പൂവിൻ ദളങ്ങൾക്ക് വിരിയാതെ വയ്യ


സഹാനുഭൂതി എന്നതാണ് ജീവിതത്തെ സംബന്ധിച്ച ഏറ്റവും സുന്ദരമായ വാക്ക്. അത് ചിലരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഒരു പൂവിന്റെ ദളങ്ങൾക്ക് വിടർന്ന് അതിന്റെ സുഗന്ധം പരത്താതിരിക്കാനാവാതതുപോലെയാണ് ഇത്തരക്കാർ മറ്റൊരു ജീവിതത്തിൽ മറിച്ചൊന്നും പ്രതീക്ഷിക്കാതെ കാരുണ്യം പകരുന്നത്. പൂവ് സുഗന്ധം തരുന്നത് തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല, മാത്രമല്ല അതിനുള്ള നന്ദി ലോകം കൊടുക്കുന്നത് അതിനെ ഇറുത്തെടുത്തുകൊണ്ടായിരിക്കും. അത് കൊടുക്കുന്ന നന്മയ്ക്ക് അതിന്റെ ജീവൻ തന്നെ ബലി കൊടുക്കപ്പെടുന്നു.

കഴിഞ്ഞ ദിവസം രണ്ട് ജീവനുകൾ രക്ഷിക്കാനുള്ള തത്രപ്പാടിൽ ദുർഗന്ധം വമിക്കുന്ന ഒരു മാൻഹോളിലൂടെ സ്വന്തം ജീവിതത്തിൽ നിന്നും പുറത്തേയ്ക്ക് പോയ നൗഷാദിനെപ്പറ്റി കേട്ടറിഞ്ഞത് മറ്റുള്ളവരെ സഹായിക്കുന്നതിൽ ഏറെ ആനന്ദം കണ്ടെത്തിയിരുന്ന ഒരു ചെറുപ്പക്കാരൻ എന്നാണ്. സത്യത്തിൽ ഇത്തരം അപൂർവ്വ വ്യക്തിത്വങ്ങൾ വംശനാശം വരാതെ അവശേഷിക്കുന്നതാണ് ലോകത്തെ സംബന്ധിച്ച ഏക പ്രതീക്ഷ. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ട് മനുഷ്യജീവികൾ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ താൻ ചെയ്യുന്നതിന്റെ അപകടത്തെപ്പറ്റി മനസ്സിലാകാഞ്ഞിട്ടാവില്ല നൗഷാദ് ആ മാൻഹോളിലേയ്ക്ക് അവരെ കൈപിടിച്ചു തിരികെ ജീവിതത്തിലേയ്ക്ക് കയറ്റാനായി ഇറങ്ങിച്ചെന്നത്. ഉന്നതമായ മനുഷ്യസ്നേഹത്താൽ പ്രൊജ്വലിതമായ അയാളുടെ മനസ്സിന് അങ്ങിനെയല്ലാതെ പ്രവർത്തിക്കുവാനാവുമായിരുന്നില്ല. ഒരു വാനന്പാടിക്ക് പാടാതിരിക്കാനാവില്ല എന്നതുപോലെ. ഇന്ന് അത്തരമൊരു സംഭവം കണ്ടാൽ അതിന്റെ ദൈന്യതയെ ക്യാമറയിൽ പകർത്താൻ മാത്രം ശ്രമിക്കുന്ന ലോകത്ത് നിന്നുമാണ് അയാൾ വന്നത്. പട്ടാപ്പകൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു സഹജീവി രക്തം വാർന്ന് റോഡിൽ കിടന്നു ജീവനുവേണ്ടി പിടയ്ക്കുന്പോഴും ആ ജീവനെ അണയാൻ വിട്ടുകൊണ്ട് അതിന്റെ ചിത്രം എടുത്തു ഫേസ് ബുക്കിൽ ആദ്യം പോസ്റ്റ് ചെയ്യുന്ന കാര്യത്തിൽ മത്സരിക്കുന്ന ക്രൂരവും കരുണാരഹിതവുമായ ലോകത്ത് ഇത്തരം നൗഷാദുമാർ ജീവിച്ചിരിക്കുന്നുണ്ട് ഇപ്പോഴും എന്ന അറിവ് മാത്രമാണ് ആ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു എന്ന ദുഖസത്യം നമ്മെ നോക്കി പല്ലിളിക്കുന്പോഴും ആശ്വാസം പകരാനുള്ളത്. ‘സുഹൃത്തുക്കളെ, ഈ ലോകത്തിൽ നിന്നും നിങ്ങൾ കരുതുന്നത് പോലെ യഥാർത്ഥ മനുഷ്യന് വംശനാശം വന്നിട്ടില്ല, അപ്രതീക്ഷിതമായ പല കോണുകളിലും അവൻ ജീവിക്കുന്നു’ എന്ന സന്ദേശം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ആ ആത്മാവ് പറന്നു പോയത്. നൗഷാദിനെ ഞാൻ ആംഗലേയ മഹാകവി ഷെല്ലി വാനന്പാടിയോട് ചേർത്തുവെക്കുന്നു.

