മാതാ/പിതാ കീ ജയ്


അത് മധുരപ്പതിനേഴിന്റെ പടിവാതിലിൽ‍ മൊട്ടിട്ട പ്രണയമായിരുന്നു. പ്രണയം പ്രതിബന്ധങ്ങളെയൊക്കെ തരണം ചെയ്‌ത് വിവാഹത്തിലെത്തുന്ന കാലമായിരുന്നു. വിധി വൈപരീത്യം മൂലം തെറ്റിപ്പിരിയേണ്ടിവരുന്നവർ‍ നൈരാശ്യത്തിന്റെ നിത്യസ്‌മാരകങ്ങളാകുമായിരുന്നു. വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ ആശീർ‍വാദത്തോടെ ആചാരപ്രകാരം വിവാഹം നടന്നു. മധുവിധു നാളുകളിലെ തേനും പാലുമൊക്കെ കാലക്രമേണ കുറയുക സ്വാഭാവികം. 

നീണ്ട പത്തുവർ‍ഷത്തോളം കുഞ്ഞിക്കാൽ‍ കാണാതെയിരുന്നിട്ടും ബന്ധത്തിന്‍ ഉലച്ചിലൊന്നും സംഭവിച്ചില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും മുനവെച്ച ചോദ്യശരങ്ങളെ ഇരുവരും ചേർ‍ന്ന് നേരിട്ടു. ദീർ‍ഘനാളുകൾ‍ക്ക് ശേഷം ഒരു കുട്ടി പിറക്കുന്നതുവരെ ബെഡ്‌റൂമിന്റെ നടുവിലെ വലിയ കിടക്കയിൽ‍ കെട്ടിപ്പിടിച്ചു തന്നെയാണിരുവരും കിടന്നിട്ടുള്ളത്. അതു കൊണ്ടാണല്ലോ കാത്തിരിപ്പിന്നൊടുവിൽ‍ കുട്ടി പിറന്നതും കാര്യങ്ങൾ‍ കുഴപ്പത്തിലായതും. 

കുട്ടി പിറന്നതിനു ശേഷം കിടക്കകൾ‍ ഭിത്തിയുടെ ഇരുവശങ്ങളിലായി അകറ്റിയിട്ടു. ഒരു ബെഡിൽ‍ കിഴക്കോട്ടു നോക്കി ഭർ‍ത്താവും മറുബെഡിൽ‍ പടിഞ്ഞാറോട്ടു നോക്കി ഭാര്യയും ഉരുകുന്ന നെടുവീർ‍പ്പോടെ രാത്രി വെളുപ്പിച്ചു. മുറിയുടെ മധ്യത്തിലായി കളിത്തൊട്ടിലിൽ‍ കിടക്കുന്ന കുട്ടിയുടെ കാര്യമാണ് കഷ്ടത്തിലായത്. ദന്പതികൾ‍ തമ്മിലുള്ള അകൽ‍ച്ച എപ്പോൾ‍ തുടങ്ങിയതെന്നോ എന്താണ്‍ കാരണമെന്നോ ആർ‍ക്കും അറിയില്ല. അകൽ‍ച്ചയുടെ കാരണം ഒറ്റവാചകത്തിൽ‍ പറയാനാകില്ലായിരിക്കാം. സംശയത്തിന്റെ വിതക്കപ്പെട്ട വിത്ത് വളരാതെ തരമില്ലല്ലോ. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയാകാം പ്രശ്‌നങ്ങളെന്ന് ഊഹിക്കുകയേ നിവർ‍ത്തിയുള്ളൂ. സാഹചര്യങ്ങളുടെ സമ്മർ‍ദ്ദം മൂലമാണെങ്കിൽ‍ക്കൂടി ചതി പൊറുക്കാൻ വയ്യ. യാതൊരു കാരണവശാലും യോജിച്ചു പോകാനാകില്ലെന്ന തിരിച്ചറിവിൽ‍ ഇരുവരും വഴിപിരിയാനുറച്ചു. 

പ്രശ്‌നങ്ങളുടെ കൂന്പാരവുമായി കൗൺ‍സിലറുടെ അഭിപ്രായം തേടിയെങ്കിലും പരിഹാരമുണ്ടായില്ല. പ്രശ്‌നങ്ങളുടെ യഥാർ‍ത്ഥ കാരണം അവർ‍ക്കും ഇഴ തിരിച്ചെടുക്കാനായില്ല. ആരായാലും സ്‌നേഹിച്ചു ജീവിച്ചവർ‍ ബന്ധം വേർ‍പെടുത്തി പെട്ടെന്ന് പിരിയുന്നത് സങ്കടകരമാണ്‍. പച്ചജീവിതം പ്രശ്‌നസങ്കീർ‍ണ്ണമാണെന്ന് മനസ്സിലാക്കി യാഥാർ‍ത്ഥ്യങ്ങളെ ഉൾ‍ക്കൊണ്ടു കൊണ്ട് വിട്ടുവീഴ്‌ചകൾ‍ ചെയ്‌ത് ഒന്നിച്ചു പോകാനാകുമോയെന്ന് അവസാന നിമിഷം വരെ ശ്രമിക്കണം. അവസാന ശ്രമവും പരാജയപ്പെടുകയാണെങ്കിൽ‍ പിന്നെ പിരിയുക തന്നെ വേണം. ഒരേ കൂരയ്‌ക്കു കീഴിൽ‍ നീറി നീറി ജീവിച്ച് ജീവിതം പാഴാക്കുന്നതിലും നല്ലത് രണ്ടായി ജീവിക്കുന്നതാണെങ്കിൽ‍ അത് തിരഞ്ഞെടുക്കാൻ മടിക്കേണ്ടതില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് നിരന്തരം മുഴങ്ങി കേൾ‍ക്കുന്നതു കൊണ്ടാകും അവർ‍ കുടുംബക്കോടതിയിലൊന്നും കയറിയിറങ്ങാൻ മെനക്കെട്ടില്ല. 

