ദേശീയതയിലെ വ്യക്തിസ്വാതന്ത്ര്യം
ഈ ലോകത്ത് ഓരോ വ്യക്തിത്വത്തെയും സവിശേഷമാക്കുന്ന എന്തോ പ്രപഞ്ചരഹസ്യം ഒളിഞ്ഞിരിക്കുന്നു. ജനിതക ഘടകങ്ങളാണ് മനുഷ്യന് അനന്തമായ വൈവിധ്യം സമ്മാനിക്കുന്നത്. ഛായ, വിരലടയാളം, കണ്ണുകളുടെ കോർണിയ എന്നിവയിൽ മാത്രമല്ല, മനോഘടന, ശരീരഘടന, ശാരീരികവും ബുദ്ധിപരവുമായ ക്ഷമതയിലുള്ള ഏറ്റക്കുറച്ചിൽ എന്നിങ്ങനെ പലതരത്തിലുള്ള വ്യത്യസ്തത ജനിതകഘടനാവ്യത്യാസം മനുഷ്യസമൂഹത്തിന് സമ്മാനിക്കുന്നു. അറുനൂറ് കോടി ജനങ്ങൾക്കും പരസ്പ്പരവ്യത്യസ്തത സമ്മാനിക്കുന്ന പ്രകൃതിവൈദഗ്ധ്യം അത്യത്ഭുതകരമാണ്. മനുഷ്യജാതിക്ക് ഓരോ ജനതയും ഉയിർക്കൊണ്ട പ്രദേശത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യസ്തതയാണ് സ്വാഭാവികമായി പ്രകൃതി സമ്മാനിച്ചത്. നിരവധി അവാന്തര വിഭാഗങ്ങളുള്ള കൊക്കേഷ്യൻ, മംഗളോയിഡ്, നീഗ്രോയിഡ് എന്നിങ്ങനെ വലിയ മൂന്ന് വിഭാഗങ്ങളിലായാണ് ലോകമാനുഷരെല്ലാം ഉയിർക്കൊണ്ടത്. ഇത്തരം വ്യത്യസ്തതകൾ ആ പ്രദേശങ്ങളിലെ പിരിസ്ഥിതിയിൽ മനുഷ്യജീവൻ നിലനിൽക്കാനായി അത്യന്താപേക്ഷിതവുമായിരുന്നു. ഇതല്ലാതെ ഒരു പ്രദേശത്ത് മാത്രം ഉണ്ടായിട്ടുള്ള ജാതിവ്യത്യാസങ്ങളെല്ലാം മനുഷ്യനിർമ്മിതമാണ്.
വൈവിധ്യങ്ങൾക്ക് അതീതമായി മാനവരാശിയെ തമ്മിൽ ബന്ധിക്കുന്ന രണ്ട് കാലിൽ നടക്കുന്നു എന്നതിലുപരിയായി എന്തെങ്കിലും പൊതുഘടകമുണ്ടോ? ജീവിതത്തിൽ ഉരുത്തിരിഞ്ഞ് വരുന്ന സാഹചര്യങ്ങളെ ഓരോ വ്യക്തിയിലും അന്തർലീനമായ യുക്തിയുടെ വെളിച്ചത്തിൽ അപഗ്രഥിക്കാനും അതനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുവാനുമുള്ള കഴിവ് എല്ലാ മനുഷ്യർക്കുമുണ്ടെന്ന് പൊതുവിൽ ചിന്തിക്കാവുന്നതാണ്. പക്ഷെ സാംസ്ക്കാരികമായി ഒരുമിപ്പിക്കുന്നതെന്ത് എന്നതാണ് ചിന്ത്യം. ഇവിടെ മനസ്സിലാക്കേണ്ടത് ആഗോളതലത്തിൽ മനുഷ്യകുലത്തെ പരസ്പ്പരം