നിനക്ക് നമോവാകം ഏകുന്നു പുണ്യാത്മാവേ

സ്വർഗ്ഗത്തിൽനിന്നോ ചാരെ വിണ്ണിൽ നിന്നോ

നിൻ പൂർണ്ണഹൃദയം സമൃദ്ധമായ് ചിന്തയെന്യേ −

തൂവുന്നു ലോകത്താകെ; പക്ഷിയാണോ നീ ദൈവരൂപമാണോ?

എന്റെ ഭാഷാന്തരത്തിന്റെ പരിമിതി മാത്രമേ കീറ്റ്സിന്റെ വാനന്പാടിക്കുള്ളൂ എന്നതുപോലെ നൗഷാദിനും ആ ശരീരത്തിന്റെ പരിമിതിയെ ഉണ്ടായിരുന്നുള്ളൂ, അയാളുടെ മനസ്സിലെ കാരുണ്യത്തിന് പരിധിയോ പരിമിതിയോ ഉണ്ടായിരുന്നില്ല. ജീവന്റെ വെളിച്ചങ്ങൾ ഊതിക്കെടുത്താൻ ക്ഷുദ്രശക്തികൾ പരസ്പ്പരം മത്സരിക്കുന്പോൾ ഒരു ജീവന്റെ വിളക്കുപോലും അണയാൻ പാടില്ല എന്ന് ചിന്തിച്ച മഹാനായ ചെറുപ്പക്കാരാ, മനുഷ്യത്വത്തെ സാക്ഷി നിർത്തി നിങ്ങൾക്ക് ഞാൻ നന്ദി പറയു
ന്നു, നന്മയുടെ നിറസാന്നിധ്യത്തെ ചൂണ്ടിക്കാട്ടിയതിന്.

ഇതെഴുതിക്കൊണ്ടിരിക്കുന്ന വേളയിൽ എന്റെ ഫോണിൽ വന്നുകൊണ്ടിരിക്കുന്ന നൗഷാദിന്റെ നന്മയെപ്പറ്റി നാം ചർച്ച ചെയ്യാനിടയായ സംഭവത്തിൽ അദ്ദേഹം രക്ഷിക്കാൻ ശ്രമിച്ചവരുടെ മതം, നൗഷാദിന്റെ മതം, ഇവരുടെ ശരീരങ്ങൾ എടുത്തവരുടെ മതം, കുടുംബത്തെ സഹായിച്ചവരുടെ മതം എന്നൊക്കെ ഐറ്റം തിരിച്ചുള്ള കണക്കുകൾ ചർച്ച ചെയ്യുന്ന അധമത്വം അറപ്പുളവാക്കുന്നു! ഒന്നും നോക്കാതെ ആ ചെറുപ്പക്കാരൻ അഴുക്കുചാലിലേയ്ക്ക് എടുത്തുചാടിയത് ശ്വാസം കിട്ടാതെ പിടഞ്ഞവരുടെ ജാതിയും മതവും ചിന്തിച്ചിട്ടല്ല, രണ്ട് ജീവന്റെ വില മാത്രം ചിന്തിച്ചിട്ടാണ്. നിർജ്ജീവമായിക്കിടന്ന ആ മൂന്ന് ശരീരങ്ങളിലും ചോരയ്ക്ക് വേണ്ടി കുത്തുന്ന കൊതുകിന്റെ ജന്മം ഇത്തരക്കാരെക്കാളും മുകളിലാണ്. ഏത് പനിനീർ പുഷ്പ്പത്തേയും ഇവർ ചെളിക്കുണ്ടിലെറിയും.

ജീവനോടെ ഇരിക്കുന്നവരെ സാമൂഹിക മാധ്യമങ്ങളിലൂടെ കൊന്നു നിർവൃത്തിയടയുന്ന സൈബർ കഴുകന്മാർ ആധുനിക സാങ്കേതിക ലോകത്തിന്റെ പരിണാമ പ്രക്രിയയിൽ ഇപ്പോൾ രൂപം കൊണ്ട ഒരു ജീവിവർഗ്ഗമാണ്. ഇത്തരത്തിൽപ്പെട്ട ഏതോ ജീവിയുടെ ഭക്ഷണമായിത്തീർന്നു വിഖ്യാതനായ കലാകാരൻ ജഗതി ശ്രീകുമാർ ഈയാഴ്ച. ഓരോരോ ജന്മങ്ങൾക്ക് ലഭിക്കുന്ന നിയോഗങ്ങളുടെ വ്യത്യാസം അത്ഭുതകരമാണ്. വിളക്ക് കെടാതിരിക്കാൻ ചിമ്മിനിയാകുന്നു ചിലർ, മറ്റു ചിലരാവട്ടെ കെടാത്ത വിളക്ക് കെട്ടു എന്നും ആ വിളക്കിൽനിന്നും ഇരുട്ടാണ് പരക്കുന്നതെന്നും വിശ്വസിപ്പിച്ച് ജനമനസ്സുകളിൽ ഇരുട്ട് പരത്തി ആഹ്ലാദിക്കുന്നു. എത്ര വേറിട്ട ജന്മങ്ങൾ!

You might also like

Most Viewed