മാണിക്യത്തെ കുപ്പയിലെറിയുന്നവർ

സംഗീതം മാനവികതയുടെ ശബ്ദമാണ്. സംഗീതത്തിലൂടെ പകരുന്നത് മതിലുകൾ പണിയാത്ത മനുഷ്യത്വം തന്നെയാണ്. അത് എല്ലാത്തയിടത്തും നിരോധിക്കപ്പെട്ടിടത്തും മരുത്തുകളാകുന്ന മനസ്സുകളിൽ അഗ്നിപർവ്വതങ്ങൾ രൂപപ്പെടുകയും ലാവാപ്രവാഹങ്ങൾ അവരെത്തന്നെ എരിച്ചുകളയുകയും ചെയ്യുന്നു. മുറിവേറ്റ ഹൃദയത്തിന്റെ ലേപനവും, ആരോഗ്യമുള്ള മനസ്സിന്റെ പോഷണവുമാകുന്നു സംഗീതം. അതിലൂടെ ഒരു ദേശസംസ്കൃതിയുടെ ആഴവും കാഴ്ചപ്പാടും വ്യക്തമായി അറിയുവാൻ സാധിക്കും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംഗീതസംസ്കൃതി ഏതാണ്ടൊന്നുതന്നെ ആയതിലൂടെ ഈ രാജ്യങ്ങൾ തമ്മിലുള്ള സാംസ്ക്കാരികമായ പൊതുധാര സുവ്യക്തമാണ്. എന്നാലിതിന്മേലും കാപാലികരുടെ കഴുകൻ കണ്ണ് വീണു തുടങ്ങിയിരിക്കുന്നു.
സംഗീതത്തെയും അതിർവരന്പുകളുടെ തടവിലാക്കാൻ ഇപ്പോൾ യത്നം നടക്കുകയാണ്. രാഷ്ട്രീയ അന്താരാഷ്ട്രീയ വിഭാഗീയതകളുടെ അഗ്നി മനുഷ്യജീവിതത്തെ ചുട്ടെരിക്കുന്പോൾ ഹൃദയത്തിന്റെ കോണുകളിൽ മൃദുലഭാവങ്ങളോട് സംവദിക്കുകയും സൂക്ഷ്മസംവേദനങ്ങളെ തഴുകിയുറക്കുകയും ചെയ്യുന്ന ആർദ്രതയുടെ സംഗീതത്തെ ചുട്ടുകൊല്ലാൻ ഇപ്പോൾ കേരളത്തിലും ശ്രമം നടക്കുന്നു എന്നത് ദുഃഖത്തോടെ മനസ്സിലാക്കേണ്ട വസ്തുതയാണ്. ഗുലാം അലിയുടെ കാര്യത്തിൽ സംഭവിച്ചത് ദൗർഭാഗ്യവശാൽ ഇത് തന്നെയാണ്. സ്നേഹത്തിന്റെയും ഉദാത്തമാനവികതയുടെയും സന്ദേശവാഹകനായ ആ സംഗീതജ്ഞനെ വെറുമൊരു പാക്കിസ്ഥാനി മാത്രമായി കാണുന്നത് സമാനതകളില്ലാത്ത സമകാലിക ജീർണതയാണ്. മനുഷ്യനും അവന്റെ ജീവനും വിലയില്ലാതാവുന്ന അവസ്ഥയിൽ ഉൽപ്പാദിതമാകുന്ന മാലിന്യമാണത്, വിവേകത്തിന്റെ മരണവും. പത്താൻകോട്ടെ ആക്രമണത്തിന്റെ പശ്ചാതലത്തിൽ പ്രതിഷേധിക്കേണ്ടത് കലാകാരനോടും അയാളുടെ കലയോടുമല്ല. അത് അത്തരമൊരു ബുദ്ധിരാഹിത്യത്തിന് വളമിട്ടുകൊടുത്ത രാഷ്ട്രീയ സാമൂഹിക കാഴ്ച്ചപ്പാടുകളോടാണ്. കലാകാരൻ എന്നും ഉത്ഘോ
ഷിക്കുന്നത് കലയുടെ വിശ്വമാനവികമൂല്യങ്ങൾ മാത്രമാണ്.
