കവിഭാവനയുടെ രാജ്യതന്ത്രം...


എവിടെ മനസ്സ് നിർമലവും ശിരസ്സ് ഉന്നതവുമാണോ എവിടെ വാക്കുകൾ സത്യത്തിന്റെ അഗാധതലങ്ങളിൽ നിന്നും ഉത്ഭവിക്കുന്നുവൊ, അവിടേക്ക് എന്റെ നാഥാ എന്റെ രാജ്യം ഉണരേണമേ എന്ന് വിശ്വമഹാകവി പാടിയിട്ട് കാലങ്ങളേറെ കഴിഞ്ഞുപോയി. ഇപ്പോൾ നമ്മുടെ രാജ്യം അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനാചരണം നടത്തുന്ന വേളയിൽ ഇന്നത്തെ സാഹചര്യം കവിസങ്കൽപ്പവുമായി ഒന്ന് ഉരച്ചുനോക്കേണ്ടതല്ലേ! നിലവിലുള്ള സാഹചര്യങ്ങൾ ഇതുമായി എത്ര പൊരുത്തപ്പെടാത്തതായാണ് വരുന്നത് എന്നു സ്വയം അറിയുന്നത് നല്ലതാണ്. ഏതൊരു ശക്തിക്കും എതിരായി ഒരു പ്രതിശക്തി ഉടലെടുക്കും എന്ന ന്യൂട്ടന്റെ മൂന്നാം ചലനസിദ്ധാന്തത്തിന് ഒരു സാമൂഹികതലം കൂടിയുണ്ട്. പൊതുജീവിതത്തിലെ അഴുക്കുകളെയും ജീർണതകളെയും പുറത്ത് കൊണ്ടുവന്ന് ശുദ്ധീകരിക്കുവാൻ തിരുത്തൽ ശക്തികൾ ധാരാളമായി പ്രവർത്തിക്കുന്പോഴും ഏതു പ്രതിരോധ കുത്തിവെയ്പ്പുകളെയും അതിജീവിക്കാൻ കഴിവുള്ള വൈറസ്സുകൾ അനുദിനം പെരുകുന്ന കാഴ്ച ഇന്ന് സുലഭമാണ്. ഈ വൈറസ്സുകളുടെ ആധിക്യത്താൽ തിരുത്തൽശക്തികളേയും അത് രോഗാതുരമാക്കുന്നു. ആന്റിവൈറസ് കുത്തിവെയ്പ്പെടുക്കാൻ വരുന്ന ഭിഷഗ്വരന്മാർതന്നെ രോഗഗ്രസ്തരാകുന്നു എന്നതല്ലാതെ ഒരു തിരുത്തലും ഇവിടെ ശ്രദ്ധയിൽപ്പെടുന്നില്ല.

പാറ്റകൾക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്ന വിഷം ഒരു പാറ്റയെ ബാധിച്ചാൽ അത് ഓടിനടന്ന് മറ്റുള്ളവയിലേക്കും ആ വിഷത്തെ പടർത്തുന്നതിനാലാണ് അവ പൂർണമായി നശിക്കുന്നത്. ഏതാണ്ടതുപോലെ അഴിമതിയാൽ കളങ്കിതമായ വ്യക്തിത്വങ്ങൾ അതെ അഴിമതിയെ പല രീതിയിലും ചുറ്റുമുള്ളവരിലേക്കും പ്രാപ്യമായ പ്രസ്ഥാനങ്ങളിലെക്കും പടർത്താൻ ശ്രമിക്കുന്നു. പിടിക്കപ്പെട്ടാൽ നിന്നുപറ്റണമല്ലോ!! അതുകൊണ്ട് ഇത്തരം കെണികളിൽ കുരുങ്ങിപ്പോകുന്നവർ കഥയിലെ ഞണ്ട് എന്നതുപോലെ ചുറ്റും വീഴുന്നവരെ ആ കെണിയിൽ നിന്ന് രക്ഷപെടാതെ നോക്കുകയും ചെയ്യുന്നതിനാൽ ഈ കഥ കാലഘട്ടങ്ങിലൂടെ നിർബാധം തുടരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെ തുടരുന്പോൾ കാണികളായ പാവം ജനങ്ങൾ ഈ ചവിട്ടുനാടകം കണ്ടുകണ്ട് തങ്ങളെ ചൂഴ്ന്ന് നിൽക്കുന്ന ഇരുട്ടിനെയും ഈ നാടകശാലക്ക് പുറത്തുള്ള യഥാർഥ ജീവിതത്തെയും അറിയുന്നില്ല. നാടകത്തിലെ അഭിനേതാക്കൾ വടക്കുതെക്ക് യാതകൾ വേദിയിലൂടെ മാറിമാറി നിരന്തരം നടത്തിക്കൊണ്ടേയിരിക്കുന്നു. സ്വയം മറക്കുന്ന പ്രേക്ഷകർ അവനവന്റെ യാത്രപോലും മറന്നുംപോകുന്നു.

