അസഹിഷ്ണുതയുടെ ഓർക്കാത്ത ഏടുകൾ


നാട്ടിൽ ഇപ്പോൾ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വാക്ക് അസഹിഷ്ണുത ആണെന്ന് തോന്നുന്നു. ഇത് തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്നു. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും വ്യക്തികളും. ഈ വാക്കിന്റെ അർത്ഥതലങ്ങൾ വ്യത്യസ്തങ്ങളായ വീക്ഷണങ്ങളെ സാധൂകരിക്കാനായി പ്രയോജനപ്പെടുത്തുന്നു. അസഹിഷ്ണുത ആർക്കെല്ലാം, ആരോടെല്ലാം, എന്തിനോടെല്ലാം, എന്തുകൊണ്ടെല്ലാം എന്നിങ്ങനെ പലരീതിയിലും പരിചിന്തനം നടത്തേണ്ടത് ഈ അവസരത്തിൽ തികച്ചും യുക്തിസഹമാണ്. യഥാർത്ഥത്തിൽ സഹിഷ്ണുത എന്ന വാക്ക് വളരെ മൂല്യവത്തായ ഒരു മനോസംസ്കൃതിയെ പ്രതിനിധീകരിക്കുന്നു. വിവിധ മത, ഭാഷ, വർണ്ണ, വർഗ്ഗ വിഭാഗങ്ങളുടെ സ്നേഹത്തിന്റെയും  സഹകരണത്തിന്റെയും പാരസ്പ്പര്യം, ദേശീയതയുടെ മുഖ്യധാരയായി ഇഴതുന്നിച്ചേർക്കുന്ന നമ്മുടെ പൈതൃകത്തിന്റെ ഹൃദയമന്ത്രമാണാ വാക്ക്. അത് അതുപോലെതന്നെ ഹൃദയത്തോട് ചേർത്ത് വെക്കേണ്ടവരാണ് നാമോരോരുത്തരും.

സൗന്ദര്യമുള്ള ഈ വാക്ക് രാജ്യത്തിന്റെ യശസ്സിന് മങ്ങലേൽപ്പിക്കുന്ന അവസ്ഥ ഇന്ന് ഉരുത്തിരിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന്റെ അസഹിഷ്ണുതയിൽ മനംനൊന്ത് കലാസാഹിത്യശാസ്ത്ര രംഗത്തുള്ള പല വ്യക്തിത്വങ്ങളും തങ്ങൾക്ക് വർഷങ്ങൾക്ക് മുൻപ് മറ്റേതോ ഭരണകൂടം സമ്മാനിച്ച പുരസ്ക്കാരങ്ങൾ തിരിച്ചുകൊടുക്കുകയാണ്. പുരസ്ക്കാരം എന്നത് കേവലം ഒരു മെമെന്റൊയോ സർട്ടിഫിക്കറ്റോ മാത്രമായിരുന്നെങ്കിൽ ഇത് ശക്തമായ ഒരു പ്രതികരണമായി വേണമെങ്കിൽ കരുതാമായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ പുരസ്ക്കാരം എന്ന സങ്കൽപ്പത്തിന്റെ പുറംതോട് മാത്രമാണീ മെമെന്റൊകൾ എന്ന് മനസ്സിലാക്കാനുള്ള വിവേചനബുദ്ധി ഇന്ന് സമൂഹത്തിനുണ്ട്. വർഷങ്ങൾക്കപ്പുറം നേടിയ പുരസ്ക്കാരങ്ങളൊക്കെ പൊടി തട്ടിയെടുത്ത് ജനമനസ്സുകളിൽ പുനഃപ്രതിഷ്ഠ നടത്തുകയും അതിന്റെ പുറംതോട് ഉപേക്ഷിക്കുകയും, ബുദ്ധിപരമായി നടത്തേണ്ട ഒരു യുദ്ധത്തെ പ്രകടനപരമായി നടത്തി വിപ്ലവപരിവേഷം അനായാസം നേടിയെടുക്കുകയും ചെയ്യുന്ന ഉപരിപ്ലവമായ ഈ പദ്ധതിയെ ബഹുമാനപൂർവ്വം വീക്ഷിക്കാൻ എന്റെ യുക്തിബോധം അനുവദിക്കുന്നില്ല. തിരികെ കൊടുക്കപ്പെടുന്ന പുരസ്ക്കാരത്തോടൊപ്പം അതിന്റെ പേരിൽ ഇക്കാലമത്രയും നേടിയ അംഗീകാരങ്ങൾ, വഹിച്ചുകഴിഞ്ഞ സ്ഥാനമാനങ്ങൾ, പണം, പ്രാമുഖ്യം എന്നിവ എവിടെയും പോകുന്നില്ല. പുറമെയുള്ള ചിഹ്നങ്ങൾ ത്യജിക്കുന്പോൾ അതിന് ലഭിക്കുന്ന സൗജന്യ പ്രശസ്തി സാമൂഹിക തിന്മയ്ക്കെതിരെ പടവാളേന്തിയവർ എന്ന നിലയിലുള്ളതാണ്. അത് ആ ചിഹ്നങ്ങളെക്കാൾ ഏറെ മൂല്യവത്താണ് എന്നറിയുന്നവരാണ് അങ്ങിനെ ചെയ്യുന്നവരെല്ലാം. ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങൾ ത്യജിച്ചവർ ഇക്കൂടെ പെടുന്നില്ല എന്നത് എടുത്തുപറയുന്നു.

ഇവിടെ ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ജീവസ്സായ ഒരു ജനാധിപത്യക്രമം പാലിക്കപ്പെടണമെങ്കിൽ അവിടെ ബഹുസ്വരത അനിവാര്യമാണ്. പൊതുവായ ദേശീയ പ്രശ്നങ്ങളിൽ രാഷ്ട്രത്തിന്റെ വിശാലതാത്പര്യത്തിനുവേണ്ടി ഏകസ്വരതയായി രൂപം മാറാൻ കഴിവുള്ള ബഹുസ്വരതയാണത്. ഇവിടെ ആരും വിമർശനാതീതരാവാൻ പാടില്ല, അതുകൊണ്ട് നിലവിലെ സംവിധാനത്തോടു വിയോജിക്കാനും ആ വിയോജിപ്പ്  പ്രകടമാക്കാനും ഉള്ള  അധികാരം ഏവരുടെയും മൗലികാവകാശമാണ്. ഇപ്പോൾ രാജ്യത്ത് പ്രകടമായിരിക്കുന്ന ‘അവാർഡ് വാപ്പസി’ ഒരു ആവേശമെന്നപോൽ പലരിലേക്കും പടർന്നുപിടിക്കുന്പോൾ അത്തരമൊരു ശക്തി എടുത്തുപയോഗിക്കാൻ മാത്രം ഗുരുതരമായ ഒരു സാഹചര്യം ഇന്ന് ദേശീയതലത്തിൽ ഉരുത്തിരിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം  നിലനിൽക്കുന്നു. ഇവിടെ ആ ചോദ്യം  സാമൂഹികം മാത്രമാണ്, അതിൽ രാഷ്ട്രീയമില്ല. ഇപ്പോൾ ഇതിനൊക്കെ  പ്രേരകമായ ചില ദൗർഭാഗ്യ സംഭവങ്ങൾ അധമത്വം ഉള്ളവരും ആത്മനിയന്ത്രണം ഇല്ലാത്തവരുമായ ചില വ്യക്തികളുടെ കടിഞ്ഞാൺ കൈവിട്ടുപോകുന്ന ഒറ്റപ്പെട്ട അവസ്ഥയാണ് വ്യക്തമാക്കുന്നത്. അതൊന്നും നടക്കാൻ പാടുള്ളതല്ല ഒരുകാലത്തും.ഇത്തരം അവിചാരിത സാഹചര്യങ്ങളുടെ പുനരാവർത്തനം ഒഴിവാക്കാനും  അതിന് വഴിതെളിച്ച  മനോഭാവം ഉന്മൂലനം ചെയ്യാനും ഭരണകൂടത്തിന് ബാധ്യതയുമുണ്ട്. പക്ഷെ ആര് ഭരിച്ചാലും ഈ നാടിന്റെ സാംസ്ക്കാരിക മുഖമുദ്രയായ സർവ്വധർമ്മ സമഭാവന മാറ്റിമറിച്ച് ഇതൊരു മതാധിഷ്ടിത രാഷ്ട്രമാക്കാൻ സാധ്യമാവുകയില്ല. കാരണം ഇതരരാഷ്ട്രങ്ങളിൽ നിന്നും നമ്മെ വേറിട്ട് നിർത്തുന്ന, നമുക്ക് മാത്രം സ്വന്തമായ സവിശേഷ മാനവികത ഒരുതരത്തിലും നമ്മുടെ സാംസ്ക്കാരിക മുഖ്യധാരയിൽനിന്നും ആർക്കും അറുത്തുമാറ്റാനാവില്ല, അതാണിന്ത്യ.

ആവേശം കൊണ്ടല്ല, ആശയം കൊണ്ടാണ് ആരോഗ്യകരമായ ജനമുന്നേറ്റം ഉണ്ടാവേണ്ടത്. സഹിഷ്ണുത എന്ന വാക്ക് ദ്വിമുഘമാണ്. അത് പരസ്പ്പരം ഉണ്ടാവേണ്ട ദീപ്തമായ വികാരമാണ്. സഹിഷ്ണുതയ്ക്കായി മുറവിളി കൂട്ടുന്നവർ തിരിച്ച് എത്ര സഹിഷ്ണുതയാണ് അവരുടെ ശത്രുക്കളോട് കാണിച്ചതെന്നൊരു വിവേകപൂർണ്ണമായ വിലയിരുത്തൽ അവശ്യം വേണ്ടതാണ്. രാഷ്ട്രീയത്തെക്കാൾ ഉപരിയായി രാജ്യത്തെ കാണുന്ന ഒരു കാഴ്ചപ്പാട് മാത്രമാണിത്, അല്ലാതെ ഏതെങ്കിലും രാഷ്ട്രീയത്തെ വെള്ളപൂശാനുള്ളതല്ല. അങ്ങിനെ വെള്ളപൂശാവുന്ന ഏതെങ്കിലും രാഷ്ട്രീയം നമ്മുടെ നാട്ടിലുണ്ടെന്ന വിശ്വാസവുമില്ല. രാഷ്ട്രീയതിമിരം അന്ധമാക്കാത്ത കണ്ണുകളുള്ള ആർക്കും ഈ കാഴ്ചപ്പാട് മനസ്സിലാവുന്നതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ചിന്തിച്ച സംസ്ക്കാരത്തിൽ നിന്നും സഹിഷ്ണുതയെ അടർത്തി മാറ്റിയാൽ അത് ശരീരത്തിൽ നിന്നും ജീവനെ അടർത്തിമാറ്റുന്ന പ്രക്രിയ തന്നെയാണ്, സംശയമില്ല.

You might also like

Most Viewed