത്. മാതാവ് ഭാവനി ഈ സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. കോട്ടുമലയുടെ പശ്ചാത്തലത്തിലായിരുന്നു പൂർത്തിയാക്കാതെ പോയ നോവൽ‍. ഇപ്പോൾ ആലോചിക്കുന്പോൾ നിലേശ്വരം എന്ന വാക്കിന് വലിയ അർത്ഥം ഉണ്ടെന്നു തോന്നുന്നു. അദ്ദേഹം ‘നീലേശ്വരത്തു നിന്നും’ എഴുതി തുടങ്ങിയിരിക്കും. അദ്ദേഹത്തിന് എവിടെ ആയാലും എഴുതാതിരിക്കാനാവില്ലെന്നുറപ്പാണ്. 

വാക്കും പ്രവർത്തിയും രണ്ടല്ലെന്നു തെളിയിച്ച അദ്ദേഹം സഞ്ചരിച്ച വഴികളിലെല്ലാം സ്‌നേഹസ്പർശം നൽകി സുഹൃത്തുക്കൾ‍ക്ക് ബാബുവേട്ടനായി. ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും പ്രകൃതിയും കൂടിക്കലർന്ന കലാശില്‍പങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ‍. പ്രവാസിയുടെ കുറിപ്പുകളിൽ ബാബു ഭരദ്വാജ് ഇങ്ങനെ കുറിക്കുന്നുണ്ട്: ‘എന്റെ ദൗർബല്യങ്ങളെ പിഴുതുകളയാനാണ് ഓരോ തവണയും മരുഭൂമിയിലേക്ക് പോകുന്നത്. മാനസികമായി ശക്തനാവാൻ ജീവിതത്തോട് കൂടുതൽ കർക്കശചിത്തനാവാൻ‍. പക്ഷെ, ഓരോ തവണയും കൂടുതൽ സ്വപ്നങ്ങൾ മനസിൽ നിറച്ച് ഞാൻ തിരിച്ചുവരുന്നു.’

കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ക്ഷുഭിത യൗവ്വനങ്ങളുടെ പ്രതിനിധിയായിരുന്നു. എന്നാൽ‍ തീവ്ര ഇടതുപക്ഷത്തോടൊപ്പം ചേരാതെ മാർക്സിസ്റ്റ് മുഖ്യധാരയോടൊപ്പമായിരുന്നു സഞ്ചാരം. രാഷ്ട്രീയത്തെയും സാംസ്കാരിക പ്രവർത്തനത്തെയും വേർതിരിച്ചു നിർത്താൻ‍ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചിരുന്നില്ല. സമാനതകൾക്കിടമില്ലാത്ത അതിമനോഹരമായ ഭാഷയും ശൈലിയും എഴുത്തിനെ ഹൃദ്യമാക്കി. ഒരിക്കൽ വായിച്ചവനെ ആരാധകനാക്കുന്ന മാന്ത്രികത ആ തൂലികത്തുന്പിലുണ്ട്. 

പ്രവാസിയുടെ കുറിപ്പുകൾ, പ്രവാസിയുടെ വഴിയന്പലങ്ങൾ, പ്രവാസിയുടെ കാൽപ്പാടുകൾ‍, ശവഘോഷയാത്ര, പപ്പറ്റ് തീയേറ്റർ, കലാപങ്ങൾക്കൊരു ഗൃഹപാഠം, അദൃശ്യ നഗരങ്ങൾ, പഞ്ചകല്യാണി, അനുഭവം ഓർമ്മ യാത്ര, മൂന്ന്‌ കമ്യൂണിസ്റ്റ്‌ ജീവിതങ്ങൾ ഒരു പുനർവായന, പരേതാത്മാക്കൾക്ക്‌ അപ്പവും വീഞ്ഞും, കബനീ നദി ചുവന്നത്‌, കണ്ണുകെട്ടി കളിയുടെ നിയമങ്ങൾ‍, ആന മയിൽ ഒട്ടകം, ഗണപതി ചെട്ടിയാരുടെ മരണം, ഒരു വിയോജന കുറിപ്പ്, കൊറ്റികൾ സ്വപ്‌നം കാണുന്ന പെൺകുട്ടി, മൃതിയുടെ സന്ധി സമാസങ്ങൾ തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചു. കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിന് 2006 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സമാന്തരസിനിമകളുടെ തലതൊട്ടപ്പന്മാരിൽ ഒരാൾ‍ കൂടിയാണദ്ദേഹം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സാഹസികമായ മുന്നേറ്റങ്ങൾ പ്രേക്ഷകസമൂഹത്തെ മുഴുവൻ പിടിച്ചുലയ്‌ക്കും വിധത്തിൽ ആവിഷ്‌ക്കരിച്ച ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എന്ന സിനിമയുടെ നിർമാതാവാണദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ച് ഇപ്പോൾ ധാരാളം പേർ അന്വേഷിക്കുന്നു. അത് നല്ല ലക്ഷണമാണ് നമുക്ക് ബാബു ഭരദ്വാജിനെ കൂടുതൽ വായിക്കാം. ഇനിയുള്ള നാളുകളിൽ അദ്ദേഹം ആ വാക്കുകളിലൂടെ നമ്മോട് സംസാരിക്കട്ടെ.

You might also like

Most Viewed