മനുഷ്യഗന്ധം തേടി...


രാത്രി വളരെ വൈകിയാകും ഉറങ്ങിയത്. കൂട്ടുകാരോടൊപ്പം ആഘോഷത്തിന്റെ കൊടുമുടി കയറുകയായിരുന്നു. എല്ലാവരും മൂക്കു മുട്ടെ മദ്യപിച്ചിരുന്നു. വീടിന്റെ താഴത്തെ നിലയിൽ‍ പ്രായമായ ഹൗസ് ഓണറും ഭാര്യയും താമസിക്കുന്നതിനാൽ‍ എനിക്ക് അതിരുവിടാനാവില്ല. എന്റെ പേരിലാണല്ലോ വീട് വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. അങ്ങ് ഗൾ‍ഫിൽ‍ എനിക്കായ് സന്പാദിക്കുന്ന പാവം അച്ഛന്റെയും അമ്മയുടെയും വിചാരം കൂട്ടുകാർ‍ ഒത്തൊരുമിച്ച് ക‌ന്പെയിൻ സ്റ്റഡിയാണെന്നാണ്‍. പഠനത്തിനാണെങ്കിലും ഞങ്ങളോടൊപ്പം പെൺ‍കുട്ടികളെ കയറൂരി വിടുന്ന മാതാപിതാക്കളുടെ വിശ്വാസം പത്തരമാറ്റ് മുക്കുപണ്ടമാണ്‍. 

പഠിക്കാനാണ്‍ ഒന്നിച്ചു കൂടുന്നതെങ്കിലും എന്നും ആഘോഷങ്ങളുണ്ടാകും. ആഘോഷങ്ങൾ‍ക്കായ് പുതിയ കാരണങ്ങൾ‍ കണ്ടെത്തുന്നവർ‍ക്ക് ആകർ‍ഷകമായ സമ്മാനങ്ങളും കൊടുക്കാറുണ്ട്. ആഘോഷത്തിരമാല ഇറങ്ങുന്പോൾ‍ എന്തു സന്തോഷം പങ്കിടാനാണ്‍ ആഘോഷം സംഘടിപ്പിച്ചതെന്നു പോലും ഓർ‍ക്കാറില്ല. തുടക്കത്തിലൊക്കെ എന്നിലെ മാന്യൻ പിടിച്ചു നിന്നെങ്കിലും താളം മുറുകിയപ്പോൾ‍ എന്റെയും കൺ‍‌ട്രോളു പോയെന്നുറപ്പാണ്‍. ബോധമില്ലാതെ വെറും തറയിൽ‍ എത്രനേരം കിടന്നെന്നോ, എത്രനേരം ഉറങ്ങിയെന്നോ എന്നൊന്നും ഓർ‍മ്മയില്ല. മരണം വരെ കൂടെയുണ്ടാകുമെന്ന് വിചാരിച്ച കൂട്ടുകാരൊക്കെ തലയ്‌ക്ക് വെളിവു വീണപ്പോൾ‍ ആടിയാടി പോയിരിക്കും. 

ബദ്ധപ്പെട്ടെഴുന്നേറ്റ് വീടിന്റെ താഴത്തെ നിലയിലെത്തിയെങ്കിലും ആളനക്കമൊന്നും കേട്ടില്ല. എല്ലാവരും ഇപ്പോഴും ഉറക്കമായിരിക്കും. അടുക്കളയിൽ‍ വേലക്കാരിതള്ളയുടെ തട്ടലും മുട്ടലുമൊന്നും കേൾ‍ക്കുന്നില്ല. ഹൗസ്‌ഓണറിന്റെ മുറിയിൽ‍ നിന്ന് മൂളലും ഞരക്കവുമൊന്നും പുറത്തേക്ക് ഉയരുന്നില്ല. തുറന്നു കിടന്ന വാതിലിലൂടെ തല ഉള്ളിലേക്കിട്ടു നോക്കിയെങ്കിലും ആരെയും കണ്ടില്ല. കുഴിയിലേക്ക് കാലും നീട്ടിയിട്ടിരിക്കുന്ന ഇതുങ്ങൾ‍ എവിടെപ്പോയെന്നറിയില്ല. വീടിന്റെ പ്രധാ‍‍ന വാതിൽ‍ തുറന്ന് പുറത്തേക്കു നോക്കി, മരച്ചില്ലകളിൽ‍ കുഞ്ഞിക്കാറ്റ് കൂടുകെട്ടാൻ നടത്തുന്ന പാഴ്‌ശ്രമത്തിന്റെ ചൂളം വിളി മാത്രം കേൾ‍ക്കാം. കാറ്റിന്റെ താളം ചെവികൂർ‍പ്പിക്കുന്നതിനൊത്ത് ഉയരുകയും താഴുകയും ചെയ്യുന്നുണ്ടെന്നു തോന്നി.

