അച്‌ഛന്റെ പുസ്‌തകം കത്തുന്നു


ഇന്നലെ രാത്രിയിലെപ്പോഴോ അദ്ദേഹം സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. എല്ലാം കത്തിയമർ‍ന്ന ശേഷമാണ്‍ വിളിപ്പാടകലെ ഉറക്കത്തിലായിരുന്ന സ്വന്തം മക്കളുപോലും കാര്യങ്ങളറിഞ്ഞത്. തടുത്തുകൂട്ടിയ ചാരക്കൂന്പാരത്തിൽ‍ നിന്നും തിരുശരീരഭസ്‌മം വേർ‍തിരിച്ചെടുക്കാനായില്ല. വായന തലയ്‌ക്കു പിടിച്ച് ഇനിയുമൊരാളും ആത്മഹത്യ ചെയ്യാതിരിക്കാനായി അവശേഷിച്ച പുസ്‌തകങ്ങളും നേതാവ്‌ കൂട്ടിയിട്ട് കത്തിച്ചു. അടുത്തദിവസം തന്നെ പ്രേതമന്ദിരത്തിനു പുതിയചായങ്ങൾ‍ തേച്ച് പാർ‍ട്ടിയുടെ ഇലക്ഷൻ‍ കമ്മറ്റിഓഫീസായി പ്രഖ്യാപിച്ച് കൊടിനാട്ടി.

ഒരുജന്മം മുഴുവൻ‍ വായിച്ചാലും തീരാത്ത പുസ്‌തകങ്ങൾ‍ അച്‌ഛനെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. കണ്ണിന്റെ കാഴ്‌ചയ്‌ക്കു കുറവുണ്ടായിട്ടും വായനയ്‌ക്ക് കുറവൊന്നുമുണ്ടായില്ല. രാവും പകലും വന്നു പോകുന്നതറിയാതെ ഊണും ഉറക്കവുമില്ലാതെ തലമുറയുടെ തുടിപ്പുകൾ‍ പുസ്‌തകങ്ങളിൽ‍ തിരഞ്ഞു. എന്താ ഇത്ര വായിക്കാനിരിക്കുന്നത്? ചരിത്രം അല്ലെങ്കിൽ‍ ഭാവന. ചരിത്രമൊരിക്കലും അതേപോലെ ആവർ‍ത്തിക്കില്ല. ഭാവന വെറും സങ്കല്പ്പം മാത്രം. പിന്നെയെന്തിനാണ്‍ വിലപ്പെട്ട സമയം പാഴാക്കുന്നത്. വായനയില്ലാത്തവർ‍ ഒരുജന്മം ജീവിക്കുന്പോൾ‍ വായിക്കുന്നവർ‍ക്ക് പലജന്മങ്ങളെ അനുഭവിക്കാനാകുമെന്ന്‌ അച്‌ഛൻ‍ പറയുമായിരുന്നു. മക്കൾ‍ക്കനുഭവിക്കേണ്ട സന്പാദ്യം പാഴ്‌ച്ചിലവു ചെയ്‌താണ്‍ പുസ്‌തകങ്ങളൊക്കെ വാങ്ങിക്കൂട്ടിയത്. അദ്ദേഹമെന്നും വായനയുടെ ലഹരിയിലായിരുന്നു, ഭാവനാലോകത്തു നിധിതേടി ഒറ്റയ്‌ക്കലയുന്ന ഭ്രാന്തനായിരുന്നോ അദ്ദേഹം.

അച്‌ഛനെന്നും പുസ്‌തകങ്ങളെയാണ്‍ പ്രണയിച്ചത്. അമ്മ മരിച്ചതിനു ശേഷമാണ്‍ അച്‌ഛനിൽ‍ മാനസിക രോഗം മൂർ‍ഛിച്ചത്. പഴയപുസ്‌തകങ്ങൾ‍ കത്തിച്ചാണ്‍ തനിക്കു കുളിക്കാനുള്ള വെള്ളം ചൂടാക്കുന്നതെന്ന കണ്ടെത്തലാകാം അച്‌ഛനെ ചൊടിപ്പിച്ചത്. പുസ്‌തകത്തിന്റെ വിലയറിയാത്തവരുടെ കൂടെ ഒരേ കൂരയ്‌ക്കു കീഴിൽ‍ ഞാനെങ്ങനെ വിശ്വസിച്ചുറങ്ങും എന്നു വിചാരിച്ചാകും അച്‌ഛൻ‍ പുതിയ താമസസ്ഥലം ഒരുക്കിയത്. വീടിനോട് ചേർ‍ന്ന പറന്പിന്റെ തെക്കേമൂലയിൽ‍ റോഡരികിലായി രണ്ടര സെന്റ് സ്ഥലത്ത് ഒരു ചെറിയ കെട്ടിടം നിർ‍മ്മിച്ചു തന്റെ സന്പാദ്യങ്ങളുമായി അവിടേക്ക് മാറി. അവിടെയായിരുന്നു പിന്നീടുള്ള വായനയും ധ്യാനവും. മാർ‍ക്‌സും മാൽ‍ത്തൂസും ഗാന്ധിയും ഹിറ്റ്‌ലറും സ്‌റ്റാലിനുമൊക്കെ അച്‌ഛന്റെ അലമാരയിൽ‍ ഒന്നിച്ചു കഴിഞ്ഞു. ആശയങ്ങളെ നമുക്ക് സ്വീകരിക്കാതിരിക്കാം. പക്ഷേ, അത് പറയാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുകൂടാ എന്ന് അച്‌ഛൻ‍ ഓർ‍മ്മിപ്പിക്കുമായിരുന്നു. ദിവസം ഒരു നേരത്തെ ആഹാരം മതിയായിരുന്നു, അതു പോലും കൃത്യമായി കഴിക്കാൻ‍ അച്‌ഛൻ‍ മനസ്സുവെച്ചില്ല. 

