ശ്വാസം തേടുന്ന രാഷ്ട്രം


അഭിപ്രായ വൈവിധ്യം അരങ്ങുതകർക്കുന്നു നമ്മുടെ രാജ്യത്ത്. നാനാത്വത്തിലെ ഏകത്വത്തെ കണ്ടെത്തുവാൻ പരിശ്രമിച്ച നാട്ടിൽ നാനാത്വം ഏകത്വത്തെ രോഗാതുരമാക്കുന്നു. വിവാദം ഉണ്ടാക്കാത്ത ഒരു വിഷയവും ഇന്ന് രാജ്യത്തില്ല. രാഷ്ട്രത്തിന്റെ നിലനിൽപ്പിന്റെ ആധാരശിലയായ ചില മൂല്യസങ്കൽപ്പങ്ങൾ വിവാദത്തിന് അതീതമായി എല്ലാ പൗരർക്കും സ്വീകാര്യമാവുമെന്നായിരുന്നു അടുത്തകാലത്തുവരെ വിശ്വാസം. എന്നാൽ അതൊക്കെ വെറും അപക്വമായ ധാരണകളായിരുന്നു. രാജ്യസ്നേഹം എന്ന വികാരം തന്നെ ഇപ്പോൾ വലിയ വിവാദമാണ്. ചിലർക്ക് അത് തങ്ങളുടെ കുത്തകയാണെന്ന് വിശ്വാസം, മറ്റ് ചിലർക്ക് അതിന് അവരുടേതായ വിശ്വാസവും അതനുസരിച്ചുള്ള വ്യാഖ്യാനവും, അത് ആരുടെ മുന്നിലും തെളിയിക്കാനുള്ളതല്ല. പ്രത്യേകിച്ച് ഒരു ആശയവുമില്ലാത്തവർ തങ്ങളുടെ നേതാക്കന്മാർ പറയുന്നതുകേട്ട് അതുതന്നെ സിന്ദാബാദ് എന്നും പറയുന്നു. വിവാദത്തൊഴിലാളികൾ ചാനൽ ചർച്ചകൾ മുറുക്കുന്നു. വിവാദങ്ങൾ കൊഴുക്കുന്നു. സമൂഹഗാത്രം ശോഷിക്കുന്നു.

നാളെ അച്ഛനമ്മമാരെ ബഹുമാനിക്കേണ്ടതുണ്ടോ, കുടുംബത്തിൽ വിശ്വസ്തത പുലർത്തേണ്ടതുണ്ടോ ഗുരുക്കന്മാരെ ബഹുമാനിക്കണോ എന്നിങ്ങനെ സംസ്ക്കാരവും നൈതികതയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവർ വിവാദവ്യവസായത്തിന്റെ അസംസൃതവസ്തു ആക്കിയേക്കാം. പക്ഷെ ഒരുകാര്യം പറയാതെ വയ്യ. ജീവിതമൂല്യങ്ങൾ പരസ്പ്പരം വിലയിരുത്തുവാനും അളക്കുവാനും ഓരോരുത്തരും കൈയ്യിലുള്ള അളവുകോലുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ പരസ്പ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെടുന്ന ഒരു ജനത ഇപ്പോൾത്തന്നെ ഗുരുതരമായ രോഗാതുരതയാൽ കഷ്ടപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ ആരോഗ്യാവസ്ഥ ദയനീയമാക്കും.

ഞാൻ ചിന്തിക്കുന്നത് ചുരുങ്ങിയത് ഒരേ പ്രദേശത്ത് വസിക്കുന്ന മനുഷ്യർക്കെങ്കിലും പൊതുധാരണയിൽ എത്തിച്ചേരാനാവുന്ന ഏതെങ്കിലും തലങ്ങൾ ഇന്ന് അവശേഷിക്കുന്നുണ്ടോ എന്നാണ്. അവനവൻ ജനിച്ചുവളർന്ന പ്രദേശത്തോടുള്ള കൂറ് ഏതൊരു മനുഷ്യന്റേയും സാംസ്ക്കാരികമായ അസ്ഥിത്വമാണ്. എന്നാൽ വിവാദ തൊഴിലാളികളുടെ കണ്ണ് ഇപ്പോൾ ഇതിൽ പതിഞ്ഞതിനാൽ ഇതിൽനിന്നും മനുഷ്യനെ അടർത്തി മാറ്റുന്ന പ്രക്രിയയിൽ വ്യാപൃതരാണവർ. ദേശീയഗാനം പാടുന്പോൾ എഴുനേറ്റുനിന്ന് ആദരം പ്രകടിപ്പിക്കേണ്ടതുണ്ടോ, ദേശീയപതാകയെ ബഹുമാനിക്കേണ്ടതുണ്ടോ, ദേശീയത എന്ന വികാരംതന്നെ ആവശ്യമുണ്ടോ, അത് തങ്ങളെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ, ഈ ദേശത്തിനോ സംസ്ക്കാരത്തിനോ എന്തെങ്കിലും സവിശേഷമായുണ്ടോ, ഉണ്ടെങ്കിൽത്തന്നെ നാം പുരോഗമന ചിന്തകർ അത് അംഗീകരിക്കേണ്ടതുണ്ടോ എന്നിങ്ങനെയുള്ള ജീവിതത്തെ ഒരു തരത്തിലും ഗുണകരമായി സ്വാധീനിക്കാത്ത എന്ന് മാത്രമല്ല അൽപ്പം അധപ്പതിപ്പിക്കുകകൂടി ചെയ്യുന്ന കൃത്രിമ സമസ്യകൾ മനസ്സിനെ കാർന്നുതിന്നുന്ന ചിതൽപ്പുറ്റുകൾ മാത്രമാണ്. ഈ വിവാദവിഷങ്ങൾ തളിച്ച് ഊഷരമാക്കുന്ന മണ്ണിൽ ചിതലരിക്കുന്ന സഹജവികാരങ്ങളുടെ മരുത്തിൽ ആലംബഹീനരായ അച്ഛനമ്മമാരെ കൊണ്ട് നടതള്ളുന്ന ഇക്കാലത്ത് മാതൃദേശം എന്നൊക്കെയുള്ള വികാരങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്?