ബന്ധിപ്പിക്കുന്നത് മനുഷ്യൻ എന്ന അസ്തിത്വം , അതിന്റെ ഭാഗമായ പ്രാഥമികസംസ്ക്കാരം, ചോദനകൾ ഇവ മാത്രമാണ്. വൈവിധ്യത്തിലും പൊതുധാരകൾ കണ്ടെത്താനുള്ള ഔചിത്യം സാംസ്ക്കാരികമായി ആർജിക്കേണ്ടതാണ്. പ്രകൃതിയുടെ വൈവിധ്യം പ്രദാനം ചെയ്തത് ഭൂമിശാസ്ത്രപരവും പാരിസ്തികവുമായി ഭൂമിയിൽ നിലനിൽക്കുന്ന വ്യത്യസ്തതകൾക്ക് അനുസൃതമായി മനുഷ്യനെ നിലനിർത്തുവാനായാണ്. എന്നാൽ അത്തരം സമൂലമായ വ്യത്യസ്തതകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അധിവസിക്കുന്നവർക്കിടയിൽ വർഗ്ഗ ഗോത്രപരമായ മതിൽക്കെട്ടുകൾക്ക് അതീതമായ പൊതുധാരണകൾ രൂപപ്പെടാതെ മനുഷ്യസംസ്ക്കാരത്തിന് നിലനിൽക്കാനാവില്ല. അതിന്റെ ഏറ്റവും സമൂർത്ത രൂപമാണ് രാഷ്ട്രസങ്കൽപ്പം. രാഷ്ട്രങ്ങൾ തമ്മിൽ സഹകരിക്കുന്നത് മനുഷ്യൻ എന്ന നിലയിൽ പരസ്പ്പരം ആശ്രയിച്ച്, സഹകരിച്ച് സാമൂഹ്യബോധത്തെ ജീവിതവുമായി ബന്ധപ്പെടുത്തുവാനാണ്. ഭൂമിയെ ഒരു പൊതു ആവാസവ്യവസ്ഥയായി കണ്ടുകൊണ്ടു തന്നെയാണ്.
ഒരു രാഷ്ട്രസമൂഹത്തിൽ പൊതുധാരണ ആരോഗ്യപൂർണ്ണമായ സമൂഹ്യജീവിതത്തിന് അവശ്യം വേണ്ടതാണ്. ഒരു പ്രദേശവാസികൾ എന്ന നിലയിൽ പ്രാദേശികമായും ഒരു ദേശവാസികൾ എന്ന നിലയിൽ ദേശീയമായും മനുഷ്യർക്കിടയിൽ പരസ്പ്പരധാരണ ഉണ്ടായേ തീരൂ. ഇത്തരം ഒരു ധാരണ വെറുതെ വാക്കുകളിൽ മാത്രം നിലനിർത്തുവാനാവില്ല. ദേശസംസ്കൃതിക്ക് അനുയോജ്യമായ നിയമങ്ങളുടെ കർശനവും പക്ഷഭേദരഹിതവുമായ പരിപാലനം മുതൽ പൊതുവായ ദേശീയമൂല്യങ്ങളേയും ചിഹ്നങ്ങളേയും ഒരേ മനോഭാവത്തോടെ ബഹുമാനിക്കേണ്ടത് വരെ ഇതിന്റെ ഭാഗമാണ്. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ അവരോടുള്ള വ്യക്തിപരമായ വിയോജിപ്പിനതീതമായി ബഹുമാനിക്കേണ്ടതും ഈ ബാധ്യതയിൽ പെട്ടതാണ്. അതെസമയം വിയോജിപ്പുകൾ പ്രകടിപ്പിക്കാവുന്ന തലങ്ങളിൽ അത് ആശയപരവും ബൗദ്ധികവുമായി നിർവ്വഹിക്കാവുന്നതുമാണ്.
