മറക്കുന്ന താളങ്ങൾ, മരിക്കുന്ന ജീവിതം


താളം എന്നത് സംഗീതത്തിന്റെ മാത്രമല്ല, പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും അവിഭാജ്യ ഘടകമാണ്. സംഗീതത്തിലോ, പ്രപഞ്ചത്തിലോ,  ജീവിതത്തിലോ താളഭംഗമുണ്ടാവുന്പോൾ അത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പ്രകൃതിയിലെ താളഭംഗങ്ങൾ ജീവകുലത്തെ നിരവധി രീതികളിൽ പ്രതികൂലമായി ബാധിക്കുന്നത് ഇന്ന് നാം കാണുന്നു. എന്നാൽ ഇന്നത്തെ സാങ്കേതിക ലോകത്ത് ജീവിതത്തിന് സംഭവിക്കുന്ന ചില താളഭംഗങ്ങളെപ്പറ്റിഒരു തിരിഞ്ഞു നോട്ടം ആവശ്യമാണിപ്പോൾ. വിശ്വസംസ്ക്കാരത്തെ അഭിവീക്ഷണം ചെയ്യുന്ന വിശ്വമാനവൻ എന്ന ഉദാത്തസങ്കൽപ്പത്തിൽ നിന്നും അവനവന്റെ കാര്യം മാത്രം പരിഗണിക്കുന്ന ആത്മമാനവൻ എന്ന അണുപരിമിതിയിലേയ്ക്കുള്ള പരിവർത്തനത്തിന്റെ അധോഗതിയാണ് ഏറ്റവും വലിയ താള

ഭംഗം. ആത്മമാനവൻ പിന്നീട് സ്വാർത്ഥമാനവനുമായി മാറുന്നു. ഈയൊരു ജീർണാവസ്ഥ ശൈശവം മുതൽ പ്രകടമായി ജീവിതത്തിന്റെ സമസ്ത എടുകളിലേക്കും പടർന്നുകയറുന്ന ദുര്യോഗം തന്നെയാണ്. അതാണ് കാലഘട്ടം നേരിടുന്ന അപചയം.

ഏറ്റവും ദുഖകരമായി തോന്നാറുള്ളത് ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്ന ബാല്യമാണ്, ശൈശവ വിശുദ്ധിയും നിഷ്ക്കളങ്കത്വവുമാണ്. വീട്ടിനുള്ളിൽനിന്നുതന്നെ മാതാപിതാക്കൾക്ക് വാട്ട്സ്ആപ്പിലൂടെ ആവശ്യങ്ങൾ അറിയിക്കുന്ന ബാല്യം എന്തെല്ലാമാണ് ജീവിതത്തിൽ നഷ്ടപ്പെടുത്തുന്നതെന്ന് അവരല്ല, മുതിർന്ന തലമുറ മാത്രമാണ് മനസ്സിലാക്കുന്നത്. തുന്പകൾ പൂത്ത കാലവും തുന്പികൾ പാറിയ കാലവും മിന്നാമിന്നികളെ കുപ്പിയിലാക്കാൻ നടന്ന കാലവും വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ വാത്സല്യം ചേർത്ത പോതിച്ചൊറ് തുറക്കുന്പോഴുള്ള മണവും രുചിയും എല്ലാം അറിഞ്ഞത് അവരല്ലല്ലോ, ഓലക്കീറുകൊണ്ട് പന്തും കാറ്റാടിയും ഉണ്ടാക്കിക്കളിച്ചത് അവരുടെ ബാല്യമായിരുന്നില്ലല്ലോ! പോയ കാലങ്ങളുടെ ഗൃഹാതുരത്വം നമ്മുടെ തലമുറയുടെ മാത്രമാണ്. അവയെ തിരികെ കൊണ്ടുവരുവാൻ ശ്രമിക്കുന്നത് കാലത്തിന്റെ സൂചി പിറകോട്ടു തിരിച്ചുവെക്കാൻ ശ്രമിക്കുന്നത് പോലെ അസംഗതമാണ്. ഇവിടെ ശൈശവത്തിന്റെ മുഖമുദ്രയായ ആ നൈർമ്മല്യത നഷ്ടപ്പെട്ടുപോകുന്നതാണ് ഏറെ ദുഖകരം. കൂട്ടുകുടുംബങ്ങളിൽ അതിശക്തമായിരുന്ന പരസ്പ്പരബന്ധത്തിന്റെ ഇഴകൾ പൊട്ടി അണുകുടുംബത്തിൽ അണുവായി നിന്നിരുന്നതാണ് ഇപ്പോൾ അണുവിട ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. വറ്റിവരണ്ടുപോകുന്ന ബാലമനസ്സുകളിൽ മരുത്തുകൾ പടരുന്നു. അവരുടെ മാത്രം ലോകത്ത് അവരുടെ മാത്രം സുഖസൗകര്യങ്ങളിൽ അഭിരമിക്കുന്ന വളരാത്ത മനസ്സുകളിൽ സ്നേഹാർദ്രപുഷ്പ്പങ്ങൾക്ക് വിരിയുവാൻ ശാദ്വലഭൂമികയില്ല. ഈ പ്രവണതയ്ക്ക് വളമേകാൻ അവൻ വളരുന്ന സമൂഹത്തിൽ നിന്നും എളുപ്പത്തിൽ കരസ്ഥമാക്കുന്ന തിന്മയുടെയും അശ്ലീലത്തിന്റെയും വികലപാഠങ്ങൾ. അതിനും പുറമേ ബാല്യം നഷ്ടപ്പെടുന്ന കുട്ടികൾക്ക് നഷ്ടമാകുന്നത് എന്തെന്ന് യാതൊരു കാഴ്ച്ചപ്പാടുമില്ലാത്തവർ കൽപ്പിച്ചുകൊടുത്ത ജീവിതത്തിൽ ഉപയോഗപ്പെടാത്ത പാഠങ്ങൾ, അവ വെച്ച് മാർക്കുകൾ യാന്ത്രികമായി സൃഷ്ടിക്കുവാനുള്ള വിധി, അതിനുവേണ്ടി സ്കൂളിൽ നിന്നെത്തിയാൽ അൽപ്പവും വിശ്രമിക്കാതെ ഒരു ട്യൂഷൻ ക്ലാസ്സിൽ നിന്നും അടുത്തതിലേക്കൊടി ഹോമിക്കപ്പെടുന്ന ബാല്യം എന്നിവ അവരുടെ മനസ്സിൽ സൃഷ്ടിക്കുന്ന ഊഷരത ഇവയെല്ലാം ഒരുതരം നിസ്സംഗത്വം, അരക്ഷിതാവസ്ഥ എന്നിവ ബാല്യത്തിൽ കലർത്തിയാൽ അത് അസ്വാഭാവികമല്ല. പ്രകൃതിയോടിണങ്ങി അതിൽനിന്ന് സ്വാഭാവികമായി അനുഭവപാഠങ്ങൾ പഠിച്ചുവളരാൻ ഇന്നത്തെ സാമൂഹിക വിദ്യാഭ്യാസ സാങ്കേതിക രംഗം സമ്മതിക്കുന്നില്ല. ബാല്യത്തെ കശാപ്പു ചെയ്യാതിരിക്കാനുള്ള ഔചിത്യം അവിടെയില്ലാതെപോയി. തിരിച്ചറിവ് വരാത്ത കാലത്ത് തന്നെ മനസ്സിനെ ഹോർമോൺ കുത്തിവച്ചു വളർത്തുന്നു. അങ്ങിനെ കുരുന്നു ശരീരവും അകാലവളർച്ച കൈവരിച്ച മനസ്സും തമ്മിലുള്ള പ്രകൃതിവിരുദ്ധ ചേരുവ ആധുനികതയുടെ ശാപമോവൈകല്യമോ ആയെ കാണാൻ സാധിക്കുന്നുള്ളൂ. പടുമുളകൾ തഴച്ചുവളരാൻ ഇത് ഇടയാക്കുന്നു. 