പ്രകൃതി കടം കൊടുത്ത പഞ്ചഭൂത നിർമിതമായ ശരീരത്തിന്റെ സമാനതകളല്ലാതെ സാംസ്ക്കാരികമായി മനുഷ്യൻ ആർജ്ജിച്ചെടുത്ത എല്ലാം ഒന്നൊന്നായി അവൻ തന്നെ പൂർണ്ണമനസ്സോടെ ഉപേക്ഷിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ മതവും രാഷ്ട്രീയവും വിജയിക്കുന്നു. അവയുടെ വിഷമിശ്രിതത്തെ സമൂഹവൃക്ഷത്തിലാകമാനം തളിക്കുന്നതിൽ മുഴുകി വിജയം വരിക്കുന്ന പത്രപ്രവർത്തനവും കൂടിച്ചേരുന്പോൾ ഇങ്ങനെ മുന്നോട്ടുപോയി ഏതാണ്ട് പഴയ ശിലായുഗ അവസ്ഥയിലേയ്ക്ക് മനുഷ്യനെ തിരികെ എത്തിക്കുന്ന സാംസ്ക്കാരികമായ ഒരു തിരിച്ചുപോക്കിന് ആക്കം കൂടിയിരിക്കയാണ്. പൊതുധാരണയുടെ അതിരുകളെ ചുരുക്കിച്ചുരുക്കി അവനവനിലേയ്ക്ക് എത്ര പരമാവധി ചുരുങ്ങാമോ ആ അവസ്ഥയിലേയ്ക്ക് എത്തിക്കാനാണ് ഈ തിരിച്ചുപോക്ക്. പൊതുധാരണകളുടെയും സംസ്ക്കാരത്തിന്റെയും ഉർവരതകൾ ഇല്ലാത്ത സമൂഹം തികഞ്ഞ അരാജകാവസ്ഥയിലേയ്ക്ക് മാത്രം പോകുന്നു. അവനവനിൽ നിന്ന് കുടുംബത്തേയ്ക്കും അവിടുന്ന് സമൂഹത്തിലേയ്ക്കും അവിടുന്നു പ്രദേശങ്ങളിലേയ്ക്കും അവിടുന്നു രാജ്യത്തിലേയ്ക്കും നീളുന്ന മനുഷ്യന്റെ പൊതുവികാരങ്ങളാണ് സമൂഹബോധത്തിന്റെ ഇഴകളെ കൂട്ടി യോജിപ്പിച്ചുകൊണ്ടിരുന്നത്.എന്നാൽ പരിണാമത്തിന്റെ ഈ വിപരീത ദശാസന്ധിയിൽ ഇത് നേരെ എതിർദിശയിലേയ്ക്ക് അതായത് ദേശീയതയിൽ നിന്ന് അവനവൻ കടന്പയിലേയ്ക്ക് അധോഗമിക്കുന്നു. തെറ്റിനെയും ശരിയേയും വേർതിരിച്ചു കാണാതെ ഈ ഇഴകൾ ഒന്നൊന്നായി പൊട്ടിച്ച് ഓരോ മനുഷ്യനെയും ആലംബഹീനമായ ഓരോ തുരുത്തുകളാക്കുന്നു ഈ അവിശുദ്ധ കൂട്ടുകെട്ടുകൾ.

പകുതി വെന്ത ഭക്ഷണം കഴിക്കുന്നവരാണ് ഇപ്പോൾ ഏറെപ്പേരും. അറിഞ്ഞ രുചിയെപ്പറ്റി മാത്രം അവർ വാതോരാതെ പ്രസംഗിക്കുന്നു, വിലയിരുത്തലുകൾ നടത്തുന്നു. അറിഞ്ഞതിലേറെ അറിയാനുണ്ട് ഇന്നത്തെ സാഹചര്യത്തിൽ. അത് എല്ലാ വിഭാഗക്കാർക്കും ബാധകവുമാണ്. എന്നാൽ തങ്ങൾക്ക് ഗുണകരമാവും വിധം സാഹചര്യങ്ങൾ വളച്ചൊടിക്കാൻ ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുംതോറും സത്യത്തിന് മേൽ കൂടുതൽ മണ്ണ് വീണുകൊണ്ടിരിക്കും. സത്യാന്വേണത്തിന്റെ സംസ്ക്കാരം കെട്ടിപ്പടുത്ത രാഷ്ട്രം പ്രാണവായുവിന് വേണ്ടി പിടഞ്ഞുകൊണ്ടുമിരിക്കും.

You might also like

Most Viewed