യഥാർത്ഥത്തിൽ ദേശീയഗാനം, ദേശീയപതാക , നീതിന്യായവ്യവസ്ഥ എന്നിവയെ സംബന്ധിച്ച് ഇക്കാലത്ത് നിരവധി അഭിപ്രായങ്ങൾ ഉരുത്തിരിയുന്ന അവസ്തയിൽ ഈ വിഷയത്തിന് പ്രസക്തിയേറുന്നു. ദേശീയഗാനം പാടുന്പോൾ അതിനോട് ആദരവ് എപ്പോഴും പ്രകടിപ്പിക്കണോ, അതോ അതും വ്യക്തിസ്വാതന്ത്ര്യത്തിന് വിടണോ എന്നത് അടുത്തകാലത്ത് വിവാദമായി. അതെപ്പറ്റി ചിന്തിക്കുന്നതിന് മുന്പായി ദേശീയഗാനം എപ്പോഴൊക്കെ വെയ്ക്കാം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടതുണ്ട്. തീയറ്ററിൽ ഓരോ സിനിമയ്ക്ക് മുന്പായും ഓടുന്ന ബസ്സിൽ സിനിമാപ്പാട്ടുകളുടെ കൂടെയും െവയ്ക്കേണ്ടതല്ല ദേശീയഗാനം, അത് വെയ്ക്കാൻ നിശ്ചിതമായ അവസരങ്ങളിൽ മാത്രമേ വെയ്ക്കാവൂ, അല്ലാത്തപക്ഷം അതിന് കിട്ടേണ്ട ബഹുമാനം കിട്ടാതെ പോകും. അതിന് തെളിവാണ് ധാരാളം ഷെയർ ചെയ്യപ്പെട്ട ഏതോ പാർട്ടിവേദിയിൽ കുറെ നേതൃവിദ്വാന്മാർ ദേശീയഗാനമെന്ന തോന്നലിൽ ആലപിക്കുന്ന ഗാനാഭാസം മുതൽ ഒടുന്നബസ്സിൽ െവച്ച ദേശീയഗാനം കേട്ട് എഴുന്നേറ്റുനിന്ന ഡ്രൈവറുടെ ശവസംസ്ക്കാരം നടന്നു എന്നൊക്കെയുള്ള രീതിയിൽ തമാശയാക്കി വിലകുറയ്ക്കൽ വരെ. ഏത് മൂന്നാംകിട രാഷ്ട്രീയസമ്മേളനങ്ങളിലും തലങ്ങും വിലങ്ങും തലതിരിച്ചും കെട്ടേണ്ടതല്ല ദേശീയപതാക. അതിൽ കാൽ ചവിട്ടി ഇരിക്കുന്ന ചില ആധ്യാത്മിക ശിരോമണികളെപ്പറ്റിയും കേട്ടിട്ടുണ്ട്. അനുകൂലമല്ലാത്ത വിധിയുണ്ടാകുന്പോൾ കോടതിയിലും ന്യായാധിപന്മാരിലും അവിശ്വാസം പ്രത്യക്ഷമായും പരോക്ഷമായും പ്രകടിപ്പിക്കുക എന്നത് മറ്റൊരു കലാപരിപാടി. വ്യക്തിസ്വാതന്ത്രത്തെ കയറൂരി വിട്ടാൽ അത് അസന്മാർഗികതയിലേയ്ക്കും അരക്ഷിതാവസ്ഥയിലേയ്ക്കും കൂപ്പുകുത്തും. ദേശീയചിഹ്നങ്ങളെ ബഹുമാനിക്കണമോ വേണ്ടയോ എന്നത് ഒരിക്കലും വ്യക്തിസ്വാത്യന്ത്ര്യത്തിന് വിടാനാകില്ല, അങ്ങിനെ ചെയ്താൽ പിന്നെ ദേശീയത എന്ന വികാരത്തിന് യാതൊരു അടിസ്ഥാനവും ഉണ്ടാവില്ല. നമ്മെ പൊതുവായി ബന്ധിക്കുന്ന അസ്തിത്വത്തിന്റെ ഇഴകൾ പോട്ടുകയാവും അതിന്റെ ഫലം.