വർഷാന്തചിന്തകൾ
രണ്ടായിരത്തിപതിനഞ്ച് ഇതാ വിട പറയുന്നു. ഓരോ വർഷവും പിരിഞ്ഞു പോകുന്പോൾ അത് ലോകത്തിന് ചെയ്ത നന്മയും തിന്മയും വിലയിരുത്തപ്പെടാറുണ്ട്. പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രതിജ്ഞകളും പ്രതീക്ഷകളും പലതുമുണ്ടാവാറുണ്ടെങ്കിലും അവയിൽ ഒരുപങ്ക് പലപ്പോഴും യാഥാർത്ഥ്യത്തിന്റെ കല്ലിൽത്തട്ടി ഉടഞ്ഞു പോകാറാണുള്ളത്.
കഴിഞ്ഞുപോയ കാലങ്ങളിൽ നിന്ന് പഠിക്കേണ്ട ഏറ്റവും സുപ്രധാനമായ പാഠം ഉത്തരവാദിത്തമുള്ളവരാവുക എന്നതാണ്. അത് കുടുംബത്തോടുള്ളത്, സമൂഹത്തോടുള്ളത്, പ്രകൃതിയോടും ഇതര ജീവജാലങ്ങളോടുമുള്ളത്, രാജ്യത്തോടും ലോകത്തോടും മൂല്യവ്യവസ്ഥയോടുമുള്ളത്, ഓരോ സഹജീവിയോടുമുള്ളത് എന്നിങ്ങനെ വിവിധ തലങ്ങളിൽ പരന്നു കിടക്കുന്നു. അവനവനോടുള്ള ഉത്തരവാദിത്തം ഇവയിലൂടെ മാത്രമേ പൂർത്തീകരിക്കാനാവൂ എന്ന കാഴ്ചപ്പാട് മാത്രം മതി നമ്മുടെ സങ്കൽപ്പത്തിലുള്ള ലോകസൃഷ്ടിക്കായി. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇതിൽ ഓരോരോ തലങ്ങളോടും ഉള്ള ഉത്തരവാദിത്തം മനുഷ്യൻ നിറവേറ്റേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ അവനവനോടുള്ള ഉത്തരവാദിത്തം ദുർവ്യാഖ്യാനം ചെയ്ത് അക്ഷന്തവ്യമായ തെറ്റുകൾക്ക് നീതീകരണം കണ്ടെത്തുന്നവർ അവനവനെത്തന്നെയാണ് ആത്യന്തികമായി തോൽപ്പിക്കുന്നത്. പേഴ്സിന്റെ കനം കൂട്ടാനായി റോഡുപണിയിൽ കൃത്രിമം കാട്ടുന്നവന്റെ വാഹനം തന്നെ അയാളുടെ ദുര സൃഷ്ടിച്ച കുഴിയിൽ സാഹചര്യവശാൽ വീണു കേടാവുന്നു.
അകാരണമായ രോഗഭീതി സൃഷ്ടിച്ചു മരുന്നുകൾ വിൽക്കുക, ആരോഗ്യത്തെപ്പറ്റി പറഞ്ഞു പേടിപ്പിച്ച് ആവശ്യമല്ലാത്ത ടെസ്റ്റുകൾ നടത്തിച്ച് സാങ്കേതികത്തികവാർന്ന യന്ത്രോപകരണങ്ങൾ വാങ്ങിയ പണം മുതലാക്കുക എന്നിങ്ങനെ പല കലാപരിപാടികളും ആരോഗ്യരംഗത്തും, വിഷലിപ്തമായ പച്ചക്കറികൾ സഹജീവികൾക്ക് വിറ്റഴിച്ച് ലാഭക്കൊതിയുടെ രാക്ഷസീയത പുലർത്തിയും പ്രകൃതിജന്യവസ്തുക്കൾ ഹാനികരമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മറ്റു വ്യത്യസ്ത ഉൽപ്പന്നങ്ങൾ വിറ്റഴിച്ചും ഭക്ഷ്യരംഗത്തും, പ്രകൃതി മലിനീകരണം ചൂഷണം എന്നിവയിലൂടെ ജീവന്റെ വിളക്കുകളെ പടുന്തിരി കത്തിച്ചുകൊണ്ടു വ്യവസായരംഗത്തും അവിശുദ്ധി പടരുന്പോൾ ഈയൊരു കുത്തൊഴുക്കിൽനിന്നും മാറിനിൽക്കാൻ കഴിയുന്ന ജീവതലങ്ങൾ ചുരുങ്ങിക്കൊണ്ടേ ഇരിക്കുന്നു.