സഞ്ചാരി നടന്നു നടന്ന് പരിക്ഷീണനായിരിക്കുന്നു, ഇനിയെത്രദൂരം ഇങ്ങനെ അലയേണ്ടിയിരിക്കുന്നു തീരമെത്താൻ എന്ന് വിഷാദം വഴിയുന്ന കണ്ഠത്തോടെ ചോദിക്കുന്പോഴും ഒന്നുമൊന്നും ഉരിയാടാതെ മൗനവാൽമീകത്തിൽ ഒളിച്ചിരുന്ന് കണ്ണീർ വാർത്ത കാലത്തെപ്പറ്റി നമ്മോട് പറയുന്പോഴും ഈ സംഗീതപഥികനെ ഏതെങ്കിലും ഒരു വിഭാഗീയതയുമായി കൂട്ടിക്കെട്ടാൻ എങ്ങിനെ ഒരു ഹൃദയത്തിനാകും എന്ന് ഞാൻ അത്ഭുതപ്പെടുന്നു. അത് ഈ ലോകത്തിന്റെ രൗദ്രമായ ചിന്താശൂന്യതയ്ക്ക് വിട്ടുകൊടുക്കാനേ ആവുകയുള്ളൂ. തന്റെ ഗസലിന്റെ ആത്മസ്പർശിയായ ആലാപനത്തിലൂടെ ഉള്ളിന്റെ ഉള്ളിലെ മനുഷ്യന്റെ മൃദുവികാരങ്ങളുടെ സംവേദനത്വം കാലദേശാതീതമായി ഒന്ന് തന്നെയാണെന്ന സത്യം സംഗീതത്തിലൂടെ അനുഭവിപ്പിക്കുകയാണ് അദ്ദേഹം. ഞാൻ വിശ്വസിക്കുന്ന ഭാരതസംസ്ക്കാരം ആ കലാകാരനെ അദ്ദേഹത്തിന്റെ ഹൃദയം നിറയുമാറ് സ്നേഹാദരങ്ങൾ കൊടുത്ത് തിരിച്ചയക്കുന്നതാണ്. കാരണം അദ്ദേഹം ഉദാത്തമായ ഒരു സംഗീതശൈലിയെ പ്രതിനിധീകരിച്ചാണ് വന്നത്, ഒരു രാജ്യത്തെയല്ല. അദ്ദേഹം പൊഴിച്ച മഴ സൂക്ഷ്മവികാരങ്ങളുടെ മധുരനൊന്പരങ്ങൾക്കാണ് വളമേകിയത്.