പ്രശ്‌നങ്ങൾ‍ തുറന്ന പുസ്‌തകമായപ്പോൾ‍ അതേവീട്ടിലെ വ്യത്യസ്ഥ മുറികളിലേക്കവർ‍ താമസം മാറ്റി. കുട്ടിയെ നോക്കാൻ ശ്രീലങ്കക്കാരി വേലക്കാരിയെയും നിയമിച്ചു. വളരുന്പോൾ‍ കുട്ടി അച്ഛനോടാണോ അതോ അമ്മയോടാണോ കൂടുതൽ‍ സ്‌നേഹം കാണിക്കുന്നതെന്നറിയാനായ് ഇരുവരും നിശ്ശബ്‌ദം കാത്തിരുന്നു. അവന്റെ ആദ്യമൊഴി അമ്മ എന്നാകുമെന്ന് മാതാവു വിചാരിച്ചു. അവൻ അച്ഛനെന്നാകും വിളിച്ചു തുടങ്ങുകയെന്ന് പിതാവും പ്രതീക്ഷ വെച്ചു. 

പരസ്‌പരം കാണുന്പോൾ‍ കടിച്ചു കീറാൻ നിൽ‍ക്കുന്ന അച്ഛനമ്മമാർ‍ക്കിടയിൽ‍ സംസാരമൊന്നും ഉണ്ടായിരുന്നില്ല. തിരക്കേറിയ ജീവിതത്തിനിടയിൽ‍ വീണു കിട്ടിയ സമയത്ത് കുട്ടിയെ “മാതാ കീ ജയ്” എന്ന് വിളിപ്പിക്കാനായി അമ്മയും “പിതാ കീ ജയ്” എന്ന് വിളിക്കാൻ പഠിപ്പിക്കാനായി അച്ഛനും പരിശ്രമിച്ചു. താൻ തുടങ്ങിയേക്കാവുന്ന സംസാരത്തെച്ചൊല്ലി ആരംഭിച്ചേക്കാവുന്ന രക്തച്ചൊരിച്ചിലിനെ ഓർ‍ത്താകും കുട്ടി സംസാരം മനഃപൂർ‍വ്വം വൈകിപ്പിച്ചത്. പ്രതീക്ഷയോടെ ഇരുവരും കാത്തിരുന്നിട്ടും കുട്ടി അച്ഛനെന്നോ അമ്മയെന്നോ വിളിച്ചില്ല.

വർ‍ഷങ്ങൾ‍ പിന്നിട്ടപ്പോൾ‍ അമ്മ ക്ഷമയറ്റ്‌ കുട്ടിയെ തല്ലിയപ്പോൾ‍ അവൻ “ആച്ചി..., ആച്ചി...,” എന്ന് അവ്യക്തമായ സ്വരത്തിൽ‍ ബുദ്ധിമുട്ടിക്കരഞ്ഞു. അച്ഛനെന്നു വിളിച്ച് കരഞ്ഞിരുന്നെങ്കിൽ‍ അച്ഛനൊപ്പം കഴിയാമായിരുന്നു. അമ്മയെ വിളിച്ചു കരഞ്ഞിരുന്നെങ്കിൽ‍ അമ്മയ്‌ക്കൊപ്പം വളരാമായിരുന്നു. ഇതിപ്പോൾ‍ വളർ‍ത്തിയ ശ്രീലങ്കക്കാരിയെ വല്യമ്മ എന്ന അർ‍ത്ഥത്തിൽ‍ അവർ‍ വിളിച്ച ‘ആച്ചി’ എന്നു വിളിച്ചാണ് കുട്ടി ബുദ്ധിമുട്ടിക്കരയുന്നത്. അച്ഛനും അമ്മയും വഴക്കുണ്ടാക്കി പടിയിറങ്ങി. വേലക്കാരി അവ്യക്തമായ ശബ്‌ദങ്ങൾ‍ മാത്രം പുറപ്പെടുവിക്കുന്ന ഊമയും ബധിരയുമായ കുട്ടിയേയും എടുത്തുകൊണ്ട് അവരുടെ നാടായ ശ്രീലങ്കയിലേക്ക് പോയി.

You might also like

Most Viewed