മാധ്യമ കലാരംഗത്ത് ഇപ്പോൾ കുടുംബ സാമൂഹ്യബന്ധങ്ങളെ വേട്ടയാടുന്ന ഒരു വലിയ ദുര്യോഗം ഗ്രസിച്ചിരിക്കുന്നു. അന്യോന്യമുള്ള ആശയവിനിമയത്തെയും പരസ്പ്പരബന്ധത്തെയും ഗുരുതരമായി പുഴുക്കുത്തേൽപ്പിക്കുന്ന ‘പരന്പര’കളാണവിടെ. ജുഗുപ്സാവഹമായ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി പടച്ചുവിടുന്ന ഇവ തുറന്നു വെയ്ക്കുന്നത് അവിശുദ്ധവും അസാന്മാർഗികവുമായ മനുഷ്യബന്ധങ്ങളേയാണ്. അണിഞ്ഞൊരുങ്ങി അടുക്കളയിൽ ചോറും കറിയും വെക്കുന്ന പെൺകൊടികൾ പോലും വാടക ഗുണ്ടകൾ വഴി കൊലപാതകം ഒരു കപ്പു കാപ്പി കുടിക്കുന്ന ലാഘവത്തോടെ ആസൂത്രണം ചെയ്യുന്നു. വിലക്കപ്പെട്ട കനികൾ നിരന്തരമെന്നവണ്ണം ഭക്ഷിക്കപ്പെടുന്നു. ഇതൊക്കെ കണ്ടുകണ്ട് അവ ജീവിതത്തിൽ സാധാരണമായ ഒരു കാര്യമായി ലഘൂകരിച്ചു കാണാനുള്ള മനോഭാവം പൊതുവെ സൃഷ്ടിക്കപ്പെടുന്നു. സമൂഹത്തിൽ ഇന്ന് കാണുന്ന പല സംഭവങ്ങളിലും ഇവയുടെയൊക്കെ സ്വാധീനം ഉണ്ടെന്നുള്ളത് വസ്തുതാപരം തന്നെയാണ്. മനസ്സുകളെ ജീർണിപ്പിക്കുന്ന ഇത്തരം പരന്പരകൾക്ക് ഒരു സെൻസർ നിയന്ത്രണം അനിവാര്യമായിരിക്കുന്നു.
ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ജീവിതവും പ്രതീക്ഷകളുമെല്ലാം ഒലിച്ചുപോയവർക്ക് സഹായമെത്തിക്കാൻ സഹജീവികൾ കാട്ടിയ മനസ്സ് വർഷാവസാനം നമുക്ക് മുന്നിൽ തെളിഞ്ഞ മനുഷ്യനന്മയുടെ പ്രകാശമാണ്. ഈ വെളിച്ചം പലയിടത്തും തെളിയുന്നുണ്ടെങ്കിലും വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാൻ പാടില്ലെന്ന ബൈബിൾ വചനം സ്വാഭാവികമായിത്തന്നെ കാരുണ്യം നിറഞ്ഞ പല മനസ്സുകളും പാലിക്കുന്നു. കോഴിക്കോട്ടെ നൗഷാദിനെപ്പോലുള്ളവർ തെളിച്ച ഈ വെളിച്ചം നാടിന്റെ രജതരേഖയായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു വർഷാന്ത്യത്തിൽ. ശ്രീനാരായണഗുരുദേവൻ പറഞ്ഞ തത്വങ്ങളിൽ എനിക്ക് ഏറ്റവും ഹൃദയസ്പർശിയായത് ‘അവനവനാത്മസുഖത്തിനായ് രചിപ്പതപരന്നു സുഖത്തിനായ് വരേണം’ എന്ന അത്യുദാത്ത വചനമാണ്. അപരന് നന്മ ചെയ്യുന്നതിലൂടെ അവനവന്റെ സുഖത്തെ നേടുന്ന ദീപതമായ മനോഭാവമാണത്. അപരന്റെ സുഖത്തിൽ സ്വന്തം സുഖത്തെയും ദർശിക്കാൻ കഴിയുന്ന ഉദാത്തമായ മനസ്സ്, അതാണ് മനുഷ്യനെയും ദൈവത്തെയും രണ്ടല്ലാതാക്കുന്ന അദ്വൈതം. സഹായിച്ചിട്ട് അതിന് പ്രതിഫലമായി പ്രശസ്തി പിടിച്ചുപറ്റിയാൽ അത് കേവലം കൊടുക്കൽവാങ്ങൽ മാത്രമേ ആകുന്നുള്ളൂ.
സമയത്തെ കൊന്നുകളയാതെ ജീവിതം നയിക്കാമെന്ന പുതുവർഷപ്രതിജ്ഞ വ്യക്തിജീവിതത്തിൽ പ്രയോജനപ്പെടുന്നതായിരിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഊഷ്മളത കൈവരുത്താനും വായന മരിക്കാതിരിക്കാനും അത് ഉപകരിക്കും. അവനവനോടുള്ള ഉത്തരവാദിത്തം അൽപ്പമെങ്കിലും നിർവഹിക്കാൻ അത് വഴിതെളിക്കും. വായനയിലൂടെ അൽപ്പം ചിന്തയുടെ വെളിച്ചം വീശുന്ന മനോമുകുരത്തിൽ മറവിയുടെ ഇരുട്ട് കൂടുകൂട്ടാതെയുമിരിക്കും.
“എവിടെ മനസ്സ് നിർമ്മലവും ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ് സ്വതന്ത്രമാണോ, എവിടെ ഇടുങ്ങിയ ഭിത്തികളാൽ ലോകം മുറിപ്പെടാതിരിക്കുന്നുവോ
എവിടെ സത്യത്തിന്റെ അഗാധതയിൽനിന്നു വാക്കുകൾ
ഉണരുന്നുവോ
ആ സ്വാതന്ത്ര്യ സ്വർഗത്തിലേക്ക് എന്റെ നാഥാ എന്റെ രാജ്യത്തെ ഉണർത്തേണമേ”
വിശ്വമഹാകവിയേ നമിച്ചുകൊണ്ട് എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ഹൃദയപൂർവം ആശംസിക്കുന്നു.