രാജ്യത്തിനും രാജ്യപുരോഗതിക്കും മുൻപിൽ ഒന്നും അടിയറ വെയ്ക്കാത്ത, രാജ്യത്തെ ജനങ്ങളുടെ സർവതൊന്മുഖമായ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും ചവിട്ടിയെറിയുന്ന ഒരു നേതൃനിരയാൽ സന്പന്നമാവുന്ന ഒരു രാഷ്ട്രീയ സംസ്ക്കാരം നമുക്കിപ്പോഴും അപ്രാപ്യമല്ല. മനുഷ്യനെ പല കാഴ്ച്ചപ്പാടുകളുടെയും നിറം പിടിപ്പിച്ച ചില്ലിലൂടെ കാണാതെ മനുഷ്യനായി മാത്രം കാണുന്ന ഒരു സമൂഹം നമുക്ക് അപ്രാപ്യമൊന്നുമല്ല. പക്ഷെ അത് ഇന്നുള്ളവരെക്കൊണ്ട് സാധിക്കാൻ ശ്രമിക്കുന്നതിനേക്കാൾ അതിന് പ്രാപ്തിയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാവും കൂടുതൽ പ്രായോഗികം.പക്ഷെ അവിടെയും എടുക്കാനാണയങ്ങളെ സൃഷ്ടിക്കാനാണ് പുറപ്പാടെങ്കിൽ പിന്നെ പ്രതീക്ഷക്ക് വകയില്ല. വിയോജിപ്പുകൾ ശക്തമായി വ്യക്തമാക്കുന്നതാണ് ജൈവമായ ജനാധിപത്യം എന്നത് സത്യമാണെങ്കിലും ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന പാർലമെന്റിനെ തുടർച്ചയായി സ്തംഭിപ്പിച്ചു കഴിവ് തെളിയിക്കേണ്ട ദയനീയാവസ്ഥയിലേക്ക് രാഷ്ട്രീയപ്പാർട്ടികൾ തരംതാഴുന്നത് നാടിനോടും നാട്ടാരോടും ഇല്ലാത്ത കൂറിനെ മാത്രമാണ് വെളിച്ചത്താക്കുന്നത്. എത്രനാൾ സ്തംഭിപ്പിച്ചാലും കിട്ടേണ്ട ലക്ഷക്കണക്കായ ശന്പളത്തിൽ ഒരു കുറവും വരാത്തിടത്തോളം അതിലെ മെന്പർമാർക്ക് ആശങ്കപ്പെടെണ്ടതില്ല...

ഒരു ജനതയുടെ അജ്ഞതയുടെ പിൻബലത്തിൽ മാത്രം അധികാരം നേടുന്ന നേതാക്കന്മാർ രാജ്യത്തിന് ഒരു ബാധ്യത തന്നെയാണ്. ജനങ്ങളെ പറ്റിച്ച് അധികാരം നേടുന്ന ഇവരുടെ ഏറ്റവും വലിയ വികസനലക്ഷ്യം സ്വന്തം കുടുംബത്തെ അധികാരത്തിന്റെ ഉന്നത പീഠങ്ങളിൽ അവരോധിച്ച് എതിർക്കപ്പെടാത്ത സാമ്രാജ്യങ്ങൾ സൃഷ്ടിക്കുക മാത്രമായിരിക്കും. രാജ്യതാൽപ്പര്യത്തെ അവർ സംരക്ഷിക്കുകയില്ല, തന്നെയല്ല വികസനത്തിന്റെ നാന്പുകളിൽ പുഴുക്കുത്ത് എൽപ്പിക്കുവാൻ മുൻപന്തിയിലും ആയിരിക്കും. ഇതുകൊണ്ടാണ് ജനാധിപത്യം ഉന്നതമായ പൗരബോധമുള്ള, അവകാശങ്ങളെപ്പറ്റി മാത്രമല്ല കടമയെപ്പറ്റിയും ബോധ്യമുള്ള ഒരു ജനതക്ക് മാത്രം യോജിച്ച ഭരണക്രമമാവുന്നത്. അപക്വമായ കരങ്ങളിൽ അതിന്റെ വികലരൂപം കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്ന ഒരു നാളിലേക്ക് എന്റെ നാഥാ എന്റെ രാജ്യത്തെ ഉണർത്തേണമേ എന്ന് തിരുത്തി ചോല്ലുവാനാണ് ഈ ദേശീയാഘോഷവേളയിൽ ഞാൻ താൽപ്പര്യപ്പെടുന്നത്. അതുമാത്രമേ ഭാരതീയർ എന്ന നിലയിൽ നാമൊരോരുത്തർക്കും തലയുയർത്തി അഭിമാനിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയുള്ളൂ.

വിവേകത്തിന്റെയും ചിന്തയുടെയും വെളിച്ചം ഒരിക്കലും കടന്നു ചെല്ലാത്ത തീവ്രവാദത്തിന്റെ നിഴലിലാണ് ഇന്നത്തെ ലോകം. അത് പൂർണമായും നമ്മുടെ നിയന്ത്രണത്തിന് അതീതവുമാണ്. അത്തരം വിഷവിത്തുകൾ ഇന്ത്യൻ യുവഹൃദയങ്ങളിൽ ഒന്നിൽപ്പോലും മുളപൊട്ടാതിരിക്കാൻ ജാകരൂകരാകേണ്ട ചുമതല ഓരോ ഭാരതപൗരനും നിർവ്വഹിക്കേണ്ടതുണ്ട്. കടമകൾ നിറവേറ്റിയശേഷം അവകാശങ്ങൾക്ക് ചോദിക്കുന്ന പൗരാവബോധത്തിന്റെ സൂര്യോദയം ഭാരതീയഹൃദയങ്ങളിൽ സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്...

You might also like

Most Viewed