എപ്പോഴും കുരച്ചുകൊണ്ടിരിക്കുന്ന വിദേശവളർ‍ത്തുപട്ടിയെ സ്‌നേഹത്തോടെ ചാനൽ‍പ്പട്ടിയെന്നാണ്‍ വിളിക്കുന്നത്. അവന്റെ നിർ‍ത്താതെയുള്ള കുരയും ഇപ്പോൾ‍ കേൾ‍ക്കുന്നില്ല. എവിടെയോ എന്തോ കാര്യമായ കുഴപ്പമുണ്ട്. ഇന്നലെ ഉറങ്ങാൻ കിടക്കുന്പോൾ‍ വീടും ചുറ്റുപാടുകളും ഇങ്ങനെയൊന്നുമായിരുന്നില്ല. ഭയാനകമായ ഒരു നിശബ്‌ദത ചുറ്റും പരന്നിട്ടുണ്ട്. ശബ്‌ദമുയർ‍ത്തി തനിക്കറിയാവുന്ന ചില പേരുകൾ‍ ഉച്ചത്തിൽ‍ വിളിച്ചു നോക്കി. ഒരു പ്രതികരണവും ഉണ്ടായില്ല. തന്റെ ശബ്‌ദം എവിടെയെങ്കിലും ചെന്നു പതിച്ചൊന്നു പ്രതിധ്വനിച്ചിരുന്നെങ്കിലെന്ന് ആശിച്ചു. നിശബ്ദതയുടെ ആഴം എത്ര ഭയാനകമെന്നറിഞ്ഞു.

ഇന്നലെയിട്ട അതേ പാന്റും ടീഷർ‍ട്ടും എടുത്തണിഞ്ഞ് പുറത്തിറങ്ങി. സയലെൻസെർ‍ ലൂസാക്കി നാടിളക്കുന്ന ബൈക്കായിരുന്നിട്ടും ഒട്ടും ശബ്ദം പുറത്തേക്ക് കേട്ടില്ല. തന്റെ ചെവിയുടെ കുഴപ്പമാകും. ശബ്ദമില്ലെങ്കിലും മുന്നോട്ടു സഞ്ചരിക്കാനാകുന്നു എന്നത് പ്രധാനമാണ്‍. പാതയോരങ്ങളിൽ‍ ആരെയും കണ്ടില്ലെങ്കിലും, കവലയിൽ‍ ആരെയെങ്കിലും കാണാമെന്നുള്ള പ്രതീക്ഷ മുന്നോട്ട് നയിച്ചു. കവല വിജനമായും വ്യാപാരസ്ഥാപനങ്ങൾ‍ അടഞ്ഞും കിടക്കുന്നതും കണ്ടപ്പോൾ‍ തകർ‍ന്നു പോയി. മൂക്കു നന്നായി തുറന്നു പിടിച്ചപ്പോൾ‍ അടിച്ചു കയറിയത് രൂക്ഷമായ രക്തഗന്ധമാണ്‍. എനിക്കു വേണ്ടത് രക്തഗന്ധമല്ല, മനുഷ്യഗന്ധമാണെന്നലറിക്കൊണ്ട് കോളേജ് ക്യാന്പസിലേക്ക് പറന്നു. സ്റ്റഡി ലീവായതിനാൽ‍ എല്ലാകുട്ടികളും പഠിക്കുകയായിരിക്കും അല്ലെങ്കിൽ‍ ക്യാന്പസിലെ മരത്തണലിൽ‍ ഇണക്കുരുവികൾ‍ ചുണ്ടുരുമുന്നത് കാണാമായിരുന്നു. കാന്റീനു മുന്‍പിൽ‍ സ്ഥിരമായി കിടക്കുന്ന ചാവാലിപ്പട്ടി പോലും അവിടെയില്ലായിരുന്നു. ആവശ്യസമയത്ത് ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്ന മഹത് വചനം ഓർ‍മ്മവന്നു. 

