ചതിയിൽ ഇറുത്ത രക്തപുഷ്പ്പങ്ങൾ
പുതിയ വർഷം പുതിയ തുടക്കം കൊണ്ടുവരണമെന്നും എല്ലാക്കാര്യങ്ങൾക്കും ഒരു നവീകരണം വേണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഒരു പിറന്നാൾ നയതന്ത്രത്തിലൂടെ സാഹോദര്യത്തിന്റെയും പരസ്പ്പരവിശ്വാസത്തിൽ അടിയുറച്ച സഹകരണത്തിന്റെയും വാതിലുകൾ നമ്മൾ തുറന്നുകൊടുത്തു. ഇത് പുതുവർഷത്തേക്കുള്ള ഒരു നല്ല തുടക്കമായി ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങൾ കണ്ടുവെങ്കിലും ഇത്തരം നല്ല ലക്ഷണങ്ങൾ കാണുന്പോൾ ഇതിനുമുന്പ് മറ്റെല്ലാ അവസരങ്ങളിലും കാണിച്ച അതെ ചതി ഇത്തവണയും മുടക്കംകൂടാതെ കാട്ടിക്കൊണ്ടാണ് അയൽപക്കം പ്രതികരിച്ചത്. ഈ ചതിയിൽ നമ്മുടെ മാനം കാക്കാൻ നിന്ന ഏഴോളം വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞുപോയി.
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. അത് സത്യത്തിനും സമാധാനത്തിനും സൗഹൃദത്തിനും വേണ്ടി നീളുന്ന കൈകൾ എപ്പോഴും ധീരനും ശക്തനുമായവന്റെയാണ് എന്ന സത്യമാണ്. ഭീരുക്കളും ദുർബലരും ഇരുട്ടിന്റെ മറവിൽ പതുങ്ങിവന്ന് പിന്നിൽനിന്നും കുത്തിയിട്ടോടുന്നവരാണ്. ജയിക്കാൻ വേണ്ടി എന്ത് തരംതാണ വൃത്തികെട്ട കളിയും അവർ കളിക്കും, കാരണം അവർ വിജയം മാത്രമാണ് ആഗ്രഹിക്കുന്നത്, അതിലേയ്ക്ക് നയിക്കുന്ന വഴിയുടെ ധാർമ്മികതയും നൈതികതയും അവരുടെ പരിഗണനയിലൊരിടത്തും വരുന്ന കാര്യങ്ങളല്ല. പക്ഷെ ധീരനും ശക്തനുമായവന് അത് ചെയ്യാനാവില്ല. അവൻ സ്വന്തം ആദർശത്തിന് അനുസൃതമായി മൂല്യബോധത്തോടെ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെയാണ് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കരങ്ങൾ നാം നീട്ടിയപ്പോൾ അയൽക്കാരൻ ഏഴോളം നമ്മുടെ വീരപുത്രന്മാരുടെ ജീവൻ രാത്രിയുടെ മറവിൽ പിന്നിലൂടെവന്ന് അപഹരിച്ചെടുത്തുകൊണ്ട് പാലുകൊടുക്കാൻ വന്ന കൈകളെ കൊത്തിയത്. ഇതെഴുതുന്പോൾ ഇങ്ങു പാലക്കാട് വീരമൃത്യു വരിച്ച നിരഞ്ജന്റെ ഭൗതികശരീരംപോലും ശരിയായി കാണാൻ സാധിക്കാതെ ഒരു കുടുംബം വിറുങ്ങലിച്ച മനസ്സുമായി ഇരിക്കുകയാണ്. രണ്ടുവയസ്സ് മാത്രമായ ഒരു പൊന്നോമന കുഞ്ഞിന് അച്ഛനില്ലാതാക്കിയ ഈ ക്ഷുദ്രപ്രവർത്തി പുതുവത്സര സമ്മാനമായി അയൽപക്കത്തുനിന്നും നമുക്ക് കൊടുത്തയച്ചതാണ്. അതാണ് വീട്ടുകാർക്ക് ചലനമറ്റ ഒരു ശരീരമായി ഇവിടെക്കിട്ടുന്നത്.