എല്ലാവരും വായിച്ചു വളരണമെന്ന് ആത്മാർ‍ത്ഥമായി ആഗ്രഹിച്ചതിനാൽ‍ പുസ്‌തകങ്ങളെടുക്കാൻ‍ മറ്റുള്ളവരെയും അനുവദിച്ചു. യുവജനങ്ങളൊക്കെ അവിടെയെത്തി പുസ്‌തങ്ങൾ‍ എടുക്കുകയും പുസ്‌തങ്ങളേക്കുറിച്ച് ചർ‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു. തന്റെ കാലശേഷം ഈ സ്വകാര്യവായനശാലയുടെ പൂർ‍ണ്ണ അവകാശം പൊതുജനങ്ങൾ‍ക്ക് നൽ‍കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കും. ചെറുതാണെങ്കിൽ‍ പോലും റോഡരികിലെ അത്രയും സ്ഥലത്തിനും കെട്ടിടത്തിനുമായി നല്ല വിലകിട്ടും. പണത്തിന്റെ മൂല്യം അറിയാത്ത അച്‌ഛന്‍ അതൊന്നും പ്രശ്‌നമേയല്ല. നാടു നന്നാക്കണം ജനങ്ങൾ‍ വായിച്ചു വളരണം എന്നൊക്കെയാണ്‍ പഴയ ഗാന്ധിയന്റെ ഒടുക്കത്തെ ആഗ്രഹം. ആ കെട്ടിടത്തിൽ‍ അധുനിക സൗകര്യങ്ങളോടു കൂടിയ ജിം ആൻ‍ഡ് ഹെൽ‍ത്ത് സെന്റർ‍ ആരംഭിച്ചിരുന്നെങ്കിൽ‍ നല്ല ലാഭം കൊയ്യാമായിരുന്നു എന്ന യൗവ്വനത്തിന്റെ വാക്കുകളെ അച്‌ഛൻ‍ ചെവിക്കൊണ്ടില്ല. പുസ്‌തകങ്ങൾ‍ക്ക് പകരം പുസ്‌തകങ്ങൾ‍ മാത്രമെന്നാണ്‍ അച്‌ഛന്റെ മന്ത്രം. 

ഒരു മാസത്തേയ്ക്ക് ആ കെട്ടിടം പാർ‍ട്ടിയുടെ ഇലക്ഷൻ‍ കമ്മറ്റിഓഫീസാക്കാൻ‍ വിട്ടു കൊടുക്കാമോ എന്നു ചോദിക്കാനാണ്‍ പാർ‍ട്ടിക്കാർ‍ ആ രാത്രിയിൽ‍ അവിടെ ചെന്നത്. അവർ‍ അച്‌ഛനെ ജീവനോടെ കണ്ടിരുന്നുവെന്നോ, അവരുടെ ആവശ്യം അച്‌ഛനോട് നേരിട്ടറിയിച്ചോ എന്നൊന്നും എനിക്കറിയില്ല. അവരുടെ ആവശ്യം നിരസിച്ച അച്‌ഛന്റെ ജീവനുള്ള ഞെഞ്ചിലേക്കാണോ പുസ്‌തകങ്ങൾ‍ മറിഞ്ഞു വീണു കത്തിയതെന്ന ന്യായമായ സംശയം പോലും മനസ്സിൽ‍ ഉയർ‍ന്നില്ല. 

പാർ‍ട്ടിക്കാർ‍ ചെല്ലുന്പോൾ‍ അച്‌ഛനവിടെ മരിച്ച് പുഴുവരിച്ച് കിടക്കുകയായിരുന്നു എന്നാണ്‍ നേതാവ് പറഞ്ഞത്. മൂക്കുപൊത്തേണ്ട സത്യം മറ്റാരെങ്കിലും അറിഞ്ഞാൽ‍ പഠിപ്പുള്ള, തിരക്കുള്ള മക്കൾ‍ക്ക് പിന്നെ നാട്ടിലിറങ്ങി തല ഉയർ‍ത്തി നടക്കാനാവില്ല. ആ നാണക്കേടിൽ‍ നിന്ന് നേതാവാണ്‍ മക്കളെ രക്ഷിച്ചത്. പുസ്‌തകങ്ങളെ ഇത്രയേറെ സ്‌നേഹിച്ചൊരാൾ‍ക്ക് വായനശാലയിൽ‍ കിടന്ന് മരിക്കാനാവുക ഭാഗ്യമാണ്. അദ്ദേഹത്തിന്‍ നൽ‍കാനാവുന്ന ഏറ്റവും നല്ല വിടവാങ്ങലായിരുന്നു ആ ഗ്രന്ഥദഹനമെന്നാണ്‍ നേതാവ്‌ സൂചിപ്പിച്ചത്. അച്‌ഛന്റെ ആത്മാവ് സ്വർ‍ഗ്ഗത്തിലിരുന്ന് എല്ലാം കാണുന്നുണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആ കെട്ടിടം വിട്ടു കൊടുക്കേണ്ടി വരില്ലെന്നോർ‍ത്ത് പാർ‍ട്ടിക്കാർ‍ സന്തോഷിച്ചു. നല്ല നുണകൾ‍ നട്ടു വളർ‍ത്താൻ‍ നേതാക്കന്മാരും അതേറ്റു പാടാൻ‍ അണികളും എന്നും ഉണ്ടായിരുന്നു.

 

You might also like

Most Viewed