പഠിക്കാതെ പോകുന്ന പാഠങ്ങൾ
ആഗോളതാപനം എന്ന പ്രതിഭാസം മനുഷ്യകുലത്തിന്റെ അഹന്ത നിറഞ്ഞതും ചിന്താശൂന്യവുമായ കടന്നാക്രമണങ്ങൾക്കെതിരെയുള്ള ഒരായുധമാക്കി പ്രകൃതി ഉപയോഗപ്പെടുത്തി തുടങ്ങിയത് ഈയടുത്ത കാലത്താണ്. ഇന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ആപത്കരമായ രീതിയിൽ ബാധിക്കുന്ന ഒരു ആഗോളപ്രശ്നമായി രൂപം മാറിത്തുടങ്ങിയിരിക്കുന്നു. അതിന്റെ രൂപഭേദങ്ങളാണ് ചുഴലിക്കാറ്റുകളായും, അഗ്നിപർവത വിസ്ഫോടനങ്ങളായും, പേമാരിയായും ചിലപ്പോൾ മേഘസ്ഫോടനങ്ങളായും, എൽ നീനോ ആയും വിവിധ രീതിയിൽ നാശം വിതയ്ക്കാനായി അവതരിക്കുന്നത്. ഒരു നൂറ്റാണ്ടിനിടയിൽ കേവലം ഒരു ഡിഗ്രി മാത്രമാണ് ഭൗമാന്തരീക്ഷത്തിന്റെ ചൂട് വർദ്ധിച്ചിട്ടുള്ളത്. അതാണ് ഇത്ര പ്രകൃതിയുടെ ക്രോധത്തിന് വഴിതെളിച്ചതും. ഇത് രണ്ട് ഡിഗ്രി ആയാൽ സംഭവിക്കുന്ന കാര്യങ്ങൾ ചിന്താതീതവും പ്രവചനാതീതവുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരും പരിസ്ഥിതി ശാസ്തജ്ഞരും ഒരുപോലെ ഭയപ്പെടുത്തുന്നു. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം അടിയന്തിരമായി കുറച്ചു പ്രകൃതിക്കിണങ്ങുന്ന ഹരിത ഊർജത്തിന്റെ ഉപയോഗത്തിലേയ്ക്ക് ലോകം മാറേണ്ട അടിയന്തിരാവസ്ഥ സംജാതമായിരിക്കുന്നു. ഈ സാഹചര്യത്തിന്റെ അടിയന്തിരവും ഗുരുതരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ലോകത്തെ രക്ഷിക്കാനുള്ള ഒരു അവസാനവട്ട ശ്രമമായി സുപ്രധാന രാജ്യങ്ങളെല്ലാം പങ്കെടുത്ത കാലാവസ്ഥാ ഉച്ചകോടി ഇക്കഴിഞ്ഞ ആഴ്ച്ച പാരീസിൽ നടന്നത്. അന്തരീക്ഷതാപനില രണ്ട് ഡിഗ്രി ഉയരുന്ന സാഹചര്യം ഒരുപക്ഷെ സംജാതമായാൽ അതിനെ നേരിടാനുള്ള എന്തെല്ലാം നടപടികൾ ആവശ്യമെന്നും ഈ ഉച്ചകോടി ചർച്ച ചെയ്തതായി അറിയുന്നു.
ഈ ചർച്ചകളുടെ ഉച്ചസ്ഥായിയിൽ ലോകം എത്തിനിൽക്കുന്പോൾ ഇവിടെ ചെന്നൈയിൽ പ്രകൃതി ഈ ആശങ്കകൾക്ക് പിന്നിലെ യാഥാർത്ഥ്യത്തെ എടുത്തുകാട്ടി. ആ നഗരത്തിന്റെ ചരിത്രത്തിൽ ഇതുവരെ കേൾക്കാത്ത പേമാരിയുടെ ആഘാതത്തിലാണ് അവിടുത്തെ ലക്ഷക്കണക്കിന് സഹോദരങ്ങൾ. ഏതാണ്ടൊരു മേഘസ്ഫോടനത്തിന്റെ ലക്ഷണങ്ങളാണ് ഇവിടെയും കണ്ടത്.ഒരു മാസം പെയ്യേണ്ട മഴ ഏതാനും മണിക്കൂറുകൾ കൊണ്ട് പെയ്തു. ഇത് പ്രകൃതിയിൽ സംഭവിക്കുന്ന വന്യമായ മാറ്റങ്ങളുടെ ഒരു പരിണതിയാണെന്നതിൽ സംശയിക്കേണ്ട. എല്ലാ ജാതിയേയും മതത്തേയും സാമൂഹ്യാവസ്ഥയേയും പണക്കാരനേയും പണമില്ലാത്തവനേയും വെറുമൊരു ദിവസം കൊണ്ട് പ്രകൃതി ഒന്നാക്കി കാണിച്ച് വലിയ പാഠം പഠിപ്പിച്ചു തന്നു. മനുഷ്യന് എക്കാലത്തും പാഠങ്ങൾ പറഞ്ഞു തന്നിട്ടുള്ളത് പ്രകൃതി തന്നെയാണ്. അവൻ പഠിക്കാത്ത പാഠങ്ങൾ.
