ജീവിതത്തിന്റെ ചലന സിദ്ധാന്തം


വിവിധങ്ങളായ കാഴ്ചപ്പാടുകൾ ജീവസ്സാക്കുന്ന സമൂഹമാണ് ഒരു ജൈവസമൂഹം. അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും അനുക്രമം പുരോഗതി പ്രാപിക്കുന്ന, കുറ്റങ്ങളും കുറവുകളും പരസ്പ്പരം ഗുണപരമായി നികത്തുന്ന സമൂഹം. ഭിന്നമായ കാഴ്ച്ചപ്പാടുകൾ ഒന്നുചേർന്ന് അവശ്യസാഹചര്യങ്ങളിൽ സാകല്യമുള്ള പൊതു കാഴ്ച്ചപ്പാടായി വരുന്ന രൂപാന്തരീകരണം സമൂഹത്തെ ഓജസ്സുള്ളതാക്കുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇന്ന് സ്വാഭാവികമായി ഉരുത്തിരിയുന്നില്ല, പകരം ഏതെങ്കിലും മത, വർഗ്ഗ ദേശ സംബന്ധിയായ സ്വത്വബോധത്തിന്റെ നിറം ചാർത്തിയവയാണവ. അവയ്ക്ക് സാകല്യമല്ല, പൊള്ളയായ ബഹുസ്വരത മാത്രമാണ് ഉണ്ടാക്കാൻ കഴിയുക. അപരിമിതമായ സാധ്യതകളുള്ള ലോകജീവിതത്തെ അതിന്റെ നിസ്സാരതകളിലേയ്ക്ക് ചുരുങ്ങുവാൻ അത് നിർബന്ധിതമാക്കുന്നു.

“രേഖപ്പെടുത്തപ്പെട്ട സമയത്തിന്റെ അവസാന കണികവരെ നാളെ നാളെ നാളെ എന്ന നിസ്സാരതയുടെ പിറകെ ഇഴഞ്ഞുവലിയപ്പെടുന്നു. അണയുക അണയുക ഹ്രസ്വമായ തിരിനാളമേ എല്ലാ ഇന്നലെകളും പൊടിയടിഞ്ഞ മരണത്തിലേയ്ക്ക് പോകുന്ന വിഡ്ഢികളെ മാത്രമാണ് നീ വെളിച്ചപ്പെടുത്തിയത്. ഒരു ചലിക്കുന്ന നിഴൽ മാത്രമാണ് ജീവിതം, സമയത്ത് വേദിയിൽ കാലിടറുന്ന പിന്നീടൊരിക്കലും ഓർക്കപ്പെടാത്ത ഒരു പാവം അഭിനേതാവ്. ഒരു വിഡ്ഢിയാൽ പറയപ്പെട്ട ഒച്ചപ്പാടും ബഹളവും നിറഞ്ഞ കഥ മാത്രമാണത്, ഒരു പ്രസക്തയുമില്ലാത്ത കഥ”

ഈ വിഷാദമഗ്നമായ വാക്കുകൾ ഷെക്സ്പിയറുടെ മാക്ബത്ത് പറയുന്നതാണ്. എന്റെ ഭാഷാന്തരീകരണം മാത്രം. ആയിരത്തി അഞ്ഞൂറ്റി അറുപത്തിനാലിൽ ജനിച്ച് ആയിരത്തി അറുനൂറ്റി പതിനാറിൽ ഈ ലോകം വിട്ടുപോയ ക്രാന്തദർശിയായ മഹാപ്രതിഭ കണ്ട ലോകജീവിതത്തിന്റെ നെരിപ്പോടുകൾ കാലത്തിന് അണയ്ക്കാനായില്ല. ശാസ്ത്രം സമ്മാനിച്ച എല്ലാ അറിവുകളാലും സൗകര്യങ്ങളാലും ഊർജ്ജം പകർന്ന് ആ നെരിപ്പോട് വീണ്ടും വീണ്ടും ഊതി ജ്വലിപ്പിക്കപ്പെടുന്നു. നാനൂറിലധികം വർഷങ്ങൾക്കു മുന്പ് കേവലം അര നൂറ്റാണ്ടോളം മാത്രം ജീവിച്ചിരുന്ന മഹാൻ കണ്ട ലോകത്ത് നിന്നും സാംസ്ക്കാരിക ലോകം വളരെയേറെ പിറകോട്ടു പോവുകയാണ് ചെയ്തത്. മതങ്ങളും സാമൂഹിക വീക്ഷണത്തെ പുരോഗമനപരമായി സ്വാധീനിക്കുന്ന സംഘടനകളും നിരന്തരമായി പരിശ്രമിക്കുന്നതനുസരിച്ച് തലതിരിയുന്ന മനുഷ്യർ കീഴ്മേൽ മറിക്കുന്ന ലോകമാണ് നമ്മുടെ മുന്നിൽ. ഏതൊരു ശക്തിക്കും തുല്യവും എതിരുമായ ഒരു പ്രതിശക്തി പ്രവർത്തിക്കുന്നു എന്ന മഹാനായ ന്യൂട്ടന്റെ മൂന്നാം ചലന സിദ്ധാന്തം മാനവികമായ തലത്തിലും ഒരു ആഗോള സത്യമാണ്. മനുഷ്യനെ നന്നാക്കാൻ മതങ്ങളും സംസ്ക്കാരവും നിയമവ്യവസ്ഥയും ഏറെ പണിപ്പെടുന്പോഴും അതേ തുല്യതയിൽ ഇരുണ്ട ശക്തികൾ അവനെ പിന്നോട്ട് വലിക്കുന്നുണ്ട്.പൂർണ്ണമായും വിരുദ്ധമായ ശക്തിയായി മതസാമൂഹികരാഷ്ട്രീയങ്ങൾ അതിനെ തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 