രാജ്യസന്പത്തിന്റെ ഏറ്റവും വലിയൊരു ഭാഗം ചിലവാക്കപ്പെടുന്നത് പ്രതിരോധത്തിനായാണ്. ഇന്ന് നിലനിൽക്കുന്ന സാഹചര്യം അത് തികച്ചും അനിവാര്യമാക്കുന്നുണ്ട്. സഹകരണത്തിന്റെ ശാദ്വലഭൂമിയിൽ കാളകൂടവിഷമൊഴിച്ച് അവിടെ ഒരു വിത്തുകളും കിളിർക്കാതാക്കിയിട്ടു മറ്റുള്ളയിടങ്ങളിൽ വിഷവിത്തുകൾ കുരുക്കാൻ പാകത്തിലുള്ള നിലമൊരുക്കുക എന്നതാണ് അയൽപക്കത്തെ ജനായത്ത ഭരണകൂടത്തെ വിലമതിക്കാത്ത സൈന്യത്തിന്റെ സഹായത്തോടെ കറുത്ത ശക്തികളുടെ എക്കാലത്തെയും അടവുനയം. അത് അവരുടെ കാര്യം, എന്നാൽ ഇവിടുത്തെ കാര്യം ഏറെ പരിതാപകരമാണ്. വിഷയാസക്തിയുടെ ലഹരിയിൽ സർവ്വ മൂല്യങ്ങളെയും ജീവിതത്തിൽ അന്യമാക്കുന്നു നമ്മുടെ സ്വന്തം സഹജീവി. നാടിന്റെ പ്രതിരോധ രഹസ്യങ്ങൾ ദുരൂഹമായ ഒരു പെൺപേരിന്റെ മുന്നിൽ അടിയറ വെക്കുന്ന നിലയിൽ ചിന്താശൂന്യത കാട്ടുന്നു ഒരു മലയാളി!! അവന്റെ ആസക്തിയുടെ പൂർത്തീകരണത്തിനായി നാട് വർഷങ്ങൾ കൊണ്ട് നേടിയ മുന്നേറ്റത്തെയും പുരോഗതിയേയും പോലും ബലിയർപ്പിക്കാൻ തയ്യാറായ ആ കൊടിയ ബുദ്ധിഹീനതയിൽ കുരുത്ത സ്വാർത്ഥതയുടെ മൂർത്തിമത് ഭാവമാവാം ഒരുപക്ഷെ ധീരനായ നിരഞ്ജൻ എന്ന ഈ ഭാരതപുത്രന് യുവതിയായ സഹധർമിണയേയും പിഞ്ചുമോളേയും ഉപേക്ഷിച്ചു പോകാൻ ഇടവരുത്തിയത്. ഒരു മലയാളി ചെയ്ത അക്ഷന്തവ്യമായ തെറ്റിന് മറ്റൊരു മലയാളിയുടെ ജീവൻ വിലയായി നൽകി നീതി കണക്ക് തീർക്കുകയായിരുന്നോ ഇവിടെ? അറിയില്ല. പക്ഷെ ഇതിനിടയിൽ ഞെരിഞ്ഞു തകരുന്ന ഒരു തെറ്റും ചെയ്യാത്ത ജീവിതങ്ങളുടെ ദുരിതത്തിനും ദൈന്യതക്കും ആര് ഉത്തരം പറയും!!!
ജീവിതത്തിൽ സ്വന്തമായ ഒരു മൂല്യവ്യവസ്ഥയില്ലാത്തവനാണ് യഥാർത്ഥ ദരിദ്രൻ എന്ന് ഞാൻ കരുതുന്നു. കാരണം അവൻ പലപ്പോഴും അവനെത്തന്നെയും അവന്റെ കുടുംബത്തെയും മാത്രമല്ല ജീർണിപ്പിക്കുന്നത്, ഒരു ജനതതിയൊക്കെയാണ്. അവൻ മുറിപ്പെടുത്തിയത് ഒരു വ്യക്തിയെയല്ല, ഇന്ന് നിരഞ്ജനോടു വിടപറയാനായി പാലക്കാട് ഒഴുകിയെത്തി ആ ശരീരം അടക്കം ചെയ്ത പേടകം വന്ദിച്ച് അതിനെ ഉയർത്തിയ കൈകൾകൊണ്ട് നമിച്ച് സല്യൂട്ട് ചെയ്ത് കടന്നുപോയ ആയിരക്കണക്കായ സഹോദരങ്ങളെല്ലാം തന്നെ മുറിപ്പെട്ട മനസ്സുമായി എത്തിയവരായിരുന്നു. വലിയ നഷ്ടത്തിന്റെ വേദന സഹിക്കുന്ന ആ കുടുംബത്തിന് രാജ്യത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവട്ടെ.
കീറ്റ്സിന്റെ വിഖ്യാത വരികൾ ഞാൻ മാറ്റി എഴുതുന്നു. കേട്ട കദനം മനോഭേദകം, കേൾക്കാത്തവ ഹൃദയഭേദകം. നമ്മുടെ മാനം രക്ഷിക്കാൻ ജീവൻ വെടിഞ്ഞ മറ്റു ആറു ധീരസൈനികരേയും ഓർത്തു നമിക്കുന്നു. ‘എന്റെ കൈകളിൽ ചോര മണക്കുന്നു അറേബ്യയിലെ മുഴുവൻ സുഗന്ധങ്ങൾക്കും ഈ ചെറുകൈകളിൽ ഇനി മാധുര്യം പകരാനാവില്ല എന്ന ലേഡി മക്ബത്തിന്റെ വാക്കുകൾ കടമെടുക്കട്ടെ, പക്ഷെ ഇവിടെ ഏതൊക്കെ കൈകളിലാണ് ചോര പുരണ്ടിരിക്കുന്നത്? കാലം മറുപടി തരട്ടെ.