സംഗീതത്തോടുള്ള അസഹിഷ്ണുതയുടെ അതിലും ഖേദകരമായ മറ്റൊരു വാർത്ത ഇന്ന് എല്ലാ കലാഹൃദയങ്ങളേയും മുറിപ്പെടുത്തി. അത് പണ്ഡിറ്റ് രവിശങ്കർ, അലി അക്ബർ ഖാൻ, അന്നപൂർണാ ദേവി, നിഖിൽ ബാനർജി എന്നിവരുടെ ഗുരുവായ, സംഗീതത്തിന്റെ പ്രതിരൂപമായി ബഹുമാനിക്കപ്പെടുന്ന ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ സംഗീതകേന്ദ്രം ബംഗ്ലാദേശിൽ തീവ്രവാദികൾ തീയിട്ട് നശിപ്പിച്ചെന്നതാണ്. കത്തിയോടുങ്ങിയവ ആ മഹാകലാകാരൻ വായിച്ചിരുന്ന സരോദ്, അദ്ദേഹത്തിന്റെ സാരംഗി, തംബുരുകൾ, ഹജ്ജിന് പോയ വേളയിൽ സൗദി രാജകുടുംബം സമ്മാനിച്ച നിസ്ക്കാരകംബളം എന്നിവയും മറ്റനവധി അമൂല്യ വസ്തുക്കളുടെ ശേഖരവുമായിരുന്നു. അഫ്ഗാനിസ്ഥാനിലെ ബാമിയാനിലുള്ള നൂറ്റാണ്ടുകൾ പൗരാണികമായ ബുദ്ധപ്രതിമകൾ നശിപ്പിച്ചതിന്ശേഷം തീവ്രവാദികൾ നടത്തുന്ന സംസ്ക്കാരതിന്മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമായിട്ടാണ് ഈ അതിക്രമത്തെ സാംസ്ക്കാരികലോകം വിലയിരുത്തുന്നത്. മനുഷ്യസംസ്ക്കാരത്തിന്റെ ഓരോരോ ദളങ്ങളെയായി അടർത്തിമാറ്റി ഒടുവിൽ ആ പുഷ്പം നിന്നിടത്ത് നോവിക്കുന്ന മുള്ളുകൾ മാത്രം അവശേഷിപ്പിക്കുകയാണ് ഈ നരാധമന്മാരുടെ ലക്ഷ്യം. അവർക്ക് കലയില്ല, സംവേദനത്വമില്ല, വികാരങ്ങളില്ല, മനുഷ്യരൂപം മാത്രം! മരുത്തുകൾ രൂപപ്പെട്ട ഹൃദയതലങ്ങളിൽ വിഷവിത്തുകൾ തഴച്ചുവളരുന്നു. അത്തരം വിഷവിത്തുകൾ മലയാള മനോഭൂമികയിൽ നിക്ഷേപിക്കുവാൻ ഒരു വടക്കൻ കാറ്റിനെയും നാം അനുവദിക്കുവാൻ പാടില്ലാത്തതാണ്. അതുകൊണ്ടാണ് ഗുലാം അലി സാഹിബിനെപ്പോലെ സംഗീതത്തിനായി ജീവിക്കുന്ന ഒരു കലാകാരനെ നോവിക്കുന്ന ഒരു മനോഭാവവും നമ്മുടെ ജീവിതത്തെ മലിനപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്നത്. അതുപോലോന്നും തിരികെ പ്രതീക്ഷിച്ചല്ല, അത് ലഭിക്കാൻ സാധ്യതയും കുറവാണ്. പക്ഷെ സാംസ്ക്കാരിക രംഗത്ത് മാത്രം കണ്ണിനുകണ്ണ് പല്ലിന് പല്ല് എന്ന സമീപനം ഇരുഭാഗത്തേയും ഒരുപോലെ അധപ്പതിക്കുന്നതിന് മാത്രമേ വഴി തെളിക്കൂ.
ഗുലാം അലിയോട് നമ്മുടെ നാട്ടിൽ ചിലർ പുലർത്തുന്ന സമീപനവും ഖാൻസഹിബ് സ്മാരകത്തോട് തീവ്രവാദികൾ കാണിക്കുന്ന സമീപനവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മൂർഖത്വതെ മൂർഖത്വംകൊണ്ടു തന്നെ നേരിടുന്ന കാടൻ രീതി മനുഷ്യനിൽ നിന്ന് മനുഷ്യത്വത്തെ വറ്റിച്ചുകളയുന്ന പ്രക്രിയയാണ്.സാമൂഹ്യ രാഷ്ട്രീയ വർഗപര മേഘലകളിലെല്ലാം അത് സംഭവിക്കുന്നു, എന്നാൽ സംഗീതത്തെയും സംസ്ക്കാരത്തെയുമെങ്കിലും ഇതിൽനിന്ന് സംരക്ഷിച്ചില്ലെങ്കിൽ നാളത്തെ തലമുറയോട് എന്ത് ഉത്തരവാദിത്തമാണ് നാം നിറവേറ്റുന്നത്?