ഇതിനുപുറകെ സംഭവിക്കുന്ന ജീവിതത്തിലെ അണുവിഭജന പ്രക്രിയ, തന്മാത്രകൾ വിഭജിച്ചു ഇലക്ട്രോൺ പ്രോട്ടോൺ ന്യൂട്രോൺ കണികകളിലേക്ക് ചുരുങ്ങുന്നത് പോലെതന്നെ മാതാപിതാക്കളും കുട്ടികളും തമ്മിലുണ്ടാകുന്ന വിടവ് അണുകുടുബങ്ങളിൽനിന്ന് കണികാകുടുംബത്തിലേയ്ക്ക് ജീവിതത്തെ പരിമിതപ്പെടുത്തുന്നു. ഇങ്ങനെ മാതാപിതാക്കളുമായിപ്പോലും അന്യവൽക്കരിക്കപ്പെടുന്ന ബാല്യമാവാം കുറ്റകൃത്യങ്ങളിലും വിധ്വംസകപ്രവൃത്തിയിലും അഭിരമിക്കുന്നത്. അകാലത്തിൽ തേഞ്ഞുമാഞ്ഞു പോകുന്ന ബാല്യം അവശേഷിപ്പിക്കുന്നത് കാലം തെറ്റിയ വളർച്ചയാണ്. കുരുന്ന് കുറ്റവാളികളെ സൃഷ്ടിക്കുന്ന രോഗാതുരമായ വിളർച്ചയാണ്. കവിത മരിച്ച ഹൃദയമാണ്. മൃദുല വികാരങ്ങളില്ലാത്ത മനസ്ഥിതിയാണ്. ഇതുതന്നെയാണ് ജീവിതത്തിന് വരുന്ന ഗുരുതരമായ താളഭംഗം. ദില്ലിയിലെ ഹതഭാഗ്യയായ പെൺകുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയ കുട്ടിക്കുറ്റവാളിയെയും സൃഷ്ടിച്ചത് ഈ താളഭംഗമാവില്ലേ? ആ പെൺകുട്ടിയോട് പ്രവർത്തിച്ച ക്രൂരതയിലൂടെ അവൻ ആരോടോ അല്ലെങ്കിൽ ഏതോ വ്യവസ്ഥിതിയോടോ ഉള്ള കണക്ക് തീർക്കുകയായിരുന്നോ? കാലം തെളിയിക്കട്ടെ... ജന്മാർജിതമായ കുറ്റവാസനയെന്നത് സത്യമെന്ന് മനശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ശിക്ഷാർഹമായത് അതു തന്നെയാണ്. സാഹചര്യങ്ങൾ കുറ്റവാളികളാക്കുന്നവർക്ക് പശ്ചാത്തപിക്കാൻ ഒരു അവസരം കൊടുക്കേണ്ടത് തികച്ചും ധാർമികമാണ്, നിയമപരമായ ബാദ്ധ്യതയുമാണ്. അത് വേർതിരിച്ചറിയാനുള്ള നൈയ്യാമിക സംസ്ക്കാരം ഇക്കാര്യത്തിലും പുലരുമെന്ന് കരുതുന്നു.

You might also like

Most Viewed