ഒരുപാട് കഷ്ടനഷ്ടങ്ങൾ ബാക്കിപത്രമായി അവശേഷിപ്പിച്ചുകൊണ്ട് ഈ സംഹാരതാണ്ധവം ഇപ്പോൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ഇത് ദൈവവിധിയെന്ന് പറഞ്ഞ് ആർക്കും ആശ്വസിക്കാനാവില്ല, ഇത് മനുഷ്യനിർമ്മിതം മാത്രമാണ്. ചെന്നൈയുടെ കഷ്ടകാല ദശാസന്ധി പലരും പല കാഴ്ച്ചപ്പാടിലൂടെ കണ്ടു. ഒരു കൂട്ടർ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ നിലപാടിനുള്ള തിരിച്ചടിയായി വരെ ഇത് വ്യാഖ്യാനിച്ചു.
മറ്റൊരു കൂട്ടർ അവിടെയും നിന്നില്ല, ദൈവഭയമില്ലാതെ ജീവിച്ചതിനുള്ള തിരിച്ചടിയായാണ് അവരുടെ വ്യാഖ്യാനം. എത്ര ഇടുങ്ങിയ കാഴ്ച്ചപ്പാടുകളുടെ തടവറകളിലാണ് മനുഷ്യൻ ജീവിക്കുന്നതെന്ന് അത്ഭുതം തോന്നുന്നു! പ്രകൃതിക്ക് ഇത്തരം ചിന്തകളില്ലാത്തതിനാൽ ഇന്ന് അവർക്ക് കൊടുത്തത് നാളെ ഇക്കൂട്ടർക്ക് മറ്റൊരു തരത്തിൽ കൊടുത്തുകൂടാ എന്നൊന്നും വാഗ്ദാനം അത് തരുന്നില്ല. എല്ലായിടത്തും മനുഷ്യൻ അനുഭവിക്കുന്ന ദുരിതത്തെ അതവരുടെ മാത്രം അവസ്ഥ എന്ന നിലയിൽ സഹജവികാരരഹിതമായി കണ്ടാൽ അത് തിരിച്ചടികൾ സൃഷ്ടിക്കും. ഇന്ന് അതിരുകളുടെ പരിമിതിയിൽ ജീവിക്കാത്ത മനുഷ്യന് ലോകമേ തറവാട് എന്ന യഥാർത്ഥ അവസ്ഥയാണ്. തമിഴ്നാട്ടിൽ എത്ര മലയാളജീവിതങ്ങൾ പച്ചപിടിക്കുന്നു! കേരളത്തിൽ ഇന്ന് പതിനഞ്ച് ശതമാനത്തോളം ഉത്തരേന്ത്യൻ തൊഴിലാളികൾ ജീവിക്കുന്നു! ഓരോ ജനതയും ആഗോളവ്യാപകമായി ഇന്ന് പരസ്പ്പരം ഇഴുകിച്ചേർന്ന് ജീവിക്കുന്ന സാഹചര്യത്തിൽ എവിടെ എന്ത് പ്രതികൂലാവസ്ഥ സംജാതമായാലും നാം ആകുലരാകേണ്ടതുണ്ട്. അത് നമ്മുടെ ആളുകൾ അവിടെയൊക്കെ ഉണ്ട് എന്ന് മാത്രം ചിന്തിച്ചാവാതിരുന്നാൽ നന്ന്. ലോകത്ത് എവിടെയായാലും ഒരു ജനതയ്ക്കോ, ഒരു മനുഷ്യന് തന്നെയോ ഉണ്ടാകാവുന്ന ദുഃഖങ്ങൾ ലോക മനസ്സാക്ഷിക്ക് ഏൽക്കുന്ന മുറിവുകളാണ്. പുറംതോടുകളല്ലാത്ത യഥാർത്ഥ മതസംസ്കൃതിയെ ആത്മാവിനോട് ചേർത്ത് വെയ്ക്കുന്നവരും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് നാക്ക് കൊണ്ടല്ലാതെ ഹൃദയം കൊണ്ട് പറയുന്നവരും ഉണ്ടെങ്കിൽ അവരത് മനസ്സിലാക്കട്ടെ.
ഇതെഴുതുന്ന സമയത്ത് മുല്ലപ്പെരിയാർ ജലനിരപ്പ് നൂറ്റിനാൽപ്പത്തിരണ്ടായി അപകടത്തിന്റെ വക്കിൽ നിൽക്കുകയാണ്.വൃഷ്ടിപ്രദേശത്തെ തുടർച്ചയായ മഴ, സാഹചര്യത്തെ ഏറെ ഗുരുതരമാക്കിയിരിക്കുന്നു. രണ്ട് സംസ്ഥാനങ്ങളുടെയും സ്ഥിതിസാഹചര്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്താതെ എന്നോ തയ്യാറാക്കിയ ഒരു കരാറിന്റെ സ്വാർത്ഥതയിൽ കുടുങ്ങിക്കിടക്കുന്ന ഒരിക്കലും പ്രകൃതിയുടെ പാഠങ്ങൾ പഠിക്കാത്ത നേതൃത്വങ്ങൾ തോൽപ്പിക്കുന്നത് ഒന്നുമറിയാത്ത പാവം മനുഷ്യനെ ആയിരിക്കുമോ എന്നതാണ് പേടിപ്പിക്കുന്നത്.