ഈയിടെ വായിക്കുകയുണ്ടായി, യു.എന്നിന്റെ വിലയിരുത്തൽ പ്രകാരം ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം ഡെന്മാർക്ക് ആണെന്ന്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ പലതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരസ്പ്പരവിശ്വാസമാണ്. ഡാനിഷ് ജനത അവർക്കിടയിലുള്ള പരസ്പ്പരവിശ്വാസത്തിന് അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്നു. അതിന് വിലങ്ങു തടിയാവാൻ ഒന്നിനേയും അവർ അനുവദിക്കാറില്ല. ഹൃദയങ്ങൾക്കിടയിൽ മതിലു കെട്ടുന്ന മതപരവും രാഷ്ട്രീയവുമായ കാര്യങ്ങൾക്ക് അമിതമായ പ്രാധാന്യം കൊടുക്കാത്തവരാണാ ജനത. വിഭാഗീയതകൾക്കതീതമായി മനുഷ്യസിരകളിലൂടെ പന്പ് ചെയ്യപ്പെടുന്ന അഞ്ചു ലിറ്റർ ചുവന്ന ചോരയെപ്പറ്റി അവർ വളരെ ബോധമുള്ളവരാണ്. അതിന്റെ ആവശ്യം വരുന്ന സന്ദർഭങ്ങളിൽ മനുഷ്യൻ സൃഷ്ടിച്ച ഭൂമിശാസ്ത്രപരവും, മതപരവും, സാമൂഹ്യവും രാഷ്ട്രീയവും സാന്പത്തികവുമായ ഒരു വേർതിരിവുകളും പ്രകൃതി അംഗീകരിച്ചു കൊടുക്കില്ല എന്ന സത്യം ഔചിത്യപൂർവ്വം തിരിച്ചറിയുന്നവരാണ് അവർ. 

എന്തുകൊണ്ട് വിശ്വാസങ്ങൾ പരസ്പ്പരവിശ്വാസത്തിലേയ്ക്ക് നയിക്കുന്നില്ല? നിങ്ങളെ സംരക്ഷിക്കാൻ ഞാനും എന്നെ സംരക്ഷിക്കാൻ നിങ്ങളും പ്രത്യേകിച്ച് ഒരു നിബന്ധനകളുമില്ലാതെതന്നെ ഉണ്ടെന്നുള്ള ഉറപ്പായ വിശ്വാസത്തിനേ നമ്മിലെ മനുഷ്യനെ ഉണർത്തുവാനാവൂ. പക്ഷെ യഥാർത്ഥ മതസംസ്ക്കാരങ്ങൾക്ക് അത് സാധിക്കുന്പോഴും അതിന്റെ ആധുനിക വ്യാഖ്യാതാക്കൾ ഒരിക്കലും അത് സാധിക്കാതിരിക്കാനാണ് നിരന്തരം പണിപ്പെടുന്നത്. പഴമല്ല അതിന്റെ തോലാണ് നല്ലത് എന്ന് പറയുന്ന വ്യാഖ്യാതാക്കൾക്ക് ജനം ബുദ്ധിപരമായി അടിപ്പെട്ടുപോകുന്നു. പിന്നീട് ബുദ്ധി പ്രവർത്തിക്കാതാവുകയും വികാരം ബുദ്ധിയുടെ ജോലി ഏറ്റെടുക്കുകയും ചെയ്യുന്നു. 

അതുകൊണ്ട് മാത്രമല്ലേ സംഗീത ഉപകരണങ്ങൾ മതവിരുദ്ധമാണ് എന്ന് പറഞ്ഞ് അവയെ കത്തിച്ച് കളയുന്നത് സിറിയയിൽ ഇക്കഴിഞ്ഞ ദിവസം നമുക്ക് കാണേണ്ടി വന്നത്!! അതുകൊണ്ടല്ലേ ത്യാഗത്തിന്റെയും സത്യസന്ധതയുടെയും പാഠങ്ങൾ മാത്രം പറഞ്ഞുതന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ ദുർബല ശരീരത്തിൽ വെടിയുണ്ടകൊണ്ട് കണക്കുതീർത്ത ദുർബുദ്ധിക്ക് ക്ഷേത്രം പണിയാൻ വരെ ആളെക്കിട്ടുന്നത്!

You might also like

Most Viewed