പള്ളിയിൽ‍ ചാവുമണി മുഴങ്ങുന്നതായി തോന്നി. വെറും തോന്നലാണെന്നുറപ്പുണ്ടായിട്ടും അവിടെ ചെന്നു നോക്കാനുറച്ചു. ഇല്ല, അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. പള്ളിയും പരിസരവുമൊക്കെ വിജനമാണ്‍. ദൈവവും വിശ്വാസികളുമൊക്കെ എവിടെ പോയി ഒളിച്ചെന്നറിയില്ല. പള്ളിയോടു ചേർ‍ന്നുള്ള സെമിത്തേരിയുടെ മതിലിന്നു മുകളിൽ‍ കുറേപ്പേർ‍ നിരന്നിരുന്ന് ചിരിക്കുന്നുണ്ട്. എന്റെ വെപ്രാളം പിടിച്ച ഓട്ടം കണ്ടിട്ടാകും അവരിരുന്ന് കുലുങ്ങി ചിരിക്കുന്നത്. അവരെ നാലു പുളിച്ച തെറി പറയാനായി അവരുടെ അടുത്തേക്ക് ചെന്നെങ്കിലും വായ തുറക്കാനായില്ല. അവരിൽ‍ മിക്കവരും പരിചയക്കാരാണ്‍. മുന്‍പിൽ‍ ഇരിക്കുന്നത് നാലു വർ‍ഷം മുന്‍പ് മരിച്ചു പോയ സ്വന്തം അപ്പച്ചനാണ്‍. അപ്പച്ചന്റെ കൈയിൽ‍ വെള്ളികെട്ടിയ കുടുംബപ്പേരെഴുതിയ വടി ഇപ്പോഴും ഉണ്ട്. അപ്പച്ചനു പിന്നിൽ‍ മതിലിനോട് ചേർ‍ന്ന് കഴിഞ്ഞ വർ‍ഷം മരിച്ച അമ്മച്ചിയും നിൽ‍പ്പുണ്ട്. നിരന്നിരുന്ന് ചിരിക്കുന്നവരൊക്കെ മരണത്തിലൂടെ മഹാന്മാരായവരാണ്‍. അതൊക്കെ വെറും തോന്നലാണ്, വെറും ഭ്രമകൽപനകളാണെന്നാവർ‍ത്തിച്ചു പറഞ്ഞ് വീട്ടിൽ‍ തിരികെയെത്തി. ഇന്നലെ രാത്രി കിടന്ന തറയിൽ‍ തന്നെ നീണ്ടു നിവർ‍ന്നു കിടന്നു. വേഗം ഉറങ്ങണം, ഉറക്കത്തിൽ‍ സ്വപ്‌നം കാണാനാവും. സ്വപ്‌നത്തിലെങ്കിലും ജീവനുള്ള മനുഷ്യരെ കാണുകയും അവരോടൊത്ത് ജീവിക്കുകയും ചെയ്യാമല്ലോ എന്നതാണ്‍ ഇനിയുള്ള ഏക പ്രതീക്ഷ.

You might also like

Most Viewed