കാത്തിരിക്കാം... പുലരുവോളം..
രണ്ടായിരത്തിപ്പതിനാറ് നമ്മുടെ ജീവിതത്തെ ഏറ്റെടുത്തുകഴിഞ്ഞു, ഇനി ഇതിന്റെ ഭാണ്ധത്തിൽ നമുക്കായി എന്തെല്ലാം സ്വരൂപിച്ചു വെച്ചിരിക്കുന്നു എന്നതാണ് ചിന്ത്യം. പുതുവത്സര സമ്മാനമായി ജീവിതത്തെ നിറയ്ക്കുന്നതും ചിന്തയെ ഉദ്ദീപിപ്പിക്കുന്നതുമായ എന്തെങ്കിലും ലഭിച്ചാൽ അതിൽ ഒരുപാടു മൂല്യം കണ്ടെത്തുന്നു നമ്മൾ. പക്ഷെ നന്മയുടെ ഭാഷ ലോകത്ത് അന്യമായിക്കൊണ്ടിരിക്കുന്നതിനാലാണോ എന്നറിയില്ല ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജൊങ്ങ് ഉന്നിന് തന്റെ നാട്ടുകാർക്ക് പുതുവർഷസമ്മാനമായി കൊടുക്കുവാൻ തോന്നിയത് ഒരു ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണ വിസ്ഫോടനമായിരുന്നു. ഇത് ആ നാട്ടുകാരെ എത്തരത്തിൽ സന്തോഷിപ്പിച്ചു എന്നറിയില്ല. ലോക സമാധാനത്തിന്റെ കടയ്ക്കൽ ഓരോ കത്തി വീഴുന്പോഴും സന്തോഷിക്കുന്ന പൈശാചിക വ്യക്തിത്വങ്ങൾ ഇന്ന് ആഗോളവ്യാപകമാണല്ലോ. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച അണുബോംബിന്റെ കുറഞ്ഞത് ആയിരം മടങ്ങെങ്കിലും സംഹാരശേഷിയുള്ള ഈ ഹൈഡ്രജൻ ബോംബുസ്ഫോടനം ഭൗമാന്തർഭാഗത്താണ് നടത്തിയത്. റിക്ട്ടർ സ്കെയിലിൽ അഞ്ചിലധികം രേഖപ്പെടുത്തിയ പ്രകന്പനങ്ങളെയും അത് സൃഷ്ടിച്ചു. ഇത് സൗരമണ്ധലത്തിൽ അനുനിമിഷം നടക്കുന്ന താപ−ആണവ വിസ്ഫോടനങ്ങളുടെ ഒരു ചെറിയ പതിപ്പുതന്നെയാണ്. സ്ഫോടനകേന്ദ്രത്തിൽ സൂര്യസമാനമായ ഒരുകോടി ഡിഗ്രീ സെൽഷ്യസ് താപം ഉത്സർജിതമാക്കി, അളക്കാനാവാത്ത ഊർജ്ജത്തെ ഉൽപ്പാദിപിക്കുന്ന സംഹാരഭീകരതയാണ് ഇത്. അണുവിഘടനത്തിലൂടെ സൃഷ്ടിക്കുന്ന അളവറ്റ ഊർജ്ജത്തെ ഉപയോഗിച്ച് അണുസംയോജനം നടത്തി ഉൽപ്പാദിപ്പിക്കുന്ന സങ്കൽപ്പാതീതമായ അളവിലുള്ള ഊർജ്ജം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. എത്ര വലിയ നേട്ടം ഉത്തര കൊറിയക്ക്! എത്ര വലിയ കോട്ടം ലോകസമാധാനത്തിന്!
മലയാളത്തിന്റെ സ്വന്തം വയലാർ ചോദിച്ചിട്ടുണ്ട്, ഈ നിത്യഹരിതയാം ഭൂമിയിൽ കൊതിതീരുംവരെ ജീവിച്ച് മരിച്ചവരുണ്ടോ എന്ന്. എന്നാൽ ഇന്ന് പലരും ജീവിക്കുന്നത് അതേ ഭൂമിയെ വന്ധ്യവും ഊഷരവുമാക്കാനാണ്.മുന്പ് ജീവിച്ചവർ കാട്ടിയ ദ്രോഹവും അളവറ്റതാണ്. ഉക്രൈനിലുള്ള പ്രിപ്പ്യാത് എന്ന നഗരത്തിൽ ഒരു കാലത്ത് ജീവിതം തുടിച്ചിരുന്നു. വലിയ കെട്ടിടങ്ങളും നല്ല ജീവിതനിലവാരവും ഉണ്ടായിരുന്നു. വിദ്യാലയങ്ങളിലും പാർക്കുകളിലുമെല്ലാം ആഹ്ലാദാരവങ്ങൾ തുടിച്ചിരുന്നു. ഇന്നത് ഒരു യഥാർത്ഥ പ്രേതഭൂമിയാണ്. കെട്ടിടങ്ങൾ അതെപടിയുണ്ട്, മാറാലപിടിച്ച് നശിച്ച ക്ലാസ്സ്മുറികളിൽ കുട്ടികളുടെ പാഠപുസ്തകങ്ങൾ തുറന്നു ചിതറിക്കിടക്കുന്നു, കളിപ്പാവകൾ അനാഥമായിക്കിടക്കുന്നു. പാർക്കുകളിൽ ജയന്റ് വീലുൾപ്പടെയുള്ള വിനോദ സാമഗ്രികൾ തുരുംന്പെടുത്ത് നശിക്കുന്നു. പൊടിപിടിച്ച ജീർണ്ണഗൃഹങ്ങളിൽ ദ്രവിച്ചു മങ്ങിയ വീട്ടുപകരണങ്ങൾ അനാഥത്വം പേറി നശിക്കുന്നു. ഇതാണിന്ന് പ്രിപ്യാത്. എൺപത്തിയാറിലെ ഒരു ശപിക്കപ്പെട്ട പ്രഭാതത്തിൽ മിടുക്കരായി സ്കൂളിൽ പോയ കുഞ്ഞുങ്ങൾ വായിൽ എന്തോ മോശമായ രുചി അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു. താമസിയാതെ മുതിർന്നവർക്കും അതനുഭവപ്പെട്ടു. പാവപ്പെട്ട മനുഷ്യർ അപ്പോൾ മനസ്സിലാക്കിയില്ല, അവർ മാരകമായ ആണവ പ്രസരണത്തിന് വിധേയരായിക്കഴിഞ്ഞിരിക്കുന്നു എന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം.തൊട്ടടുത്ത ചെർണോബിൽ ആണവ റിയാക്ടർ തീപിടിച്ചു സ്ഫോടനം നടന്നു മാരകമായ ആണവകണികകൾ വലിയ അളവിൽ പുറത്തുവരികയും കാറ്റ് അതിനെ സമീപപ്രദേശങ്ങളിളിലെല്ലാം എത്തിക്കുകയും ചെയ്തു കഴിഞ്ഞത് അവരാരും അറിഞ്ഞിട്ടില്ലായിരുന്നു. അന്നത്തെ സോവിയറ്റ് ഭരണകൂടം വളരെപ്പെട്ടെന്ന് പ്രിപ്യാതിൽ നിന്നും ആളുകളെ നീക്കം ചെയ്തുവെങ്കിലും ഏറ്റവും ദുഃഖകരമായ കാര്യം രണ്ടുലക്ഷത്തോളം ആളുകൾ പിൽക്കാലത്ത് മരണപ്പെട്ടത് അണുവികിരണമേറ്റ് ഉണ്ടായ കൻസറുകളും മറ്റ് അസഹ്യമായ രോഗപീഡകളും കൊണ്ടാണെന്നതാണ്. മുപ്പത് വർഷത്തിന് ശേഷവും പ്രിപ്യാത് അന്നത്തെ ആണവ മലിനീകരണത്തിൽ നിന്നും മുക്തമല്ല. ഒരു പറവപോലും ഇന്നവിടെയി
ല്ല. ഉണങ്ങി വരണ്ട ചില ചെടികൾ മാത്രം അവിടവിടെ കാണാം.
അമേരിക്കയിലും മനുഷ്യൻ പ്രകൃതിയിൽ നടത്തിയ കടന്നുകയറ്റം വാസയോഗ്യമല്ലാതാക്കിത്തീർത്ത ഒരു പ്രദേശമുണ്ട്. അതാണ് ഒക്ലഹോമയിലെ പിച്ചർ. നിയന്ത്രണമില്ലാത്ത ലോഹഘനനം അവിടെ സൃഷ്ട്ടിച്ച വിഷലിപ്തമായ ലോഹ അയിരുകളുടെ കൂനകൾ ഭൂഗർഭ ജലസ്രോതസ്സുകളെപ്പോലും വിഷഭരിതമാക്കി.അവിടെ വസിച്ചിരുന്ന കുഞ്ഞുങ്ങൾ മാരകമായ ലെഡ് വിഷബാധയാൽ ജീവിതകാലം മുഴുവൻ നാഡീഞരന്പുകളെ ബാധിക്കുന്ന അസുഖങ്ങളാൽ കഷ്ടപ്പെടുന്ന അവസ്ഥയാണ്.ഒരു യഥാർത്ഥ പ്രേത നഗരമാണ് ഇതും.
പ്രേമാഭ്യർത്ഥന സ്വീകരിക്കാഞ്ഞതിനാൽ ഒരുവൻ സുന്ദരിയായിരുന്ന ഒരു പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ വാർത്ത നമ്മൾ പലരും വായിച്ചിട്ടുണ്ട്. ജീവന്റെ തുടിപ്പുകൾക്ക് ഒരു ഇടവുമേകാതെ അനന്തവിഹായസ്സിലൂടെ ചലിക്കുന്ന നിരവധിയായ ഗ്രഹങ്ങൾക്കിടയിൽ ജീവന് ഇടം നൽകാൻ വേണ്ടി സുന്ദരിയായി അണിഞ്ഞൊരുങ്ങിയ വസുധയുടെ മുഖം ഇങ്ങനെ വിഷമൊഴിച്ച് വികൃതമാക്കാൻ മനുഷ്യന് മാത്രമല്ലേ കഴിയൂ!! ആണവ ഹൈഡ്രജൻ ബോബുകളിലൂടെയും വംശീയവിഷത്തിന്റെ ഹിംസാപ്രയോഗങ്ങളിലൂടെയും അഹന്തയുടെ വിഷവിത്തുകളെ വളമിട്ടു വളർത്താൻ യത്നിക്കുന്ന മനുഷ്യന്റെ അൽപ്പത്തവും അജ്ഞതയും എവിടെയെല്ലാം ഈ സർവംസഹയുടെ മനസ്സും ശരീരവും കളങ്കപ്പെടുത്താനിരിക്കുന്നു, ഇനിയും... ഉൾക്കാഴ്ചയുടെ ദീപനാളം തെളിയട്ടെ എന്ന് ചിന്തിക്കാനല്ലേ ആവുകയുള്ളൂ. സ്നേഹശൂന്യമായ കാലത്തിനു ഇനിയതു സാധിക്കുമോ!!കാത്തിരിക്കാം ,,,പുലരുവോളം...